യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 26/06/2026 (അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം)
മുഹറം 11, ഹിജ്‌റാബ്ദം 1447
സ്രഷ്ടാവായ അല്ലാഹു മനുഷ്യർക്കായി സംവിധാനിച്ച ജീവിതസംഹിതയാണ് പരിശുദ്ധ ദീനുൽ ഇസ്ലാം. ഇസ്ലാം മതം സർവ്വരുടെയും വിശ്വാസം, ശരീരം, ബുദ്ധി, ധനം, അഭിമാനം എന്നിങ്ങനെ എല്ലാത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.
എന്നാൽ ഇതിനെയെല്ലാം നശിപ്പിച്ചുകളയുന്ന മാരക വിഷമാണ് ലഹരി പദാർത്ഥങ്ങൾ. ലഹരിയുടെ ആസക്തിയിൽപ്പെട്ടവൻ സർവ്വനാശത്തിലായി എന്ന കാര്യത്തിൽ തർക്കമില്ല.
അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ നിങ്ങളെത്തന്നെ കൊല ചെയ്യരുത്, അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രേ. ആരെങ്കിലും നിയമം മറികടന്ന് അക്രമമായി അങ്ങനെ ചെയ്താൽ അവനെ നാം വഴിയെ നരകത്തിൽ പ്രവേശിപ്പിക്കും (സൂറത്തുന്നിസാഅ് 29, 30).
ആരോഗ്യത്തിന് ഹാനീകരമായത് ഉപയോഗിക്കുക വഴി സ്വന്തത്തെ നാശത്തിലേക്കെത്തിക്കുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള ശക്തമായ താക്കീതാണിത്. സ്വന്തത്തെ നാശത്തിലേക്ക് വലിച്ചിടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നമ്മുടെ മുഹമ്മദ് നബി (സ്വ)യും വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ഒരാൾ വിഷം കഴിച്ചു സ്വയം ഹത്യ ചെയ്താൽ അവൻ നരകത്തിലും കൈയിൽ ആ വിഷം പിടിച്ചു അനന്തമായി കഴിച്ചുകൊണ്ടേയിരിക്കും (ഹദീസ് അഹ്‌മദ് 7448, തുർമുദി 2043).
ലഹരികളെല്ലാം അപകടകാരികളായ വിഷങ്ങളാണ്. സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ചെലവഴിക്കാൻ പിശുക്കുന്നവൻ വിനാശകാരികളായ ലഹരി പദാർത്ഥങ്ങൾ വാങ്ങാൻ യാതൊരു മടിയും കാണിക്കുന്നില്ല എന്നത് ഏറെ അത്ഭുതകരം തന്നെ! അങ്ങനെ ചെയ്യുന്നവർ സമ്പത്തുകൾ എങ്ങനെയെല്ലാം ചെലവഴിച്ചുവെന്ന് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മുമ്പിൽ മറുപടി പറയേണ്ടതായി വരും. അന്ത്യനാളിൽ അല്ലാഹുവിങ്കൽ ഓരോ ആളും തന്റെ ആയുസ്സ് എങ്ങനെ കഴിച്ചുകൂട്ടി, സമ്പത്ത് എങ്ങനെ സമ്പാദിച്ചു, എങ്ങനെയെല്ലാം ചെലവഴിച്ചു എന്നെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 2417). ആ ചോദ്യങ്ങൾക്കുള്ള ശരിയായ ഉത്തരങ്ങൾ നൽകാൻ നാം തയ്യാറായിട്ടുണ്ടോ? അല്ലാഹു നാം മനുഷ്യർക്ക് സവിശേഷമായി നൽകിയ ബുദ്ധി നശിപ്പിക്കാൻ മുതിരുവോ?!. പ്രഗത്ഭ താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) പറയുന്നു: ബുദ്ധി വാങ്ങാൻ കിട്ടുമായിരുന്നെങ്കിൽ ആൾക്കാർ എത്ര കാശ് കൊടുത്തും അത് വാങ്ങാൻ തയ്യാറാവുമായിരുന്നു, എന്നാൽ കാശ് നൽകി ബുദ്ധി ഇല്ലാതാക്കുന്നവരുടെ കാര്യം പരിതാപകരം തന്നെ.
അത്തരം വിപത്തുകളിൽ അകപ്പെട്ടവർക്ക് നന്മ ഏതെന്നോ തിന്മ ഏതെന്നോ തിരിച്ചറിയാനാവില്ല, അവരുടെ ഇഛക്കനുസരിച്ച് അവർ തന്നെ നന്മയെന്നോ തിന്മയെന്നോ തീരുമാനിക്കും (ഹദീസ് മുസ്ലിം 231). ലഹരിയിൽ അമർന്നവന് ദൈവസ്മരണ ഉണ്ടായിരിക്കില്ല. ദുഖഭാണ്ഡങ്ങളും പരാജയഭാരങ്ങളും കുടുംബത്തിന്റെ മേൽ വലിച്ചിഴക്കും. കുടുംബത്തിൽ പ്രാരാബ്ദങ്ങളും വൈര്യങ്ങളും ഉടലെടുക്കും.
പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവിനെ ഓർമ്മിക്കുന്നതിൽ നിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു (സൂറത്തുൽ മാഇദ 91).
ജാഗരൂകരാവുക, ബുദ്ധിയുള്ള ഒരാളും സ്വന്തത്തിന് നാശം വരുത്താനോ ദുഷ്‌പേര് വരുത്താനോ ധനനഷ്ടമുണ്ടാവാനോ മക്കളെ നഷ്ടപ്പെടുത്താനോ കുടുംബബന്ധം വശളാകാനോ മെനക്കെടുകയില്ല. ഒരു മനുഷ്യൻ അവന്റെ കുടുംബത്തിനുള്ള ബാധ്യതകൾ വീട്ടാതിരിക്കുന്നത് വലിയ പാപമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 1692). കുടുംബമെന്നത് അഭയസ്ഥാനമാണ്, കുടുംബത്തിൽ മക്കൾക്ക് ശാന്തിയും സ്വസ്ഥതയും സ്‌നേഹവും പരിലാളനയും കരുതലും ലഭിച്ചില്ലെങ്കിൽ അവർ ചീത്ത കൂട്ടുകാരോടൊപ്പം കൂട്ടുകൂടും. ഒരാൾ അയാളുടെ സുഹൃത്തിന്റെ ആശയം പ്രകാരമായിരിക്കുമല്ലൊ (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2378).
മക്കളെ ശരിയാംവണ്ണം ശ്രദ്ധിക്കുക, അവരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കുക. അവർ പറയുന്നത് കേൾക്കുക, അവർക്കായി സമയം കണ്ടെത്തുക. അവരുടെ ബോധവത്കരണത്തിനായി സൗകര്യങ്ങളുണ്ടാക്കുക. അവർ അമാനത്താണ്. കൈവിടരുത്.
ലഹരിയിൽ അകപ്പെട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉത്തമം അതിൽ അകപ്പെടാതെ പ്രതിരോധം തീർക്കലാണ്.
വിവിധങ്ങളായ ലഹരികളിൽ പെടാതിരിക്കാനുള്ള പ്രതിരോധം നമ്മുടെ കൂട്ടുത്തരവാദിത്വമാണ്. നാം ഓരോർത്തരും നമ്മിൽ ഏൽപ്പിക്കപ്പെട്ടവരുടെ കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുമെന്നാണല്ലൊ നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
യുഎഇ നാട് ലഹരി എന്ന സർവ്വനാശിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഏവരും ഉത്തരവാദിത്വബോധത്തോടെ സഹകരിക്കുക.
ലഹരി എന്ന കെണിയിൽ അകപ്പെട്ടവർക്ക് പശ്ചാത്താപത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ചികിത്സകളും ലഭ്യമാണ്. അവർ ലഹരികൾ വലിച്ചെറിഞ്ഞ് പുതിയൊരു ജീവിതത്തിന് തയ്യാറാവണം. എന്നാൽ ഇഹലോകത്തും പരലോകത്തും വിജയിക്കാം.

