യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 19/06/2026
ഒരിക്കൽ അബൂബക്കർ സിദ്ധീഖ് (റ) വൃദ്ധനായ പിതാവിനെയും കൂട്ടി നബി (സ്വ)യുടെ അടുക്കലേക്ക് പോവുകയുണ്ടായി. പിതാവിനെ കണ്ടപ്പോൾ നബി (സ്വ) അബൂബക്കറി (റ)നോട് പറഞ്ഞു: താങ്കളെന്തിനാണ് പ്രായമായ ഉപ്പയെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്, ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലൊ (ഹദീസ് അഹ്‌മദ് 27715). വയോജനങ്ങളോടുള്ള നബി (സ്വ) യുടെ പരിഗണനയും ബഹുമാനവുമാണ് സംഭവം വരച്ചുകാട്ടുന്നത്.
പ്രായമായവരാണ് അല്ലാഹുവിങ്കൽ ഏറ്റവും ഉത്തമർ. നബി (സ്വ) പറയുന്നു: നിങ്ങളിൽ ഏറ്റവും നല്ലവർ പ്രായം കൂടിയവരാണ്, അവർ തന്നെയാണ് നിങ്ങളിൽ ഏറ്റം സൽകർമ്മികളും (ഹദീസ് അഹ്‌മദ് 9473). അല്ലാഹുവിന്റെയടുത്ത് പ്രായമായവർക്ക് മഹനീയ സ്ഥാനമുള്ളത് കൊണ്ടുതന്നെ അവരെ ബഹുമാനിക്കുന്നത് അല്ലാഹുവിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണ്. നര ബാധിച്ച സത്യവിശ്വാസിയെ ബഹുമാനിക്കുന്നത് അല്ലാഹുവിനെ മഹത്വവൽക്കരിക്കുന്നതിൽപ്പെട്ടതെന്നാണ് ഹദീസ് (അബൂദാവൂദ് 4843).
വൃദ്ധജനത്തെ ബഹുമാനിക്കുന്നതിലും അർഹമായ സ്ഥാനം നൽകുന്നതിലും നാം യാതൊരു വീഴ്ചയും വരുത്തരുത്. ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ അവകാശങ്ങൾ മാനിക്കാത്തവരും നമ്മിൽപ്പെട്ടവരെന്നാണ് നബി (സ്വ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4943).
പുണ്യങ്ങൾ നിങ്ങളിലെ പ്രായമായവർക്കൊപ്പമെന്നും നബി (സ്വ) പറഞ്ഞുവെച്ചിട്ടുണ്ട് (ഹദീസ് ഇബ്‌നു ഹിബ്ബാൻ 2/319). അവരുടെ കാര്യത്തിൽ നാം ഏറെ പരിഗണന നൽകണം. അവർ വേർപിരിയുന്നതിന് മുമ്പായി നാമവരെ ചേർത്തുപിടിക്കണം. അവരുടെ അടുത്ത് ഇരിക്കണം. കുടുംബ സദസ്സുകളിൽ അവരെ നടുവിൽ ഇരുത്തി സശ്രദ്ധം മൗനിയായി അവരെ കേൾക്കണം. അവർക്ക് സമാശ്വാസം പകരണം. ഇടക്ക് വേറൊരു ജോലിയിലും ഏർപ്പെടരുത്. ഫോണെടുത്ത് നോക്കരുത്. അവർക്ക് മുമ്പായി സംസാരിക്കരുത്. അങ്ങനെയാണ് നബി (സ്വ) പഠിപ്പിച്ചത്. ഒരു സദസ്സിൽ വെച്ച് കുട്ടിയായ അബ്ദുൽ റഹ്‌മാൻ ബ്‌നു സഹ്ൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ വലിയവർ തുടങ്ങട്ടെ എന്നാണ് നബി (സ്വ) ആവർത്തിച്ച് പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം). തന്റെ കുട്ടിക്കാലത്ത് തന്നെക്കാൾ മുതിർന്നവരുള്ള സദസ്സിൽ വെച്ച് സംസാരിക്കുന്നത് നബി (സ്വ) തടഞ്ഞിരുന്നെന്ന് സമുറത്തു ബ്‌നു ജുൻദുബ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് മുസ്ലിം 964).
പ്രായമായവരുടെ തുടർ ചികിത്സാ കാര്യങ്ങൾ ശ്രദ്ധിക്കണം. അവർക്കാവാത്ത ആരാധനാ കാര്യങ്ങൾ നിർബന്ധിച്ച് ചെയ്യിക്കരുത്. അവർക്കതിൽ ഇളവുണ്ട്. ആവതുള്ളവർക്കാണ് നിർബന്ധ കാര്യങ്ങളിൽ വിടുതിയില്ലാത്തത്. പ്രായമായവരോട് നല്ല നിലക്ക് സംസാരിക്കണം. പ്രായം കൂടുംതോറും അവരുടെ മനസ്സ് ഏറെ നൈർമല്യമുള്ളതായിത്തീരും. ഒരു നോട്ടം കൊണ്ടോ സംസാരം കൊണ്ടോ അവരുടെ മനസ്സിനെ നോവിക്കരുത്. അല്ലാഹു പറയുന്നുണ്ട്: മാതാപിതാക്കളിൽ ഒരാളോ ഇരുവരും തന്നെയോ വാർധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കിൽ അവരോട് ഛെ എന്നുപോലും പറയുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുത്, ആദരപൂർണമായ വാക്കുകൾ പറയണം (സൂറത്തുൽ ഇസ്‌റാഅ് 23).
പ്രായമായവരെ ബഹുമാനിക്കുന്നതോടൊപ്പം അവരുടെ യുക്തിജ്ഞാനങ്ങളും അനുഭവപരിചയങ്ങളും മാനിക്കണം. അവ തലമുറകൾക്ക് ഉപകരിക്കുന്നതായേക്കാം. കാര്യങ്ങളിൽ അവരോട് കൂടിയാലോചന നടത്തണം. അവരാണ് നമ്മുക്ക് മുന്നോട്ടുള്ള പാതകൾ വെട്ടിതുറന്നു തന്നിരിക്കുന്നത്. ലാഭേഛകളില്ലാതെ നാടിനായി ത്യാഗങ്ങൾ ചെയ്തവരാണവർ.
വയോജനങ്ങളെ പരിപാലിക്കുന്നതും പരിഗണിക്കുന്നതും നമ്മുടെ ബാധ്യതയാണ്. നമ്മുടെ മക്കളെയും വൃദ്ധജനത്തെ ബഹുമാനിക്കാൻ പഠിപ്പിക്കണം. അത് മതചിട്ടയുടെ ഭാഗമാണെന്നും ബോധ്യപ്പെടുത്തണം. നബി (സ്വ) പഠിപ്പിച്ചു തന്നതു പോലെ ഒരു നന്മ ചെയ്തുതന്നയാൾക്ക് നല്ലൊരു പ്രത്യുപകാരം നാം ചെയ്തു കൊടുക്കണം (ഹദീസ് അബൂദാവൂദ് 1672). പ്രായമായവർ ഒരു കാലത്ത് നമ്മുക്കും നമ്മുടെ നാടിനും സമൂഹത്തിനും കുറേ ഉപകാരങ്ങൾ ചെയ്തവരാണ്. അവരെ നാം കൈവിടരുത്.

