ഹിജ്‌റാ പലായനത്തിലെ പ്രവാചകാനുരാഗ കാഴ്ചകൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 12/06/2026


ഏവർക്കും ഹിജ്‌റാ പുതുവർഷം നേരുന്നു. 

പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ഹിജ്‌റാ പലായനം പല ധാർമിക മൂല്യങ്ങളും സന്ദേശങ്ങളും പകരുന്നുണ്ട്. അതിൽ പ്രധാനമാണ് പ്രവാചക സ്‌നേഹം. ഹിജ്‌റയിൽ കാവലും കരുതലുമായി നിന്ന നബി (സ്വ) യുടെ സഹയാത്രികനായ അബൂബക്കർ സിദ്ധീഖി (റ) ന്റെ പ്രവാചക സ്‌നേഹം അതിരില്ലാത്തതാണ്. ഹിജ്‌റയെ പറ്റി നബി (സ്വ) അറിയിച്ചപ്പോൾ തന്നെ സിദ്ധീഖ് കൂടെവരാൻ സന്നദ്ധ കാട്ടി. നബി (സ്വ) സമ്മതിക്കുകയും ചെയ്തു (ഹദീസ് ബുഖാരി 2138). അന്നേ ദിവസം അബൂബക്കർ സിദ്ധീഖ് (റ) സന്തോഷത്താൽ കരഞ്ഞത് പോലെ ഒരാളെയും ഞാൻ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇതേപ്പറ്റി ആയിഷാ (റ) സാക്ഷ്യപ്പെടുത്തുന്നത് (സീറത്തു ഇബ്‌നു ഹിശാം, അൽബിദായത്തു വന്നിഹായ, മുസ്‌നദു ഇസ്ഹാഖ് ബ്‌നു റാഹവയ്ഹി). 


ഹിജ്‌റയുടെ വഴികളിൽ ശത്രുക്കൾ പതിയിരിക്കുംവിധം അപകടകരമായിരുന്നെങ്കിലും സിദ്ധീഖി (റ) കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ പൊഴിയുകയായിരുന്നു. സ്വന്തത്തെക്കാൾ നബി (സ്വ)യുടെ കാര്യത്തിലായിരുന്നു മഹാനവർകൾ ജാഗ്രത കാട്ടിയിരുന്നത്. അതുകൊണ്ടാണല്ലൊ നബി (സ്വ) ചോദിച്ചത്: എന്താണ് താങ്കൾ കുറച്ചു നേരം എന്റെ മുമ്പിലായും കുറച്ചുനേരം പിന്നിലുമായി നടക്കുന്നത്?! സിദ്ധീഖ് (റ) മറുപടി നൽകി: ശത്രുപ്പട പിന്നിലൂടെ തേടിവരുന്നെന്ന തോന്നലിൽ ഞാൻ അങ്ങയുടെ പിന്നിൽ നടക്കുന്നു, അവർ മുന്നിലുണ്ടെന്ന വിചാരത്തിൽ ഞാൻ മുന്നിലും നടക്കുന്നു. അപ്പോൾ നബി (സ്വ) ചോദിച്ചു: ഹേ അബൂബക്കർ എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിലും അത് എനിക്ക് പറ്റാതെ താങ്കൾക്ക് സംഭവിക്കാൻ താങ്കൾ ആഗ്രഹിക്കുകയാണോ! സിദ്ധീഖ് (റ): അതേ, അല്ലാഹുവാണേ സത്യം. അങ്ങനെ അവർ ഗുഹാമുഖത്തെത്തി. സിദ്ധീഖ് (റ) നബി (സ്വ) യോട് അകത്ത് ഒളിഞ്ഞിരിക്കാൻ പറഞ്ഞ് സംരക്ഷണം ഏറ്റെടുത്തു. ശത്രുക്കൾ ഗുഹയുടെ മുകളിൽ നിന്ന് നോക്കുകയാണെങ്കിൽ കണ്ടെത്താനാവുമെന്ന ആശങ്ക സിദ്ധീഖ് (റ) പ്രകടിപ്പിച്ചു. അപ്പോഴാണ് നബി (സ്വ) പറഞ്ഞത്: അബൂബക്കറേ, താങ്കളെന്താണ് വിചാരിച്ചത്, നമ്മൾ രണ്ടുപേർ മാത്രമെന്നോ, മൂന്നാമനായി നമ്മോടൊപ്പം അല്ലാഹുവുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഇതേപ്പറ്റി ഖുർആൻ വിവരിക്കുന്നുണ്ട്: തന്റെ സമാധാനം തത്സമയം അല്ലാഹു നബിക്ക് ഇറക്കിക്കൊടുക്കുകയും നിങ്ങൾക്കു കാണാനാവാത്ത സൈന്യങ്ങൾ കൊണ്ട് പിൻബലമേകുകയും ചെയ്തു (സൂറത്തുത്തൗബ 40). ആ രാത്രി അങ്ങനെ കഴിച്ചുകൂട്ടി നേരം പുലർന്നു, തണലായി വലിയ പാറയുണ്ടായിരുന്നു. സിദ്ധീഖ് (റ) സ്വന്തം ഉറക്കമൊഴിച്ചുകൊണ്ട് നബി (സ്വ)യോട് ഉറങ്ങാൻ പറയുകയായിരുന്നു. സിദ്ധീഖ് (റ) പുറത്തുപോയി ഒരു ആട്ടിടയനെ കണ്ടുമുട്ടുകയും പാൽ കറന്നുതരാൻ അപേക്ഷിക്കുകയും ചെയ്തു. അദ്ദേഹം സമ്മതിച്ചു. അങ്ങനെ പാലും കൊണ്ട് നബി (സ്വ)യുടെ അടുക്കൽ ചെന്ന് നൽകി. നബി (സ്വ) പാൽ കുടിച്ചു (ഹദീസ് ബുഖാരി, മുസ്ലിം). സിദ്ധീഖും (റ) കുടിച്ചു. യഥാർത്ഥ പ്രവാചകാനുരാഗിയുടെ സ്‌നേഹവായ്പുകളാണ് ഈ ചരിത്ര സംഭവം വരച്ചുകാട്ടിത്തരുന്നത്. 


ഹിജ്‌റാ പലായനം മദീനയിൽ ചെന്നെത്തിയതോടെ സമാപിച്ചു. നബി (സ്വ) മദീനയിൽ പ്രവേശിച്ചതോടെ അവിടം എല്ലാം പ്രകാശപൂരിതമായി (ഹദീസ് തുർമുദി 3946). ആൾക്കാർ നബി (സ്വ) യെ സ്‌നേഹലാളനകളാൽ പൊതിഞ്ഞു. മുഹമ്മദ് നബി (സ്വ)യെ അനുചരന്മാർ സ്‌നേഹിക്കുന്നത്ര ഒരാളും മറ്റൊരാളെ സ്‌നേഹിക്കുന്നതായി കണ്ടിട്ടില്ലെന്നാണ്

 അബൂ സുഫ് യാൻ (റ) പറഞ്ഞത്. അങ്ങനെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സമാശ്വാസത്തിന്റെയും പ്രവാചകാനുരാഗ കിസ്സകൾ പറയുന്നതാണ് ഹിജ്‌റാ സംഭവം. സിദ്ധീഖ് (സ്വ) സ്വന്തത്തെയും കുടുംബത്തെയും സ്വസമ്പത്തിനെയും സ്‌നേഹഭാജനമായ പൂമുത്ത് നബി (സ്വ)ക്കായി സമർപ്പിക്കുകയായിരുന്നു.


back to top