ദിക്‌റുകൾ മുസല്മാന്റെ രക്ഷാ കവചം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 09.08.2019
വിഷയം: ദിക്‌റുകൾ

നിരുപാധികം ദിക്‌റെന്നാൽ സ്മരണയെന്നാണർത്ഥം. സത്യവിശ്വാസിയെ സംബന്ധിച്ചടുത്തോളം ദിക്ർ എന്നാൽ ദിക്‌റുല്ലാഹ് ആണ്. അതായത് ദൈവ സ്മരണ. മുസല്മാന്റെ മനസ്സുകൾക്ക് സമാശ്വാസം പകരുന്ന, ശരീരങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന മാന്ത്രികോച്ചാരണങ്ങളാണ് ദിക്‌റുകൾ. ഓരോന്നിനും പ്രത്യേകം പ്രത്യേകം ദിക്‌റുകൾ ചൊല്ലേണ്ടതിന്റെ മുറകളും പ്രയോഗങ്ങളും ഇസ്ലാം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. നിത്യമാക്കേണ്ട ശ്രേഷ്ഠ ദിക്‌റുകളും വിവരിച്ചിട്ടുണ്ട്.

ദിക്‌റുകളുടെ പ്രാധാന്യം വിശുദ്ധ ഖുർആൻ പലയിടത്തായി ഉണർത്തുകയും ദൈവ സ്മരണ നടത്താൻ കൽപ്പിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുകയും പ്രഭാത പ്രദോഷങ്ങളിൽ അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക (സൂറത്തുൽ അഹ്‌സാബ് 41, 42). ആരാധനകളിൽ അത്യുൽകൃഷ്ടവും ദിക്ർ തന്നെ. അല്ലാഹുവിങ്കൽ ഏറ്റവും മഹിതവും പരിശുദ്ധവുമായ സദ്പ്രവൃത്തി അല്ലാഹുവിനെ സ്മരിക്കലെന്നാണ് നബി (സ്വ) അനുചരന്മാർക്ക് അറിയിച്ചുകൊടുത്തത് (ഹദീസ് തുർമുദി 3377, ഇബ്‌നു മാജ 3790, അഹ്മദ് 21702). അല്ലാഹു ഓരോ പ്രവാചകന്മാരോടും ദിക്ർ ചെയ്യേണ്ടതിന്റെ ആവശ്യകത ഉണർത്തിയിട്ടുള്ളതായി ഖുർആൻ വിശദീകരിക്കുന്നുണ്ട്. മൂസാ നബി (അ)യോട് പറയുന്നുണ്ട്: നിശ്ചയം, ഞാനാണ് അല്ലാഹു. ഞാനല്ലാതെ ഒരു ദൈവമില്ല. അതു കൊണ്ട് എന്നെ ആരാധിക്കുകയും എന്നെ സ്മരിക്കാനായി നമസ്‌കാരം മുറപ്രകാരമനുഷ്ഠിക്കുകയും ചെയ്യുക (സൂറത്തു ത്വാഹാ 14). ധാരാളമായി നാഥനെ സ്മരിക്കാനും പ്രഭാത പ്രദോഷങ്ങളിൽ അവന്റെ മഹത്വം വാഴ്ത്താനുമാണ് സകരിയ നബി (അ) യോട് കൽപ്പിച്ചത് (സൂറത്തു ആലു ഇംറാൻ 41).

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) യോടും പല സന്ദർഭങ്ങളിലായി ദിക്ർ നിലനിർത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. അല്ലാഹു നബി (സ്വ) യോട് പറയുന്നു: വിനയത്തോടെയും ഭയത്തോടെയും രാവിലെയും വൈകുന്നേരവും രഹസ്യമായി താങ്കളുടെ നാഥനെ അനുസ്മരിക്കുക. വാക്കുകൾ ഉച്ചത്തിലാകാതെയും അവനെ ഓർക്കുക. അശ്രദ്ധരുടെ കൂട്ടത്തിൽ നിങ്ങകപ്പെട്ടു പോകരുത് (സൂറത്തുൽ അഅ്‌റാഫ് 205). ദിക്‌റുകൾ പതിവാക്കുന്നവന് അതിന്റെ ഫലങ്ങൾ ഇഹത്തിലും പരത്തിലും അനുഭവിക്കാനാവും. അല്ലാഹുവിനെ സ്മരിക്കുന്നവൻ ജീവസ്സുറ്റവനെന്നും സ്മരിക്കാത്തവൻ ശവമാണെന്നുമാണ് നബി (സ്വ) ഉപമിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).

ദിക്‌റുകൾ മനുഷ്യന്റെ മനസ്സമാധാനത്തിനും ഹൃദയശുദ്ധിക്കും ഹേതുകമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവ സ്മരണയാൽ മനസ്സമാധാനമാർജിക്കുകയും ചെയ്തവരെ തന്നിലേക്കവൻ മാർഗ ദർശനം ചെയ്യുന്നു. അറിയുക, ദൈവ സ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങൾക്കു പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ് 28). അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നുവെന്ന് സൂറത്തുൽ അഹ്‌സാബ് 35ാം സൂക്തം വ്യക്തമാക്കുന്നു. അല്ലാഹു ദിക് റുകൾ അവനിലേക്ക് ഉയർത്തുന്ന മാലാഖമാരെ സാക്ഷികളാക്കി ദാകിരീങ്ങൾക്ക് (ദിക്ർ ചൊല്ലുന്നവർക്ക്) ദോഷങ്ങൾ പൊറുത്തു കൊടുക്കും. അവനെ സ്മരിച്ചവരെ അവനും സ്മരിക്കുമെന്നാണ് ദൈവിക വാഗ്ദാനം. ഒരു സദസ്സിൽ അല്ലാഹുവിനെ സ്മരിച്ചാൽ അതിനേക്കാൾ ശ്രേഷ്ഠമായ സദസ്യരുടെ സവിധത്തിൽ അവനെ അല്ലാഹു സ്മരിക്കുമെന്ന് ഖുദ്‌സിയ്യായ ഹദീസുണ്ട്. ഇഹ പര വിജയത്തിന്റെ പ്രധാന നിദാനവും ദിക്‌റുകൾ തന്നെ. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ ഒരു സേനാ വ്യൂഹത്തെ കണ്ടുമുട്ടിയാൽ ഉറച്ചു നിലകൊള്ളുക. അല്ലാഹുവിനെ ധാരാളമായി ഓർക്കുക. നിങ്ങൾ വിജയികളാകാൻ (സൂറത്തുൽ അൻഫാൽ 45). മാനസിക വിശുദ്ധി കൈവരിക്കുകയും തന്റെ നാഥന്റെ നാമമനുസ്മരിക്കുകയും നമസ്‌കാരം നിർവ്വഹിക്കുകയും ചെയ്തവൻ വിജയം നേടുക തന്നെ ചെയ്തിരിക്കുന്നു (സൂറത്തുൽ അഅ്‌ലാ 14, 15).

അല്ലാഹുവിന് ഏറ്റവും ഇഷ്ടകരവും അവങ്കൽ ഏറ്റവും പ്രതിഫലാർഹവുമായ ദിക്‌റുകൾ നബി (സ്വ) പഠിപ്പിച്ചുതന്നിട്ടുണ്ട്. നബി (സ്വ) പറയുന്നു: അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്യങ്ങൾ നാലെണ്ണമാണ് 1) സുബ്ഹാനല്ലാഹ് (തസ്ബീഹ്). 2) അൽഹംദുലില്ലാഹ് (തംഹ്മീദ്). 3) ലാ ഇലാഹ ഇല്ലല്ലാഹ് (തഹ്‌ലീൽ). 4) അല്ലാഹു അക്ബർ (തക്ബീർ). ഇവയിൽ ഏതൊന്ന് കൊണ്ടും ഒരു കാര്യം തുടങ്ങിയാൽ അതിൽ ബുദ്ധിമുട്ടുണ്ടാകില്ല (ഹദീസ് മുസ്ലിം 2137). ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങളെ പോലെത്ത ശ്രേഷ്ഠ ദിനങ്ങളിൽ കൂടുതൽ ചൊല്ലി ധന്യരാവാൻ പര്യാപ്തമായ ദിക്‌റുകളാണിവ. 'നിർണിത നാളുകളിൽ' അല്ലാഹുവിന്റെ നാമം സ്മരിച്ച് കാലികളെ ബലിയറുക്കാനുളള പ്രസ്താവന സൂറത്തുൽ ഹജ്ജ് 28ാം സൂക്തത്തിലുണ്ട്. ആ നിർണിത നാളുകൾ ദുൽഹിജ്ജയിലെ ആദ്യ പത്തു ദിവസങ്ങളെന്നാണ് സ്വഹാബികളിലെ ഖുർആൻ പണ്ഡിതൻ ഇബ്‌നു അബ്ബാസ് (റ) അഭിപ്രായപ്പെട്ടത്. 'നിശ്ചിത നാളുകളിൽ' അല്ലാഹുവിനെ സ്മരിക്കാനുള്ള ആഹ്വാനം സൂറത്തുൽ ബഖറ 203ാം സൂക്തവും നടത്തുന്നുണ്ട്. ആ നിശ്ചിത ദിനങ്ങൾ ഈദുൽ അദ്ഹക്ക് ശേഷമുള്ള 'അയ്യാമു തശ് രീക ്' എന്നറിയപ്പെടുന്ന മൂന്നു ദിനങ്ങളെന്ന് ഇമാം ത്വബ്‌രി (റ) തന്റെ തഫ്‌സീറിൽ രേഖപ്പെടുത്തിയിരിക്കുന്നു ( 4/208). ഈ ദിവസങ്ങളിൽ തസ്ബീഹ്, തഹ്മീദ്, തഹ്‌ലീൽ, തക്ബീർ എന്നിവ അധികരിപ്പിക്കാനാണ് നബി (സ്വ)യുടെ കൽപന (ഹദീസ് അഹ്മദ് 3262, ത്വബ്‌റാനി 3  110). തസ്ബീഹും തഹ്മീദും ചൊല്ലുന്നവന്റെ ഏടുകളിൽ ഇരട്ടികളായ പ്രതിഫലങ്ങൾ രേഖപ്പെടുത്തുമത്രെ. നബി (സ്വ) പറയുന്നു: അൽഹംദുലില്ലാഹ് എന്ന ദിക്ർ നന്മയുടെ തുലാസ് ഘനത്താൽ നിറക്കും. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നീ ദിക്‌റുകൾ ആകാശഭൂമികളെ നന്മകളാൽ നിറക്കും (ഹദീസ് മുസ്ലിം 223). ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്യമാണ് അതിശ്രേഷ്ഠ ദിക്ർ. അത്യുത്തമ സുകൃതമാണെന്നാണ് (അഹ്‌സനുൽ ഹസനാത്ത് ) തഹ്‌ലീലിനെ നബി (സ്വ) വിശേഷിച്ചിരിക്കുന്നത്. തക്ബീർ ചൊല്ലുന്നവന് സ്വർഗ സുവിശേഷം ഉറപ്പത്രെ (ഹദീസ് ത്വബ്‌റാനി 7779).

അറഫാ ദിനമുൾപ്പെടെ പവിത്ര ദിനങ്ങളുള്ള ദിൽഹിജ്ജ ആദ്യ പത്തിൽ ദിക്‌റുകളും പ്രാർത്ഥനകളും അധികരിപ്പിക്കൽ പ്രത്യേകം പുണ്യകരമാണ്. പ്രാർത്ഥനകളിൽ ഉത്തമം അറഫാ ദിനത്തിലെ പ്രാർതഥനയാണ്. നബി (സ്വ)യും മറ്റു പ്രവാചകന്മാരും ഉരുവിട്ട ദിക്‌റുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠം 'ലാ ഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവ അലാ കുല്ലി ശൈഇൻ ഖദീർ' എന്ന ദിക്‌റാണ് (ഹദീസ് തുർമുദി 3585). അറഫാ ദിനത്തിലെ വ്രതം കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങളെ പൊറുപ്പിക്കുന്നതാണ് (ഹദീസ് മുസ്ലിം 1162, അഹ്്മദ് 22535). അറഫാ ദിനത്തിന് ശേഷമുള്ള ബലിപെരുന്നാൾ ദിനവും അയ്യാമു തശ്‌രീകും പുണ്യ ദിനങ്ങളാണ്.ദൈവ സ്മരണയുടെയും അന്നപാനീയങ്ങളുടെയും ദിനങ്ങളെന്നാണ് അവയെ നബി (സ്വ) വിശേഷിപ്പിച്ചത് (ഹദീസ് മുസ്ലിം 1141, അബൂദാവൂദ് 2813). ബലി പെരുന്നാളിൽ ബലിയറവ് പ്രബലമായി സുന്നത്തുള്ള കർമ്മമാണ്. ഈ ദിവസങ്ങളെ സ്വഹാബികൾ തക്ബീർ ധ്വനികളാൽ മുഖരിതമാക്കുമായിരുന്നു. അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ തക്ബീർ ചൊല്ലേണ്ടതിന്റെ പൂർണ രൂപം വിവിരിച്ചിട്ടുണ്ട്. അത് ഇങ്ങനെ: “ അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്”.

back to top