യുഎഇ ജുമുഅ ഖുത്ബ
പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23/02/2018
വിഷയം: അല്ലാഹുവിന്റെ നാമത്തിൽ
അല്ലാഹു പരമാധികാരിയാണ്.
അവനാണ് ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവൻ തന്നെയാണ് മുളപ്പിക്കുന്നതും പുഷ്പിപ്പിക്കുന്നതും.
അല്ലാഹു മാത്രമാണ് വളർത്തുന്നതും തളർത്തുന്നതും. അവനെത്ര പരിശുദ്ധൻ ! അവന്റെ നാമവും
പരിപാവനവും പരിശുദ്ധവുമാണ്: മഹത്വവും ആദരവുമുള്ള താങ്കളുടെ രക്ഷിതാവിന്റെ നാമം വളരെ
മേന്മയേറിയതു തന്നെ (ഖുർആൻ, സൂറത്തു റഹ്മാൻ,
78).
ഏറെ ആദരവ് കൽപ്പിക്കപ്പെടേണ്ട
നാമമാണ് അല്ലാഹുവിന്റേത്. നല്ലതെന്തും തുടങ്ങുമ്പോഴും അല്ലാഹുവിന്റെ നാമമുച്ചരിക്കപ്പെടണം.
അതായത് 'ബിസ്മില്ലാഹി റഹ്മാനി റഹീം'
എന്ന് ഉരുവിടൽ ആരാധനയുടെ ഭാഗമാണ്. മാത്രമല്ല,
ഏതുകാര്യവും ചെയ്യുന്നതിന് തൊട്ടുമുമ്പ് ബിസ്മി
ചൊല്ലൽ പ്രവാചകന്മാരുടെ ചര്യ കൂടിയാണ്. നൂഹ് നബി (അ) തന്റെ കപ്പലിൽ കയറുന്നവരോട് പറഞ്ഞത്
ഇങ്ങനെയാണ് : “നിങ്ങളതിൽ കയറിക്കൊള്ളുക.
അതിന്റെ ഓട്ടവും നിർത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീർച്ചയായും എന്റെ രക്ഷിതാവ്
ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്” (ഖുർആൻ, സൂറത്തു ഹൂദ് 41).
സുലൈമാൻ നബി (അ) സബഅ് രാജ്ഞിയിലേക്ക് അയച്ച കത്തിന്റെ
ഉള്ളടക്കം തുടങ്ങുന്നതും ബിസ്മി കൊണ്ടാണ്:
“നിശ്ചയമായും ഇത് സുലൈമാനിൽ
നിന്നുള്ളതാകുന്നു. അതിലെ ഉള്ളടക്കം ഇങ്ങനെ: കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ
നാമത്തിൽ, എന്നോട് നിങ്ങൾ അഹങ്കാരം കാണിക്കരുത്.
മുസ്ലിങ്ങളായികൊണ്ട് എന്റെ അടുത്ത് നിങ്ങൾ വരിക” (ഖുർആൻ, സൂറത്തു ന്നംല് 30,31).
'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്ന് ആദ്യമായി എഴുതിയത് സുലൈമാൻ നബി (അ)യാണെന്നാണ്
ചരിത്രഭാഷ്യം.
ഏതൊരുകാര്യം ചെയ്യുമ്പോഴും
ബിസ്മി ചൊല്ലണമെന്നാണ് പ്രവാചകർ മുഹമ്മദ് നബി (അ)യുടെ നിർദേശം. പരിശുദ്ധ ഖുർആനിൽ നിന്ന്
ആദ്യമായി ഇറക്കപ്പെട്ട സൂക്തം 'സൃഷ്ടിച്ച നിന്റെ
നാഥന്റെ നാമത്തിൽ വായിക്കുക'യെന്നാണല്ലൊ (സൂറത്തുൽ
ഹലഖ് 1). എല്ലാവിധ കത്തുകളും ഉടമ്പടികളും
എഴുതുന്ന സമയത്ത് അല്ലാഹുവിന്റെ നാമത്തിൽ എന്നെഴുതാൻ നബി (സ്വ) സ്വഹാബികളോട് പ്രത്യേകം
കൽപ്പിക്കുമായിരുന്നു.
ബിസ്മിയിൽ അല്ലാഹുവിന്റെ
മഹത്തായ നാമങ്ങളിൽ നിന്ന് (അസ്മാഉൽ ഹുസ്‌നാ) മൂന്നെണ്ണമുണ്ട്
1) അല്ലാഹു
2) റഹ്മാൻ
3) റഹീം
ഈ മൂന്നു നാമങ്ങളും
ഒരുമിച്ചുവന്ന സൂക്തം ഇങ്ങനെ: അവനല്ലാതെ വേറെ ഒരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ.
അദൃശ്യങ്ങളെയും ദൃശ്യങ്ങളെയും അറിയുന്നവൻ. അവൻ കരുണാനിധിയാണ്. പരമകാരുണികനാണ് (ഖുർആൻ,
സൂറത്തുൽ ഹഷ് ർ 22).
ജലാലത്തിന്റെ പദമായ
'അല്ലാഹു' എന്നതാണ് അവന്റെ നാമങ്ങളിൽ വെച്ച് ഖുർആനിൽ ഏറ്റവും
കൂടുതൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്.
അല്ലാഹു എന്ന നാമത്തിൽ
അവന്റെ എല്ലാ നാമങ്ങളുടെയും ആശയവും അവന്റെ എല്ലാ വിശേഷങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. അല്ലാഹു
എന്ന നാമം വിളിച്ച് അവനോട് ചോദിച്ചാൽ അവൻ നൽകിയിരിക്കും, അവനോട് പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകിയിരിക്കും എന്നാണ് ഇസ്ലാമിക
പണ്ഡിതർ അഭിപ്രായപ്പെടുന്നത്.
അല്ലാഹു എന്ന നാമം
അവനിക്കല്ലാതെ വേറെ ഒരാൾക്കും വെക്കാവുന്നതല്ല. അല്ലാഹു പറയുന്നുണ്ട് :അവനോട് പേര്
ഒത്തുവന്ന ആരെയെങ്കിലും താങ്കൾക്കറിയുമോ (ഖുർആൻ, സൂറത്തു മർയം 65).
റഹ്്മാൻ എന്ന നാമവും
തഥൈവ. അവന്ന് മാത്രം പ്രത്യേകമായ നാമമാണത്. വേറൊരാളും ആ നാമത്തിന്റെ വിശേഷണത്തിന് അർഹനല്ല.
അല്ലാഹു, റഹ്്മാൻ എന്നീ രണ്ടു നാമങ്ങൾ
ഒരുമിച്ചു പരാമർശിക്കപ്പെട്ട ഖുർആനിക സൂക്തം ഇങ്ങനെ വായിക്കാം: നിങ്ങൾ അല്ലാഹൂ എന്നോ
റഹ്്മാൻ എന്നോ വിളിച്ചുകൊള്ളുക, ഏതു വിളിക്കുകയാണെങ്കിലും
അവനുള്ളതു വളരെ നല്ല പേരുകൾ (അസ്മാഉൽ ഹുസ്‌നാ) മാത്രമാണ് (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് 110).
ഐഹിക ലോകത്ത് വഴിപ്പെട്ടവർക്കും
വഴിപ്പെടാത്തവർക്കും കരുണ ചെയ്യുന്നവൻ എന്നാണ് 'റഹ്്മാൻ' അർത്ഥമാക്കുന്നത്.
പാരത്രിക ലോകത്ത് വിശ്വാസികൾക്ക് പ്രത്യേകം കരുണ ചെയ്യുന്നവൻ എന്നാണ് 'റഹീം' എന്ന നാമത്തിന്റെ പൊരുൾ. “സത്യവിശ്വാസികളോട്
വളരെ കരുണയുള്ളവനാണവൻ” (ഖുർആൻ, സൂറത്തുൽ അഹ്‌സാബ് 43).
അല്ലാഹു തന്നെ പറയുന്നു:
നീ നിന്റെ രക്ഷിതാവിന്റെ നാമം പ്രഭാതത്തിലും പ്രദോഷത്തിലും സ്മരിക്കുക (ഖുർആൻ,
സൂറത്തുൽ ഇൻസാൻ 25). നമ്മുടെ ഓരോ ദിവസവും അല്ലാഹുവിന്റെ നാമമുച്ചരിച്ചു തുടങ്ങണമെന്നാണ്
നബി (സ്വ) പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ നാമത്തിൽ തുടങ്ങുന്ന പ്രത്യേക ദിക്ർ രാവിലെ
മൂന്നൂ പ്രാവശ്യം ചൊല്ലിയാൽ വൈകുന്നേരം വരെ അവനിക്ക് യാതൊരു ബുദ്ധിമുട്ടും ഏൽക്കില്ലെന്നും,
വൈകുന്നരം ചൊല്ലിയാൽ പിറ്റേ ദിവസം രാവിലെ വരെ അവനിക്ക്
യാതൊരു ബുദ്ധിമുട്ടും ഏൽക്കില്ലെന്നും നബി
(സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്്മദ് 528, ഇബ്‌നു ഹബ്ബാൻ 852). അതായത് അല്ലാഹുവിന്റെ
നാമം ഉച്ചരിച്ചവന് പ്രത്യേകമായ ദൈവിക പരിരക്ഷയുണ്ടാവുമെന്നർത്ഥം.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും
അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്ന പ്രത്യേക ദിക്ർ പതിവാക്കണമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു
(ഹദീസ് അബൂദാവൂദ് 5095, തുർമുദി 3426,
നസാഈ 9837).
വാഹനത്തിൽ കയറുമ്പോൾ
മൂന്നൂപ്രാവശ്യം ബിസ്മി ചൊല്ലിയ ശേഷം പ്രത്യേക ദിക്ർ (സൂറത്തുൽ സുഹ്‌റുഫിലെ 13,
14 സൂക്തങ്ങൾ) ഉരുവിടണം (ഹദീസ്
തുർമുദി 3446). എന്നാൽ യാത്രയിൽ അല്ലാഹുവിന്റെ
കാവലുണ്ടാവും.
വീട്ടിലേക്ക് മടങ്ങിചെല്ലുമ്പോഴും
ബിസ്മി ചൊല്ലണം. നബി (സ്വ) പറയുന്നു: ഒരാൾ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും
ബിസ്മി ചൊല്ലിയാൽ പിശാച് തന്റെ കൂട്ടരോട് പറയും: 'ഇന്ന് ഇവിടെ തീറ്റയുമില്ല, പാർപ്പുമില്ല'. വീട്ടിൽ പ്രവേശിക്കുമ്പോൾ അവന് ബിസ്മി ചൊല്ലാൻ മറന്നാൽ പിശാച് പറയും: 'ഇന്ന് നിങ്ങൾക്കിവിടെ പാർക്കാം'. ഭക്ഷണം കഴിക്കുമ്പോഴും ബിസ്മി മറന്നാൽ പിശാച് പറയും:
ഇന്ന് ഇവിടെ നിങ്ങൾക്ക് തീറ്റയുമുണ്ട്, പാർപ്പുമുണ്ട്' (ഹദീസ് മുസ്ലിം 2018,
അഹ്മദ് 15109).
ഭക്ഷണം കഴിക്കുന്നതിന്
മുമ്പ് ബിസ്മി ചൊല്ലൽ നബിചര്യയാണ്. ഭക്ഷണത്തിന്റെ ആദ്യത്തിൽ ബിസ്മി മറന്ന് ഇടക്കുവെച്ചു
ഓർമ്മ വന്നാൽ 'ബിസ്മില്ലാഹി അവ്വലഹു
വആഖിറഹു' എന്ന് ചൊല്ലണം (ഹദീസ് അബൂദാവൂദ്
3767, തുർമുദി 1858, അഹ്മദ് 26292).
നാം ജീവിതത്തിന്റെ
നിഖില മേഖലകളിലും ബിസ്മി ചൊല്ലൽ ശീലിക്കേണ്ടിയിരിക്കുന്നു. ദിവസത്തിന്റെ തുടക്കവും
ഒടുക്കവും ബിസ്മി കൊണ്ടായിരിക്കണം. ഉറങ്ങുന്ന നേരത്തും ബിസ്മി ചൊല്ലികൊണ്ടുള്ള പ്രേ്രത്യക
ദിക്ർ ഉരുവിടണം. മാത്രമല്ല, ബിസ്മി ചൊല്ലിക്കൊണ്ടുള്ള
ജീവിതശൈലി മക്കളെ പരിശീലിപ്പിക്കുകയും വേണം.