സുന്നത്ത് നിസ്‌ക്കാരങ്ങൾ സുകൃത നിർവ്വഹണങ്ങൾ



യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/03/2018
വിഷയം: സുന്നത്ത് നിസ്‌ക്കാരങ്ങൾ

ഇസ്ലാമിക പഞ്ചസ്തംഭങ്ങളിലെ രണ്ടാമത്തേതാണ് നിസ്‌ക്കാരം. സ്വർഗത്താക്കോലായി അറിയപ്പെടുന്ന നിസ്‌ക്കാരമാണ് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രധാന അന്തരം. രാപ്പകലുകളിലായി അഞ്ചു നിസ്‌ക്കാരങ്ങളാണല്ലൊ അല്ലാഹു നിർബന്ധമാക്കിയിട്ടുള്ളത്. അവ യഥാസമയം മുറപോലെ നിർവ്വഹിക്കാനും അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. : 'എല്ലാ നിസ്‌ക്കാരങ്ങളെയും ഏറ്റവും ഉൽകൃഷ്ടമായ നിസ്‌ക്കാരത്തെയും നിങ്ങൾ നിഷ്ഠയോടെ നിലനിർത്തുകയും അല്ലാഹുവിനോട് അനുസരണയും വിനയ ഭയഭക്തിയുമുള്ളവരായി നിൽക്കുകയും ചെയ്യുക' (ഖുർആൻ, സൂറത്തുൽ ബഖറ 238).

യഥാവിധി സമയനിഷ്ഠയോടെ ഭക്തിപൂർവ്വം പരിപൂർണമായി നിസ്‌ക്കാരം നിർവ്വഹിക്കുന്നവർക്ക് വ്യക്തമായ പാപമോക്ഷവും സ്വർഗപ്രവേശവുമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഹമ്മദ് നബി (സ്വ) പറയുന്നു: അഞ്ചു നിസ്‌ക്കാരങ്ങളാണ്  അല്ലാഹു ഫർളാക്കിയിട്ടുള്ളത്. ഒരുത്തൻ  പൂർണരീതിയിലുള്ള അംഗശുദ്ധി വരുത്തി ഭക്തിസാന്ദ്രമായി റുകൂഹ് ശരിയാക്കി സമയാസമയം ആ നിസ്‌ക്കാരങ്ങൾ നിർവ്വഹിച്ചാൽ അവനിക്ക് പാപങ്ങൾ പൊറുത്തുകൊടുക്കാൻ അല്ലാഹു കരാറിലേർപ്പെട്ടിരിക്കുന്നു (ഹദീസ് അബൂദാവൂദ് 425).

ഫർള് നിസ്‌ക്കാരങ്ങളിലെ പാകപ്പിഴവുകൾക്ക് പരിഹാരമായി വർത്തിക്കുന്ന സുന്നത്ത് നിസ്‌ക്കാരങ്ങളാണ് പരിപൂർണത വരുത്തുന്നത്. നബി (സ്വ) പറഞ്ഞിട്ടുണ്ട് : അന്തനാളിൽ അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിസ്‌ക്കാരത്തെപ്പറ്റിയാണ്. നിസ്‌ക്കാരം പരിപൂർണമാക്കിയാൽ അവനിക്ക് പരിപൂർണ നിസ്‌ക്കാരമായി എഴുതപ്പെടും. പരിപൂർണമാക്കിയില്ലെങ്കിൽ അല്ലാഹു പറയും  എന്റെ അടിമ വല്ല സുന്നത്തും നിർവ്വഹിച്ചിട്ടുണ്ടോയെന്നറിയുക, അവ ഫർള് നിസ്‌ക്കാരങ്ങൾക്ക് പരിപൂർണത നൽകുന്നതാണ് (ഹദീസ് അബൂ ദാവൂദ് 864, നസാഈ 465, തുർമുദി 413, ഇബ്‌നു മാജ 1426, അഹ്്മദ് 16949). സുന്നത്ത് കർമ്മങ്ങളും സുന്നത്ത് നിസ്‌ക്കാരങ്ങളും അധികരിപ്പിക്കാനുള്ള പ്രേരകമാണ് മേൽഹദീസ്. ഒരിക്കൽ നബി (സ്വ) ശൗബാ(റ) നോട് പറയുകയുണ്ടായി: നീ അല്ലാഹുവിന് സ്രാഷ്ടാങ്കം അധികരിപ്പിക്കുക, കാരണം ഓരോ സുജൂദും നിന്റെ പദവി ഉയർത്തുകയും നിന്റെ ദോഷങ്ങൾ മായ്ക്കുകയും ചെയ്യും (ഹദീസ് മുസ്ലിം 488).

സുന്നത്ത് നിസ്‌ക്കാരങ്ങൾ പലതാണ്. അവയിൽ പ്രധാനമാണ് റവാത്തിബ് സുന്നത്ത് നിസ്‌ക്കാരങ്ങൾ. ഫർള് നിസ്‌ക്കാരങ്ങൾക്ക് മുമ്പോ ശേഷമോ ക്രമീകരിക്കപ്പെട്ടവയാണ് റവാത്തിബ് നിസ്‌ക്കാരങ്ങൾ. ആ നിസ്‌ക്കാരങ്ങൾ ശീലമാക്കാനാണ് പ്രവാചകർ (സ്വ) നമ്മോട് നിർദ്ദേശിച്ചിരിക്കുന്നത് : 'ദിവസവും ഫർള് നിസ്‌ക്കാരം കൂടാതെ പന്ത്രണ്ട് റക്അത്ത് സുന്നത്ത് നിസ്‌ക്കാരങ്ങൾ നിർവ്വഹിക്കുന്നവന് അല്ലാഹു സ്വർഗത്തിൽ ഒരു വീട് പണിതിരിക്കും' (ഹദീസ് മുസ്ലിം 728).

റവാത്തിബ് സുന്നത് നിസ്‌ക്കാരങ്ങൾ ഇവയാണ്
1) ളുഹ്‌റിന് മുമ്പ് നാല് റക്അത്ത്
2) ളുഹ്‌റിന് ശേഷം രണ്ട് റക്അത്ത്
3) മഗ് രിബിന് ശേഷം രണ്ട് റക്അത്ത്
4) ഇശാക്ക് ശേഷം രണ്ട് റക്അത്ത്
5) സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്  (ഹദീസ് തുർമുദി, 414, നസാഈ 1794, ഇബ്‌നു മാജ 1140).

ഒരു വിശ്വാസി തന്റെ ഒരു ദിവസം തുടങ്ങേണ്ടത് തന്നെ സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്‌ക്കാരം നിർവ്വഹിച്ചുകൊണ്ടാണ്. അത് അതിശ്രേഷ്ഠകരവും അതിപ്രതിഫലാർഹവുമാണ്. നബി (സ്വ) പറയുന്നു : സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്‌ക്കാരം ഈ ഐഹികലോകത്തെക്കാളും അതിലുള്ള മുഴുവതിനേക്കാളും ശ്രേഷ്ഠമാണ് (ഹദീസ് മുസ്ലിം 725). ഈ രണ്ടു റക്അത്തുകൾ ദുനിയാവിലുള്ള എല്ലാത്തിനേക്കാളും ഇഷ്ടമുള്ളതാണെന്ന് നബി (സ്വ) പറഞ്ഞതായി മറ്റൊരു റിപ്പോർട്ടുമുണ്ട് (ഹദീസ് മുസ്ലിം 725). അതു കൊണ്ട് തന്നെ അവ നിർവ്വഹിക്കാൻ നബി (സ്വ) ആവേശം കാട്ടുമായിരുന്നു. പ്രിയ പത്‌നി ആയിഷ ബീബി (റ) പറയുന്നു : നബി (സ്വ) തങ്ങൾ സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്‌ക്കാരത്തിന് ധൃതി കാട്ടുന്നത് പോലെ മറ്റൊരു സുന്നത്ത് നിസ്‌ക്കാരത്തനും ധൃതി കാട്ടുന്നതായി ഞാൻ കണ്ടിട്ടില്ല (ഹദീസ് മുസ്ലിം 724).

ളുഹ്‌റിന് മുമ്പുള്ള നാല് റക്അത്ത് സുന്നത്ത് നിസ്‌ക്കാരവും നബി (സ്വ) ആവേശപൂർവ്വം നിർവ്വഹിച്ചിരുന്നു. നബി (സ്വ) അവയൊരിക്കലും ഉപേക്ഷിച്ചിരുന്നില്ലെന്ന് ആയിഷ ബീബി  (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി 1182). അപ്രകാരം തന്നെ ളുഹ്‌റിന് ശേഷമുള്ള രണ്ട് റക്അത്ത് നിസ്‌ക്കാരവും നബി (സ്വ) ഇടതടവില്ലാതെ നിർവ്വഹിച്ചിരുന്നു (ഹദീസ് തുർമുദി 424). നബി (സ്വ) പറയുന്നു: ഒരാൾ ളുഹ്‌റിന് മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും നിൽക്കരിച്ചാൽ അല്ലാഹു അവനിക്ക് നരകം നിഷിദ്ധമാക്കുന്നതാണ് (ഹദീസ് അബൂ ദാവൂദ് 1269, തുർമുദി 427, നസാഈ 1814, ഇബ്‌നു മാജ 1160). മഗ് രിബിന് ശേഷമുള്ള രണ്ടു റക്അത്തു നിസ്‌ക്കാരവും നബി (സ്വ) നിത്യമാക്കിയിരുന്നു. ഇബ്‌നു ഉമർ (റ) പറയുന്നു: മഗ് രിബിന് ശേഷമുള്ള രണ്ടു റക്അത്ത് നിസ്‌ക്കാരം നബി (സ്വ) വീട്ടിൽ വെച്ച് നിർവ്വഹിക്കുമായിരുന്നു (ഹദീസ് ബുഖാരി 1180). ഇബ്‌നു ഉമർ (റ) സുന്നത്ത് നിസ്‌ക്കാരങ്ങൾ പഠിക്കാനും അവ നിലനിർത്താനും ജാഗ്രത കാട്ടിയിരുന്നു. മാത്രമല്ല, നബി (സ്വ)യുടെ കൂടെ പല തവണകളായി സുന്നത്ത് നിസ്‌ക്കാരങ്ങൾ നിർവ്വഹിച്ചിട്ടുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).

സുന്നത്ത് നിസ്‌ക്കാരങ്ങൾ നിത്യമാക്കിയവന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തുവെന്ന് ഖുദ്‌സിയ്യായ ഹദീസിലുണ്ട് : 'അല്ലാഹു പറയുന്നു: നിർബന്ധിത കാര്യങ്ങൾ ചെയ്യൽ കൊണ്ടാണ് അടിമ എന്നിലേക്ക് അടുക്കുന്നത്. സുന്നത്തായ കാര്യങ്ങൾ ചെയ്ത് എന്നിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടാൽ അവൻ കേൾക്കുന്ന കാത് ഞാനാവും, അവൻ കാണുന്ന കണ്ണ് ഞാനാവും, അവൻ പിടിക്കുന്ന കൈ ഞാനാവും, അവൻ നടക്കുന്ന കാല് ഞാനാവും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് കൊടുത്തിരിക്കും. അവൻ എന്നോട് കാവൽ തേടിയാൽ ഞാനവനെ കാത്തുസംരക്ഷിച്ചിരിക്കും' (ഹദീസ് ബുഖാരി 6502).

സുന്നത്ത് നിസ്‌ക്കാരങ്ങൾ വീട്ടിൽ വെച്ചും നിർവ്വഹിക്കാം. നബി (സ്വ) അരുളുന്നു: നിങ്ങൾ മസ്ജിദിൽ വെച്ച് നിസ്‌ക്കാരം നിർവ്വഹിച്ചാൽ വീട്ടിൽ വെച്ചും നിസ്‌ക്കരിക്കാൻ അവസരമുണ്ടാക്കണം. നിശ്ചയം, ആ നിസ്‌ക്കാരം കാരണത്താൽ അല്ലാഹു ആ വീട്ടിൽ നന്മ വരുത്തുന്നതായിരിക്കും (ഹദീസ് മുസ്ലിം 778). വീട്ടിലെ നിസ്‌ക്കാരത്തിലൂടെ ഗൃഹപുണ്യ പ്രാപ്തിക്കൊപ്പം വീട്ടിലുള്ള ചെറിയവർക്ക് പഠിക്കാനും മുതിർന്നവർക്ക് ഓർക്കാനും അവസരമുണ്ടാവും. മാത്രമല്ല കാരുണ്യത്തിന്റെ മാലാഖമാർ വീട്ടിലിറങ്ങി വരികയും ചെയ്യും.
back to top