യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 09/03/2018
വിഷയം: സ്വർഗീയ ഭവനം
സ്വർഗമാണ് മനുഷ്യന്റെ തറവാട്.
ആദിമ മനുഷ്യൻ ആദം നബി (അ)യും ഭാര്യ ഹബ്ബാ ബീബിയും സ്വർഗസ്ഥരായിരുന്നു. പിന്നീടാണവർ
ഭൂമിയിലേക്ക് വരുന്നത്. ഏകാരാധ്യനായ അല്ലാഹുവിൽ വിശ്വസിച്ച് കൽപനകൾ അനുസരിച്ചും നിരോധനങ്ങൾ
വെടിഞ്ഞും ജീവിച്ചവർക്കാണ് ആ തറവാടിലേക്ക് മടങ്ങിച്ചെല്ലാനാവുക. ദൈവഭയ ഭക്തിയോടെ ശാസനകൾക്കനുസൃതമായി
ജീവിതം ചിട്ടപ്പെടുത്തിയവർക്കാണ് സ്വർഗമൊരുക്കിയിട്ടുള്ളതെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്:
“എന്നാൽ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവരായി ജീവിച്ചവർക്കു
മേൽക്കുമേൽ തട്ടുതട്ടുകളായി നിർമ്മിക്കപ്പെട്ടിട്ടുള്ള ചില മണിമാടങ്ങളുണ്ട്. അതിന്റെ
താഴെ നദികൾ ഒഴുകിക്കൊണ്ടിരിക്കും. ഇത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു
വാഗ്ദാനം ലംഘിക്കുകയില്ല” (ഖുർആൻ, സൂറത്തുൽ സുമർ 20).
സ്വർഗം അവർണനീയമാണ്. അതിലെ
സുഖസൗകര്യങ്ങൾ ഒരു കണ്ണും കാണാത്തതാണ്. അതിലെ സുഖസംവിധാനങ്ങൾ ഒരു മനസ്സിലും ഉദിക്കാത്തതുമാണ്.
അല്ലാഹുവിനെ വഴിപ്പെടുന്ന വിശ്വാസി വിശ്വാസിനികൾക്കാണ് സ്വർഗവും സ്വർഗീയ മാളികകളും
തയ്യാർ ചെയ്തിട്ടുള്ളത്. അല്ലാഹു പറയുന്നുണ്ട് : സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും
അല്ലാഹു സ്വർഗങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവയുടെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും.
അവരതിൽ സ്ഥിരവാസികളാണ്. എന്നെന്നും നിലനിൽക്കുന്ന സ്വർഗങ്ങളിൽ ഉൽകൃഷ്ടമായ ഭവനങ്ങളെയും
അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു (ഖുർആൻ, സൂറത്തുത്തൗബ 72).
സ്വർഗവീടുകൾ അതിഗംഭീര നിർമ്മിതികളാണ്,
അതിലെ ശിൽപചാരുതി കണ്ണഞ്ചിപ്പിക്കുന്നതാണ്. അത്
നിർമ്മിക്കാൻ ഉപയോഗിച്ച ചുടുകല്ലുകൾ സ്വർണവെള്ളി ലോഹങ്ങളാൽ എടുക്കപ്പെട്ടതാണ്. ആ ഇഷ്ടികൾക്കിടയിൽ
ലേപം ചെയ്തിരിക്കുന്ന കൂട്ട് കസ്തൂരി സുഗന്ധപൂരിതമാണ്. അതിലെ പൊടിക്കല്ലുകൾ പോലും രത്‌നങ്ങളും
മരതകങ്ങളുമാണ്. അതിലെ മണ്ണ്് കുസുംഭപുഷ്പദളങ്ങളാണ്. ആ സ്വർഗഭവനത്തിൽ പ്രവേശിക്കുന്നവൻ
ശാശ്വതമായി സുഖലോലുപതകളോടെ അതിൽ വിരഹിക്കും. യാതൊരു പ്രതിസന്ധികളും അവനെ അലട്ടുകയില്ല.
അതിൽ അവന് മരണമില്ല. നിത്യയൗവനം അവനെ വി്ട്ടുപോവുകയുമില്ല. “ഉന്നതമായ സ്വർഗത്തിൽ. അവിടെ യാതൊരു നിരർത്ഥകമായ വാക്കും അവർ
കേൾക്കുകയില്ല. അതിൽ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്. ഉയർത്തിവെക്കപ്പെട്ട കട്ടിലുകളും
തയ്യാറാക്കിവെക്കപ്പെട്ട് കോപ്പകളുമുണ്ട്. അണിയണിയായി വെക്കപ്പെട്ട തലയണകളും വിരിച്ചുവെക്കപ്പെട്ട
പരവതാനികളുമുണ്ട്” (ഖുർആൻ, സൂറത്തുൽ ഖാശിയ 10, 11, 12, 13, 14, 15,
16).
സ്വർഗീയാരാമങ്ങളെപ്പറ്റിയും
അതിലെ വസ്തുവകകളെപ്പറ്റിയും നബി (സ്വ) പല വിശേഷങ്ങളും പറഞ്ഞിട്ടുണ്ട്. രണ്ടു സ്വർഗങ്ങളിലെ
പാത്രങ്ങളും വസ്തുക്കളും വെള്ളിയാലുള്ളതാണെന്നും, രണ്ടു സ്വർഗങ്ങളിലെ പാത്രങ്ങളും മറ്റു വസ്തുക്കളും സ്വർണത്തിലുള്ളതാണെന്നും
നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ആ സ്വർഗീയ മന്ദിരങ്ങളിൽ പ്രവേശിച്ചവർ ഇഛിക്കുന്നതെന്തും
പ്രാപിക്കുന്നതായിരിക്കും.
അല്ലാഹു അതിശയകരമായി സ്വർഗീയ
ലോകത്തെ സംവിധാനിച്ചിരിക്കുന്നത് അവന്റെ അടിമകൾ അവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള സൽപന്ഥാവിലൂടെ ജീവിക്കാൻ വേണ്ടിയാണ്.
സ്വർഗത്തിലെത്തിച്ചേരാൻ പ്രഥമമായി വേണ്ടത് അചലഞ്ചമായ ദൈവവിശ്വാസ (ഈമാൻ)മാണ്. കൂടെ സൽപ്രവർത്തനങ്ങൾ
ചെയ്യുകയും വേണം. സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവർ
സ്വർഗവാസികളാണെന്നും അവരിൽ അനശ്വരമായി നിവിസിക്കുന്നവരാണെന്നും ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്
(സൂറത്തുൽ ബഖറ 82).
സൽക്കർമ്മികളുടെ നന്മകൾ ഇരട്ടികളായി
വർദ്ധിക്കുന്നതായിരിക്കും. മാത്രമല്ല അവർ സ്വർഗീയ സൗധങ്ങളിൽ നിർഭയരായി അഭിരമിക്കുകയും
ചെയ്യുമെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട് (ഖുർആൻ, സൂറത്തു സബഅ് 37).
പ്രവാചക പത്‌നി ഖദീജാ ബീബി
(റ)ക്ക് അല്ലാഹു സ്വർഗത്തിൽ ഒരു വീട്
നിർമ്മിച്ചുവെച്ചിട്ടുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുകയും തന്റെ ധനത്തിന്റെ നല്ലൊരു ഭാഗം
സൽപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയും ചെയ്ത ധനികയായിരുന്ന മഹതി സത്യസാക്ഷ്യത്തിനായി
പ്രവാചകരോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ ജിബ് രീൽ (അ) മാലാഖ നബി
(സ്വ)യുടെ അടുക്കൽ വന്ന് പറഞ്ഞു ഖദീജാ ബീബിയോട് അല്ലാഹുവിൽ നിന്നും എന്നിൽ നിന്നുമുള്ള സലാം പറയണം.
അവർക്ക് സ്വർഗത്തിൽ ഒരു രത്‌നമന്ദിരം
ഒരുക്കിയിട്ടുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുകയും വേണം. അതിൽ അവർക്ക് ക്ഷീണമോ ബുദ്ധിമുട്ടോ അനുഭവപ്പെടുകയില്ല
(ഹദീസ് ബുഖാരി, മുസ്ലിം).
പള്ളിനിർമ്മാണം മഹത്തായ സൽക്കർമ്മമാണ്.
മസ്ജിദ് നിർമ്മിച്ചവന് അല്ലാഹു സ്വർഗത്തിൽ അതുപോലൊരു വീട് പണിയുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട്
(ഹദീസ് ബുഖാരി, മുസ്ലിം). പള്ളികൾ
അല്ലാഹുവിന്റെ ഭൂമിയിലെ ഭവനങ്ങളാണ്. ആ ഭവനങ്ങളുടെ നിർമ്മാണ പരിപാലന പ്രവർത്തനങ്ങളിലേർപ്പെട്ടവരെ
അല്ലാഹു ബഹുമാനിക്കുക തന്നെ ചെയ്യും. ആ മസ്ജിദുകളിലേക്ക് പോവുന്നവർക്കും അവിടെവെച്ച്
ജമാഅത്തായി നമസ്‌ക്കാരങ്ങൾ നിർവ്വഹിക്കുന്നവർക്കും അല്ലാഹു സ്വർഗത്തിൽ പ്രത്യേകം മന്ദിരം
ഏർപ്പാടു ചെയ്യും. പ്രവാചകർ (സ്വ) പറയുന്നു: ഒരുത്തൻ പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക്
പോയാൽ അല്ലാഹു അവനിക്ക് സ്വർഗത്തിൽ പാർപ്പിടമൊരുക്കുന്നതാണ്
(ഹദീസ് ബുഖാരി, മുസ്ലിം). ദിവസവും
ഫർള് നമസ്‌ക്കാരങ്ങൾ കൂടാതെ 12 റക്അത്ത് സുന്നത്ത്
നമസ്‌ക്കാരങ്ങൾ നിസ്‌ക്കരിക്കുന്നവന്നും അല്ലാഹു സ്വർഗത്തിൽ വീട് പണിയുമെന്ന് നബി
(സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് മുസ്ലിം 728).
സൽസ്വഭാവ സമ്പന്നർക്കും സ്വർഗത്തിലൊരു
വീട് നേടാം. നബി (സ്വ) പറയുന്നു: ന്യായമുണ്ടായിട്ടും തർക്കം ഉപേക്ഷിച്ചവന് സ്വർഗത്തിന്റെ
താഴ്ഭാഗത്തൊരു വീടും, തമാശക്ക് പോലും കളവ്
പറയാത്തവന് സ്വർഗത്തിന്റെ നടുഭാഗത്തൊരു വീടും, സൽഗുണ സ്വഭാവക്കാരന്് സ്വർഗത്തിന്റെ മുകൾ ഭാഗത്തൊരു വീടും ലഭിക്കുമെന്ന
കാര്യത്തിൽ ഞാൻ ഉറപ്പുനൽകുന്നു (ഹദീസ് അബൂദാവൂദ് 4800). വാക്കിലും പ്രവർത്തിയിലും സൽകീർത്തി നിലനിർത്തുന്നവനാണ് സൽസ്വഭാവി,
അവൻ ആരാധനകളിൽ
പൂർണ നിഷ്ടപാലിക്കുകയും ചെയ്യും. മറ്റൊരിക്കൽ നബി (സ്വ) പറഞ്ഞിട്ടുണ്ട് : സ്വർഗത്തിൽ
കുറേ മുറികളുണ്ട്. പുറത്തുനിന്ന് അതിന്റെ അകം കാണാം. അകത്തു നിന്ന് പുറവും കാണാം. ഭക്ഷണം
നൽകിയവനും നല്ലരീതിയിൽ സംസാരിച്ചവനും നോമ്പനുഷ്ഠിക്കുന്നവനും ജനം ഉറങ്ങുന്നനേരം നിസ്‌ക്കരിക്കുന്നവനുമാണ്
അല്ലാഹു അവ തയ്യാർ ചെയ്തിട്ടുള്ളത് (ഹദീസ് അഹ്മദ് 1337). അകപുറങ്ങൾ ദൃശ്യമെന്നാൽ അവ അത്രമാത്രം സുതാര്യവും അതിന്റെ സുഗന്ധവും
പ്രകാശവും വിദൂരത്തിലേക്ക് ശ്രീഘം എത്തിപ്പെടുന്നതുമായിരിക്കുമെന്നർത്ഥം.
ജനങ്ങൾക്ക് ഉപകാരം ചെയ്യുകയും
അശരണരെ സഹായിക്കുകയും രോഗികളെ സന്ദർശിക്കുകയും ചെയ്യുന്നവർക്ക് സ്വർഗത്തിലൊരു മന്ദിരം
പണിയാൻ മലക്കുകൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുമെന്ന് ഹദീസിലുണ്ട് (തുർമുദി 2008,
ഇബ്‌നുമാജ 1443). മാത്രമല്ല, ജീവിത പ്രതിസന്ധികളിൽ
പതറാതെ ക്ഷമ കൈവരിക്കുകയും എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവർക്ക് സ്വർഗവീട്
സ്വന്തമാക്കാം. അല്ലാഹു പറയുന്നു: സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും
ചെയ്തിട്ടുള്ളവരാകട്ടെ, അവരെ നാം സ്വർഗത്തിൽ
നിന്ന് താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന ചില ഉന്നത സൗധങ്ങളിൽ താമസിപ്പിക്കുക
തന്നെ ചെയ്യുന്നതാകുന്നു. അവരതിൽ നിരന്തരവാസികളായി കൊണ്ട്. സൽക്കർമ്മം പ്രവർത്തിക്കുന്നവർക്ക്
ലഭിക്കുന്ന പ്രതിഫലം എത്ര ഉൽകൃഷടം !, അവർ വിഷമങ്ങൾ സഹിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കൽ എല്ലാം ഭരമേൽപ്പിക്കുകയും ചെയ്തവരാകുന്നു
(ഖുർആൻ, സൂറത്തുൽ അൻകബൂത് 58).
ഫിർഔനിന്റെ ഭാര്യ ആസിയ സൽവൃത്തയായിരുന്നു.
സത്യമാർഗത്തിൽ എല്ലാവിധ പ്രതിബന്ധങ്ങളും തരണം ചെയ്ത മഹതി സ്വർഗത്തിലൊരു വീട് പണിതുതരണമെന്നാണല്ലൊ
നാഥനോട് പ്രാർത്ഥിച്ചത് (ഖുർആൻ, സൂറത്തുൽ തഹ് രീം 11). അല്ലാഹു മഹതിയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി, സ്വർഗത്തിലൊരു ഭവനം ഒരുക്കിവെച്ചിട്ടുണ്ട്.