യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 16/03/2018
വിഷയം: സത്യവിശ്വാസികൾക്കുള്ള
സന്തോഷവാർത്ത
സത്യവിശ്വാസികളുടെ
പ്രതീക്ഷകളൊക്കെയും അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്തയിലാണ്. കാരണം ഇഹപരലോക വിജയമാണ്
അവർക്ക് സുനിശ്ചിതമായിരിക്കുന്നത്: സത്യത്തിൽ വിശ്വസിക്കുകയും സൂക്ഷ്മതയോടെ ജീവിച്ചുകൊണ്ടിരിക്കുകയും
ചെയ്യുന്ന അവർക്ക് ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും സന്തോഷവാർത്തയുണ്ട്. അല്ലാഹുവിന്റെ
വചനങ്ങൾക്ക് യാതൊരു മാറ്റവുമില്ല. അതു തന്നെയാണ് മഹത്തായ വിജയം (ഖുർആൻ, സൂറത്തു യൂനുസ് 63, 64).
തന്റെ അടിമകൾക്ക്
അനുഗ്രഹങ്ങൾ ചൊരിയുമെന്ന സുവിശേഷം അല്ലാഹുവിന് വളരെ ഇഷ്ടമാണ്. ആ സുവിശേഷങ്ങളിലേക്ക്
ജനങ്ങളെ വഴി നടത്താനാണല്ലൊ അവൻ പ്രവാചകന്മാരെ നിയോഗിച്ചത്. “അവരെ പിൻപറ്റിയവർ ഇഹത്തിലും പരത്തിലും വിജയിക്കും സന്തോഷവാർത്ത
അറിയിക്കുന്നവനും താക്കീത് നൽകുന്നവരുമായിട്ടാണ് നാം ദൂതന്മാരെ അയച്ചിട്ടുള്ളത്. എന്നിട്ട്
വല്ലവരും സത്യവിശ്വാസം കൈകൊള്ളുകയും പ്രവൃത്തികൾ നന്നാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ
അവർക്ക് ഒന്നും ഭയപ്പെടാനില്ല. അവർ വ്യസനിക്കുകയുമില്ല” (ഖുർആൻ, സൂറത്തുൽ അൻആം 48).
നന്മയിലുള്ള സന്തോഷവാർത്തയും
തിന്മക്കെതിരെയുള്ള താക്കീതും പ്രവാചകന്മാരുടെ പ്രബോധന ശൈലി കൂടിയാണ്. അല്ലാഹു പ്രവാചകർ
മുഹമ്മദ് നബി (സ്വ)യോട് അറിയിച്ചത് ഇങ്ങനെ: 'ഓ നബിയേ... നിശ്ചയമായും താങ്കളെ സാക്ഷിയും സന്തോഷവാർത്താ വാഹകനും
താക്കീതുകാരനുമായി നാം അയച്ചിരിക്കുന്നു. അല്ലാഹുവിങ്കലിലേക്ക് അവന്റെ കൽപനയനുസരിച്ച്
ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കുമായി നാം താങ്കളെ അയച്ചിരിക്കുന്നു. നിശ്ചയമായും
സത്യവിശ്വാസികൾക്ക് അല്ലാഹുവിൽ നിന്ന് വമ്പിച്ച ഔദാര്യം ലഭിക്കുമെന്ന് താങ്കൾ അവർക്ക്
സന്തോഷവാർത്ത അറിയിക്കുക' (ഖുർആൻ, സൂറത്തുൽ അഹ്്‌സാബ് 45, 46, 47).
സ്വഹാബികൾക്ക് സന്തോഷദായകമായ
കാര്യങ്ങൾ അറിയിക്കാനും അവരിൽ സന്തോഷം ജനിപ്പിക്കാനും പ്രവാചകർ (സ്വ) അതീവ തൽപരനായിരുന്നു.
ഒരിക്കൽ നബി (സ്വ) ജാബിറി (റ)നോട് പറയുകയുണ്ടായി: 'താങ്കളുടെ പിതാവിന് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെപ്പറ്റി സന്തോഷവാർത്ത
അറിയിച്ചുതരട്ടയോ?' ജാബിർ (റ) പറഞ്ഞു:
പറഞ്ഞാലും. അങ്ങനെ നബി (സ്വ) അല്ലാഹു അദ്ദേഹത്തിന്റെ പിതാവിന് സ്വർഗത്തിൽ ഒരുക്കിയ
സൗകര്യസംവിധാനങ്ങളെ പ്പറ്റി വിവരിച്ചുകൊടുത്തു (ഹദീസ് തുർമുദി 3010, ഇബ്‌നു മാജ 190). അബൂ മൂസാ (റ) പറയുന്നു: നബി (സ്വ) സ്വഹാബികളിലെ ആരെയെങ്കിലും
വല്ലകാര്യവും ചെയ്യാൻ അയച്ചാൽ പറയുമായിരുന്നു: 'സന്തോഷവാർത്ത അറിയിക്കണം, വെറുപ്പിക്കരുത്. എളുപ്പമാക്കണം, ബുദ്ധിമുട്ടാക്കരുത്' (ഹദീസ് ബുഖാരി, മുസ്ലിം).
ഈ സന്തോഷവാർത്ത അറിയിക്കാനാണ്
അല്ലാഹു പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചത്. അല്ലാഹു തന്നെ പറയുന്നു: എല്ലാ കാര്യങ്ങളും
വിശദീകരിക്കുന്നതായും അനുസരണയുള്ളവർക്കു മാർഗദർശനവും കാരുണ്യവും സന്തോഷവാർത്തയുമായിട്ടാണ്
നാം ഈ വേദം താങ്കൾക്ക് ഇറക്കിത്തന്നത് (ഖുർആൻ, സൂറത്തു ന്നഹ്‌ല് 89). എത്രയെത്ര സന്തോഷവാർത്തകളാണ് ഖുർആനിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്
!
സത്യവിശ്വാസികൾക്കുള്ള
മഹത്തായ പ്രതിഫലങ്ങളും ശ്രേഷ്ഠതകളും ഖുർആനിൽ പല അധ്യായങ്ങളിലായി പരാമർശിക്കപ്പെട്ടിട്ടുണ്ട്
സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും
ചെയ്തവർക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക, നിശ്ചയമായും അവർക്ക് ചില സ്വർഗങ്ങളുണ്ട്. അവയുടെ താഴ്ഭാഗങ്ങളിൽ
കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവിടെ വെച്ച് അവർക്ക് പഴം ആഹാരമായി നൽകപ്പെടുമ്പോഴെല്ലാം
'ഇതു തന്നെയാണല്ലൊ ഞങ്ങൾക്ക്
മുമ്പ് നൽകപ്പെട്ടിരുന്നത്' എന്നവർ പറയും. അത്
പരസ്പരം സാദൃശ്യമുള്ള നിലയിലാണ് അവർക്ക് നൽകപ്പെടുക. അവർക്കവിടെ നിർമലരായ ഇണകളുണ്ട്.
അവരവിടെ നിത്യവാസികളായിരിക്കുന്നതാകുന്നു (ഖുർആൻ, സൂറത്തുൽ ബഖറ 25).
അല്ലാഹുവിൽ നിന്നുള്ള
ഈ വൈശിഷ്ട്യം നേടാനും ഈ സുവിശേഷങ്ങൾ സാക്ഷാൽക്കരിക്കാനുമുള്ള മാർഗം സൽക്കർമ്മങ്ങൾ അധികരിപ്പിക്കലാണ്.
ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തുകൊടുക്കുകയും വേണം. എന്നാൽ അയാളുടെ ജീവിതം
സൗഖ്യപൂർണമായിരിക്കും. അല്ലാഹു പറയുന്നു: ഒരു പുരുഷനോ സ്ത്രീയോ ആവട്ടെ, സത്യവിശ്വാസിയായിക്കൊണ്ട് ഒരു നല്ലകാര്യം ചെയ്താൽ
അവർക്കു സുഖമായ ജീവിതം നാം നൽകുന്നതും തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന സൽക്കർമ്മങ്ങൾക്കുള്ള
പ്രതിഫലം നിശ്ചയമായും അവർക്കു നാം കൊടുക്കുന്നതുമാകുന്നു (ഖുർആൻ, സൂറത്തു ന്നഹ്‌ല് 97)
പരിശുദ്ധ ഖുർആൻ പാരായണം
ചെയ്യലും പാരായണം ചെയ്യുന്നത് ശ്രദ്ധിച്ചുകേൾക്കലും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തലും
മഹിമയാർന്ന സദ്‌ചെയ്തിയാണ് എന്റെ അടിമകളോട് സന്തോഷവാർത്ത അറിയിക്കുക, വാക്ക് ശ്രദ്ധിച്ചുകേൾക്കുകയും അതിൽ ഏറ്റവും നല്ലത്
പിൻപറ്റുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർക്കാകുന്നു അല്ലാഹു നേർമാർഗം നൽകിയിട്ടുള്ളത്.
അവർ തന്നെയാണ് ബുദ്ധിമാന്മാർ (ഖുർആൻ, സൂറത്തു സുമർ 17, 18).
നമസ്‌ക്കാരവും സക്കാത്തും
ആ സുകൃതപ്പട്ടികയിലെ പ്രധാന നിദാനങ്ങളാണ്. നമസ്‌ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും
സക്കാത്ത് കൊടുക്കുകയും പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ഖുർആൻ
സന്തോഷവാർത്തയും നേർമാർഗ ദർശനവുമാണെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട് (ഖുർആൻ,
സൂറത്തു ന്നംല് 1, 2, 3). ധർമ്മനിഷ്ഠ പാലിക്കുകയും ആരാധനാകർമ്മങ്ങളിലൂടെ നാഥനിലേക്ക്
കേണുവണങ്ങുകയും ചെയ്യുന്ന സത്യവിശ്വാസികളെ അല്ലാഹു ഐഹിക ലോകത്ത് ബഹുമാനിച്ച് സ്വസ്ത
ജീവിതം നൽകുകയും പാരത്രിക ലോകത്ത് വിജയികളിൽപ്പെടുത്തുകയും ചെയ്യും. മാത്രമല്ല,
ദൈവഭക്തിയിൽ ജീവിതം ക്രമപ്പെടുത്തിയവർക്ക് വണ്ണമായ
പ്രതിഫലവും പാപമോക്ഷവുമുണ്ടെന്ന് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നുണ്ട്: 'ബോധനം പിൻപറ്റുകയും അദൃശ്യാവസ്ഥയിൽ പരമ കാരുണികനെ
ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. പാപമോചനത്തെയും ഉദാരമായ
പ്രതിഫലത്തെപ്പറ്റി അവന്ന് സന്തോഷവാർത്ത അറിയിക്കുക' (ഖുർആൻ, സൂറത്തു യാസീൻ 11).
മറ്റുള്ളവർക്ക് നന്മ
ആഗ്രഹിക്കുകയും നന്മ വരുത്തുകയും ചെയ്യുന്നവർ അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത ലഭിക്കപ്പെട്ടവർ
തന്നെയാണ്. വാക്കിലും പ്രവർത്തിയിലും ധർമ്മനിഷ്ഠ പാലിക്കേണ്ടിയിരിക്കുന്നു. അവശരെ സഹായിക്കുകയും
നിരാലംബർക്ക് ആവശ്യങ്ങൾ നിറവേറ്റികൊടുക്കുകയും വേണം. അന്യന്റെ ആവശ്യങ്ങൽ നിറവേറ്റപ്പെട്ടെങ്കിൽ
മാത്രമേ നന്മ പൂർത്തിയാവുകയുള്ളൂ. നബി (സ്വ) പറയുന്നു: മറ്റൊരു വിശ്വാസിക്ക് സന്തോഷമുളവാക്കലാണ്
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യചെയ്തി (ഹദീസ് ത്വബ്‌റാനി 0483/12).
നബി (സ്വ)യുടെ പേരിൽ
സ്വലാത്തും സലാമും ചൊല്ലിയവർക്കും സന്തോഷവാർത്തയുണ്ട്. മാലാഖ ജിബ് രീൽ (അ) നബി (സ്വ)യുടെ
അടുക്കൽ വന്ന് പറയുകയുണ്ടായി: താങ്കൾക്ക് നാം സന്തോഷവാർത്ത അറിയിക്കട്ടയോ?
, നിശ്ചയം അല്ലാഹു നബിയോട് പറയുന്നു:
“ആരെങ്കിലും താങ്കളുടെ പേരിൽ
സ്വലാത്ത് ചൊല്ലിയാൽ അവനിക്ക് അല്ലാഹു സ്വലാത്ത് ചെയ്യും, താങ്കളുടെ പേരിൽ സലാം ചൊല്ലിയാൽ അല്ലാഹു അവന്റെ പേരിൽ സലാം ചെയ്യും”
(ഹദീസ് അഹ്മദ് 1683).