നാഥാ.. നീ ഞങ്ങളെ സന്മാർഗത്തിലാക്കണേ


യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 23/03/2018
വിഷയം: ചൊവ്വായ മാർഗം

സത്യവിശ്വാസി ദിവസവും അല്ലാഹുവിനോട് ആവർത്തിച്ചാവർത്തിച്ച് തേടുന്ന കാര്യമാണ് 'നാഥാ നീ ഞങ്ങളെ സ്വിറാത്തുൽ മുസ്തഖീമി (ചൊവ്വായ മാർഗം)ലാക്ക ണേ ' എന്ന്. പരിശുദ്ധ ഖുർആനിലെ പ്രഥമധ്യായമായ ഫാതിഹയിലെ 6ാം സൂക്തഭാഗമാണത്. സൂറത്തുൽ ഫാതിഹ കൂടാതെ നമസ്‌ക്കാരം സാധുവാകില്ലല്ലൊ. ഒരു വിശ്വാസി ഒരു ദിവസം ചുരുങ്ങിയത് 17 പ്രാവശ്യം നിർബന്ധമായും പാരായണം ചെയ്യേണ്ടിയിരിക്കുന്ന പ്രാർത്ഥനയാണിത് : ചൊവ്വായ വഴിയിൽ നീ ഞങ്ങളെ നടത്തണമേ.. കോപത്തിന് വിധേയരായവരും വഴിപിഴച്ചവരുമല്ലാത്ത, നിന്റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാർഗത്തിൽ” (സൂറത്തുൽ ഫാതിഹ 6, 7).

അല്ലാഹു പറയുന്നു: നിശ്ചയമായും ഇതാണ് എന്റെ നേരായ മാർഗം. അതിനാൽ നിങ്ങൾ ഇതിനെ പിൻപറ്റുക. വിഭിന്ന മാർഗങ്ങളെ പിൻതുടരുത്. അവ അവന്റെ മാർഗത്തിൽ നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. സൂക്ഷിക്കുവാൻ വേണ്ടിയാണ് നിങ്ങളോട് ഇതെല്ലാം ഉപദേശിക്കുന്നത് (ഖുർആൻ, സൂറത്തു അൻആം 153). അടിമയുടെ ഈ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകി പറയും 'ഇത് എന്റെ അടിമക്കുള്ളതാണ്, എന്റെ അടിമ ചോദിച്ചതെന്തും കൊടുക്കും' (ഹദീസ് മുസ്ലിം 395). ഈ സന്മാർഗം സിദ്ധിച്ചവരാണ് നബിമാരും മുർസലുകളും. നബിമാരെപ്പറ്റി അല്ലാഹു ഖുർആനിൽ പറയുന്നു: ഇവരുടെ പിതാക്കൾ, സന്താനങ്ങൾ, സഹോദരങ്ങൾ എന്നിവരിൽ നിന്ന് പലരെയും നാം സന്മാർഗത്തിൽ ചേർത്തിട്ടുണ്ട്. അവരെ നാം തെരഞ്ഞെടുക്കുകയും നേർവഴിയിൽ ചേർത്തിക്കൊടുക്കുകയും ചെയ്തു (ഖുർആൻ, സൂറത്തുൽ അൻആം 87). ഇബ്രാഹിം നബി (അ)യെപ്പറ്റി അല്ലാഹു വിവരിക്കുന്നത് ഇങ്ങനെ: നിശ്ചയം, ഇബ്രാഹിം നബി ഒരു സമുദായമായിരുന്നു, അല്ലാഹുവിന്നു പരിപൂർണമായി കീഴ്‌പ്പെട്ട, നേർമാർഗത്തിൽ ഉറച്ചുനിൽക്കുന്ന ആളുമായിരുന്നു. ബഹുദൈവവിശ്വാസികളിൽപ്പെട്ടയാളായിരുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കു കൃതജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അല്ലാഹു തെരഞ്ഞെടുക്കുകയും നേർവഴിയിലാക്കുകയും ചെയ്തു (ഖുർആൻ, സൂറത്തുന്നഹ് ല് 120, 121). മാത്രമല്ല, ഇബ്രാഹിം നബി (അ) തന്റെ പിതാവിനെ സത്യദീനിലേക്ക് പ്രബോധനം ചെയ്യുകയും ചെയ്തു: എന്റെ പിതാവേ.. തീർച്ചയായും താങ്കൾക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടുയിട്ടുണ്ട്. അതിനാൽ താങ്കൾ എന്നെ പിന്തുടരുക. ഞാൻ താങ്കൾക്ക് ശരിയായ മാർഗം കാണിച്ചുത്തരാം” (ഖുർആൻ, സൂറത്തു മർയം 43). അല്ലാഹു ഹാറൂൻ നബി (അ)യോടും മൂസാ നബി (അ)യോടും ഇരുവരെയും നേർമാർഗത്തിൽ ചേർത്തിരിക്കുന്നുവെന്ന് അറിയിക്കുന്നുണ്ട് (ഖുർആൻ, സൂറത്തു സ്വാഫാത്ത് 118).

നമ്മുടെ നബി (സ്വ)യോട് അല്ലാഹു പറഞ്ഞിരിക്കുന്നു: നബിയേ.. നിശ്ചയമായും താങ്കൾക്ക് നാം സ്പഷ്ടമായ ഒരു വിജയം കൈവരുത്തിത്തന്നിരിക്കുന്നു. താങ്കളുടെ തെറ്റുകളിൽ നിന്ന് മുൻകഴിഞ്ഞതും പിന്നീടുണ്ടാകുന്നതും അല്ലാഹു താങ്കൾക്ക് പൊറുത്തുതരുവാനും തന്റെ അനുഗ്രഹം താങ്കൾക്കവൻ പരിപൂർണമാക്കുവാനും നേർമാർഗത്തിൽ താങ്കളെ നയിക്കുവാനും വേണ്ടി (ഖുർആൻ, സൂറത്തുൽ ഫത്ഹ് 1, 2). ആ ഋജുപാത മുറുകെ പിടിക്കാനും നബി (സ്വ)യോട് അല്ലാഹു കൽപ്പിക്കുന്നുണ്ട് (ഖുർആൻ, സൂറത്ത് സുഹ്‌റുഫ് 43). അത് കൊണ്ട് നബി തങ്ങൾ (സ്വ) സത്യപാതയുടെ കാര്യത്തിൽ അതീവ തൽപരത കാട്ടുകയും അനുചരന്മാർക്ക് സത്യവഴികൾ താൽപര്യപൂർവ്വം വിവരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) പറയുന്നു: ഒരിക്കൽ നബി (സ്വ) പ്രതീകാത്മകമായി ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് അല്ലാഹുവിന്റെ മാർഗം. ശേഷം ആ വരയുടെ ഇടത് വലത് ഭാഗങ്ങളിലായി കുറേ വരകൾ വരച്ച് പറഞ്ഞു: ഈ വഴികളിലെല്ലാം പിശാചിന്റെ സാന്നിധ്യമുണ്ടാകും, അതിലേക്ക് പിശാച് ക്ഷണിക്കും. പിന്നെ നബി (സ്വ) സൂറത്തുൽ അൻആമിലെ നേർമാർഗവും വിഭിന്നമാർഗവും വിവരിക്കുന്ന 153ാം സൂക്തം പാരായണം ചെയ്തു (ഹദീസ് ദാരിമി 208, അഹ്്മദ് 4142).

അല്ലാഹു തൃപ്തിപ്പെട്ട, അവന്റെ റസൂൽ (സ്വ) പ്രബോധനം ചെയ്ത സത്യമതം അനുധാവനം ചെയ്യാൻ സൗഭാഗ്യം നൽകണേ എന്നാണ് സ്വിറാത്തുൽ മുസ്തഖീമിൽ വഴിനടത്തണമേയെന്ന പ്രാർത്ഥനയുടെ ലളിതസാരം. ആ മാർഗം തന്നെയാണ് എല്ലാ നബിമാരും പരമ സ്വാതികരായ സൽജനങ്ങളും പുൽകിയത്. അവരാണ് സ്വിറാത്തുൽ മുസ്തഖീം കൊണ്ടനുഗ്രഹീതരായവർ. : ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെട്ട് നടന്നാൽ അവർ അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ നബിമാർ, സിദ്ധീഖുകൾ, ശുഹദാഅ്, സ്വാലിഹുകൾ എന്നിവരുടെ കൂടെയായിരിക്കും. അവരെത്ര വിശിഷ്ട സഹവാസികൾ” (ഖുർആൻ, സൂറത്തുന്നിസാഅ് 69). ഏകാരാധ്യനായ അല്ലാഹുവിനെ ആരാധിക്കലാണ് സ്വിറാത്തുൽ മുസ്തഖീമെന്ന് സൂറത്തുയാസീൻ 61ാം സൂക്തം വ്യക്തമാക്കുന്നുണ്ട്.

നേർമാർഗം സിദ്ധിക്കാൻ പ്രഥമപ്രധാനം അല്ലാഹുവിലുള്ള ദൃഢവിശ്വാസ (ഈമാൻ)മാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിൽ വിശ്വസിച്ച് അവനെ ബലമായി അഭയം കൊള്ളുന്നവരെ അവന്റെ പക്കൽ നിന്നുള്ള അനുഗ്രഹത്തിലും ഔദാര്യത്തിലും അവൻ പ്രവേശിപ്പിക്കുകയും അവങ്കലേക്കുള്ള നേരായ വഴിയിൽ അവരെ ചേർത്തിക്കൊടുക്കുകയും ചെയ്യും (സൂറത്തുന്നിസാഅ് 175). പരിശുദ്ധ ഖുർആൻ അനുസരിച്ച് ജീവിക്കുന്നവർക്കും ഈ സൽപാത സുനിശ്ചിതമാണ്. ലവലേശം സംശയമില്ലാത്ത പരിപൂർണ വേദഗ്രന്ഥമായ ഖുർആൻ സൂക്ഷ്മാലുക്കൾക്ക് മാർഗദർശനമാണല്ലൊ.

സ്വിറാത്തുൽ മുസ്തഖീം നേടാൻ പ്രവാചകരെ (സ്വ) പൂർണാർത്ഥത്തിൽ പിൻപറ്റേണ്ടിയിരിക്കുന്നു. ആരാധനകളിലും ഇടപാടുകളിലും പെരുമാറ്റങ്ങളിലും നബിചര്യയാണ് അനുവർത്തിക്കേണ്ടത്. വക്രത ഇല്ലാത്ത വിധം ചൊവ്വായ പാതയാണല്ലൊ പ്രവാചകർ തിരുമേനി (സ്വ) നിയോഗിതദൗത്യമായി ലോകസമക്ഷം സമർപ്പിച്ചത്. യഥാർത്ഥ ജ്ഞാനം നേർവഴി നയിക്കാനുള്ള ഹേതുകമാണ്. വിജ്ഞാനം കൊണ്ടെത്തിക്കുന്നത് സ്പഷ്ടമായ നേർരേഖയിലേക്കാണ്. സത്യാസത്യങ്ങളെ വേർതിരിക്കുന്നതും വിജ്ഞാനം തന്നെയാണല്ലൊ. അല്ലാഹു പറയുന്നു: താങ്കൾക്ക് രക്ഷിതാവിങ്കലിൽ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം സത്യമാണെന്ന് ജ്ഞാനം നൽകപ്പെട്ടവർ അറിയുന്നുണ്ട് (ഖുർആൻ, സൂറത്തു സബഅ് 2). നേർവഴിലാക്കാനുള്ള നിരന്തരം പ്രാർത്ഥനയും വേണം. പ്രവാചകർ (സ്വ) രാത്രിയിൽ നമസ്‌ക്കാരത്തിനായുണർന്നാൽ സ്വിറാത്തുൽ മുസ്തഖീമിനായി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് മുസ്ലിം 770). സ്വിറാത്തുൽ മുസ്തഖീമും അതിലേക്കുള്ള വഴികളും ഖുർആനിലും ഹദീസിലും സുവ്യക്തമാണ്. ആ ധർമ്മങ്ങൾ ജീവിതചര്യയാക്കി നേർവഴി പുൽകാൻ നാമേവരെയും നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ
back to top