തശഹുദ്‌: ദൈവസോത്രം, പ്രാര്ത്ഥന, സത്യസാക്ഷ്യം


യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ

മന്‍സൂര്‍ ഹുദവി കളനാട്‌
തീയ്യതി: 30.03.2018
വിഷയം: തശഹുദ്‌

നമസ്‌ക്കാരത്തിലെ അഭിവാജ്യഘടകമാണ്‌ തശഹുദ്‌. 'എല്ലാ തിരുമുള്‍ക്കാഴ്‌ചകളും അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്‌, എല്ലാ ആരാധനകളും സുകൃതങ്ങളും അവനുള്ളത്‌ തന്നെ, നബിയേ... അങ്ങയുടെ മേല്‍ അല്ലാഹുവില്‍ നിന്നുള്ള രക്ഷയും കരുണയും പുണ്യങ്ങളുമുണ്ടാവട്ടെ, ഞങ്ങളുടെ മേലിലും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകളുടെ മേലിലും രക്ഷയുണ്ടാവട്ടെ. അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും മുഹമ്മദ്‌ നബി (സ്വ) അല്ലാഹുവിന്റെ അടിമയും ദൂതരുമാണെന്ന്‌ ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്നാണ്‌ തശഹുദിന്റെ സാരാംശം.

തശഹുദിലെ വാക്യങ്ങള്‍ അതിമഹത്തരമായത്‌ കൊണ്ടാണ്‌ നബി (സ്വ) സ്വഹാബികള്‍ക്ക്‌ അവ ഖുര്‍ആനിലെ ഒരു അധ്യായം പോലെ പഠിപ്പിച്ചത്‌ (ഹദീസ്‌ മുസ്ലിം 403). അബ്ദുല്ലാ ബ്‌നു മസ്‌ഊദ്‌ (റ) പറയുന്നു: നബി (സ്വ) തങ്ങളുടെ രണ്ടുകൈപ്പത്തികള്‍ക്കിടയില്‍ എന്റെ കൈപ്പത്തി വെച്ച്‌ ഖുര്‍ആന്‍ പഠിപ്പിക്കും പോലെ എന്നെ തശഹുദ്‌ പഠിപ്പിച്ചിട്ടുണ്ട്‌ (ഹദീസ്‌ ബുഖാരി, മുസ്ലിം). നമസ്‌ക്കാരം അല്ലാഹുമായുള്ള സംഭാഷണമാണ്‌‌. നമസ്‌ക്കാരം നിര്‍വ്വഹിക്കുന്നവന്‍ വളരെ ഭക്തിയോടെ അല്ലാഹുവിന്റെ മുന്നിലെന്ന കണക്കെ ഇരുന്നുകൊണ്ടാണല്ലൊ തശഹുദ്‌ തുടങ്ങുന്നത്‌. തശഹുദിലെ വാക്യം തുടങ്ങുന്നത്‌ എല്ലാ പരിശുദ്ധ അഭിവാദ്യങ്ങളും അല്ലാഹുവിന്‌ തന്നെയാണെന്നാണ്‌. അത്തഹിയ്യാത്ത്‌ എന്ന്‌ അറബി ഭാഷയില്‍ ബഹുവചനത്തിലാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. സര്‍വ്വാധികാരങ്ങളും മഹത്വങ്ങളും അല്ലാഹുവിന്‌ തന്നെയെന്നുള്ള സൂചനയാണത്‌. എല്ലാം പരമവും അവന്‌ യോജിച്ചതുമാണ്‌. അല്ലാഹു പറയുന്നു: അവന്റെ അധികാര പീഠം ആകാശഭൂമികളെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനൊട്ടും ഭാരമാക്കുന്നില്ല. അവന്‍ ഉന്നതനും മഹാനും തന്നെയാകുന്നു (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 255). അഭിവാദ്യം കൊണ്ടാണല്ലൊ സംഭാഷണങ്ങള്‍ തുടങ്ങേണ്ടത്‌. അത്‌ കൊണ്ട്‌ തന്നെ തശഹുദ്‌ സകലാഭിവാദ്യങ്ങളും അല്ലാഹുവിന്‌ അര്‍പ്പിച്ചുകൊണ്ടാണ്‌ തുടങ്ങിയിരിക്കുന്നത്‌.

ശേഷം, ഫര്‍ളും സുന്നത്തുമായ എല്ലാവിധ ആരാധനകളും അനുഷ്‌ഠാനങ്ങളും അല്ലാഹുവിനുള്ളതാണെന്ന്‌ തശഹുദ്‌ ചൊല്ലുന്നവന്‍ പ്രഖ്യാപിക്കുന്നു. അല്ലാഹു തന്നെ പറയുന്നുണ്ട്‌: പറയുക, എന്റെ നമസ്‌ക്കാരവും മറ്റെല്ലാ ആരാധനകളും എന്റെ ജീവിതവും എന്റെ മരണവുമെല്ലാം സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്‌ വേണ്ടിയാണ്‌ (ഖുര്‍ആന്‍, സൂറത്തുല്‍ അന്‍ആം 162). വാക്കുകളിലെയും പ്രവര്‍ത്തികളിലെയും നല്ലതെന്തും അല്ലാഹുവിനുള്ളതാകുന്നു. നല്ലവനായ അല്ലാഹുവിലേക്ക്‌ നല്ലത്‌ മാത്രമേ ഉയര്‍ത്തപ്പെടുകയുള്ളൂ: 'നല്ലവാക്കുകള്‍ അവങ്കലേക്ക്‌ തന്നെ കയറിപ്പോകുന്നു. സല്‍കര്‍മങ്ങളെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു' (ഖുര്‍ആന്‍, സൂറത്തു ഫാത്വിര്‍ 10). നബി (സ്വ) പറയുന്നു: നിശ്ചയം അല്ലാഹു നല്ലവനാണ്‌, അവന്‍ നല്ലത്‌ മാത്രമേ സ്വീകരിക്കുകയുള്ളൂ (ഹദീസ്‌ മുസ്ലിം 1015).

അല്ലാഹുവിലേക്കുള്ള സമര്‍പ്പണത്തിന്‌ ശേഷം, നബി (സ്വ) തങ്ങളോടുള്ള അഭിസംബോധനത്തിലേക്ക്‌ കടക്കുന്നു. സര്‍വ്വ രക്ഷയും കരുണക്കടാക്ഷവും പുണ്യങ്ങളും നബി (സ്വ) തങ്ങള്‍ക്കും ഞങ്ങള്‍ക്കും ഉണ്ടാവട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുകയാണ്‌ പിന്നീട്‌ ചെയ്യുന്നത്‌. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ നബി (സ്വ) പഠിപ്പിച്ചതുമാണ്‌. നമസ്‌ക്കരിക്കുന്നവന്‍ അപ്രകാരം പ്രാര്‍ത്ഥിച്ചാല്‍ ആകാശത്തും ആകാശഭൂമികള്‍ക്കുമിടയിലുമുള്ള എല്ലാ അടിമളും നന്മ എത്തിക്കുന്നതാണെന്ന്‌ നബി (സ്വ) അരുളിയിട്ടുണ്ട്‌ (ഹദീസ്‌ മുസ്ലിം). ആകാശഭൂമികളിലുള്ള മനുഷ്യജിന്നുകള്‍ക്കും മലക്കുകള്‍ക്കും സലാം ചൊല്ലിയത്‌ പോലെയാണെന്നും മറ്റൊരു ഹദീസ്‌ റിപ്പോര്‍ട്ടുണ്ട്‌ (ഹദീസ്‌ ബുഖാരി 1202). നമസ്‌ക്കരിക്കുന്നവരുടെ ഈ പ്രാര്‍ത്ഥ കൊണ്ട്‌ ഭാഗ്യം സിദ്ധിക്കാന്‍ നമസ്‌ക്കാരമടക്കമുള്ള ആരാധനാനുഷ്‌ഠാനങ്ങള്‍ മുറപോലെ നിര്‍വ്വഹിക്കുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ തശഹുദ്‌ നമ്മെ പ്രാര്‍ത്ഥനയുടെ വ്യവസ്ഥകള്‍ പഠിപ്പിച്ചുത്തരുന്നുണ്ട്‌. പ്രാര്‍ത്ഥന അല്ലാഹുവിനെ പുകഴ്‌ത്തിത്തുടങ്ങണം. പിന്നെ നബി (സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലണം. ശേഷം സ്വന്തത്തിനും മറ്റുള്ള സത്യവിശ്വാസികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം. അല്ലാഹുവിനുള്ള സ്‌തുതി സോത്രങ്ങളും നബി (സ്വ)യുടെ മേലിലുള്ള സ്വലാത്ത്‌- സലാമുകളും ഉരവിട്ട ശേഷം ഇഷ്ടമുള്ളത്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കണമെന്ന്‌‌ നബി (സ്വ) പറഞ്ഞിട്ടുണ്ട്‌ (ഹദീസ്‌ അബൂദാവൂദ്‌ 1481). നൂഹ്‌‌ നബി (അ) അങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചതും: എന്റെ രക്ഷിതാവേ.. എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായി ക്കൊണ്ട്‌ പ്രവേശിച്ചവനും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുത്തരണമേ (ഖുര്‍ആന്‍, സൂറത്തു നൂഹ്‌ 28). 

തശഹുദ്‌ നല്‍കുന്ന ഏറ്റവും വലിയ പാഠം സഹാനൂഭൂതിയാണ്‌. നമസ്‌ക്കരിക്കുന്നവന്‍ ഓരോ നമസ്‌ക്കാരത്തിലും തനിക്കും അന്യര്‍ക്കും അല്ലാഹുവില്‍ നിന്നുള്ള രക്ഷയുണ്ടാവട്ടെയെന്ന്‌‌ പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്യുന്നത്‌‌. പരിപാവന ഇസ്ലാം മതം മാലോകര്‍ക്കിടയില്‍ പരസ്‌പര മൈത്രിയും സഹവര്‍തിത്വവുമുണ്ടാക്കണമെന്നാണല്ലൊ പഠിപ്പിക്കുന്നത്‌‌. നബി (സ്വ) പറയുന്നു: ഞാന്‍ നിങ്ങള്‍ക്ക്‌‌ ഒരു കാര്യം അറിയിച്ചുത്തരട്ടയോ, അത്‌ നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹാര്‍ദ്രബന്ധമുണ്ടാവും, നിങ്ങള്‍ക്കിടയില്‍ സലാം പറയല്‍ വ്യാപിപ്പിക്കലാണ്‌ അക്കാര്യം (ഹദീസ്‌ മുസ്ലിം 93).

തശഹുദ്‌ അവസാനിക്കുന്നത്‌ രണ്ട്‌ സാക്ഷ്യങ്ങളോടെയാണ്‌. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്‌ നബി (സ്വ) അല്ലാഹുവിന്റെ തിരുദൂതരുമാണെന്നുമുള്ള സത്യസാക്ഷ്യങ്ങള്‍. അങ്ങനെ ഒരുത്തന്‍ സാക്ഷ്യം വഹിച്ചാല്‍ അല്ലാഹു അവനിക്ക്‌‌ നരകം നിഷിദ്ധമാക്കുമെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട്‌ (ഹദീസ്‌ മുസ്ലിം 47). തശഹുദില്‍ ശഹാദത്ത്‌ പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തല്‍ പ്രത്യേകം സുന്നത്താണ്‌. നാഫിഅ്‌‌ (റ) പറയുന്നു: അബ്ദുല്ലാ ബ്‌നു ഉമര്‍ (റ) നിസ്‌ക്കാരത്തില്‍ ഇരുന്നാല്‍ ഇരുകൈകളും കാല്‍മുട്ടുകള്‍ക്ക്‌ മുകളില്‍ വെച്ച്‌ വിരല്‍ ഉയര്‍ത്തുകയും അതിലേക്കും തുടരെ നോക്കുകയും ചെയ്യും. പിന്നെ പറഞ്ഞു നബി (സ്വ) പറഞ്ഞിട്ടുണ്ട്‌ ആ ചൂണ്ടുവിരല്‍ പിശാചിന്‌ ഇരുമ്പിനേക്കാളും കഠിനമാണ്‌ (ഹദീസ്‌ അഹ്‌‌മദ്‌ 6143). തശഹുദിന്‌ ശേഷം ഇബ്‌റാഹിമിയ്യ സ്വലാത്ത്‌ ചൊല്ലണം. നമസ്‌ക്കാരത്തില്‍ നിന്ന്‌ സലാം വീട്ടുന്നതിന്‌ മുമ്പായി നരകം, ഖബര്‍ ശിക്ഷ, ദജ്ജാലിന്റെ ഫിത്‌‌ന, ജീവിത മരണങ്ങളിലെ ഫിത്‌‌ന എന്നീ നാലു കാര്യങ്ങളെ ത്തൊട്ട്‌‌ കാവല്‍ തേടി അല്ലാഹുവിനോട്‌പ്രാര്‍ത്ഥിക്കുകയും വേണം (ഹദീസ്‌ അബൂദാവൂദ്‌ 984).



back to top