യഅ്ഖൂബ് നബി (അ): സന്താന ശിക്ഷണത്തിന്റെ ആദർശ മാതൃക

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 05/10/2018
വിഷയം: യഅ്ഖൂബ് നബി (അ)

മനുഷ്യരിൽ നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത് ശ്രേഷ്ഠരാക്കിയവരാണ് പ്രവാചകന്മാർ. ഓരോ കാലത്തെയും ജനതയെ മാർഗദീപം തെളിയിച്ച് ഋജുപാതയിലേക്ക് നയിച്ച അവർ ചരിത്രത്തിലെ മാതൃകാ അധ്യാപകരായിരുന്നു. സന്മാർഗം സിദ്ധിച്ച ആ സത്യമത പ്രബോധകരുടെ പാത പിൻതുടരണമെന്നാണ് പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു ആഹ്വാനം ചെയ്തിരിക്കുന്നത്. അവരുടെ ജീവിതം പാഠങ്ങളും പഠനങ്ങളുമായിരുന്നു. ആ സച്ചരിതരിൽപ്പെട്ട മഹാനാണ് യഅ്ഖൂബ് നബി (അ). ജ്ഞാനവും യുക്തിയും കൈമുതലാക്കിയ മഹിമയാർന്ന പ്രവാചക കുടുംബത്തിലാണ് യഅ്ഖൂബ് നബി (അ) ജനിക്കുന്നത്. പിതാവും പിതാവിന്റെ പിതാവും നബിമാരായിരുന്നു. പിതാവ് ഇസ്ഹാഖ് നബി (അ). പിതൃവ്യൻ നബിമാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹിം നബി (അ). യഅ്ഖൂബ് നബി (അ)യുടെ മകൻ യൂസുഫും (അ) നബിയായിരുന്നു. പ്രവാചകത്വ ലബ്ദിയാൽ അനുഗ്രഹീതരായ ആ കുലത്തെ അല്ലാഹു ഖുർആനിൽ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്: നമ്മുടെ അടിമകളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും അനുസ്മരിക്കുക. ശക്തിയും കാഴ്ചപ്പാടുകളുമുള്ളവരായിരുന്നു അവർ. ആത്മാർത്ഥമായ ഒരു ഗുണം പാരത്രിക സ്മരണ അവർക്കു നാം നൽകി. നമ്മുടെയടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉൽകൃഷ്ടർ തന്നെയാണവർ (സൂറത്തു സ്വാദ് 45, 46, 47). യഅ്ഖൂബ് നബി (അ)യുടെ ജ്ഞാനത്തെപ്പറ്റിയും ഖുർആൻ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്: നാം പഠിപ്പിച്ചുകൊടുത്തത് കൊണ്ട് വിജ്ഞാനി തന്നെയാണദ്ദേഹം (സൂറത്തു യൂസുഫ് 68). യഅ്ഖൂബ് നബി (അ)യുടെ വിശ്വാസ ദൃഢതയും സന്താനപരിപാലന കഴിവും ക്ഷമയും ചരിത്രത്തിലെ ശ്രദ്ധേയ മുദ്രകളാണ്.

ഏകദൈവാരാധനയിലും ഇസ്ലാം മതപ്രചാരണത്തിലുമായി ജീവിതം ചിട്ടപ്പെടുത്തിയ യഅ്ഖൂബ് നബി (അ) തന്റെ മക്കളെ പരിപാലിക്കുന്നതിലും ചിട്ടയൊത്ത് വളർത്തുന്നതിലും ജാഗ്രത കാട്ടിയിരുന്നു. സ്വന്തം ജനതയെ ഇസ്ലാമികാദർശങ്ങളിൽ പ്രബുദ്ധരാക്കുന്നതോടൊപ്പം സ്വന്തം സന്താനങ്ങൾക്ക് ആവശ്യമായ ഉപദേശ നിർശേദങ്ങൾ നൽകുകയും വിശ്വാസമൂല്യങ്ങൾ ഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കുകയും  ചെയ്തിട്ടുണ്ട്. യഅ്ഖൂബ് നബി (അ) പുത്രന്മാരോട് ഉപദേശിച്ചു: പ്രിയ മക്കളേ, അല്ലാഹു നിങ്ങൾക്ക് ഈ മതം പ്രത്യേകം തെരഞ്ഞെടുത്തുതന്നതാണ്. അതുകൊണ്ട് മുസ്ലികളായല്ലാതെ നിങ്ങൾ മരിച്ചുപോകരുത് (ഖുർആൻ, സൂറത്തുൽ ബഖറ 132). തനിക്ക് ശേഷവും അവർ സത്യമതത്തിൽ തുടരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്: യഅ്ഖൂബ് നബിക്ക് മരണമാസന്നമാവുകയും എന്റെ കാലശേഷം നിങ്ങൾ എന്തിനെയാണാരാധിക്കുക എന്ന് തന്റെ മക്കളോടദ്ദേഹം ചോദിക്കുകയും ചെയ്തപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നുവോ? അവർ മറുപടി നൽകി: താങ്കളുടെയും പിതാക്കളായ ഇബ്രാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെയും ഇലാഹായ ഏകദൈവത്തെയാണ് ഞങ്ങളാരാധിക്കുക. അവനു മാത്രം വിധേയമായിരിക്കും ഞങ്ങൾ (സൂറത്തുൽ ബഖറ 133).

കാര്യങ്ങൾ അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കാനും അദ്ദേഹം മക്കളെ പഠിപ്പിച്ചിട്ടുണ്ട്. അവരോട് അദ്ദേഹം പറയുന്നുണ്ട്: അവന്ന് മാത്രമാണ് വിധികർതൃത്വാവകാശം. അവനിൽ സർവ്വ കാര്യങ്ങളും ഞാൻ ഏൽപ്പിച്ചിരിക്കുകയാണ്. ഭരമേൽപ്പിക്കാനുള്ളവർ അവനെ ഏൽപ്പിച്ചുകൊള്ളട്ടെ (ഖുർആൻ, സൂറത്തു യൂസുഫ് 67). മക്കളെ അല്ലാഹു കാത്തുസംരക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിങ്കൽ ഭരമേൽപ്പിച്ചവന് അല്ലാഹു മതിയെന്ന് അവൻ തന്നെ അറിയിച്ചതാണല്ലൊ. മക്കളിൽ ദൈവവിശ്വാസം രൂഢമൂലമാക്കുകയും ശുഭാപ്തി വിശ്വാസം ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട് യഅ്ഖൂബ് നബി (അ). അദ്ദേഹം അവരെ ഉപദേശിച്ചു: നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ചു ആശയറ്റു പോകരുത്. നിഷേധികളായ ജനങ്ങൾ മാത്രമേ അവന്റെ അനുഗ്രഹത്തെപ്പറ്റി ഭഗ്നാശരാകൂ (സൂറത്തു യൂസുഫ് 87). അല്ലാഹുവിന്റെ കരുണകടാക്ഷത്തൊട്ട് ആശ മുറിയരുതെന്ന് പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷകളാണല്ലൊ ലക്ഷ്യത്തിലേക്കെത്തിക്കുന്നതും ഫലപ്രാപ്തിയുണ്ടാക്കുന്നതും.

യൂസുഫ് നബി (അ) സൗഭാഗ്യപൂർണമായ സ്വപ്‌നം ദർശിച്ച വിവരം പിതാവ് യഅ്ഖൂബ് നബി (അ)യുമായി പങ്കുവെക്കുകയുണ്ടായി. പിതാവും മകനും പരസ്പരം ഹൃദയബന്ധം പുലർത്തിയിരുന്നതിന്റെ തെളിവാണത്. അങ്ങനെ തുറന്ന മനസ്സും പരസ്പര വിശ്വാസവുമാണ് രക്ഷിതാക്കളും മക്കളും തമ്മിലുണ്ടാവേണ്ടത്. മകൻ പങ്കുവെച്ച കാര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന പൂർണബോധ്യത്തോടെ തന്നെ അക്കാര്യം സഹോദരങ്ങളുമായി പങ്കുവെക്കരുതെന്ന അനിവാര്യ ഇടപെടൽ നടത്തുകയായിരുന്നു. ഈ സംഭവം ഖുർആൻ വിവരിക്കുന്നത് കാണാം: യൂസുഫ് നബി തന്റെ പിതാവ് യഅ്ഖൂബ് നബിയോട് പറഞ്ഞ സന്ദർഭം സ്മരണീയമത്രെ! എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം നമിക്കുന്നതായി ഞാൻ കിനാവു കാണുകയുണ്ടായി. ബാപ്പ പ്രതികരിച്ചു: എന്റെ കുഞ്ഞുമോനേ, സഹോദരന്മാരോട് നിന്റെ ഈ സ്വപ്‌നവൃത്താന്തം പറയരുതേ. അവർ നിനക്കെതിരെ എന്തെങ്കിലും കുതന്ത്രം പ്രയോഗിക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയത്രെ (സൂറത്തു യൂസുഫ് 4, 5). പിശാചിന്റെ ചതിക്കുഴികൾ ദീർഘവീക്ഷണത്തോടെ കണ്ടറിഞ്ഞ പിതാവ് മക്കൾ തമ്മിൽ ഉണ്ടാവാൻ പോവുന്ന വിദ്വേഷത്തിന്റെയും വൈരാഗ്യത്തിൻരെ വേരുകൾ അറുത്തുമാറ്റുകയായിരുന്നു. ഭദ്രതയും സ്‌നേഹാർദ്രതയും തുളുമ്പുന്ന സന്തുഷ്ട കുടുംബാണ് ആ കുടുംബനാഥൻ ആശിച്ചത്.

മക്കൾക്ക് ഹാനികരമാവുന്ന എന്തുതന്നെയായാലും അവയെ പ്രതിരോധിക്കാൻ യഅ്ഖൂബ് നബി (അ) പൂർണസജ്ജനായിരുന്നു. അവർക്കുള്ള സുരക്ഷയും കാവലും ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ടാണല്ലൊ അവർ യാത്ര പുറപ്പെടുന്ന നേരം സാരോപദേശം നൽകിയത്: മക്കളേ നിങ്ങൾ എല്ലാവരും കൂടെ ഒരു കവാടത്തിലൂടെ പ്രവേശിക്കരുത്, വ്യത്യസ്ത വാതിലുകളിലൂടെ വേണം കടക്കുക (സൂറത്തു യൂസുഫ് 67). ചുറുചുറുക്കുള്ള സുന്ദരക്കുട്ടപ്പന്മാരായ തന്റെ എല്ലാ മക്കളും ഒന്നിച്ച് കാണപ്പെട്ടാൽ കണ്ണേറ് ബാധിക്കുമെന്ന് ഭയന്നത് കൊണ്ടാണ് യഅ്ഖൂബ് നബി (അ) അങ്ങനെ നിർദേശിച്ചത്. ജ്ഞാനിയും തന്ത്രശാലിയുമായ അദ്ദേഹം അക്കാര്യം മുൻകൂട്ടി മനസ്സിലാക്കി നടപ്പില്ലാക്കുകയായിരുന്നു. കണ്ണേറ്, അസൂയ തുടങ്ങീ എല്ലാവിധ ആപത്തു വിപത്തുകളിൽ നിന്നും മക്കൾക്ക് രക്ഷിതാക്കൾ പ്രതിരോധം തീർക്കേണ്ടതിന്റെ ഉത്തമ മാതൃകയാണ് യഅ്ഖൂബ് നബി (അ) കാണിച്ചുത്തന്നിരിക്കുന്നത്. കണ്ണേറ് സംഭവിക്കാവുന്നതാണെന്നും അതിൽ നിന്ന് അല്ലാഹുവോട് കാവൽ തേടണമെന്നും പ്രവാചകർ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് ഇബ്‌നു മാജ 3508).

മക്കളുടെ വീഴ്ചകൾ വളരെ ക്ഷമയോടെയും യുക്തിയോടെയുമാണ് യഅ്ഖൂബ് നബി (അ) കൈകാര്യം ചെയ്തത്. മക്കളായ യൂസുഫ് നബി (അ)ക്കും മറ്റു സഹോദരന്മാർക്കുമിടയിൽ പൈശാചിക ദുർബോധനത്താൽ ചില പ്രശ്‌നങ്ങളുണ്ടായപ്പോൾ അദ്ദേഹം നടത്തിയ പരിഹാരക്രിയകൾ ഏറെ ഫലവത്തായിരുന്നു. മോശം പ്രവർത്തികളുടെ പേരിൽ അവരെ ശിക്ഷിക്കുകയല്ല, ശിക്ഷണം നടത്തുകയായിരുന്നു. അവരെ അകറ്റുകയോ ആട്ടിയോടിക്കുകയോ ചെയ്തില്ല. മറിച്ച് ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുത്ത് തിരുത്താനുള്ള അവസരം നൽകുകയായിരുന്നു. ക്ഷമാശീലനായി നിലകൊണ്ട അദ്ദേഹം മക്കളോട് മൊഴിഞ്ഞു: അല്ല, നിങ്ങൾക്ക് ഒരു കടുംങ്കൈ ഭംഗിയായി തോന്നി എന്നുമാത്രം. അതുകൊണ്ട് നന്നായി ക്ഷമിക്കുക തന്നെ. നിങ്ങളുടെ ഈ പതിപാദനങ്ങളിൽ എനിക്ക് സഹായമർത്ഥിക്കാനുള്ളത് അല്ലാഹുവത്രേ (സൂറത്തു യൂസുഫ് 18). ദൈവവിധിയിൽ തൃപ്തനായ അദ്ദേഹത്തിന്റെ വിശ്വാസത്തിന് യാതൊരു ചാഞ്ചാട്ടവും സംഭവിച്ചിട്ടില്ല. ദൈവകാരുണ്യത്തെത്തൊട്ട് കൈവിട്ടിട്ടുമില്ല. ക്ഷമയുടെയും പ്രതീക്ഷയുടെയും വാക്കുകൾ തന്നെയാണ് മക്കളോട് പറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമ തന്നെയാണല്ലൊ ഏറ്റവും വലിയ ആയുധം. ക്ഷമയേക്കാൾ പ്രൗഢശ്രേഷ്ഠവും വിശാലവുമായ ദാനമില്ലെന്ന് നബി വചനം (ഹദീസ് മുസ്ലിം 1053). മക്കളുടെ കാര്യത്തിൽ നീണ്ട കാലം ക്ഷമ കൈക്കൊണ്ട യഅ്ഖൂബ് നബി (അ) അവസാനം വിജയം വരിച്ചു. മക്കളെല്ലാവരെയും ഒത്തൊരുമിപ്പിച്ച് അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിന് ആനന്ദമേകി. ക്ഷമയാണ് പരിഹാരമെന്ന് സാരം.

മക്കളോട് കാണിക്കേണ്ട പെരുമാറ്റ ചട്ടങ്ങളുടെയും ശിക്ഷണത്തിലെ ക്ഷമയുടെയും നല്ല പാഠങ്ങളാണ് യഅ്ഖൂബ് നബി (അ)യുടെ ജീവചരിത്രം പറഞ്ഞുതരുന്നത്. ആ പിതാവിന്റെ ആ നിലപാടുകൊണ്ടാണ് തെറ്റുകാരായ മക്കൾ കുറ്റം സമ്മതിച്ച് പശ്ചാത്താപത്തിനൊരുങ്ങിയത്. അക്കാര്യം ഖുർആൻ വിവരിക്കുന്നുണ്ട്: അവരപേക്ഷിച്ചു: ഞങ്ങളുടെ പാപമോചനത്തിനായി താങ്കൾ അല്ലാഹുവിനോടർഥിച്ചാലും. ഞങ്ങൾ കുറ്റവാളികളായിക്കഴിഞ്ഞിട്ടുണ്ട്, തീർച്ച. അദ്ദേഹം പ്രതികരിച്ചു: നിങ്ങൾക്കു വേണ്ടി വഴിയെ ഞാനെന്റെ നാഥനോടർത്ഥിക്കാം. ഏറെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണവൻ (സൂറത്തു യൂസുഫ് 97, 98). മക്കൾക്ക് വിട്ടുവീഴ്ച നൽകിയ അദ്ദേഹം അവർക്ക് അനുകൂലമായി പ്രാർത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മക്കളുടെ വീഴ്ചകൾ പിതാക്കൾ തിരുത്തി വിടുതി നൽകുകയും അവരുടെ നന്മക്കായി പ്രാർത്ഥക്കണമെന്നുമാണ് ഈ നബിചരിതം പഠിപ്പിച്ചുതരുന്നത്. മുഹമ്മദ് നബി (സ്വ) പറയുന്നു: സ്വന്തത്തിനെതിരെയോ സ്വന്തം സന്താനങ്ങൾക്കെതിരെയോ സ്വന്തം സമ്പത്തിനെതിരെയോ പ്രാർത്ഥിക്കരുത്. ഒരു സമയമുണ്ട്. ആ സമയത്തോട് നിങ്ങളുടെ പ്രാർത്ഥന ഒത്തുവന്നാൽ അല്ലാഹു ഉത്തരം നൽകിയിരിക്കും (ഹദീസ് മുസ്ലിം 3014). യഅ്ഖൂബ് നബി (അ)യുടെ സന്താനശിക്ഷണ മൂല്യങ്ങൾ അനുവർത്തിച്ച് കുടുംബഭദ്രത സുദൃഢമാക്കാൻ അല്ലാഹു നാമേവരെയും അനുഗ്രഹിക്കട്ടെ ആമീൻ.

back to top