യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 28.09.2018
വിഷയം: രഹസ്യമായി ചെയ്യുന്ന സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠത
അല്ലാഹു എല്ലാം അറിയുന്നവനാണ്, എല്ലാം കാണുന്നവനാണ്. രഹസ്യവും പരസ്യവും അവനിക്കറിയാം. മറഞ്ഞതും തെളിഞ്ഞതും അവനിക്ക് കാണാം. ഒളിവിലുള്ളതും വെളിയിലുള്ളതും അവനിക്ക് സമം തന്നെ. പരോക്ഷമായതും പ്രത്യക്ഷമായതും അവന്റെ നിയന്ത്രത്തിൽ തന്നെ. 'നിശ്ചയം ഭുവന വാനങ്ങളിലെ അദൃശ്യങ്ങളറിയുന്നവനാണ് അല്ലാഹു, ഹൃദയങ്ങളിലുള്ളവയെക്കുറിച്ചും സൂക്ഷ്മജ്ഞാനേ്രത അവൻ' (ഖുർആൻ, സൂറത്തുൽ ഫാത്വിർ 38). 'ആകാശത്തോ ഭൂമിയിലോ ഉള്ള യാതൊന്നും അവനു ഗോപ്യമല്ല' (സൂറത്തു ആലു ഇംറാൻ 05).
രഹസ്യമായാലും പരസ്യമായാലും സൽക്കർമ്മങ്ങളും സുകൃതങ്ങളും അനുവർത്തിക്കണമെന്നാണ് സർവ്വജ്ഞനായ അല്ലാഹു കൽപ്പിക്കുന്നത്. എന്നാൽ ജനങ്ങളുടെ ദൃഷ്ടിയിൽപ്പെടാതെ സ്വകാര്യമായി ചെയ്യുന്ന ചെയ്തികളാണ് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നതും ഏറെ പ്രതിഫലാർഹമായി നിശ്ചയിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു: ധർമ്മങ്ങൾ നിങ്ങൾ പരസ്യപ്പെടുത്തുന്നുവെങ്കിൽ നല്ലതു തന്നെ. രഹസ്യമാക്കുകയും ദരിദ്രർക്ക് നൽകുകയുമാണെങ്കിൽ അത് ഏറ്റവുമുത്തമമായി ഭവിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുപ്പിച്ച് കളയുകയും ചെയ്യും. നിങ്ങളുടെ ചെയ്തികളെപ്പറ്റി അല്ലാഹു സൂക്ഷ്മജ്ഞാനിയാകുന്നു (ഖുർആൻ, സൂറത്തുൽ ബഖറ 271). സൽപ്രവർത്തനങ്ങൾ പരസ്യമാക്കുന്നതിനേക്കാൾ ശ്രേഷ്ഠം രഹസ്യമാക്കലാണെന്നും പരസ്യമാക്കുന്നതിൽ ജനങ്ങൾക്ക് പ്രചോദനമാവുന്ന രീതിയിൽ പൊതു ഉപകാരമുണ്ടെങ്കിൽ അതുമാവാമെന്നുമാണ് മേൽ ഖുർആനിക സൂക്തം വ്യക്തമാക്കുന്നത് (തഫ്‌സീറുൽ ഖുർത്വുബി 3/233, തഫ്‌സീറുത്ത്വബ് രി 5/15, തഫ്‌സീറു ഇബ്‌നു കസീർ 1/701). കാരണം പരസ്യമാക്കാത്ത സൽക്കർമ്മങ്ങളാണല്ലൊ കൂടുതൽ ആത്മാർത്ഥമായത്. സൽക്കർമ്മി സൃഷ്ടികളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദി പ്രകടനമോ പ്രതീക്ഷിക്കുന്നില്ല. മറിച്ച് സ്രഷ്ടാവിൽ നിന്നുള്ള പ്രതിഫലങ്ങളാണ് ഇഛിക്കുന്നത്. സത്യമത പ്രബോധന പ്രചാരകരായ നബിമാർ ജനങ്ങൾ കാണാത്ത രീതിയിൽ സ്വകാര്യമായി സൽകൃത്യങ്ങൾ ചെയ്തിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. മനുഷ്യവേഷത്തിൽ അതിഥികളായി വന്ന മലക്കുകളെ ഇബ്രാഹിം നബി (അ) സൽക്കരിച്ചത് പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: ഇബ്രാഹിം നബിയുടെ വിശിഷ്ടാതിഥികളെക്കുറിച്ചുള്ള വൃത്താന്തം താങ്കൾക്ക് ലഭിച്ചുവോ? അവർ തന്റെ സന്നിധിയിലെത്തി സലാം പറഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചു: 'അല്ലാഹുവിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ, അപരിചിതരാണല്ലൊ?' അങ്ങനെയദ്ദേഹം വേഗം സഹധർമിണിയുടെയടുത്ത് ചെന്നു. എന്നിട്ട് തടിച്ച കാളക്കുട്ടിയെ പാകം ചെയ്ത് കൊണ്ടുവന്ന് അവരുടെയടുത്തേക്ക് വെച്ച് കഴിക്കുകയല്ലേ എന്ന് ചോദിച്ചു (സൂറത്തുദ്ദാരിയാത്ത് 24, 25, 26, 27). ഇബ്രാഹിം നബി (അ) സൽക്കാരം തയ്യാറാക്കുവാനുള്ള പോക്കുവരവുകൾ ആരെയും അറിയിക്കാതെ ചെയ്തിരുന്നെന്ന് പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ത്വബ്‌രി (റ) വ്യക്തമാക്കുന്നു.
ആയിശ (റ) പറയുന്നു: ഒരു ദിവസം രാത്രി ഉറങ്ങുന്നയിടത്തുനിന്ന് നബി (സ്വ) തങ്ങളെ കാണാതായി. അന്വേഷിച്ചപ്പോൾ പള്ളിയിൽ പ്രാർത്ഥിക്കുകയായിരുന്നു (ഹദീസ് മുസ്ലിം 486). രാത്രിയുടെ യാമങ്ങളിൽ ചെയ്യുന്ന ആരാധനകളും പ്രാർത്ഥനകളും സ്വന്തം സഹധർമിണിയെ പോലും അറിയിക്കാതെയായിരുന്നെന്ന് സാരം. പരിപാവന ഇസ്ലാം മതം മറ്റുള്ളവരെ ബോധ്യപ്പെടുത്താത്ത മാത്രയിൽ സൽപ്രവർത്തനങ്ങൾ അധികരിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നുണ്ട്. പ്രമുഖ സ്വഹാബി വര്യൻ സുബൈർ ബ്‌നു അവ്വാം (റ) പറയുന്നു: നിങ്ങൾക്ക് സൽക്കർമ്മങ്ങൾ മറ്റുള്ളവർ കാണാതെ രഹസ്യമായി ചെയ്യാനാവുമെങ്കിൽ അങ്ങനെ ചെയ്യുക .
ദാനധർമ്മങ്ങളും നന്മയുടെ മാർഗത്തിലുള്ള ധനവിനിയോഗവുമാണ് പ്രധാനമായും രഹസ്യമാക്കി ചെയ്യേണ്ട സൽക്കർമ്മങ്ങൾ. രഹസ്യമായി ദാനധർമ്മം ചെയ്യുന്നവന് അല്ലാഹു സാമീപ്യം അനുവദിക്കുന്നതും അന്ത്യനാളിൽ അർഷിന്റെ (ദൈവ സിംഹാസനം) തണൽ നൽകുന്നതുമാണ്. നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത ഖിയാമത്ത് നാളിൽ അല്ലാഹു ഏഴു വിഭാഗം ആളുകൾക്ക് തണൽ നൽകും. അതിൽപ്പെട്ടതാണ് വലതുകൈ നൽകുന്നത് ഇടതുകൈ അറിയാത്ത വിധം രഹസ്യമായി ദാനധർമ്മം ചെയ്യുന്നവൻ (ഹദീസ് ബുഖാരി, മുസ്ലിം). സച്ചരിതരായ മുൻഗാമികൾ ഇത്തരത്തിൽ ആരാരുമറിയാതെ ദാനധർമ്മങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നു. അബ്ദുല്ലാ ബ്‌നു മുബാറകി (റ)നെ സന്ദർശിച്ച് ഒരു യുവാവ് ഹദീസുകൾ കേൾക്കുകയും കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം അബ്ദുല്ലാ (റ) വന്നപ്പോൾ അയാളെ കാൺമാനില്ല. അയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആയിരം ദിർഹം കടം മടക്കി നൽകാനാവാത്തതിന്റെ പേരിൽ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണെന്നറിഞ്ഞു. ഉടനെ അബ്ദുല്ലാ ബ്‌നു മുബാറക് (റ) ആ മുതലാളിയുടെ അടുക്കലേക്ക് ചെന്ന് പണം പൂർണമായും നൽകുകയും ജീവിച്ചിരിക്കുന്ന കാലത്തോളം ഇക്കാര്യം ആരോടും പറയരുതെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു. അങ്ങനെ ആ യുവാവ് മോചിതനായി. അബ്ദുല്ലാ ബ്‌നു മുബാറക് (റ) മരിച്ചശേഷമാണ് അദ്ദേഹം യുവാവിന്റെ കടം വീട്ടിയതെന്ന് ലോകം അറിയുന്നത് (കിതാബു സിയറു അഅ്‌ലാമുൽ നുബലാഅ് 8/378). അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുക്കൊണ്ടുള്ള നിഷ്‌കളങ്കമായ പരസ്പര സ്‌നേഹം അല്ലാഹുവിന്റെ സ്‌നേഹത്തിനും കാരണമായിത്തീരും. നബി (സ്വ) പറഞ്ഞിട്ടുണ്ട്: രണ്ടാളുകൾ പരസ്പരം അല്ലാഹുവിന്റെ മാർഗത്തിൽ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ, അതിൽ ആരാണോ തന്റെ കൂട്ടുകാരനോട് കൂടുതൽ സ്‌നേഹം കാട്ടുന്നത് അവനോട് അല്ലാഹുവും കൂടുതൽ സ്‌നേഹം കാട്ടും (ഹദീസ് മുഅ്ജമുൽ അൗസത്വ് 8279). അതായത് ഒരാൾ മറ്റൊരാളെ ഇഷ്ടപ്പെട്ടാൽ അയാളുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അവന് ഗുണം മാത്രമേ കാംക്ഷിക്കാൻ പാടുള്ളൂവല്ലൊ. മറ്റൊരിക്കൽ നബി (സ്വ) പറയുകയുണ്ടായി: ഒരു സത്യവിശ്വാസി തന്റെ സഹോദരനായ സത്യവിശ്വാസിക്ക് വേണ്ടി ആറ് കാര്യങ്ങൾ ചെയ്തിരിക്കണം. അതിലൊന്ന് സഹോദരൻ സന്നിദ്ധതനായി ഉണ്ടെങ്കിലും ഇല്ലെങ്കിലും അവന് നല്ലത് മാത്രമേ ആഗ്രഹിക്കാനാവൂ എന്നതാണ് (ഹദീസ് തുർമുദി 1938, നസാഈ 2737). അതായത് നല്ലത് പറഞ്ഞും ബുദ്ധിമുട്ടുകൾ നീക്കിയും പ്രതിരോധിച്ചും അവനെ സംരക്ഷിക്കണമെന്നാണ്. തന്റെ സഹോദരന്റെ അഭാവത്തിൽ അവന്റെ അഭിമാനത്തിന് ക്ഷതമേൽക്കാതെ പ്രതിരോധിക്കുന്നവന് അല്ലാഹു നരകത്തിൽ നിന്നുള്ള മോചനം സാക്ഷാൽക്കരിച്ചിരിക്കുമെന്നും നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് ത്വബ് റാനി 443). ഈ വിശേഷഗുണങ്ങൾ സിദ്ധിച്ചവന് അല്ലാഹുവിൽ നിന്ന് മഹത്തായ പ്രതിഫലവും ജനങ്ങളിൽ നിന്ന് നിസ്തുലമായ ബഹുമാനവും അർഹിക്കുന്നതായിരിക്കും. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഞാനെത്ര കിണഞ്ഞു ശ്രമിച്ചാലും മൂന്നുകൂട്ടം ആളുകൾക്ക് പ്രത്യുപകാരം ചെയ്യാൻ എന്നെക്കൊണ്ടാവുന്നില്ല. എന്റെ അഭാവത്തിൽ എന്നെ മാനിക്കുന്നവനാണ് അവരിൽ ഒരു കൂട്ടം (കിതാബു ബിദായ വന്നിഹായ 8/338).
ഒരാൾ മറ്റൊരാൾക്ക് വേണ്ടി അയാളുടെ സാന്നിധ്യമില്ലായിരിക്കെ പ്രാർത്ഥിച്ചാൽ അതിന്റെ ഗുണം രണ്ടുപേർക്കും ലഭിക്കുന്നതായിരിക്കും. 'ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് വേണ്ടി അവന്റെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അവന്റെ തലഭാഗത്ത് അവന്റെ കാര്യം ഏൽപ്പിക്കപ്പെട്ട ഒരു മലക്കുണ്ടായിരിക്കും. അവൻ തന്റെ സഹോദരന്റെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ആ മലക്ക് “ആമീൻ, അതുപോലെത്തത് നിനക്കുമുണ്ടാവട്ടെ” എന്ന് പറയും (ഹദീസ് ബുഖാരി, മുസ്ലിം). അസാന്നിധ്യത്തിലുള്ള പ്രാർത്ഥന കൂടുതൽ സ്‌നേഹാർദ്രത വളർത്തുന്നതോടൊപ്പം ഉത്തരം ലഭിക്കാൻ സാധ്യത കൂടുതലുള്ളതുമാണ്. അത്തരത്തിൽ നബി (സ്വ) പ്രാർത്ഥിക്കുമായിരുന്നു. അബ്ദുല്ലാ ബ്‌നു അബ്ബാസി (റ)ന് വേണ്ടി അദ്ദേഹത്തിന്റെ അഭാവത്തിൽ ഇങ്ങനെ പ്രാർത്ഥിച്ചു: അല്ലാഹുവേ, അദ്ദേഹത്തെ നീ നിന്റെ മതത്തിന്റെ പണ്ഡിതനാക്കണേ, അദ്ദേഹത്തിന് പരിശുദ്ധ ഖുർആനിന്റെ വ്യാഖ്യാനം പഠിപ്പിക്കണമേ (ഹദീസ് സുനനു ബൈഹഖി 16685). അങ്ങനെ അബ്ദുല്ലാ ബ്‌നു അബ്ബാസ് (റ) ലോകം കണ്ട ഏറ്റവും വിഖ്യാതനായ ഖുർആൻ പണ്ഡിതനായി.
സ്വഹാബികളും ഇപ്രകാരം മറ്റുള്ളവർക്ക് വേണ്ടി അവരുടെ അസാന്നിധ്യത്തിൽ പ്രാർത്ഥിക്കുമായിരുന്നു. ഒരിക്കൽ അബൂദർദ്ദാഅ് (റ) രാത്രി നമസ്‌ക്കാരം കഴിഞ്ഞ ഉടനെ മറ്റുള്ളവർക്ക് പ്രായശ്ചിത്തം തേടി പ്രത്യേകം പ്രത്യേകം പ്രാർത്ഥിക്കുകയുണ്ടായി. അപ്പോൾ ഒരാൾ ചോദിച്ചു: താങ്കൾ സ്വന്തത്തിന് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെങ്കിൽ! അപ്പോൾ അദ്ദേഹം പറഞ്ഞു: ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് വേണ്ടി അയാളുടെ അഭാവത്തിൽ പ്രാർത്ഥിച്ചാൽ മലക്കുകൾ ആമീൻ പറയും. മലക്കുകളുടെ ആ ആമീൻ പറച്ചിൽ ഞാനും ആഗ്രഹിക്കുന്നു. അദ്ദേഹം തുടരുന്നു: എത്ര ഉറങ്ങുന്നവർ, അവർക്ക് പാപമോചനം നൽകപ്പെടുന്നു. എത്ര ഉണർന്നിരിക്കുന്നവർ, അവർക്ക് നന്ദി പ്രകടിപ്പിക്കപ്പെടുന്നു. അപ്പോൾ ചോദിക്കപ്പെട്ടു: അതെങ്ങനെയാ? അദ്ദേഹം പറഞ്ഞു: ഒരാൾ രാത്രി നമസ്‌ക്കരിച്ച് തന്റെ സഹോദരന് വേണ്ടി പൊറുക്കലിനെ തേടി പ്രാർത്ഥിക്കുന്നു, അപ്പോൾ ആ ഉറങ്ങുന്നവന് പാപമോചനം നൽകപ്പെടുന്നു. ഉറങ്ങാതെ പ്രാർത്ഥിച്ചവന് അതിന്റെ നന്ദികൾ നൽകപ്പെടുന്നു.
സത്യവിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി അല്ലാഹു മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുർആൻ വ്യക്തമാക്കുന്നു: ദൈവിക സിംഹാസനം വഹിച്ചുകൊണ്ടിരിക്കുന്നവരും അവർക്ക് ചുറ്റുമുള്ളവരുമായ മാലാഖമാർ തങ്ങളുടെ നാഥന് സ്തുതികീർത്തനങ്ങളർപ്പിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും വിശ്വാസികൾക്ക് പാപമോചനമർത്ഥിച്ച് കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കും ചെയ്യുന്നുണ്ട് :'നാഥാ നിന്റെ അനുഗ്രഹവും വിജ്ഞാനവും സർവ്വവസ്തുക്കൾക്കും പ്രവിശാലമായിരിക്കുന്നു. അതുകൊണ്ട് പാപമോചനമർത്ഥിക്കുകയും നിന്റെ വഴി പിൻപറ്റുകയും ചെയ്യുന്നവർക്ക് നീ മാപ്പരുളുകയും നരകശിക്ഷയിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമേ. നാഥാ അവരെയും അവരുടെ മാതാപിതാക്കൾ, ഭാര്യാസന്തതികൾ എന്നിവരിൽ സദ് വൃത്തരെയും ശാശ്വത നിവാസത്തിനുള്ള വാഗ്ദത്ത സ്വർഗങ്ങളിൽ നീ പ്രവേശിപ്പിക്കണമേ. നിശ്ചയം നീ തന്നെയാണ് അജയ്യനും യുക്തിമാനും' (സൂറത്തു ഖാഫിർ 7, 8)