പിശാചാണ് മുഖ്യ ശത്രു; കരുതുക, കാവൽ തേടുക

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 21/09/2019
വിഷയം: പിശാചിനെ തൊട്ടുള്ള കാവൽ തേട്ടം

പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നു: പിശാചിന്റെ വല്ല ദുർബോധനവും നിങ്ങളെ ബാധിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് കാവൽ ചോദിക്കുക. നിശ്ചയം, എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണവൻ. സൂക്ഷ്മത പുലർത്തുന്നവർ പൈശാചിക ദുർബോധനമുണ്ടാകുമ്പോൾ അല്ലാഹുവിനെ സ്മരിക്കും. തത്സമയം അവർ ഉൾക്കാഴ്ചയുള്ളവരായിത്തീരുന്നതാണ്. എന്നാൽ പിശാചുക്കളുടെ മിത്രങ്ങളാകട്ടെ, ദുർമാർഗത്തിൽ അവരെ അയച്ചുവിട്ടുകൊണ്ടിരിക്കും അവർ. പിന്നെയവരതിൽ ഒരു വീഴ്ചയും വരുത്തില്ല (സൂറത്തുൽ അഅ്‌റാഫ് 200, 201, 202). ശൈത്വാന്റെ (പിശാച്) സകല കുതന്ത്രങ്ങളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടണമെന്നാണ് പ്രസ്തുത ഖുർആനിക സൂക്തങ്ങളുടെ ആഹ്വാനം. ആരാധനാ കാര്യങ്ങളിൽ വിലങ്ങ് വരുത്തുകയും മത കാര്യങ്ങളിൽ പ്രയാസപ്പെടുത്തുകയും ചെയ്യുന്ന പിശാചിൽ നിന്ന് പ്രവഞ്ച നാഥനായ അല്ലാഹുവിനോട് രക്ഷ അഭ്യർത്ഥിച്ചുക്കൊണ്ടുള്ള പ്രാർത്ഥനയാണ് ഈ കാവൽ തേട്ടം. ധിക്കാരിയും ദുർമേധസ്സുമായ പിശാചിന്റെ ദുർബോധനങ്ങളിൽ നിന്ന് സർവ്വ ശക്തനായ അല്ലാഹുവിലേക്കുള്ള അഭയം പ്രാപിക്കലുമാണത്. ശപിക്കപ്പെട്ട പിശാച് മനുഷ്യന്റെ നിത്യ ശത്രുവായതിനാലാണ് അവനെ തൊട്ട് അല്ലാഹുവിൽ ശരണം തേടാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. സൃഷ്ടാവിന്റെ മാർഗം തടയുന്ന പിശാച് സാക്ഷാൽ ശത്രുവാണെന്നും അവനെ ആജീവനാന്ത ശത്രുവായി പ്രതിഷ്ഠിക്കണമെന്നും ഖുർആൻ പ്രഖ്യാപിക്കുന്നു: നിശ്ചയം പിശാച് നിങ്ങളുടെ ശത്രുവാണ്, അതിനാൽ ശത്രുവായി തന്നെ അവനെ കാണുക. നരകാവകാശികളിലുൾപ്പെടാൻ വേണ്ടി മാത്രമാണ് തന്റെ കക്ഷികളെ അവൻ ക്ഷണിക്കുന്നത് (സൂറത്തുൽ ഫാത്വിർ 6). അല്ലാഹുവിന് അനുസരണ കാണിച്ചും അവനോട് കാവലഭ്യർത്ഥിച്ചുമാണ് പിശാചിനെ നാം പ്രതിരോധിക്കേണ്ടത്.

നിശ്ചയം പിശാച് തന്നെയാണ് എല്ലാ പ്രശ്‌നങ്ങളുടെയും ആപത്തുകളുടെയും അടിസ്ഥാനം. പിശാച് കാരണത്താലാണല്ലൊ ആദം നബി (അ) സ്വർഗത്തിൽ നിന്ന് പുറത്തായത്. അല്ലാഹു മനുഷ്യരോട് കൽപ്പിക്കുന്നുണ്ട്:  ഹേ മാനവ സമൂഹമേ, മാതാപിതാക്കളെ സ്വർഗത്തിൽ നിന്നു ബഹിഷ്ച്ചതു പോലെ പിശാച് നിങ്ങളെ നരകത്തിലകപ്പെടുത്താതിരിക്കട്ടെ (ഖുർആൻ, സൂറത്തുൽ അഅ്‌റാഫ് 27). ആദം നബി (അ)യെയും ഭാര്യ ഹബ്ബാ ബീബിയെയും സ്വർഗത്തിലെ വിലക്കപ്പെട്ട പഴം ഭക്ഷിപ്പിച്ച ആ ദുഷ്ടൻ മനുഷ്യവംശത്തെ തന്നെ വഴി പിഴപ്പിക്കാൻ ശപഥം ചെയ്തു ഇറങ്ങിയിരിക്കുകയാണ്. അക്കാര്യം പിശാച് ഭീഷണിയുടെ സ്വരത്തിൽ പറയുന്നത് ഖുർആൻ വിവരിക്കുന്നുണ്ട് : ഇബ്ലീസ് വ്യക്തമാക്കി നീ എന്നെ വഴിതെറ്റിച്ചതിനാൽ നിന്റെ ഋജുവായ പാന്ഥാവിൽ ആളുകൾ പ്രവേശിക്കുന്നത് തടുക്കാനായി ഞാൻ കാത്തിരിക്കുകയും അവരുടെ മുന്നിലൂടെയും പിന്നിലൂടെയും ഇടംവലം ഭാഗങ്ങളിലൂടെയും ഞാനവരെ സമീപിക്കുകയും ചെയ്യും തീർച്ച. അവരിൽ മിക്കവരെയും കൃതജ്ഞരായി നിനക്ക് കാണാനാകില്ല (സൂറത്തുൽ അഅ്‌റാഫ് 16, 17). പിശാചിന്റെ മാർഗം പൂർണാർത്ഥത്തിൽ വെടിയാനാണ് അല്ലാഹു കൽപ്പിക്കുന്നത് : സത്യവിശ്വാസികളേ, പിശാചിന്റെ കാൽപാടുകൾ അനുധാവനം ചെയ്യരുത്. ആരെങ്കിലും അവന്റെ കാലടികൾ പിൻപറ്റുന്നുവെങ്കിൽ അവന്റെ ശാസന ദുർവൃത്തിയും ഹീനകൃത്യവും അനുവർത്തിക്കാനായിരിക്കും (ഖുർആൻ, സൂറത്തു ന്നൂർ 21).

പിശാചിൽ നിന്ന് കാവൽ തേടുന്നതിന് പല രൂപങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് വിശ്വാസം ദൃഢപ്പെടുത്തൽ. ഹൃദയത്തിൽ സത്യവിശ്വാസം ഉറച്ചവൻ കാരുണ്യവാനായ അല്ലാഹുവിന്റെ പ്രത്യേക സുരക്ഷാവലയത്തിലായിരിക്കും, അവനിക്ക് എന്നും പിശാചിനെ തൊട്ട് കാവലുണ്ടായിരിക്കും: തന്റെ ധാരണ ശരി തന്നെയാണെന്ന് മനുഷ്യരിൽ ഇബ്ലീസ് സാക്ഷാൽകൃതമാക്കി, അങ്ങനെ അവർ ഒരു പറ്റം സത്യവിശ്വാസികളൊഴികെ അവനെ അനുധാവനം ചെയ്തു (ഖുർആൻ, സൂറത്തു സബഅ് 20). അല്ലാഹുവിനുള്ള ആരാധനാ കാര്യങ്ങളിൽ നിഷ്ഠ പാലിക്കുന്നവർക്കും പിശാചിനെ തൊട്ട് പ്രത്യേക പരിരക്ഷ ലഭിക്കുന്നതായിരിക്കും. അവന്റെ കുതന്ത്രങ്ങളൊന്നും അവരിൽ വിലപോവില്ല. അല്ലാഹു ഇബ്ലീസിനോട് പറഞ്ഞിട്ടുണ്ട് : എന്റെ സാക്ഷാൽ അടിമകളിൽ യാതൊരാധിപത്യവും നിനക്കുണ്ടാകില്ല (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് 65).

മനസ്സിന് കോപവും വിഷാദവുമുളവാക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലും പൈശാചിക ദുർബോധനങ്ങൾ പ്രതിരോധിക്കാനുള്ള വഴിയാണ്. അല്ലാഹു പറയുന്നു: വിശ്വാസികളെ മനോവിഷമത്തിലാക്കാനായി പിശാചിൽ നിന്നുമാത്രമുള്ളതാണ് ആ ഗൂഢാലോചന. എന്നാൽ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവർക്കത് ഒരുവിധ ദ്രോഹവും ചെയ്യില്ല. സത്യവിശ്വാസികൾ അവന്റെ മേൽ കാര്യങ്ങൾ ഭരമേൽപിക്കട്ടെ (ഖുർആൻ, സൂറത്തുൽ മുജാദില 10). ദാനധർമ്മം അധികരിപ്പിക്കലും നന്മയുടെ മാർഗത്തിലുള്ള ധനവിനിയോഗവും പിശാചിനെ തൊട്ടുള്ള കാവൽ തേട്ടപക്രിയയിൽ പെട്ടതാണ്. അല്ലാഹു കൂടുതൽ പ്രതിഫലം നൽകുന്ന ആ സൽക്കർമ്മങ്ങളിൽ നിന്ന് പിശാച് അടിമകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കും. അല്ലാഹു പറഞ്ഞിട്ടുണ്ട്: പിശാച് നിങ്ങളെ ദാരിദ്ര്യം വരുമെന്നു ഭീഷണിപ്പെടുത്തുകയും നീച വൃത്തികൾക്ക് പ്രേരിപ്പിക്കുകയുമാണ്. അല്ലാഹുവാകട്ടെ തന്റെ പക്കലിൽ നിന്നുള്ള പാപമോചനവും ഔദാര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. അവൻ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ (ഖുർആൻ, സൂറത്തുൽ ബഖറ 268).

ഹലാലായ ധനസമ്പാദനവും പിശാചിനെ തൊട്ട് കാവലൊരുക്കും. അല്ലാഹു കൽപിക്കുന്നു: ഹേ ജനങ്ങളേ, ഭൂമിയിലുള്ളതിൽ അനുവദനീയവും ഉദാത്തവുമായവ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക, പിശാചിന്റെ കാൽപാടുകൾ പിൻപറ്റരുത്. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവത്രേ (ഖുർആൻ, സൂറത്തുൽ ബഖറ 168). മറ്റു മനുഷ്യരുമായുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിച്ചാലും സമൂഹനന്മ കാംക്ഷിച്ച് അഖണ്ഡത നിലനിർത്തിയാലും പിശാചിന്റെ ചതിക്കുഴികളിൽ അകപ്പെടാതെ രക്ഷപ്പെടാം. പൂർണമായി രഞ്ജിപ്പിൽ പ്രവേശിക്കണമെന്നും ശത്രുവായ പിശാചിന്റെ പാതകളെ പിന്തുടരരുതെന്നും സൂറത്തുൽ ബഖറ 208ാം സൂക്തത്തിലൂടെ അല്ലാഹു സത്യവിശ്വാസികളോട് അനുശാസിക്കുന്നു. വിദ്വേഷവും ശത്രുതാ മനോഭാവവും വെച്ചുപുലർത്താതെ സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളുയർത്തി ദൈവാനുസരണ കാണിക്കുന്നവർക്കും പൈശാചികത ഏൽക്കുകയില്ല. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാനും ദൈവസ്മരണയിലും നമസ്‌ക്കാരത്തിലും നിന്നും നിങ്ങളെ തടയുവാനും മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളൂ (ഖുർആൻ, സൂറത്തുൽ മാഇദ 91).

കുടുംബ ഭിന്നതകൾ ഇല്ലാതാക്കിയും ഗാർഹിക പ്രശ്‌നങ്ങൾ വരാതെ നോക്കിയും വീട്ടകങ്ങളിലെ പൈശാചിക സാന്നിധ്യം മറിക്കടക്കാനാവും. ഭാര്യഭർത്താക്കന്മാരെ വേർപിരിക്കാൻ ഇബ്ലീസ് തന്റെ കൂട്ടാളികളെ അയക്കുന്നതാണ്. അക്കാര്യം ഹദീസിലൂടെ സ്ഥിരീകരിച്ചതാണ്. നബി (സ്വ) പറയുന്നു: ഇബ്ലീസിന്റെ കൂട്ടാളിൽപ്പെട്ട ഒരാൾ വന്നു പറയും ഇന്ന് ഞാൻ ഭാര്യഭർത്താക്കന്മാർക്കിടയിൽ ഭിന്നതയുണ്ടാക്കി വേർപിരിച്ചു. ഇബ്ലീസ് അവനെ അടുത്തേക്ക് വിളിച്ചു പറയും: നീ ആൾ കേമനാണ് (ഹദീസ് മുസ്ലിം 2813). സഹോദരന്റെ വീഴ്ചകൾ കണ്ടില്ലെന്ന് നടിച്ചും വിടുതി നൽകിയും പൈശാചിക ഇടപെടൽ  ഒഴിവാക്കാം. സഹോദരന്മാർ തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യാം. അങ്ങനെയാണല്ലൊ യൂസുഫ് നബി (അ) സഹോദരങ്ങളോട് ചെയ്തത്. തെറ്റുകാരായ അവരോട് യൂസുഫ് നബി (അ) പറഞ്ഞത്: നിങ്ങളെപ്പറ്റി ഒരധിക്ഷേപവും ഞാനിപ്പോൾ ഉന്നയിക്കുന്നില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. ഏറ്റവും വലിയ കരുണാവാരിധിയത്രെ അവൻ (ഖുർആൻ, സൂറത്തു യൂസുഫ് 92). അവർ ചെയ്ത പാപം പിശാചിലേക്ക് ചേർത്തിപ്പറയുകയും ചെയ്യുകയുണ്ടായി: ജയിൽ വിമുക്തനാക്കിയപ്പോഴും സഹോദരങ്ങൾക്കും എനിക്ക് മധ്യേ പിശാച് കുഴപ്പമുണ്ടാക്കിയതിന് ശേഷം മരുഭൂമിയിൽ നിന്നും നിങ്ങളെയിവിടെ സന്നിഹിതരാക്കിയപ്പോഴും അവനെനിക്ക് മികച്ച നന്മയാണ് വർഷിച്ചത്. നിശ്ചയം എന്റെ നാഥൻ താനുദ്ദേശിക്കുന്ന വിഷയങ്ങളുടെ അതിസൂക്ഷ്മ സംവിധായകനാണ്. സർവ്വജ്ഞനും അതീവ യുക്തിമാനുമേ്രത അവൻ (സൂറത്തു യൂസുഫ് 100).

നിത്യജീവിതത്തിൽ സംഭവിച്ചേക്കാവുന്ന തിന്മകൾക്ക് നന്മകൾ പകരമാക്കിയും പൈശാചികതക്ക് പ്രതിരോധ വലയം തീർക്കാം. അല്ലാഹു പറയുന്നു: ഏറ്റം ഉദാത്തമേതോ അതുകൊണ്ട് താങ്കൾ തിന്മ പ്രതിരോധിക്കുക. അവരുടെ ജൽപ്പനങ്ങളെപ്പറ്റി നമ്മുക്ക് നന്നായി അറിയുന്നതാണ്. അങ്ങ് പ്രാർത്ഥിക്കുക എന്റെ നാഥാ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്നും അവർ എന്നെ സമീപിക്കുന്നതിൽ നിന്നും നിന്നോട് ഞാൻ ശരണമർത്ഥിക്കുന്നു (ഖുർആൻ, സൂറത്തുൽ മുഅ്മിനൂൻ 96, 97, 98). സംസാരിക്കുമ്പോൾ നല്ല വാക്യങ്ങളും പദപ്രയോഗങ്ങളും പ്രയോഗിക്കണം. വാമൊഴിയിൽ പോലും പിശാചിന് ഇടം നൽകരുത്. അല്ലാഹു നബി (സ്വ)യെ അറിയിക്കുന്നു: ഏറ്റം ഉദാത്തമായ സംസാരമേ ആകാവൂ എന്ന് താങ്കൾ എന്റെ അടിമകളോട് പറയുക. പിശാച് അവർക്കിടയിൽ സ്പർദ്ധയുണ്ടാക്കുക തന്നെ ചെയ്യും. നിശ്ചയം മാനവന്റെ പ്രത്യക്ഷ ശത്രുവാണ് പിശാച് (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് 53).

പരിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി പിശാചിൽ നിന്ന് കാവൽ തേടണമെന്ന ദൈവകൽപനകൾ കാണാം. കാവൾ തേടുന്നവയെന്ന അർത്ഥത്തിൽ 'മുഅവ്വിദത്തൈനി' എന്ന പേരിൽ അറിയപ്പെടുന്ന സൂറത്തുൽ ഫലഖും സൂറത്തുന്നാസും പിശാചിന്റെ ഊരാകുടുക്കിൽ നിന്നും ദുർമന്ത്ര ബോധനങ്ങളിൽ നിന്നും അല്ലാഹുവിനോട് കാവൽ അഭ്യർത്ഥിച്ചുക്കൊണ്ടുള്ള ഖുർആനിക അധ്യായങ്ങളാണ്. ഖുർആൻ പാരായണം ചെയ്യുമ്പോഴും പിശാചിൽ നിന്ന് കാവൽ തേടി 'അഊദു ബില്ലാഹി മിനശ്ശൈത്വാനിറജീം' എന്ന് ചൊല്ലണം. അല്ലാഹു പറയുന്നു: താങ്കൾ ഖുർആൻ ഓതുകയാണെങ്കിൽ അഭിശപ്തനായ പിശാചിൽ നിന്ന് അല്ലാഹുവോട് കാവൽ തേടുക (ഖുർആൻ, സൂറത്തുന്നഹ്്‌ല് 98). പള്ളിയിൽ പ്രവേശിക്കുമ്പോഴും ദേഷ്യം വരുമ്പോഴും പിശാചിൽ നിന്നുള്ള കാവൽ അല്ലാഹുവോട് അഭ്യർത്ഥിക്കണം. ഒരിക്കൽ നബി (സ്വ) ഒരാളെ ക്ഷുഭിതനായി മുഖം ചുവന്ന് കാണുകയുണ്ടായി. നബി (സ്വ) അയാളോട് പറഞ്ഞു: ഞാനൊരു വാക്യം അറിയും, അത് പറയുകയാണെങ്കിൽ നിന്റെ ഈയവസ്ഥ പോയിക്കിട്ടും. 'അഊദു ബില്ലാഹി മിനശ്ശൈത്വാനിറജീം' എന്നാണ് ആ വാക്യം (ഹദീസ് ബുഖാരി, മുസ്ലിം). ഉറക്കത്തിൽ വെറുക്കുന്ന അല്ലെങ്കിൽ ഭീതിപ്പെടുത്തുന്ന വല്ലതും കണ്ടാലും പിശാചിൽ നിന്ന് അല്ലാഹുവോട് കാവൽ തേടണം.

പിശാചിൽ നിന്നുള്ള കാവൽ തേടിയാൽ സന്താനങ്ങളെയും അല്ലാഹു കാത്തുസംരക്ഷിക്കും. ഇംറാന്റെ ഭാര്യ ഈസാ നബി (അ)യുടെ ഉമ്മ മർയം ബീബിയെ പ്രസവിച്ചപ്പോൾ ആ നവജാത ശിശുവിനെ പിശാചിനെ തൊട്ട് കാക്കാൻ പ്രാർത്ഥിച്ചതായി ചരിത്രത്തിൽ കാണാം. അക്കാര്യം മഹതി പറയുന്നതായി ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: ആ ശിശുവിനു ഞാൻ മർയം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും സന്തതികളെയും അഭിശപ്തനായ പിശാചിൽ നിന്ന് സംരക്ഷിക്കാനായി ഞാനിതാ നിന്നിൽ അഭയം തേടുന്നു (സൂറത്തു ആലുഇംറാൻ 36). നബി (സ്വ) തങ്ങളുടെ പേരക്കുട്ടികളായ ഹസൻ (റ), ഹുസൈൻ (റ) എന്നിവർക്ക് വേണ്ടി അല്ലാഹിവിനോട് പിശാചിൽ നിന്നും സകല കണ്ണേറ്, മാരണവിഷങ്ങളിൽ നിന്നും കാവൽ തേടി പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് അബൂദാവൂദ് 4737, തുർമുദി 2060, ഇബ്‌നു മാജ 3525, അഹ്്മദ് 2112).

back to top