യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 14/09/2018
വിഷയം: അസ്മാഅ് ബിൻത് അബൂബക്കർ (റ)
ഹിജ്‌റാ കലണ്ടറിൽ പുതിയൊരു വർഷം (1440) പിറന്നിരിക്കുകയാണ്. ക്ഷേമാ ഐശ്വര്യങ്ങളുടെയും സഹോദര്യ സൗഹൃദങ്ങളുടെയും സുലഭ വിഭവങ്ങളുടെയും വർഷമായി ഭവിക്കാൻ ഈ പുതുവർഷ വേളയിൽ നാഥനോട് പ്രാർത്ഥിക്കാം. ഓരോ ഹിജ്‌റാ നവവത്സരവും പരിത്യാഗപൂർണമായ ഹിജ്‌റാ പലായനത്തിന്റെ അമര സ്മരണകളാണ് നമ്മളിലേക്കിട്ടുത്തരുന്നത്. പ്രവാചകർ മുഹമ്മദ് നബി (സ്വ)യും, സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന സ്വഹാബികളും മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ പലായനം ചരിത്രദൗത്യമായിരുന്നു. ഹിജ്‌റ ഒളിച്ചോട്ടമോ കുടിയേറ്റമോ ആയിരുന്നില്ല. നെഞ്ചിലേറ്റിയ വിശ്വാസത്തിന്റെ ചെറുത്തുനിൽപ്പായിരുന്നു. വിശ്വാസാവേശം ചോരുകയല്ല, കൂടുതൽ കൂടുതൽ ചേരുകയായിരുന്നു. ഹിജ്‌റ നിശ്ചയദാർഢ്യത്തിന്റെയും ആത്മാർപ്പണത്തിന്റെയും കുറേ നല്ല പാഠങ്ങൾ കൂടി പഠിപ്പിച്ചുത്തരുന്നുണ്ട്. പ്രവാചകർ (സ്വ) അറിയിച്ച പ്രകാരം മക്കാവിജയത്തിന് ശേഷം ഇനിയൊരു ഹിജ്‌റ വരാനില്ല (ഹദീസ് മുസ്ലിം 384). ആ നല്ല പാഠങ്ങൾ പകർത്തി വ്യക്തിജീവിതവും സാമൂഹിക പരിസരവും നന്മകൾ നിറഞ്ഞതാക്കാനേ നമ്മുക്കാവൂ. കൂടെ ഹിജ്‌റയെന്ന മഹാദൗത്യത്തിൽ പങ്കാളികളായ മുഹാജിറുകളെയും മുഹാജിറത്തുകളെയും സ്മരിക്കാം.
മുഹാജിറത്തുകളിൽ പ്രമുഖയാണ് അസ്മാഅ് ബിൻത് അബൂബക്കർ (റ). പ്രവാചക സഹചാരി അബൂബക്കർ സിദ്ധീഖി (റ) ന്റെ പ്രിയ പുത്രിയും പ്രവാചക പത്‌നി ആയിശ (റ)യുടെ ജേഷ്ഠ സഹോദരിയുമാണ് മഹതി. ഹിജ്‌റാ വേളയിൽ സന്നദ്ധ സേവനനിരതയായി ഉദാത്ത മാതൃക കാട്ടിയവരാണ് അസ്മാഅ് (റ). ഈ ഹിജ്‌റാ വർഷാരംഭ മുഹൂർത്തത്തിൽ മഹതിയുടെ സ്മൃതികൾ അയവിറക്കാം.
നബി (സ്വ)ക്ക് മദീനയിലേക്ക് പലായനം ചെയ്യാനുള്ള അനുവാദം അല്ലാഹു നൽകിയപ്പോൾ അബൂബക്കർ സിദ്ധീഖി (റ)ന്റെ അടുക്കലിലേക്ക് പുറപ്പെട്ടു. അവിടെ അദ്ദേഹത്തിന്റെയടുത്ത് ആയിശ (റ), അസ്മാഅ് (റ) എന്നീ പെൺമക്കളുമുണ്ടായിരുന്നു. നബി (സ്വ) അബൂബക്കറി (റ)നോട് പറഞ്ഞു: താങ്കളറിഞ്ഞോ? എനിക്ക് മദീനയിലേക്ക് പുറപ്പെടാനുള്ള അനുവാദം കിട്ടിയിരിക്കുകയാണ്. അബൂബക്കർ (റ) ചോദിച്ചു: തിരുദൂതരേ, ഞാനും കൂടെ വരട്ടയോ? നബി (സ്വ) സമ്മതം നൽകി. ആയിശ (റ) പറയുന്നു: രണ്ടുപേരെയും ഞങ്ങൾ വേഗത്തിൽ യാത്രാസജ്ജരാക്കുകയും അവർക്കുവേണ്ട പാഥേയം ഒരു ഭക്ഷണസഞ്ചിയിൽ ഒരുക്കുകയും ചെയ്തു. ആ സമയം അസ്മാഅ് ബിൻത് അബൂബക്കർ തന്റെ വസ്ത്രം മുറുക്കിക്കെട്ടുന്ന പട്ട മുറിച്ചു രണ്ടു കഷ്ണമാക്കി. ഒരു കഷ്ണം ഭക്ഷണസഞ്ചി മുറുക്കിക്കെട്ടാൻ ഉപയോഗിക്കുകയുണ്ടായി. അതുകൊണ്ടാണ് അസ്മാഅ് 'ദാത്തു നിതാഖൈനി' (രണ്ടു പട്ടകൾ ഉടയവൾ) എന്ന പേരിൽ അറിയപ്പെടുന്നത് (ഹദീസ് ബുഖാരി 2138). നബി (സ്വ)യും അബൂബക്കറും (റ) ഹിജ്‌റ പുറപ്പെട്ട് ശൗർ പർവ്വതിലെ ഒരു ഗുഹയിൽ എത്തിച്ചേരുകയുണ്ടായി. ഇരുവരും അവിടെ മൂന്നു രാത്രികൾ തങ്ങി. ആ സമയങ്ങളിലൊക്കെ അവർക്കു വേണ്ട ഭക്ഷണപദാർത്ഥങ്ങൾ പർവ്വതിന് മുകളിലേക്ക് എത്തിച്ചിരുന്നത് അസ്മാഅ് (റ) ആയിരുന്നു. ഗർഭിണിയായിരുന്നിട്ടും മലമുകളിലേക്ക് ചവിട്ടടികൾ വെക്കാൻ മഹതിക്ക് മടിയുണ്ടായിരുന്നില്ല. സഹനത്തിന്റെയും അർപ്പണബോധത്തിന്റെയും ഉന്നത മാതൃകയാണ് ഈ സംഭവം വരച്ചുകാട്ടുന്നത്. പുണ്യപ്രാവചകർ (സ്വ)ക്കും സ്വന്തം പിതാവിനും സഹായങ്ങളെത്തിച്ച് ഒരു ചരിത്രയാത്രയുടെ സേവകയായ മഹതിയും ഹിജ്‌റയുടെ ഭാഗമായിട്ടുണ്ട്. ഗർഭത്തിന്റെ അവസാന സമയത്താണ് മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെടുന്നത്. യാത്രയുടെ ദൈർഘ്യവും ഗർഭാവസ്ഥയുടെ അവശതകളും മഹതിയെ തീരേ പിന്തിരിപ്പിച്ചില്ല. മദീനയിൽ എത്തിയയുടനെ പ്രസവിക്കുകയുണ്ടായി. ആ കുഞ്ഞാണ് അബ്ദുല്ല ബ്‌നു സുബൈർ (റ). ഹിജ്‌റക്ക് ശേഷം മദീനയിൽ ജനിക്കുന്ന ആദ്യ കുഞ്ഞ്. സ്വഹാബികൾക്കിടയിൽ ആ ജന്മസന്തോഷത്തിന് ഇരട്ട മധുരമുണ്ടായിരുന്നു.
സ്വഹാബിയ്യത്തുകളിലെ പണ്ഡിതയും കർമ്മശാസ്ത്ര വിദഗ്ദയുമായിരുന്ന അസ്മാഇ (റ)ന്റെ മാഹാത്മ്യങ്ങൾ വിവരിക്കുന്ന ധാരാളം ചരിത്രഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. ഉൽകൃഷ്ട സ്വഭാവ മഹിമയും ഉത്തമ വ്യക്തിമൂല്യങ്ങളുമാണ് മഹതിക്ക് ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ വരുത്തിത്തീർത്തത്. പിതാവ് അബൂബക്കർ സിദ്ധീഖാ (റ)ണ് മകളെ ആ സൽഗുണങ്ങളോടെ വളർത്തിയത്. മാത്രമല്ല പിതാവ് പ്രവാചക സന്തതസഹചാരിയായത് കൊണ്ട് തന്നെ ആ സാമീപസൗഭാഗ്യം ഈ മകൾക്കും ലഭിച്ചു. നബി (സ്വ)യുടെ കൂടെ ഹജ്ജ് നിർവ്വഹിക്കുകയും ധാരാളം ഹദീസുകൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകരുടെ (സ്വ) പ്രത്യേക പരിഗണനക്ക് അർഹയായ ഈ സ്വഹാബിയ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഒരു പിതാവ് മകളോട് പെരുമാറുന്ന രീതിയിലായിരുന്നു നബി (സ്വ) മഹതിയോട് പെരുമാറിയിരുന്നത്.
അസ്മാഅ് (റ) തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മഹിമ കാത്തുസൂക്ഷിച്ചിട്ടുണ്ട്. അനുസരണയുള്ള മകളായിരുന്നു, മാതൃകാ ഭാര്യയായിരുന്നു, സ്‌നേഹനിധിയായ ഉമ്മയുമായിരുന്നു. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നതിലും കുടുംബബന്ധം പുലർത്തുന്നതിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഒരിക്കൽ തന്റെ അവിശ്വാസിനിയായിരുന്ന മാതാവ് തന്നെ കാണാൻ വരുന്നതിനെക്കുറിച്ച് നബി (സ്വ)യോട് അഭിപ്രായം ആരായുകയുണ്ടായി: എന്റെ ഉമ്മ താൽപര്യപൂർവ്വം ഇങ്ങോട്ട് വന്നിരിക്കുകയാണ്, ഞാൻ ഉമ്മയോട് ബന്ധം പുലർത്തണമോ? നബി (സ്വ) പറഞ്ഞു: അതെ, നീ ഉമ്മയോട് ബന്ധം പുലർത്തണം (ഹദീസ് ബുഖാരി, മുസ്ലിം). ഭർത്താവിനെ ജോലിക്കാര്യങ്ങളിൽ യാതൊരു കൽപനയും സമർദ്ദവുമില്ലാതെ തന്നെ സഹായിക്കുകയും കുടുംബഭദ്രത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. മഹതി തന്നെ പറയുന്നുണ്ട്: സുബൈർ ബ്‌നു അവ്വാം (റ) എന്നെ വിവാഹം കഴിക്കുമ്പോൾ സമ്പത്തായി ഉണ്ടായിരുന്നത് ഒരു കുതിര മാത്രമായിരുന്നു. ഞാനായിരുന്നു ആ കുതിരക്കുള്ള ധാന്യങ്ങൾ പൊടിച്ചിരുന്നതും, തീറ്റകളും വെള്ളവും നൽകിയിരുന്നത്. ഇപ്രകാരം സന്തുഷ്ട കുടുംബമായിരുന്നു അവരുടേത്.
മക്കളെ നല്ലനിലയിൽ പരിപാലിച്ചിരുന്ന മഹതി അവർക്ക് ഏറ്റവും നല്ലത് മാത്രമേ നൽകിയിരുന്നുള്ളൂ. അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ നബി (സ്വ)യോട് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. പ്രസവിച്ചയുടനെ കുട്ടിയെയും എടുത്ത് മധുരം നുണക്കാൻ നേരെ നബി (സ്വ)യുടെ അടുക്കൽ പോയി. നബി (സ്വ) കുട്ടിയെ എടുത്ത് മുമ്പിൽ വെച്ച് തടവി പ്രാർത്ഥിക്കുകയും 'അബ്ദുല്ല' എന്ന് പേരു വിളിക്കുകയും ചെയ്തു (ഹദീസ് മുസ്ലിം 2146). വീട്ടകത്തെ നിർവ്വഹണങ്ങളോടൊപ്പം ദൈവത്തോടുള്ള ആരാധനാ കാര്യങ്ങളിലും നിമഗ്നയായിരുന്നു. നമസ്‌ക്കാരം അധികരിപ്പിക്കുമായിരുന്നു. റകീൻ ബ്‌നു റബീഹ് എന്ന താബിഈ പറയുന്നു: ഞാൻ അസ്മാഅ് ബിൻത് അബൂബക്കർ വന്ദ്യവയോധികയായിരുന്ന സമയത്ത് കാണാൻ പോയി. അന്നേരം മഹതി നമസ്‌ക്കരിക്കുകയായിരുന്നു (കിതാബു സിയറു അഅ്‌ലാമിൽ നുബലാഅ് 3/524, ത്വബഖാത്തുൽ കുബ്‌റാ 8/198).
ഉദാരമതിയും ദാനശീലയുമായിരുന്നു അസ്മാഅ് ബിൻത് അബൂബക്കർ (റ). മകൻ അബ്ദുല്ല ബ്‌നു സുബൈർ (റ) പറയുന്നു: ആയിശ (റ), അസ്മാഅ് (റ) എന്നിവരേക്കാൾ ദാനധർമ്മം ചെയ്യുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടേയില്ല. വിശ്വാസ്യതയും സമർപ്പണബോധവും ഉദാരമനസ്‌കതയും കൈമുതലാക്കിയ ഈ മഹിളാ രത്‌നം ലോകവനിതകൾക്ക് തന്നെ മാതൃകയാണ്.