അബൂബക്കര്‍ സിദ്ധീഖ്‌ (റ) വിശ്വം ത്യജിച്ച വിശ്വാസി


യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ
മന്‍സൂര്‍ ഹുദവി കളനാട്‌
തീയ്യതി: 13/04/2018
വിഷയം: അബൂബക്കര്‍ സിദ്ധീഖ്‌ (റ)

സ്വഹാബികളില്‍ പ്രഥമഗണ്യനാണ്‌ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്‌ (റ). വിശ്വാസത്തിലും വിശ്വസ്‌തതയിലും ഒന്നാമന്‍. പ്രവാചകര്‍ മുഹമ്മദ്‌ നബി (സ്വ) കൊണ്ടുവന്നതെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ വിശ്വസിച്ചത്‌ കൊണ്ടാണ്‌ അബൂബക്ക(റ)റിന്‌ 'അല്‍ സിദ്ധീഖ്‌' എന്ന കൂട്ടുപേരും ചേര്‍ക്കപ്പെട്ടത്‌. അല്ലാഹു അബൂബക്കര്‍ സിദ്ധീഖിനെ (റ) പുകഴ്‌ത്തി പറയുന്നുണ്ട്‌: �സത്യം കൊണ്ടുവരികയും അത്‌ സത്യമാക്കി വിശ്വസിക്കുകയും ചെയ്‌തവരാരോ അവര്‍ തന്നെയാണ്‌ ദോഷബാധയെ സൂക്ഷിക്കുന്നവര്‍� (ഖുര്‍ആന്‍, സൂറത്തുല്‍ സുമര്‍ 33). ഖുര്‍ആനിലെ മേല്‍ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട സത്യം കൊണ്ടുവരുന്നവര്‍ മുഹമ്മദ്‌ നബി (സ്വ)യും സത്യമാക്കി വിശ്വസിച്ചവര്‍ അബൂബക്കര്‍ സിദ്ധീഖു (റ)മാണ്‌.

ഖുര്‍ആനിന്റെ വിളിയാളമായ 'നിങ്ങള്‍ സത്യസാക്ഷികളാവുക' എന്നത്‌ പ്രയോഗവല്‍ക്കരിച്ചതിന്റെ മകടോദാഹരണമാണ്‌ അബൂബക്കര്‍ (റ). ആയിഷ (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി (സ്വ) ഒറ്റരാത്രി കൊണ്ട്‌ മക്കയില്‍ നിന്ന്‌ മസ്‌ജിദുല്‍ അഖ്‌സയിലേക്ക്‌ പ്രയാണം (ഇസ്‌റാഅ്‌) നടത്തിയപ്പോള്‍ പിറ്റേ ദിവസം രാവിലെ അത്‌ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി മാറി. അവര്‍ അബൂബക്കര്‍ സിദ്ധീഖിന്റെ (റ) അടുക്കല്‍ പോയി പറഞ്ഞു: നിങ്ങളുടെ പ്രവാചകന്‍ ഇന്നലെ രാത്രി ബൈത്തുല്‍ മഖ്‌ദിസിലേക്ക്‌ പോയി തിരിച്ചുവന്നെന്ന്‌ വാദിക്കുന്നു!!! അബൂബക്കര്‍ (റ) പറഞ്ഞു: പ്രവാചകര്‍ (സ്വ) അങ്ങനെ പറഞ്ഞുവോ? അവര്‍: അതെ. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: പ്രവാചകര്‍ (സ്വ) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ വാസ്‌തവമാണ്‌. അവര്‍ വീണ്ടും: ഒറ്റ രാത്രികൊണ്ട്‌ അവിടെ പോയി പ്രഭാതം പുലരുന്നതിന്‌ മുമ്പ്‌ തിരിച്ചുവന്നെന്ന്‌ താങ്കള്‍ വിശ്വസിക്കുന്നുവോ?? അബൂബക്കര്‍ (റ): അതെ, വിശ്വസിക്കുന്നു. പ്രവാചകര്‍ (സ്വ) ഇതിനെക്കാള്‍ വലിയകാര്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കും, നബി (സ്വ)ക്ക്‌ പ്രഭാതത്തിലും പ്രദോഷത്തിലും അവതരിക്കുന്ന ദിവ്യബോധനങ്ങളില്‍ വിശ്വസിക്കുന്നവനാണ്‌ ഞാന്‍ (മുസ്‌തദ്‌റഖുല്‍ ഹാകിം 4407).

പ്രവാചകരുടെ അനുചരന്മാരായ സ്വഹാബികളുടെ നേതാവാണ്‌ അബൂബക്കര്‍ സിദ്ധീഖ്‌ (റ). ഉമര്‍ (റ) അബൂബക്കറി(റ)നോട്‌ പറയുന്നുണ്ട്‌: താങ്കളാണ്‌ ഞങ്ങളുടെ നേതാവ്‌, താങ്കളാണ്‌ ഞങ്ങളിലെ ശ്രേഷ്‌ഠര്‍ (ഹദീസ്‌ ബുഖാരി 3668). പുരുഷന്മാരില്‍ ആദ്യമായി സത്യദീന്‍ വിശ്വസിച്ചത്‌ മഹാനാണ്‌. മാത്രമല്ല പരിപാവന ഇസ്ലാം മതത്തിന്റെ പ്രചരണ പ്രാരംഭഘട്ടത്തില്‍ കൂടുതല്‍ ധനം ചെലവഴിച്ച ഉദാരനുമാണ്‌. സ്വഹാബികളിലെ ധീരനും സ്ഥിരോത്സാഹിയുമാണ്‌. പ്രവാചകരുടെ (സ്വ) വഹ്‌യ്‌ എഴുതുകയും ചെയ്‌തിട്ടുണ്ട്‌. പരിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ക്രോഡീകരിച്ചതും അബൂബക്കര്‍ സിദ്ധീഖ്‌ (റ) തന്നെ. സ്വര്‍ഗം കൊണ്ട്‌ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത്‌ മഹത്‌ വ്യക്തികളില്‍ പ്രഥമനും മഹാനവര്‍കള്‍. പ്രവാചകര്‍ (സ്വ)ക്ക്‌ കൂടുതല്‍ ഇഷ്ടമുള്ള അനുചരനുമായിരുന്നു. മറ്റാരുമായുമില്ലാത്ത ഹൃദയബന്ധം അദ്ദേഹവുമായി നബി (സ്വ)ക്കുണ്ടായിരുന്നു. ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ്വ)യുടെ കാലത്ത്‌ അബൂബക്കര്‍ സിദ്ധീഖിന്‌്‌ (റ) സമമായി ആരുമുണ്ടായിരുന്നില്ല (ഹദീസ്‌ ബുഖാരി 3697). നബി (സ്വ) പറയുന്നു: ഞാന്‍ എന്റെ സമുദായത്തില്‍ നിന്ന്‌ ഒരാളെ തോഴനാക്കുമായിരുന്നുവെങ്കില്‍ അത്‌ അബൂബക്കര്‍ സിദ്ധീഖിനെ(റ)യായിരുന്നു (ഹദീസ്‌ ബുഖാരി, മുസ്ലിം).

ഹിജ്‌റ പലായനത്തിന്‌ നബി (സ്വ) കൂടെ കൂട്ടിയതും അബൂബക്കര്‍ സിദ്ധീഖി(റ)നെയാണല്ലൊ. അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: അവരിരുവരും ആ ഗുഹയിലായിരുന്നപ്പോള്‍ തന്റെ കൂട്ടുകാരനോട്‌ 'താങ്കള്‍ ദുഖിക്കണ്ട, അല്ലാഹു നമ്മോടുകൂടെയുണ്ട്‌'എന്ന്‌ പറഞ്ഞ സമയം (ഖുര്‍ആന്‍, സൂറത്തുത്തൗബ 40). അബൂബക്കര്‍ സിദ്ധീഖ്‌ (റ) സ്വശരീരത്തെക്കാളും സ്വന്തം സന്താനത്തെക്കാളും പ്രവാചകരെ (സ്വ) സ്‌നേഹിച്ചിരുന്നു. നബി (സ്വ)യോടൊപ്പം ഹിജ്‌റക്ക്‌ ഭാഗ്യം സിദ്ധിച്ച മഹാനവര്‍കള്‍ മദീനയിലേക്കുള്ള വഴിമധ്യേ കുറച്ച്‌ നേരം നബി (സ്വ)ക്ക്‌ മുമ്പില്‍ നടക്കും, കുറച്ച്‌ നേരം പിറകില്‍ നടക്കും. ഇതെന്തിന്‌ എന്ന്‌ ചോദിച്ച നബി (സ്വ)യോട്‌ അബൂബക്കര്‍ (റ) ഇങ്ങനെ മറുപടി മൊഴിഞ്ഞു: ശത്രുക്കള്‍ നിങ്ങള്‍ക്ക്‌ പിറകെ വരുന്നുണ്ടെന്ന്‌ ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പിറകെ നടക്കും, നിങ്ങളെ നിരീക്ഷിച്ച്‌ മുമ്പേ പോയവരെ ഓര്‍ക്കുമ്പോള്‍ മുമ്പില്‍ നടക്കും. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഹേ.. അബൂബക്കറേ... വല്ല അരുതാത്തതും എനിക്കേല്‍ക്കാതെ താങ്കള്‍ക്കേല്‍ക്കാനാണോ ആഗ്രഹിക്കുന്നത്‌? അബൂബക്കര്‍ സിദ്ധീഖ്‌ (റ) പറഞ്ഞു: അതേ, അല്ലാഹുവാണേ സത്യം.. ഏതൊരു ആപത്തും സംഭവിക്കുന്നുവെങ്കില്‍ എനിക്കേല്‍ക്കട്ടെ, നിങ്ങള്‍ക്ക്‌ ഒന്നും പറ്റരുത്‌. അങ്ങനെ രണ്ടുപേരും ഗുഹാമുഖത്ത്‌ എത്തിയപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: തിരുദൂതരേ.. നിങ്ങള്‍ അവിടെ നില്‍ക്കുക, ഞാന്‍ ഗുഹ പരിശോധിച്ചുവരാം. അബൂബക്കര്‍ (റ) ഗുഹയില്‍ കയറി പരിശോധിച്ചു സുരക്ഷ ഉറപ്പുവരുത്തി. ശേഷം നബി (സ്വ)യോട്‌ ഗുഹയില്‍ പ്രവേശിക്കാന്‍ പറഞ്ഞു (അല്‍ മുസ്‌തദ്‌റഖ്‌ 4268).

അബൂബക്കര്‍ സിദ്ധീഖ്‌ (റ) നന്മകള്‍ ചെയ്യാന്‍ അത്യാവേശം കാട്ടിയിരുന്നു. ഒരിക്കല്‍ നബി (സ്വ) സ്വഹാബികളോട്‌ ചോദിച്ചു: ഇന്ന്‌ നിങ്ങളിലാരെങ്കിലും വ്രതമനുഷ്‌ഠിച്ചിട്ടുണ്ടോ?
അബൂബക്കര്‍ സിദ്ധീഖ്‌ (റ) പറഞ്ഞു: ഞാന്‍ വ്രതമനുഷ്‌ഠിച്ചിട്ടുണ്ട്‌
നബി (സ്വ) വീണ്ടും ചോദിച്ചു: ഇന്ന്‌ നിങ്ങളിലാരെങ്കിലും മയ്യിത്തിന്റെ കൂടെ പോയിട്ടുണ്ടോ?
അബൂബക്കര്‍(റ): ഞാന്‍
നബി (സ്വ): ഇന്ന്‌ നിങ്ങളിലാരെങ്കിലും പാവപ്പെട്ടവര്‍ക്ക്‌ ഭക്ഷണം നല്‍കിട്ടുണ്ടോ?
അബൂബക്കര്‍(റ): ഞാന്‍
നബി (സ്വ): ഇന്ന്‌ നിങ്ങളിലാരെങ്കിലും രോഗിയെ സന്ദര്‍ശിച്ചിട്ടുണ്ടോ?
അബൂബക്കര്‍(റ): ഞാന്‍
ശേഷം നബി (സ്വ) പറഞ്ഞു: ഈ നന്മകളൊക്കെ ഒരുമിച്ചുകൂടിയവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന്‌ തീര്‍ച്ച (ഹദീസ്‌ മുസ്ലിം 1028).

ഒരിക്കല്‍ നബി (സ്വ) സ്വഹാബികളോട്‌ ദാനം ചെയ്യാന്‍ കല്‍പ്പിക്കുകയുണ്ടായി. അന്നേരം ഉമര്‍ (റ) ദാനധര്‍മ്മത്തില്‍ അബൂബക്കറിനെ(റ) മറികടക്കുകയെന്ന ഉദ്ദേശ്യത്തില്‍ സമ്പാദ്യത്തിന്റെ പകുതിയുമായി നബി (സ്വ)ക്കരികില്‍ എത്തി. നബി (സ്വ) ചോദിച്ചു: കുടുംബത്തിന്‌ വല്ലതും ബാക്കിവെച്ചിട്ടുണ്ടോ? ഉമര്‍ (റ) പറഞ്ഞു: സമ്പാദ്യത്തിന്റെ മറ്റൊരു പകുതി ബാക്കിയുണ്ട്‌. അപ്പോള്‍ അബൂബക്കര്‍(റ) മുഴുവന്‍ സമ്പാദ്യവുമായി എത്തി. നബി (സ്വ) ചോദിച്ചു: കുടുംബത്തിന്‌ വല്ലതും ബാക്കി വെച്ചിട്ടുണ്ടോ? അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: ഞാന്‍ അവര്‍ക്ക്‌ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും ബാക്കിവെച്ചിട്ടുണ്ട്‌. അതോടെ ഉമര്‍ (റ) അബൂബക്കറി(റ) നോട്‌ പറയുകയുണ്ടായി: ഞാനൊരിക്കലും താങ്കളോട്‌ മത്സരിക്കാനില്ല (ഹദീസ്‌ അബൂദാവൂദ്‌ 1678, തുര്‍മുദി 3675). അബൂബക്കറിന്റെ (റ) ഔദാര്യത്തെ അല്ലാഹു വിശേഷിപ്പിക്കുന്നുണ്ട്‌: പരിശുദ്ധി നേടുവാനായി തന്റെ ധനം നല്‍കുന്ന വ്യക്തി (ഖുര്‍ആന്‍, സൂറത്തുലൈല്‍ 17).

നബി (സ്വ) വിവിധങ്ങളായ സ്വര്‍ഗവാതായനങ്ങളും അവ തുറക്കപ്പെടാനുള്ള സല്‍ക്കര്‍മ്മങ്ങളും വിശദീകരിച്ചപ്പോള്‍ അബൂബക്കര്‍(റ) ചോദിച്ചു: തിരുദൂതരേ, ഒരാള്‍ക്ക്‌ ഈ വാതിലുകളിലൂടെലൊക്കെയും പ്രവേശിക്കാനാവുമോ?! നബി (സ്വ) പറഞ്ഞു: അതെ പറ്റും, താങ്കള്‍ അത്തരക്കാരില്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (ഹദീസ്‌ ബുഖാരി, മുസ്ലിം).

പ്രവാചകര്‍ മുഹമ്മദ്‌ നബി (സ്വ)യെ പോലെത്തന്നെ 63ാം വയസ്സിലാണ്‌ സംഭവബഹുലമായ ആ ജീവിതത്തിന്‌ വിരാമമാവുന്നത്‌. നബി (സ്വ)യുടെ ചാരത്ത്‌ തന്നെയാണ്‌ ആ സഹചാരിയും മറവ്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌.
back to top