സുജൂദ്‌: സ്രഷ്ടാവിലേക്കുള്ള സാമീപ്യ സാഷ്ടാംഗം


യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ 
മന്‍സൂര്‍ ഹുദവി കളനാട്‌
തീയ്യതി: 27/04/2018
വിഷയം: സൂജൂദ്‌

സ്രഷ്ടാവിലേക്കുള്ള പരമമായ കീഴൊതുങ്ങലും കീഴ്‌ വണക്കവുമാണ്‌ സുജൂദ്‌. സാഷ്ടാംഗമെന്നാണ്‌ വാക്കര്‍ത്ഥം. ശരീരത്തിലെ ശ്രേഷ്‌ഠാവയവങ്ങള്‍ ഭൂമിയില്‍ പതിപ്പിച്ച്‌ നെറ്റിത്തടം പ്രതലത്തില്‍ വെച്ചു വണങ്ങിക്കൊണ്ടുള്ള, മനസ്സും ശരീരവും അല്ലാഹുവിലേക്ക്‌ നേരീടിക്കുന്ന വിശിഷ്ടാരാധനയാണ്‌ സുജൂദ്‌. നബി (സ്വ) പറയുന്നു: ശ്രേഷ്‌ഠമായ ഏഴ്‌ അവയവങ്ങള്‍ കൊണ്ട്‌ സുജൂദ്‌ ചെയ്യാനാണ്‌ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌; ഒന്ന്‌ നെറ്റിത്തടം, ശേഷം മൂക്ക്‌, രണ്ട്‌ കൈ, രണ്ട്‌ കാല്‍മുട്ടുകള്‍, രണ്ടു കാല്‍പാദങ്ങളുടെ ഭാഗങ്ങള്‍ എന്നിവ നബി (സ്വ) കൈ കൊണ്ട്‌ കാണിച്ചു കൊടുത്തു (ഹദീസ്‌ ബുഖാരി, മുസ്ലിം). 

സ്രഷ്ടാവിന്‌ സൃഷ്ടി ചെയ്യുന്ന ആരാധനാഭാഗങ്ങളില്‍ മഹത്തരമായതാണ്‌ സുജൂദ്‌. ഏകാരാധ്യനായ അല്ലാഹു മാത്രമാണ്‌ സുജൂദിന്‌ അര്‍ഹനായിട്ടുള്ളത്‌. അവനാണല്ലൊ സര്‍വ്വതും സൃഷ്ടിച്ചത്‌. സര്‍വ്വാധിപനായ അവനിക്ക്‌ സര്‍വ്വവും കീഴ്‌ വണങ്ങേണ്ടിയിരിക്കുന്നു. സുലൈമാന്‍ നബി (അ) ക്ക്‌്‌ വാര്‍ത്ത അറിയിച്ചുകൊടുത്ത ഹുദ്‌ഹുദ്‌ പക്ഷിയെ ഉദ്ധരിച്ച്‌ ഖുര്‍ആന്‍ വിവരിക്കുന്നു: ആകാശഭൂമികളില്‍ മറഞ്ഞുകിടക്കുന്ന വസ്‌തുക്കളെ പുറത്തേക്ക്‌ കൊണ്ടുവരികയും നിങ്ങള്‍ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുകയും ചെയ്യുന്ന അല്ലാഹുവിന്ന്‌ അവര്‍ സുജൂദ്‌ ചെയ്യാതിരിക്കുവാനാണ്‌ പിശാച്‌ അവരെ നേരായ മാര്‍ഗത്തില്‍ നിന്ന്‌ തടഞ്ഞത്‌ (ഖുര്‍ആന്‍, സൂറത്തുന്നംല്‌ 25, 26).

പ്രവഞ്ചത്തിലെ മുഴുവന്‍ സസ്യ ജീവ ജരാജരങ്ങളും അല്ലാഹുവിനെ പ്രണമിച്ച്‌ സുജൂദ്‌ ചെയ്യുന്നതാണ്‌. അല്ലാഹു പറയുന്നു: നിശ്ചയമായും ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ ഒരു വലിയ വിഭാഗവും അല്ലാഹുവിന്ന്‌ സാഷ്ടാംഗം ചെയ്യുന്നത്‌ നീ കാണുന്നില്ലെ, വളരെയധികം ആളുകള്‍ക്ക്‌ നമ്മുടെ ശിക്ഷ ബാധകമാവുകയും ചെയ്‌തിരിക്കുന്നു. വല്ലവനെയും അല്ലാഹു നിന്ദിച്ചാല്‍ അവനെ മാനിക്കുന്ന ഒരാളും ഉണ്ടായിരിക്കുകയില്ല. താനുദ്ദേശിക്കുന്നത്‌ അല്ലാഹു പ്രവര്‍ത്തിക്കുക തന്നെ ചെയ്യും (ഖുര്‍ആന്‍, സൂറത്തുല്‍ ഹജ്ജ്‌ 18). 

അല്ലാഹുവിന്റെ മഹത്വങ്ങള്‍ക്ക്‌ വഴിപ്പെട്ട്‌ മാലാഖമാരും സുജൂദ്‌ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌: ആകാശഭൂമികളിലുള്ള ജീവികളും മലക്കുകളുമെല്ലാം തന്നെ അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നു, അവര്‍ അഹങ്കരിക്കുകയില്ല (ഖുര്‍ആന്‍, സൂറത്തുന്നഹ്‌ല്‌ 49). സുജൂദ്‌ റുകൂഉകളിലായി നാഥനെ നമിക്കുന്ന പ്രവാചകരെയും (സ്വ) സ്വഹാബികളെയും അല്ലാഹു വാഴ്‌ത്തുന്നുണ്ട്‌: മുഹമ്മദ്‌ (സ്വ) അല്ലാഹുവിന്റെ ദൂതരാണ്‌. നബി(സ്വ)യോടൊന്നിച്ചുള്ളവരാകട്ടെ സത്യനിഷേധികളുടെ മേല്‍ കഠിനമാണ്‌. അവര്‍ക്കിടയില്‍ ദയാശീലരുമാണ്‌. റുകൂഉം സുജൂദും ചെയ്യുന്നവരായി അവരെ നിനക്ക്‌ കാണാം. അവര്‍ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലവും പ്രീതിയും തേടുന്നു. സുജൂദിന്റെ ഫലമായി സിദ്ധിച്ച അവരുടെ അടയാളം അവരുടെ മുഖങ്ങളിലുമുണ്ട്‌ (ഖുര്‍ആന്‍, സൂറത്തുല്‍ ഫത്‌ഹ്‌ 29). അല്ലാഹുവിന്റെ വിശിഷ്ട അടിമകളായ ഇബാദുറഹ്മാന്റെ വിശേഷങ്ങളിലും അല്ലാഹു സുജൂദിനെ പ്രതിപാദിക്കുന്നുണ്ട്‌ (ഖുര്‍ആന്‍, സൂറത്തുല്‍ ഫുര്‍ഖാന്‍ 64). പരിശുദ്ധ ഖുര്‍ആനില്‍ സത്യവിശ്വാസികളെ പുകഴ്‌ത്തുന്നതും തഥൈവ: കരുണാനിധിയായ അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ സുജൂദ്‌ ചെയ്യുന്നവരും കരയുന്നവരുമായിക്കൊണ്ട്‌ അവര്‍ നിലത്ത്‌ വീഴുന്നതാണ്‌ (ഖുര്‍ആന്‍, സൂറത്തു മര്‍യം 58). ദൃഢവിശ്വാസത്തിന്റെ അടയാളമായും അല്ലാഹു സുജൂദിനെ വിവരിക്കുന്നുണ്ട്‌: നമ്മുടെ സൂക്തങ്ങള്‍ കൊണ്ട്‌ ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍ സുജൂദ്‌ ചെയ്യുന്നവരായി നിലംപതിക്കുകയും തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അവകൊണ്ട്‌ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹങ്കരിക്കുകയില്ല (ഖുര്‍ആന്‍, സൂറത്തു സജദ 15).

നമസ്‌ക്കാരത്തില്‍ കൂടുതലായി ചെയ്യുന്ന കാര്‍മിക ഘടകവും സുജൂദ്‌ തന്നെ. അല്ലാഹുവിലേക്കുള്ള ഇഷ്ടപ്രവര്‍ത്തനമേതെന്ന്‌ നബി (സ്വ)യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ സുജൂദ്‌ അധികരിപ്പിക്കലാണെന്നാണ്‌ മറുപടി നല്‍കിയത്‌ (ഹദീസ്‌ മുസ്ലിം 488). അബ്ദുല്ലാ ബ്‌നു മസ്‌ഊദ്‌ (റ) പറയുന്നു: നമസ്‌ക്കാരത്തിലെ ശ്രേഷ്‌ഠ കര്‍മ്മങ്ങള്‍ സുജൂദും റുകൂഉമാണ്‌ (ഹദീസ്‌ മുസ്ലിം 822). സുജൂദ്‌ കൊണ്ട്‌ ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും. നബി (സ്വ) പറയുന്നു: നീ ഒരു സുജൂദ്‌ ചെയ്‌താല്‍ അല്ലാഹു നിന്റെ പദവി ഉയര്‍ത്തുകയും ദോഷം മായ്‌ക്കുകയും ചെയ്യും (ഹദീസ്‌ മുസ്ലിം 488).

പരമകാരുണ്യവാനായ അല്ലാഹുവിലേക്ക്‌ വിശ്വാസിക്ക്‌ അടുക്കാനുള്ള ഏറ്റവും ഗുണകരമായ ഉപാധിയുമാണ്‌ സുജൂദ്‌. 'സുജൂദ്‌ ചെയ്‌ത്‌ അടുക്കുക'യെന്നാണല്ലൊ ഖുര്‍ആനിക പ്രഖ്യാപനം (സൂറത്തുല്‍ ഹലഖ്‌ 19). നബി (സ്വ) പറയുന്നു: സുജൂദിലായിരിക്കെയാണ്‌ അടിമ നാഥനിലേക്ക്‌ കൂടുതല്‍ അടുക്കുന്നത്‌ ( ഹദീസ്‌ മുസ്ലിം 482). പ്രാര്‍ത്ഥനക്ക്‌ ഉത്തരം ലഭിക്കുന്ന സന്ദര്‍ഭമാണ്‌ സുജൂദിലേത്‌. നിശ്ചയം അല്ലാഹു സുജൂദ്‌ ചെയ്യുന്നവരുടെ മനസ്സറിയുകയും അവരുടെ വിളി കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌. സുജൂദില്‍ പ്രാര്‍ത്ഥിക്കണമെന്നും ആ പ്രാര്‍ത്ഥന ഉത്തരം കിട്ടാന്‍ അര്‍ഹമാണെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട്‌ (ഹദീസ്‌ മുസ്ലിം 479).

ഒറ്റക്കുള്ള നമസ്‌ക്കാരത്തില്‍ നബി (സ്വ) സുജൂദ്‌ നീട്ടി ചെയ്യുമായിരുന്നു. പ്രവാചക പ്രത്‌നി ആയിശ ബീബി (റ) പറയുന്നു: നബി (സ്വ) നമസ്‌ക്കാരത്തില്‍ അഞ്ച്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതാനുള്ള നേരത്തിന്‌ കണക്കാവുന്ന രീതിയില്‍ സുജൂദ്‌ ദീര്‍ഘിപ്പിക്കുമായിരുന്നു (ഹദീസ്‌ ബുഖാരി 994). നബി (സ്വ) സുജൂദില്‍ അല്ലാഹുവിനെ പരിശുദ്ധനാക്കിക്കൊണ്ടുള്ള ദിക്‌റും ചൊല്ലിയിരുന്നു (ഹദീസ്‌ മുസ്ലിം 772). 

നബി (സ്വ) ഖുര്‍ആനിലെ സുജൂദിന്റെ ഭാഗങ്ങള്‍ പാരായണം ചെയ്‌താല്‍ തിലാവത്തിന്റെ സുജൂദ്‌ ചെയ്യുമായിരുന്നു. ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ്വ) ഞങ്ങള്‍ക്ക്‌ സജ്‌ദയുടെ ആയത്തുള്ള സൂറത്തുകള്‍ ഓതിത്തരികയും സുജൂദ്‌ ചെയ്യുകയും ചെയ്‌തിരുന്നു, ഞങ്ങളും സുജൂദ്‌ ചെയ്‌തിരുന്നു (ഹദീസ്‌ ബൂഖാരി, മുസ്ലിം). ഒരു സത്യവിശ്വാസി സജ്‌ദയുടെ ആയത്ത്‌ പാരായണം ചെയ്‌ത്‌ അല്ലാഹുവിന്‌ സുജൂദ്‌ വണങ്ങിയാല്‍ പിശാച്‌ കരഞ്ഞ്‌ പിന്തിരിയും, എന്നിട്ട്‌ പറയും: ആദമിന്റെ മക്കള്‍ സുജൂദ്‌ ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടു, അവര്‍ സുജൂദ്‌ ചെയ്‌തത്‌ കൊണ്ട്‌ അവര്‍ക്ക്‌ സ്വര്‍ഗമുണ്ട്‌. ഞാനും സുജൂദ്‌ ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടു, ഞാന്‍ ചെയ്‌തില്ല. അതിനാല്‍ എനിക്ക്‌ നരകമാണുള്ളത്‌ (ഹദീസ്‌ മുസ്ലിം 81). സുജൂദ്‌ ചെയ്യാന്‍ വിലങ്ങിയത്‌ കൊണ്ടാണല്ലൊ ഇബ്‌ലീസ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടത്‌. 

സ്വര്‍ഗപ്രവേശം സാധ്യമാക്കുന്നതോടൊപ്പം സ്വര്‍ഗത്തില്‍ പുണ്യറസൂലിന്റെ സാമീപ്യം ലഭിക്കാനും സുജൂദ്‌ വഴിയൊരുക്കും. സ്വര്‍ത്തില്‍ നബി (സ്വ)യുടെ കൂട്ട്‌ ചോദിച്ച റബീഅത്തു ബ്‌നു കഅ്‌ബുല്‍ അസ്‌ലമി (റ)യോട്‌ സുജൂദ്‌ അധികരിപ്പിക്കാനാണ്‌ നബി (സ്വ) തങ്ങള്‍ നിര്‍ദേശിച്ചത്‌ (ഹദീസ്‌ മുസ്ലിം 489). മാത്രമല്ല നാഥനെ പുകഴ്‌ത്തി പരിശുദ്ധനാക്കി സുജൂദ്‌ ചെയ്യുന്നവരില്‍ പെടണമെന്ന ഖുര്‍ആനിക സൂക്തത്തില്‍ (സൂറത്തുല്‍ ഫജ്‌ ര്‍ 97, 98) അല്ലാഹു കല്‍പ്പിക്കും പ്രകാരം ചെയ്യണമെന്ന്‌ വസ്വിയ്യത്ത്‌ ചെയ്യുകയും ചെയ്‌തു. സുജൂദ്‌ കാരണം സത്യവിശ്വാസികളുടെ ഹൃദയം വിശാലമാവുകയും മനസ്സിനും ശരീരത്തിനും ശാന്തതയും പരിശുദ്ധിയും കൈവരികയും ചെയ്യും.
back to top