യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ
മന്‍സൂര്‍ ഹുദവി കളനാട്
തീയ്യതി: 04/05/2018
വിഷയം: കാഴ്‌ച ദൈവാനുഗ്രഹം
സ്രഷ്ടാവായ അല്ലാഹു പ്രവഞ്ചത്തില്‍ ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ബുദ്ധിയും വിവേകവും നല്‍കപ്പെട്ട മനുഷ്യനാണ് സൃഷ്ടികളില്‍ കൂടുതല്‍ അനുഗ്രഹീതന്‍. പഞ്ചേന്ദ്രിയങ്ങളോടെ ഗാത്രാകാര സ്വരൂപനായാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ശരീരാവയവവും പ്രത്യക്ഷമായും പരോക്ഷമായും പലതും നിര്‍വ്വഹിക്കും വിധമാണ് സംവിധാനിച്ചിരിക്കുന്നത്. മനുഷ്യന് ഏകപ്പെട്ട അനുഗ്രഹങ്ങളില്‍ മഹത്തായതാണ് കാഴ്‌ച. 'അവന് നാം രണ്ടു കണ്ണുകള്‍ നല്‍കിയിടഷ്ട' എന്നാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ചോദിക്കുന്നത് (സൂറത്തുല്‍ ബലദ് 8). പ്രവഞ്ചത്തിലെ സൃഷ്ടിവൈവിധ്യങ്ങളും ജീവ വൈജാത്യങ്ങളും കാണാനും ചിന്തിക്കാനുമാണ് അല്ലാഹു കാഴ്‌ച നല്‍കിയിരിക്കുന്നത്. അല്ലാഹു പറയുന്നു: അല്ലാഹു രാവും പകലും മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ചിന്തിക്കാനുണ്ട് (ഖുര്‍ആന്‍, സൂറത്തുന്നൂര്‍ 44).
രാത്രിയെ അന്ത്യനാള്‍ വരെ അനന്തമായി നിലനിര്‍ത്തുകയാണെങ്കില്‍ അല്ലാഹുവല്ലാതെ ആരാണ് വെളിച്ചമേകുന്നതെന്നും അല്ലാഹു ചോദിക്കുന്നുണ്ട് (ഖുര്‍ആന്‍, സൂറത്തുല്‍ ഖിസസ് 71). മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കാഴ്‌ചാ കേള്‍വി ശക്തികള്‍ ഏകിയ അല്ലാഹുവിനോട് സൃഷ്ടി ഏറെ കടപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിന്ന് നിങ്ങളെ അല്ലാഹു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ ഒരു വക അറിവും നിങ്ങള്‍ക്കുണ്ടായിരുന്നില്ല. നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടി കാതും കണ്ണും ഹൃദയവും അവന്‍ നല്‍കുകയും ചെയ്‌തു (ഖുര്‍ആന്‍, സൂറത്തു ന്നഹ്‌ല് 78). കാഴ്‌ചയെന്ന മഹാ അനുഗ്രഹത്തെ അല്ലാഹു നിഷ്‌കര്‍ഷിച്ച പ്രകാരം വിനിയോഗിച്ചുകൊണ്ടാണ് കടപ്പാട് വീട്ടേണ്ടത്. അല്ലാഹുവിന്റെ സൃഷ്ടി സംവിധാനങ്ങളിലേക്ക് ദൃഷ്ടി നീട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു. ആകാശഭൂമികളിലേക്ക് സൂക്ഷിച്ചു നോക്കാനും (സൂറത്തു യൂനുസ് 101) പ്രാവഞ്ചിക പ്രതിഭാസങ്ങളായ പര്‍വ്വതങ്ങളും അല്‍ഭുത സൃഷ്ടികളായ ഒട്ടകങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് നോക്കിച്ചിന്തിക്കാനും (സൂറത്തുല്‍ ഖാശിയ 17, 19) ദൈവാഹ്വാനമുണ്ട്.
പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ഒരു വസ്‌തുവില്‍ ദൃഷ്ടി പതിപ്പിച്ചാല്‍ അതിലുള്ള ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കുമായിരുന്നു. നബി (സ്വ) യുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ ദൈവസ്‌മരണയോടെയാണ്. പ്രഭാതം പുലരുന്നത് കണ്ടാല്‍ നബി (സ്വ) അല്ലാഹുവിനെ സ്‌തുതിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു (ഹദീസ് മുസ്ലിം 2818, അബൂദാവൂദ് 5086). നബി (സ്വ) വെറുക്കുന്നത് കണ്ടാലും സന്തോഷമുളവാക്കുന്നത്‌് കണ്ടാലും അല്ലാഹുവിനെ സ്‌തുതിച്ച് പ്രത്യേക ദിക്‌റുകള്‍ ചൊല്ലിയിരുന്നു (ഹദീസ് ഇബ്‌നു മാജ 3803). ദൈവാനുഗ്രഹം കണ്ടാലും ദൈവ പരീക്ഷണം കണ്ടാലും നാം അല്ലാഹുവിനെ സ്‌തുതിച്ച് പ്രാര്ത്ഥിക്കേണ്ടിയിരിക്കുന്
പ്രവാചകാനുചരന്മാരായ സ്വഹാബികള്‍ തങ്ങളുടെ പഴക്കൃഷിയില്‍ നിന്ന് ആദ്യ വിളവ് കണ്ടാല്‍ അതുമായി നബി (സ്വ)യുടെ അടുക്കല്‍ പോവും. നബി (സ്വ) അതില്‍ നിന്നെടുത്ത് പ്രാര്‍ത്ഥിക്കും: അല്ലാഹു നമ്മുടെ ഈ പഴത്തില്‍ ബര്‍ക്കത്ത് ചെയ്യട്ടേ (ഹദീസ് മുസ്ലിം 1373). നബി (സ്വ) ഏതൊരു വസ്‌തു കണ്ടാലും അതിന്റെ നന്മയെ അല്ലാഹുവിനോട് ചോദിക്കുകയും അതിന്റെ തിന്മയെത്തൊട്ട് കാവല്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. മേഘം കണ്ടാല്‍ അതിലുള്ള വിപത്തിനെ തൊട്ട് കാവല്‍ തേടും. മേഘം തെളിഞ്ഞാല്‍ അല്ലാഹുവിനെ സ്‌തുതിക്കും. മഴ പെയ്‌താല്‍ ബുദ്ധിമുട്ടില്ലാത്ത ഉപകാരപ്രദമായ മഴ ചൊരിഞ്ഞുത്തരണമെന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കും (ഹദീസ് ബുഖാരി, മുസ്ലിം). മാനത്ത് ചന്ദ്രനെ കണ്ടാലും നബി (സ്വ) ശുഭകരമായ ചന്ദ്രപ്പിറവിക്കായി പ്രാര്‍ത്ഥിക്കുമായിരുന്നു (ഹദീസ് തുര്‍മുദി 3451, അഹ്‌്മദ് 1397). നബി (സ്വ) ഏതൊരു കാര്യവും ദൃഷ്ടിയില്‍പ്പെട്ടാല്‍ അപ്രകാരം അല്ലാഹുവിന്റെ തൃപ്‌തി കാംക്ഷിച്ചിരുന്നു.
ശ്ലീലമല്ലാത്തവയില്‍ നിന്നും മോശത്തരങ്ങളില്‍ നിന്നും കണ്ണുകള്‍ ചിമ്മലും ആ അനുഗ്രങ്ങള്‍ കൊണ്ടുള്ള നന്ദിപ്രകടനത്തില്‍പ്പെട്ടതാണ്
കണ്ണുള്ളവനേ അതിന്റെ വിലയറിയൂ എന്ന ആപ്‌തവാക്യം എത്ര സത്യം. അതുള്ളവനേ അതിന്റെ നന്മയും തിന്മയുമുള്ളൂ. കണ്ണില്ലാത്തവന് ആ മഹാ അനുഗ്രഹത്തിന്റെ പ്രതിഫലം ലഭ്യമാണ്. ഖുദ്‌സിയ്യായ ഹദീസില്‍ അള്ളാഹു പറയുന്നു: എന്റെ അടിമയെ ഞാന്‍ അവന്റെ രണ്ടു കണ്ണുകളുടെ കാര്യത്തില്‍ പരീക്ഷിക്കുകയും അവന്‍ ക്ഷമിക്കുകയും ചെയ്‌താല്‍ ഞാന്‍ അവനിക്ക് സ്വര്‍ഗം പകരമേകുന്നതായിരിക്കും (ഹദീസ് ബുഖാരി 5653). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കണ്ണീരൊഴുക്കിയ കണ്ണുകളും ഉറക്കമൊഴിച്ച കണ്ണുകളും ദൈവാനുഗ്രഹത്തെ മാനിച്ച കണ്ണുകള്‍ തന്നെയാണ്. നബി (സ്വ) പറയുന്നു: രണ്ട് കണ്ണുകള്‍ക്ക് നരകത്തീ ഏല്‍ക്കുകയില്ല. ഒന്ന്, ദൈവഭയത്താല്‍ കരഞ്ഞ കണ്ണ്. രണ്ട്, ദൈവമാര്‍ഗത്തില്‍ കാവലിരുന്ന് ഉറക്കമൊഴിച്ച കണ്ണ് (ഹദീസ് തുര്‍മുദി 1639).