പ്രാര്‍ത്ഥിക്കുവിന്‍, ഉത്തരം ദൈവിക വാഗ്‌ദാനമാണ്‌


യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ
മന്‍സൂര്‍ ഹുദവി കളനാട്‌
തീയ്യതി: 11/05/2018
വിഷയം: അല്ലാഹു പ്രാര്‍ത്ഥനക്ക്‌ ഉത്തരം നല്‍കുന്നവനാണ്‌


പ്രാര്‍ത്ഥന (ദുആ) ആരാധനയുടെ മജ്ജയാണ്‌. സത്യവിശ്വാസിയുടെ പ്രാര്‍ത്ഥന ഒരിക്കലും നിഷ്‌ഫലമാവാനില്ല. പ്രാര്‍ത്ഥിച്ചവന്‌ അല്ലാഹു ഉത്തരം ചെയ്‌തിരിക്കും, ചോദിച്ചവന്‌ അവന്‍ നല്‍കിയിരിക്കും. അല്ലെങ്കില്‍ തത്തുല്യമോ ശ്രേഷ്‌ഠമോ ആയ പ്രതിഫലം നല്‍കിയിരിക്കും. അല്ലാഹുവിന്റെ ശ്രേഷ്‌ഠ നാമങ്ങളായ 99 അസ്‌മാഉല്‍ ഹുസ്‌നായില്‍ ഒന്നാണ്‌ മുജീബ്‌ എന്നുള്ളത്‌. ഉത്തരം നല്‍കുന്നവന്‍ എന്നാണ്‌ അതിന്റെ ചുരുക്കാര്‍ത്ഥം. ആ നാമത്തിന്റെ വിവക്ഷ വിശാലമാണ്‌. വിളിച്ചവന്റെ വിളി കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യും അല്ലാഹു. അടിമയുടെ അഭ്യര്‍ത്ഥന അല്ലാഹുവിന്‌ കൂടുതല്‍ ഇഷ്ടമുള്ളതാണ്‌. കേഴുന്നവന്റെ വിഷമങ്ങള്‍ അകറ്റുകയും ചെയ്യും അവന്‍. ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു: അല്ലെങ്കില്‍ വിഷമത്തിലകപ്പെട്ടവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉത്തരം നല്‍കുകയും ആപത്ത്‌ നീക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്‌തവനോ ഉത്തമന്‍ (സൂറത്തുന്നംല്‌ 62).

പ്രവാചകന്മാരൊക്കെയും പ്രാര്‍ത്ഥിക്കുകയും അല്ലാഹു അവരുടെ വിളിക്ക്‌ ഉത്തരം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. അക്കാര്യം ഖുര്‍ആന്‍ അവരുടെ പേരു സഹിതം വിവരിക്കുന്നുണ്ട്‌. 
നൂഹ്‌ നബി (അ)യുടെ പ്രാര്‍ത്ഥനയെപ്പറ്റി അല്ലാഹു പറയുന്നു: നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍ (സൂറത്തു സ്വാഫാത്ത്‌ 75).

അയ്യൂബ്‌ നബി (അ) തന്റെ രോഗശമനത്തിന്‌ പ്രാര്‍ത്ഥിച്ച കാര്യവും വിവരിക്കുന്നുണ്ട്‌: അയ്യൂബ്‌ നബിയെയും ഓര്‍ക്കുക. 'നിശ്ചയമായും എനിക്ക്‌ കഷ്ടപ്പാട്‌ ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണ ചെയ്യുന്നവനാണല്ലൊ' എന്നു അദ്ദേഹം തന്റെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരം നല്‍കുകയും തന്നെ ബാധിച്ച കഷ്ടപ്പാടുകളെല്ലാം അകറ്റിക്കളയുകയും ചെയ്‌തു (സൂറത്തുല്‍ അമ്പിയാഅ്‌ 73, 74).

യൂനുസ്‌ നബി (അ) മത്സ്യവയറ്റില്‍ അകപ്പെട്ടപ്പോള്‍ പ്രാര്‍ത്ഥിച്ചതിനെപ്പറ്റിയും അല്ലാഹു പറയുന്നു: യൂനുസ്‌ നബിയെയും ഓര്‍ക്കുക. അദ്ദേഹം കുപിതനായിക്കൊണ്ട്‌ പോയ സന്ദര്‍ഭം. അപ്പോള്‍ തന്റെ മേല്‍ കുടുസ്സാക്കുകയേയില്ലെന്നു അദ്ദേഹം ധരിച്ചു. അങ്ങനെ ഇരുട്ടുകളില്‍ വെച്ചു അദ്ദേഹം പ്രാര്‍ത്ഥിച്ചു: 'നീയല്ലാതെ ഒരു ആരാധ്യനുമില്ല. നിന്റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. നിശ്ചയമായും ഞാന്‍ അക്രമികളില്‍പ്പെട്ടവനായിരിക്കുന്നു' (സൂറത്തുല്‍ അമ്പിയാഅ്‌ 87, 88).

സകരിയ്യ നബി (അ)ക്ക്‌ സന്താനസൗഭാഗ്യം സാധ്യമാക്കിയ പ്രാര്‍ത്ഥനയെക്കുറിച്ച്‌ ഖുര്‍ആന്‍ വിശദമാക്കുന്നു: സകരിയ്യ നബിയെയും ഓര്‍ക്കുക. 'എന്റെ രക്ഷിതാവേ, എന്നെ പിന്തുടര്‍ച്ചക്കാരില്ലാത്ത ഒറ്റയായി വിട്ടുകളയരുതേ. നീ അനന്തരമെടുക്കുന്നവരില്‍ ഉത്തമനാണല്ലൊ' എന്നദ്ദേഹം തന്റെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരം നല്‍കുകയും യഹ്‌യയെ പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നന്നാക്കിക്കൊടുക്കുകയും ചെയ്‌തു. അവരെല്ലാം നല്ല കാര്യങ്ങളില്‍ അത്യുല്‍സാഹം കാണിച്ചു മുന്നോട്ടു വരുന്നവരും ആഗ്രഹിച്ചും ഭയപ്പെട്ടുംകൊണ്ട്‌ നമ്മോട്‌ പ്രാര്‍ത്ഥിക്കുന്നവരും തന്നെയായിരുന്നു. നമ്മോട്‌ വിനയം കാട്ടുന്നവരുമായിരുന്നു അവര്‍ (സൂറത്തുല്‍ അമ്പിയാഅ്‌ 89, 90).

പ്രവാചകന്മാരെപ്പോലെ സത്യവിശ്വാസികളായ അടിമകളുടെ പ്രാര്‍ത്ഥനക്കും അല്ലാഹു ഉത്തരം നല്‍കും. പ്രാര്‍ത്ഥനക്ക്‌ ഉത്തരം നല്‍കുമെന്നുള്ളത്‌ അല്ലാഹുവില്‍ നിന്നുള്ള വാഗ്‌ദാനമാണ്‌. പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഖാഫിര്‍ 60ാം സൂക്തം ആ ദൈവിക വാഗ്‌ദാനം പ്രഖ്യാപിക്കുന്നുണ്ട്‌. മാത്രമല്ല മുഹമ്മദ്‌ നബി (സ്വ) പറയുന്നു: അല്ലാഹു നിങ്ങളോട്‌ പ്രാര്‍ത്ഥിക്കാന്‍ കല്‍പ്പിക്കുകയും നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കുമെന്ന്‌ വാഗ്‌ദത്തം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌ (ഹദീസ്‌ അബൂ ദാവൂദ്‌ 1175, ഇബ്‌നു ഹബ്ബാന്‍ 991). മനുഷ്യ ജിന്നുവര്‍ഗത്തിലെ മുഴുവന്‍പേരും ചോദിച്ചാലും ഒരംശം പോലും കുറയാതെ നല്‍കുമെന്ന്‌ അല്ലാഹു പറയുന്നതായി ഖുദ്‌സിയ്യായ ഹദീസുമുണ്ട്‌ (ഹദീസ്‌ മുസ്ലിം 2577).

നബി (സ്വ) സ്വഹാബികളെ പ്രാര്‍ത്ഥന അധികരിപ്പിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. എന്നിട്ടു പറയും: ജനങ്ങളില്‍ ഏറ്റവും അശക്തന്‍ പ്രാര്‍ത്ഥനക്ക്‌ അശക്തനായവനാണ്‌ (ത്വബ്‌റാനി 61). പ്രാര്‍ത്ഥനയാണല്ലൊ എല്ലാ സുകൃതങ്ങളുടെയും താക്കോല്‍. അതുകൊണ്ട്‌ തന്നെ നബി (സ്വ) അവരെ എല്ലാ നന്മകളെയും ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിരുന്നു. അനസ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ഒരിക്കല്‍ നബി (സ്വ) രോഗം മൂര്‍ച്ചിച്ച ഒരു വിശ്വാസിയെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തോട്‌ നബി (സ്വ) ചോദിച്ചു: നീ അല്ലാഹുവിനോട്‌ വല്ലതും പ്രാര്‍ത്ഥിക്കുകയോ ചോദിക്കുകയോ ചെയ്‌തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, 'അല്ലാഹുവേ നീ എനിക്ക്‌ പരലോകത്ത്‌ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ അത്‌ ഇഹലോകത്ത്‌ വെച്ച്‌ തന്നെ തരണേ' എന്ന്‌ പ്രാര്‍ത്ഥിച്ചിട്ടുണ്ട്‌. അപ്പോള്‍ നബി (സ്വ) പറഞ്ഞു (അത്ഭുതത്തോടെ): അല്ലാഹു എത്ര പരിശുദ്ധന്‍, നിനക്ക്‌ സാധ്യമല്ല. 'അല്ലാഹുവേ ഇഹത്തിലും പരത്തിലും എനിക്ക്‌ നീ നന്മ പ്രദാനം ചെയ്യണേ, നരകശിക്ഷയെ തൊട്ട്‌ കാക്കണേ' എന്നല്ലേ പ്രാര്‍ത്ഥിക്കേണ്ടത്‌. ശേഷം അദ്ദേഹം അങ്ങനെ പ്രാര്‍ത്ഥിക്കുകയും അല്ലാഹു അദ്ദേഹത്തിന്‌ രോഗശമനം നല്‍കുകയും ചെയ്‌തു (ഹദീസ്‌ മുസ്ലിം 2688).

അല്ലാഹു നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കാനുള്ള വഴികള്‍ നബി (സ്വ) പഠിപ്പിച്ചുതന്നിട്ടുണ്ട്‌. പൂര്‍ണ മനസാന്നിധ്യത്തോടെ അല്ലാഹുവിനോടുള്ള സംഭാഷണത്തിനായി അവനിലേക്ക്‌ ഭക്തിയോടെയും വണക്കത്തോടെയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥന മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിക്കുകയും വേണം. അബ്ദുല്ലാ ബ്‌നു മസ്‌ഊദ്‌ (റ) പറയുന്നു: നബി (സ്വ) പ്രാര്‍ത്ഥിച്ചാല്‍ മൂന്നു പ്രാവശ്യം പ്രാര്‍ത്ഥിക്കും, ചോദിച്ചാല്‍ മൂന്നുപ്രാവശ്യം ചോദിക്കും (ഹദീസ്‌ മുസ്ലിം 1172). 

സല്‍ചെയ്‌തികളും പ്രാര്‍ത്ഥനാ സ്വീകാര്യതക്കുള്ള നിദാനങ്ങളാണ്‌. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌ത്‌ അല്ലാഹുവിലേക്ക്‌ അടുത്ത അടിമകളുടെ പ്രാര്‍ത്ഥനക്ക്‌ ഉത്തരം നല്‍കുമെന്ന്‌ അല്ലാഹു തന്നെ പറഞ്ഞതാണ:്‌ അപ്പോള്‍ അവരുടെ നാഥന്‍ ഇങ്ങനെ ഉത്തരം നല്‍കി: പുരുഷനായിരുന്നാലും സ്‌ത്രീ ആയിരുന്നാലും നിങ്ങളിലുള്ള സല്‍ക്കര്‍മ്മിയുടെ ചെയ്‌തികള്‍ നാം പാഴാക്കുകയേയില്ല (ഖുര്‍ആന്‍, സൂറത്തു ആലു ഇംറാന്‍ 195). 
പ്രാര്‍ത്ഥിച്ചാല്‍ അതിന്‌ ഉത്തരം ലഭിക്കുന്നതിന്‌ ധൃതി കാട്ടരുത്‌. ധൃതി കാട്ടാത്തവന്‌ ഉത്തരം നല്‍കപ്പെടുമെന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ട്‌ (ഹദീസ്‌ ബുഖാരി, മുസ്ലിം).

പ്രാര്‍ഥനക്ക്‌ ഉത്തരം ലഭിക്കുന്ന സമയസന്ദര്‍ഭങ്ങള്‍ നബി (സ്വ) അറിയിച്ചിട്ടുണ്ട്‌. അതിലൊന്ന്‌ രാത്രിയുടെ അവസാന പകുതിഭാഗമാണ്‌. നബി (സ്വ) പറയുന്നു: രാത്രിയുടെ പകുതിയോ മൂന്നിലൊന്ന്‌ ഭാഗമോ കഴിഞ്ഞാല്‍ അല്ലാഹു താഴ്‌ഭാഗത്തെ ആകാശത്തില്‍ വന്ന്‌ നേരം പുലരുവോളം പറയും: 'ആരെങ്കിലും ചോദിച്ചാല്‍ നല്‍കിയിരിക്കും, ആരെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ചെയ്‌തിരിക്കും, ആരെങ്കിലും പാപമോചനം തേടിയാല്‍ പൊറുത്തുകൊടുത്തിരിക്കും (ഹദീസ്‌ മുസ്ലിം 758). മറ്റൊരു ഹദീസില്‍ കാണാം: രാത്രിയിലൊരു സമയമുണ്ട്‌. ആ സമയത്ത്‌ സത്യവിശ്വാസിയായ അടിമ വല്ലതും ചോദിച്ചാല്‍ അല്ലാഹു അവനത്‌ നല്‍കിയിരിക്കും. ആ സമയം എല്ലാ രാത്രിയിലുമുണ്ട്‌ (ഹദീസ്‌ മുസ്ലിം 757).

പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സ്‌ അല്ലാഹുവിന്‌ അറിയാം. അവനിക്ക്‌ നന്മയാര്‍ന്നത്‌ അല്ലാഹു തെരഞ്ഞെടുത്ത്‌ നല്‍കുകയും ചെയ്യും. ദുഷ്‌കരമല്ലാത്ത പ്രാര്‍ത്ഥനക്ക്‌ ഒന്നുങ്കില്‍ പെട്ടെന്ന്‌ ഉത്തരം നല്‍കും, അല്ലെങ്കില്‍ അതിനെ പരലോകത്തേക്ക്‌ മാറ്റിവെച്ച്‌ പ്രതിഫലം നല്‍കും, അതുമല്ലെങ്കില്‍ ആപത്തിനെ തൊട്ട്‌ അവനെ കാത്തു സംരക്ഷിക്കുമെന്ന്‌ നബി (സ്വ) അരുളിയിട്ടുണ്ട്‌ (ഹദീസ്‌ അഹ്മദ്‌ 11133, തുര്‍മുദി 3573). 
അല്ലാഹു അടിമയുടെ അടുത്ത്‌ തന്നെയുണ്ട്‌. വിളി കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നവനുമാകുന്നു മുജീബായ അല്ലാഹു. അക്കാര്യം അല്ലാഹു തന്നെ വ്യക്തമാക്കുന്നുണ്ട്‌ (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 186). അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‌ ഉത്തരം നല്‍മെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന്‌ നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ്‌ തുര്‍മുദി 3479, അഹ്മദ്‌ 6655). നോമ്പുകാരന്‍, അക്രമിക്കപ്പെട്ടവന്‍, നീതിമാനായ ഭരണാധികാരി, മാതാപിതാക്കള്‍ എന്നിവരുടെ പ്രാര്‍ത്ഥനകള്‍ ഉത്തരമില്ലാതെ മടക്കപ്പെടുകയില്ലെന്നും പ്രവാചക വചനമുണ്ട്‌.
back to top