യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/03/2019
വിഷയം: ലോകം കണ്ട ഉത്തമ ഉമ്മമാർ
പരിശുദ്ധ ഖുർആനിൽ ഉമ്മമാരുടെ കഥ പറയുന്നുണ്ട്. ചരിത്രത്തിലെ മഹിത മാതാക്കളാണവർ. മഹിളാ രത്‌നങ്ങൾ. അവരിൽ മൂന്നു പേരെ പരിചയപ്പെടാം. മൂന്നു പേരും മൂന്നു പ്രവാചകന്മാരുടെ മാതാക്കൾ ഇസ്മാഈൽ നബി (അ)യുടെ മാതാവ് ഹാജറാ (റ), മൂസാ നബി (അ)യുടെ മാതാവ്, ഈസാ നബി (അ)യുടെ മാതാവ് മർയം (അ). വിശ്വാസവഴിയിൽ ജീവിതമർപ്പിച്ച ആ ശ്രേഷ്ഠ സ്ത്രീകൾ നേരിട്ട യാതനകളും വേദനകളും അനവധിയാണ്. ലവലേശം പതറിയില്ല. ഏക ദൈവാരാധനയിൽ ഉറച്ചുനിന്ന് പ്രതിസന്ധികളൊക്കെയും അല്ലാഹുവിങ്കൽ ഭരമേൽപ്പിച്ച് നേരിടുകയായിരുന്നു. ആപത്തു കാലത്ത് സന്താന പരിപാലനത്തിലും അവർ ഏറെ ജാഗ്രത പുലർത്തി ലോകത്തിന് മാതൃക സൃഷ്ടിച്ചിട്ടുണ്ട്.
ഇബ്രാഹിം നബി (അ)യുടെ കുടുംബചരിതം ഖുർആൻ വിവരിക്കുന്നുണ്ട്. ത്വാഗോജ്വലമായിരുന്നു. സമർപ്പിതമായിരുന്നു ആ ജീവിതങ്ങൾ. ദൈവകൽപന പ്രകാരം മകനെ അറുക്കാൻ വരെ മുതിർന്ന ഇബ്രാഹിം നബി (അ) ദൈവ മാർഗത്തിലുള്ള അർപ്പണബോധത്തിന്റെ ചരിത്ര നിദർശനമായിരുന്നല്ലൊ. ആ പാതയിൽ ഹാജറ (അ)യും സർവ്വ സന്നദ്ധയായിരുന്നു. ഭാര്യയെയും കുഞ്ഞുമകൻ ഇസ്മാഈലിനെയും ദൈവാജ്ഞ പ്രകാരം മക്കയിൽ വിടുകയായിരുന്നു. അന്ന് മക്ക തനി തരിശായിരുന്നു. വിജനം. കുടി വെള്ളമോ ഭക്ഷ്യവസ്തുക്കളോ ലഭ്യമല്ല. കൈയിലുണ്ടായിരുന്ന ഇത്തിരി വെള്ളവും കഴിഞ്ഞു. ഒരു കാരക്കയുമുണ്ടായിരുന്നു. അതും തീർന്നു. ആരാരുമില്ലാത്ത മരുഭൂവിൽ ഒരു മാതാവും കുട്ടിയും മാത്രം. ആ ഉമ്മയുടെ നിശ്ചയദാർഢ്യവും സഹനമനോഭാവവും ചരിത്രത്തിലെന്നും ത്യാഗമനസ്‌കതയുടെ മകുടോദാഹരണമായാണ് അവതരിപ്പിക്കപ്പെടാറ്. ശക്തമായ വിശപ്പിനാലും ദാഹത്താലും ആ കുഞ്ഞ് ഏങ്ങിക്കരയാൻ തുടങ്ങി. അതു കേട്ട് ആ മാതൃഹൃദയം ഒരു വേള പിടച്ചുവെങ്കിലും പതറിയില്ല. ദാഹജലത്തിനായി സ്വഫാ മർവ പർവ്വത നിരകളിൽ ഏഴു പ്രാവശ്യം കയറി നിരങ്ങുകയായിരുന്നു ആ ഉമ്മ. പെട്ടെന്നാണ് ഒരു അശരീരി കേൾക്കുന്നത്. ഹാജറ (റ) വല്ലതുമുണ്ടെങ്കിൽ നൽകി സഹായിക്കണമെന്ന് കേണപേക്ഷിച്ചു. അപ്പോൾ മാലാഖ ജിബ് രീൽ (അ) ഇറങ്ങി വന്ന് ഭൂമിയിൽ അടിക്കുകയും അവിടെ ഉറവ പൊട്ടുകയും ചെയ്തു. അതാണ് സംസം. അത്ഭുത പരിതന്ത്രയായിക്കൊണ്ട് വെള്ളം കോരിയെടുത്ത് കുഞ്ഞിനെ കുടിപ്പിച്ച ആ മാതാവ് സായൂജ്യമടഞ്ഞു.
സവിശേഷ ഗുണവിശേഷങ്ങളും ഉദാത്ത മൂല്യങ്ങളും പഠിപ്പിച്ചുക്കൊണ്ടാണ് ഹാജറ (അ) ഇസ്മാഈലി (അ)നെ വളർത്തി വലുതാക്കിയത്. അങ്ങനെ പ്രവാചകനായ ഇസ്മാഈൽ നബി (അ) യെ ഖുർആൻ പുകഴ്ത്തിപ്പറയുന്നതായി കാണാം: ഇസ്മാഈൽ നബിയെക്കുറിച്ചും ഖുർആനിൽ താങ്കളനുസ്മരിക്കുക. നിശ്ചയം വാഗ്ദാന പാലകനും ദൈവദൂതനും പ്രവാചകനുമായിരുന്നു അദ്ദേഹം (സൂറത്തു മർയം 54). മകനുള്ള അന്ന പാനീയത്തിനായി ഹാജറ ഉമ്മ നെട്ടോട്ടമോടിയ സ്വഫാ മർവ മലകളെ അല്ലാഹു ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ നിത്യ സ്മാരകങ്ങളെന്നതിലുപരി വിശ്വാസിയുടെ ആരാധനാ കർമ്മഭൂമി കൂടിയാണ് സ്വഫാ മർവ. ആ മാതാവിന്റെ ത്യാഗോർമകളെന്നും ആ മണ്ണിലും വിണ്ണിലും തങ്ങുമെന്നതിൽ സന്ദേഹിക്കാനില്ല. അല്ലാഹു തന്നെ ഉറപ്പുനൽകുന്നുണ്ട് : സ്വഫായും മർവയും അല്ലാഹുവിന്റെ മതചിഹ്നങ്ങളിൽപ്പെട്ടതാണ്. അതുകൊണ്ട് ആര് കഅ്ബയിൽ ചെന്ന് ഹജ്ജോ ഉംറയോ ചെയ്യുന്നുവോ അവന്ന് അവക്കിടയിൽ നടക്കുന്നതിന് കുറ്റം ഒട്ടുമേയില്ല (സൂറത്തുൽ ബഖറ 157).
മൂസാ നബി (അ)യുടെ മാതാവിനെക്കുറിച്ച് ഖുർആൻ വിവരണം നൽകുന്നുണ്ട്. 'മൂസയുടെ ഉമ്മ'യെന്ന് മാതൃത്വം ചേർത്തിക്കൊണ്ടാണ് ഖുർആൻ മഹതിയെ പരിചയപ്പെടുത്തുന്നത്. ധിക്കാരിയായ ഫിർഔനിന്റെ ധാർഷ്ട്യം കാരണം മകൻ മൂസയുടെ കാര്യത്തിൽ പരീക്ഷിക്കപ്പെട്ടതാണ് ആ മാതൃമനസ്സ്. നാട്ടിൽ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയൊക്കെയും കൊന്നുകളയണമെന്ന ഫാറോവാ ആജ്ഞയുടെ കാലഘട്ടത്തിലാണ് ആ ഉമ്മ മൂസ നബി (അ)യെ പ്രസവിക്കുന്നത്. ഫിർഔനിന്റെ കിങ്കരന്മാർ വീടുകൾ തോറും കയറി പിഞ്ഞുപൈതലുകളെ കൊന്നുകളയുന്ന നികൃഷ്ട സന്ദർഭങ്ങൾ ഖുർആൻ വിവരിക്കുന്നുണ്ട് : നിശ്ചയം ഫറോവാ ഈജിപ്ഷ്യൻ ഭൂമിയിൽ അഹന്ത കാട്ടുകയും തദ്ദേശീയരെ ഭിന്ന ചേരികളാക്കുകയുമുണ്ടായി. ഒരു ചേരിയെ ബലഹീനരാക്കി അവരുടെ ആൺശിശുക്കളെ അറുകൊല നടത്തുകയും പെൺമക്കളെ ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ട് (സൂറത്തു ഖസ്വസ് 4). ഭയചകിതയായ ആ മാതാവ് ശങ്കിച്ചു നിൽക്കുമ്പോഴാണ് അല്ലാഹുവിന്റെ കൽപന എത്തുന്നത്. ശിശുവിന്നു നീ മുലയൂട്ടുക എന്നു മൂസാ നബിയുടെ മാതാവിനു നാം ബോധനമേകി. അവനെപ്പറ്റി ആശങ്ക തോന്നുന്നുവെങ്കിൽ നദിയിൽ ഇട്ടേക്കുക. ഭയപ്പെടുകയോ സങ്കടപ്പെടുകയോ വേണ്ട (സൂറത്തുൽ ഖസ്വസ് 7). പിഞ്ചു കുഞ്ഞിനെ എങ്ങനെ നദിയിലിടുമെന്ന് വ്യാകുലപ്പെട്ടു നിന്ന ഉമ്മക്ക് ദൈവവാഗ്ദത്തവുമെത്തി. കുട്ടിയെ തിരിച്ചെത്തിക്കുമെന്നും അവനെ ദൈവദൂതനാക്കുമെന്നുമായിരുന്നു അത്. മൂസാ നബി (അ) യുടെ ഉമ്മ ദൈവവാഗ്ദാനത്തിന് വഴങ്ങി. അചഞ്ചലമായ ദൈവവിശ്വാസം കാരണം ഒട്ടുമേ ചാഞ്ചാട്ടമില്ലാതെ കുഞ്ഞിയെ നദിയിലിടുന്ന മാതൃഹൃദയം എല്ലാം അല്ലാഹുവിങ്കൽ ഏൽപ്പിക്കുകയായിരുന്നു: 'മൂസാ നബി (അ) ഉമ്മ മനശൂന്യയായി. അവരുടെ ഹൃദയത്തിനു നാം ദാർഢ്യമേകിയിട്ടില്ലായിരുന്നുവെങ്കിൽ ശിശുവിന്റെ കാര്യമവർ പരസ്യപ്പെടുത്തിയേനെ. അവർ സത്യവിശ്വാസികളിലായിരിക്കാൻ വേണ്ടിയത്രെ നാമങ്ങനെ ചെയ്തത്' (സൂറത്തുൽ ഖസ്വസ് 10). ഒഴുകിയകന്ന കുട്ടിയെ പിൻതുടർന്ന് കാര്യങ്ങളന്വേഷിക്കാൻ സഹോദരിയെ അയക്കുകയും ചെയ്തിരുന്നു. കുട്ടി ഫറോവയുടെ മുമ്പിലെത്തി. കാണുന്നവരൊക്കെ കുട്ടിക്ക് പരിലാളനകൾ അർപ്പിച്ചു. അങ്ങനെ എല്ലാവരുടെ സ്‌നേഹഭാജനമായി മാറി. ഫിർഔനിന്റെ ഭാര്യക്കും കുട്ടിയെ ഏറെ ഇഷ്ടപ്പെട്ടു. കൊല്ലരുതെന്ന് ഭർത്താവിനോട് അഭ്യർത്ഥിച്ച മഹതി കുട്ടിയെ മുലയൂട്ടാനായി നാട്ടിൽ പല സ്ത്രീകളെയും അന്വേഷിച്ചു. കുട്ടി ആരെയും സ്വീകരിക്കുന്നില്ല. സ്വന്തം ഉമ്മയിൽ നിന്ന് മാത്രമാണ് ആ പിഞ്ചുകിടാവ് മുലപ്പാൽ നുകരാൻ തയ്യാറായത്. സഹോദരി കൊട്ടാരക്കാരോട് ബോധിപ്പിച്ച പ്രകാരമാണ് ഉമ്മ തന്നെ മുലയൂട്ടാനെത്തുന്നത്. അങ്ങനെ ദൈവവാഗ്ദാനം സാക്ഷാൽക്കരിക്കപ്പെട്ടു. കുഞ്ഞ് മാതൃകരങ്ങളിലെത്തുകയും വളർന്ന് വലുതായി സത്യമതത്തിന്റെ ശ്രേഷ്ഠ പ്രവാചകന്മാരിൽ ഒരാളാവുകയുമുണ്ടായി. “അങ്ങനെ അവന്റെ ഉമ്മ ആഹ്ലാദിക്കാനും ദുഖിക്കാതിരിക്കാനും അല്ലാഹുവിന്റെ കരാർ സത്യസന്ധമാണെന്നവൾ ഗ്രഹിക്കാനുമായി ശിശുവിനെ നാം തിരിച്ചു നൽകി” (സൂറത്തുൽ ഖസ്വസ് 13).
മറ്റൊരു ഉമ്മയുടെ ചരിത്രം കൂടി ഖുർആൻ സ്മരിക്കുന്നുണ്ട്, ഈസാ നബി (അ)യുടെ മാതാവ പരിവൃതയായ മർയം (അ) ആണ് മഹതി. മഹാനുഗ്രഹമായിരുന്നു ഈസാ നബി (അ)യുടെ ജന്മം. ആ ഉമ്മയെയും മകനെയും ഒരുമിച്ചാണ് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത്: മർയമിന്റെ പുത്രൻ മസീഹ് ഈസാ ദൈവ ദൂതൻ തന്നെയാണ്. തനിക്കു മുമ്പും ദൂതന്മാർ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മ പരമ സത്യസന്ധയാണ് (സൂറത്തുൽ മാഇദ 75). ഖുർആനിൽ പേരു പരാമർശിക്കപ്പെടുന്ന മഹതിയുടെ പേരിൽ തന്നെ ഒരു ഖുർആനികാധ്യായമുണ്ട്. സൂറത്തു മർയം. അല്ലാഹു അതുല്യ മാതൃത്വമേകി ആദരിക്കുകയും ശ്രേഷ്ഠയാക്കുകയുമായിരുന്നു: 'മലക്കുകൾ ഇങ്ങനെ പറഞ്ഞ സന്ദർഭം സ്മരണീയമാണ്, ഓ മർയം, അല്ലാഹു നിങ്ങളെ ഉദാത്തമായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്നു ലോകത്തുള്ള സ്ത്രീകളിൽ വെച്ച് ഉൽകൃഷ്ഠയാക്കുകയും ചെയ്തിരിക്കുന്നു' (സൂറത്തു ആലു ഇംറാൻ 42). പുരുഷ സ്പർശനമില്ലാതെ ഒരു കുട്ടിയെ നൽകുകയും ആ കുട്ടി പ്രവാചകന്മാരിൽ വെച്ച് അത്യുന്നത സ്ഥാനീയരായ ഉലുൽ ഹസമിൽപ്പെട്ട ഒരാളാവുകയും ചെയ്തു. അവർ അതിശയം കൂറി ഒരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ലെന്നും ഞാൻ വ്യഭിചരിച്ചിട്ടില്ലെന്നുമിരിക്കെ എനിക്കെങ്ങനെ പുത്രനുണ്ടാകും ജിബ് രീൽ മറുപടി നൽകി: അതൊക്കെ ശരി. തനിക്കത് നിസ്സാരമാണെന്നാണ് നിങ്ങളുടെ നാഥന്റെ പ്രസ്താവം (സൂറത്തു മർയം 20, 21). ഗർഭിണിയായിരിക്കെ മർയം (അ) സമൂഹത്തിൽ നിന്ന് പല അപവാദങ്ങളും കേട്ടു പൊറുതിമുട്ടി. മഹതി എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുകയായിരുന്നു. ആ സംഭവം ഖുർആൻ വിവരിക്കുന്നുണ്ട് : അങ്ങനെയവൾ ഗർഭം ധരിക്കുകയും ദൂരെയൊരിടത്ത് കഴിയുകയുമുണ്ടായി. പ്രസവന്നോവ് അവരെ ഒരു ഈന്തമരത്തിനടുത്തെത്തിച്ചു. മർയം സങ്കടപ്പെട്ടു ഇതിനു മുമ്പു തന്നെ ഞാൻ മരണപ്പെടുകയും വിസ്മൃതകോടിയിലാവുകയും ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു (സൂറത്തു മർയം 22, 23). ദൈവപരീക്ഷണത്തിൽ വിജയിച്ച ആ ഉമ്മ കുട്ടിയെ നന്നായി പരിപാലിക്കുകയും വളർത്തുകയുമുണ്ടായി. തദ്ഫലം കുട്ടിയെ മാതാവിനോട് ഉദാത്ത സമീപനക്കാരനും ഇസ്ലാം മതത്തിന്റെ പ്രവാചകനുമാക്കി.
ഈ മൂന്നു ഉമ്മമാരിൽ ലോക വനിതകൾക്ക് നിസ്തുല മാതൃകകളാണുള്ളത്. പെറ്റ കുഞ്ഞുകളെ നന്നായി പരിപാലിക്കുന്നതോടൊപ്പം തീക്ഷ്ണമായ ദൈവ പരീക്ഷണങ്ങളാണ് അവർ നേരിട്ടത്. ദൈവാജ്ഞ ശിരസ്സാവഹിച്ച ആ മാതൃകാ മാതൃത്വങ്ങൾ വിശ്വാസ ശക്തിക്കൊണ്ട് എല്ലാത്തിനെയും അനായാസം മറികടക്കുകയായിരുന്നു. അല്ലാഹുവിങ്കൽ ഏറെ ആദരിക്കപ്പെടുന്നവരാണ് ഉമ്മമാർ. സമൂഹത്തിൽ ഓരോർത്തരും ആരെക്കാളും ഏറെ ബന്ധപ്പെട്ടിരിക്കുന്നത് ഉമ്മയോടാണല്ലൊ. മനുഷ്യൻ ഗർഭത്തിൽ രൂപപ്പെടുന്നത് മുതൽ പ്രസവിച്ചു മരിക്കുന്നത് വരെ മാതാവ് അവനിക്കായി ചെയ്യുന്ന മുലയൂട്ടലടക്കമുള്ള പരിപാലന സേവനങ്ങൾ ജീവിതത്തിൽ മറ്റൊരാൾക്കും നൽകാനാവാത്തതാണ്. അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരാൾ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ അടുക്കൽ ചെന്ന് ചോദിച്ചു: ജനങ്ങളിൽ വെച്ച് ആരോടാണ് ഞാൻ കൂടുതൽ കടപ്പെട്ടിരിക്കുന്നത് ? നബി (സ്വ) പറഞ്ഞു: നിന്റെ ഉമ്മയോട് . വീണ്ടും ചോദിച്ചു: പിന്നെ ആരോട് ? നബി (സ്വ) പറഞ്ഞു: നിന്റെ ഉമ്മയോട്. വീണ്ടും ചോദിച്ചു: പിന്നെ ആരോട് ? നബി (സ്വ) ആവർത്തിച്ചു: നിന്റെ ഉമ്മയോട്. നാലാമതും ആരെന്ന് ചോദിച്ചപ്പോഴാണ് നിന്റെ ഉപ്പയോടെന്ന് നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം). മാതൃത്വത്തിന്റെ മഹിമകളാണ് പ്രസ്തുത ഹദീസിലൂടെ വ്യക്തമാവുന്നത്. ഉമ്മയെന്നാൽ കേവല വ്യക്തിത്വം മാത്രമല്ല, സമൂഹത്തെ പരിരക്ഷിക്കുന്ന ആർദ്രതയുടെ സ്വരൂപം കൂടിയാണ്. സമൂഹനിർമിതി അവിഭാജ്യ ഘടകവും.