യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 29/03/2019
വിഷയം: സൂറത്തുന്നജ്മിലെ വിചിന്തനങ്ങൾ
ഓരോ ഖുർആനികാധ്യായവും ഓരോ ചിന്തകളും പാഠങ്ങളും പഠനങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. അത്തരത്തിൽ ചിന്തിക്കാനും പഠിക്കാനും പാഠമുൾക്കൊള്ളാനുമുള്ള സവിശേഷ അധ്യായമാണ് സൂറത്തുന്നജ്മ്. പ്രവാചകർ മുഹമ്മദ് നബി (സ്വ) മക്കത്തു വെച്ചു പരസ്യമാക്കിയ ആദ്യ സൂറത്താണിത്. നജ്‌മെന്നാൽ നക്ഷത്രമെന്നർത്ഥം. സൂറത്ത് തുടങ്ങുന്നത് തന്നെ നക്ഷത്രത്തൊട്ട് സത്യം ചെയ്തുകൊണ്ടാണ്. പ്രകൃതിപ്രതിഭാസങ്ങളിൽ വെച്ച് വഴികാട്ടിയായി അറിയപ്പെടുന്ന നക്ഷത്രം നോക്കിയായിരുന്നല്ലൊ രാത്രിയുടെ യാമങ്ങളിൽ കടലിൽ നിന്നും മരുഭൂവിൽ നിന്നും ദിക്കു നിജപ്പെടുത്തിയിരുന്നത്. അല്ലാഹു സത്യം ചെയ്ത് സമർത്ഥിക്കുന്നത് തിരു ദൂതർ നബി (സ്വ) വഴിതെറ്റുകയോ ദുർമാർഗിയാവുകയോ ചെയ്തിട്ടില്ലെന്നും ദിവ്യസന്ദേശമായി കിട്ടുന്ന വഹ്‌യല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ലെന്നുമാണ്. നക്ഷത്രം പോലെ വഴിതെറ്റിക്കാതെ യഥാർത്ഥ ലക്ഷ്യത്തിലേക്കെത്തിക്കുന്ന മാർഗദർശകനാണ് മുഹമ്മദ് നബി (സ്വ)യെന്ന് സാരം.
സൂറത്തുന്നജ്മ് നബി (സ്വ)യുടെ മിഹ്‌റാജെന്ന ആകാശാരോഹണത്തിന്റെ ചരിത്രവും കാഴ്ചകളും മറ്റു ദൈവ ദൃഷ്ടാന്തങ്ങളും പങ്കുവെക്കുന്നുണ്ട്. ആ പ്രയാണത്തിലാണ് നബി (സ്വ) മാലാഖ ജിബ് രീലി (അ)നെ തനി രൂപത്തിൽ കണ്ടത്. 'സിദ്‌റത്തുൽ മുൻതഹാക്കു സമീപം അവിടന്ന് ജിബ് രീലിനെ ദർശിച്ചിട്ടുണ്ട്. അതിന്റെ ചാരത്താണ് നിവാസത്തിനുള്ള സ്വർഗം' (സൂറത്തുന്നജ്മ് 13,14,15). സിദ്‌റത്തുൽ മുൻതഹാ വിശേഷപ്പെട്ട സ്വർഗവൃക്ഷമാണ്. അതിലെ ഓരോ ഇലയും ആന ചെവികണക്കെയാണെന്നും ഓരോ പഴവും വമ്പൻ ഭരണി പോലെയാണെന്നും അല്ലാഹുവിൽ നിന്നുള്ള പ്രത്യേക ആവരണത്താൽ രൂപം മാറ്റം വരുത്തുന്ന ആ മരത്തിന്റെ ഭംഗി വർണനാതീതമാണെന്നും നബി (സ്വ) വിശേഷിപ്പിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം, അഹ്മദ് 12841). 'ആ ഇലന്തമരത്തെ ഗൗരവതരമായൊരു ദൈവിക കാര്യം ആവരണം ചെയ്തപ്പോൾ നബിയുടെ ദൃഷ്ടി വ്യതിചലിക്കുകയോ പരിധവിട്ടുപോവുകയോ ചെയ്തിട്ടചഷ്ട' (സൂറത്തുന്നജ്മ് 16, 17).
ആകാശയാത്രയിൽ പൂർവ്വ പ്രവാചകന്മാരെയും കണ്ടു. മനുഷ്യ പിതാവ് ആദം നബി (അ), യഹ് യാ നബി (അ), ഈസാ നബി (അ), യൂസുഫ് നബി (അ), ഇദ്‌രീസ് നബി (അ), ഹാറൂൻ നബി (അ), മൂസാ നബി (അ), പ്രവാചകന്മാരുടെ പിതാവെന്നറിയപ്പെടുന്ന, നമ്മുടെ മുത്തുനബി (സ്വ)യോട് രൂപത്തിൽ ഏറെ സാദൃശ്യമുള്ള ഇബ്രാഹിം നബി (അ) എന്നിവരാണവർ. അവർ നബി (സ്വ)യെ സ്വീകരിച്ചാനയിക്കുകയാണ് ചെയ്തത്. ബൈത്തുൽ മഅ്മൂറും കണ്ടു. അതേപ്പറ്റി ജീബ്‌രീലി (അ)നോട് ചോദിച്ചപ്പോൾ പറഞ്ഞുക്കൊടുത്തു: “ഇത് ബൈത്തുൽ മഅ്മൂറാണ്. ഇതിൽ എല്ലാ ദിവസവും എഴുപതിനായിരം മലക്കുകൾ നമസ്‌ക്കരിക്കും. അവരതിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നീടൊരിക്കലും പ്രവേശിക്കുകയില്ല” (ഹദീസ് ബുഖാരി, മുസ്ലിം). സ്വർഗവിശേഷങ്ങളും സ്വർഗീയ സംവിധാനങ്ങളും വിവരിക്കുന്ന പ്രവാചകർ മുഹമ്മദ് (സ്വ) ആ സ്വർഗത്തിലെത്തിച്ചേരാനുള്ള സുകൃതവഴികളും കാണിച്ചുത്തന്നിട്ടുണ്ട്. നബി (സ്വ) പറയുന്നു: ഞാൻ സ്വർഗത്തിൽ പ്രവേശിച്ചിട്ടുണ്ട്. അവിടെ മുത്തുകളാൽ കോർക്കപ്പെട്ട മാലകളും ആഭരണങ്ങളുമുണ്ട്. അതിലെ മണ്ണ് കസ്തൂരിയാണ് (ഹദീസ് ബുഖാരി, മുസ്ലിം). മറ്റനേകം സ്വർഗക്കാഴ്ചകളും നബി (സ്വ) മിഹ്‌റാജ് രാവിൽ കണ്ടിട്ടുണ്ട്. 'തന്റെ നാഥന്റെ അതിമഹത്തായ ചില ദൃഷ്ടാന്തങ്ങൾ അവിടന്ന് കാണുകയുണ്ടായി' (സൂറത്തുന്നജ്മ് 18). യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ നബി (സ്വ) അനുചരന്മാരോട് ഇസ്‌റാഅ്, മിഹ്‌റാജ് യാത്രകളിലെ അത്ഭുത വിശേഷങ്ങൾ പറഞ്ഞുകൊടുക്കുകയുണ്ടായി. ഏവരും ഏറെ ആശ്ചര്യപ്പെട്ട ആ സന്ദർഭത്തിൽ അബൂബക്കറാ (റ)ണ് ആദ്യമായി അക്കാര്യങ്ങളൊക്കെ വിശ്വസിച്ചത്. അതുകൊണ്ടു തന്നെയാണ് മഹാനവർകൾ 'അൽ സിദ്ധീഖ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്.
ഹൃദയത്തിൽ സത്യവിശ്വാസം ഊട്ടിയുറപ്പിക്കും വിധം ദൈവനീതി വ്യക്തമാക്കുന്നുണ്ട് അല്ലാഹു സൂറത്തുന്നജ്മിലൂടെ: 'ഭുവന വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റേതാകുന്നു. തിന്മ ചെയ്തവർക്ക് അവരുടെ കർമ്മങ്ങൾക്കനുസരിച്ചും നന്മയനുവർത്തിക്കുന്നവർക്ക് അവരുടെ സൽപ്രവൃത്തികളനുസരിച്ചും പ്രതിഫലം നൽകാൻ വേണ്ടി' (സൂറത്തുന്നജ്മ് 31). വൻപാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക്് ദൈവകൃപയാൽ പാപമോക്ഷമുണ്ടെന്ന് സൂറത്തിലെ 32ാം സൂക്തം വ്യക്തമാക്കുന്നുണ്ട്. സൂറത്തുന്നജ്മ് ഇബ്രാഹിം നബി (അ)യുടെയും മൂസാ നബി (അ)യുടെയും ഏടുകളിൽ പറയപ്പെട്ട ചില യുക്തിജ്ഞാനങ്ങളും മൂല്യങ്ങളും പറഞ്ഞുതരുന്നുണ്ട്. 'മൂസാ നബിയുടെയും ബാധ്യതകൾ പൂർത്തീകരിച്ച ഇബ്രാഹിം നബി (അ)യുടെയും ഗ്രന്ഥത്തിലുള്ളത് സംബന്ധിച്ച് അവന്ന് അറിവ് ലഭിച്ചിട്ടില്ലേ?' (സൂറത്തുന്നജ്മ് 36,37). പ്രധാനമായും മൂന്ന് പഴയ നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത് : ഒന്ന് പാപം പേറുന്ന ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കുകയില്ല. ഓരോർത്തരും അവനവന്റെ ചെയ്തികൾക്ക് ഉത്തരവാദിയായിരിക്കും. മറ്റവന്റെ തെറ്റിന്റെ കറയും ഭാരവും പേറേണ്ടതില്ല. രണ്ട് താൻ അനുവർത്തിച്ചതേ മനുഷ്യനുണ്ടാകൂ. അതായത് ഒരാൾക്ക് അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കാൻ ഒന്നുങ്കിൽ സ്വന്തമായി നന്മ ചെയ്യണം, അല്ലെങ്കിൽ നന്മക്ക് നിദാനമായി വർത്തിക്കണം അതുമല്ലെങ്കിൽ നിത്യമായി നിലനിൽക്കുന്ന ധർമ്മമായ ജാരിയായ സ്വദഖയായിരിക്കണം. മൂന്ന് അവന്റെ കർമരേഖ അവന്ന് സമർപ്പിപ്പെടുകയും പൂർണപ്രതിഫലം നൽകപ്പെടുകയും ചെയ്യും.
അല്ലാഹുവിനെ ആരാധിക്കാനും അവന് സുജൂദ് (സാഷ്ടാംഗം) ചെയ്യാനും കൽപ്പിച്ചുകൊണ്ടാണ് സൂറത്ത് ഉപസംഹരിക്കുന്നത്. ആ ഭാഗം പാരായണം ചെയ്യുമ്പോൾ സുജൂദുതിലാവത്ത് (ഓത്തിന്റെ സുജൂദ്) സുന്നത്താണ്. സുജൂദിലാണല്ലൊ അടിമ അല്ലാഹുവിനോട് കൂടുതൽ അടുക്കുന്നതും നേരിട്ട് സംവദിക്കുന്നതും. വിശ്വാസിയുടെ സുജൂദിലെ വിളിക്ക് നാഥൻ ഉത്തരം നൽകുമത്രെ. നമസ്‌ക്കാരത്തിലെ സുപ്രധാന ഘടകം കൂടിയാണ് സുജൂദ്. ദൈവഭക്തിയും ഭയവും സാക്ഷാൽക്കരിക്കുന്ന ഈ ആരാധനാ ഭാഗം സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും ഇടയിലുള്ള ബന്ധമാണ് രൂഢമുലമാക്കുന്നത്. മിഹ്‌റാജ് യാത്രയിലാണ് അല്ലാഹു നമസ്‌ക്കാരങ്ങൾ നിർബന്ധമാക്കുന്നത്. അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി (സ്വ) മിഹ്‌റാജ് സംഭവം വിവരിച്ചുകൊണ്ട് പറയുന്നു: നബി (സ്വ)യുടെ സമുദായത്തിന് രാത്രിയും പകലുമായി അമ്പത് നമസ്‌ക്കാരങ്ങൾ നിയമമാക്കിയാണ് ദിവ്യബോധനം നൽകിയത്. അപ്പോൾ നബി (സ്വ) പറഞ്ഞു: എന്റെ നാഥാ, എന്റെ സമുദായം ബലഹീനരാണ്. അവരുടെ ശരീരവും ഹൃദയവും കണ്ണും കാതും തടിയുമെല്ലാം ബലഹീനമാണ്. നമസ്‌ക്കാരത്തിന്റെ കാര്യത്തിൽ നീയവർക്ക് ലഘൂകരിച്ചു നൽകണം. അങ്ങനെ അല്ലാഹു നബി (സ്വ)യുടെ അഭ്യർത്ഥന മാനിച്ചുക്കൊണ്ട് അഞ്ചു നമസ്‌ക്കാരങ്ങളാക്കി ചുരുക്കി നൽകി. നിർവ്വഹണത്തിൽ അഞ്ചെണ്ണമാണെങ്കിലും പ്രതിഫലലബ്ധിയിൽ അമ്പതിരട്ടി തന്നെയാണ്. അല്ലാഹുവിന്റെ വാക്ക് മാറ്റപ്പെടുകയില്ലത്രെ (ഹദീസ് ബുഖാരി, മുസ്ലിം).