യാ ദൽ ജലാലി വൽ ഇക്‌റാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 
മൻസൂർ ഹുദവി കളനാട്

തീയ്യതി: 05/04/2019
വിഷയം: അല്ലാഹു മഹോന്നതൻ, അത്യുദാരൻ

അല്ലാഹുവിന്റെ വിശേഷ നാമങ്ങളായ അസമാഉൽ ഹുസനയിൽപ്പെട്ടതാണ് 'ദുൽ ജലാലി വൽ ഇക്‌റാം' എന്ന നാമം. മഹോന്നതിയും അത്യുദാരതയും ഉടയവനെന്നർത്ഥം. പരിശുദ്ധ ഖുർആനിലെ സൂറത്തു റഹ്മാനിൽ  ഈ നാമം പരാമർശിക്കപ്പെടുന്നുണ്ട്: താങ്കളുടെ മഹോന്നതനും അത്യുദാരനുമായ നാഥന്റെ  അഭിധാനം അനുഗ്രഹപൂർണമത്രേ (സൂക്തം 78). ഭൂതലത്തിലുള്ള സർവ്വരും നശിച്ചു പോകുന്നതും താങ്കളുടെ മഹോന്നതനും അത്യുദാരനുമായ രക്ഷിതാവ് മാത്രം അവശേഷിക്കുന്നതുമാണ് (സൂക്തം 27). ഈ നാമമുച്ചരിച്ച് പ്രാർത്ഥിക്കുന്നവന് അല്ലാഹു ഉത്തരം നൽകുമത്രെ. അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ നബി (സ്വ)യുടെ സമീപത്ത് ഇരിക്കുകയായിരുന്നു. അടുത്ത് തന്നെ ഒരാൾ നമസ്‌ക്കരിക്കുന്നുണ്ട്. ഒടുവിൽ അയാൾ യാ ദൽ ജലാലി വൽഇക്‌റാം ഉൾക്കൊള്ളുന്ന അസ്മാഉൽ ഹുസ്‌നാ പറഞ്ഞ് പ്രാർത്ഥിക്കുകയുണ്ടായി. അപ്പോൾ നബി (സ്വ) പറഞ്ഞു: അല്ലാഹുവാണേ സത്യം, അല്ലാഹുവിന്റെ മഹത്തായ നാമങ്ങങ്ങളുച്ചരിച്ചാണ് അയാൾ പ്രാർത്ഥിച്ചിരിക്കുന്നത്. ആ നാമങ്ങൾ വിളിച്ച് പ്രാർത്ഥിച്ചനും ചോദിച്ചവനും ഉത്തരം സുനിശ്ചിതമാണ് (ഹദീസ് അബൂദാവൂദ് 1493, തുർമുദി 3475, ഇബ്‌നുമാജ 3858). ദുൽ ജലാലി വൽ ഇക്‌റാം എന്ന വിശേഷ ദൈവനാമത്തോടെ പ്രാർത്ഥനകൾ അധികരിപ്പിക്കണമെന്ന് നബി (സ്വ) പ്രേരണയേകുന്നുണ്ട് (ഹദീസ് തുർമുദി 3525, അഹ്മദ് 17596). മാത്രമല്ല,  നമസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ഈ നാമത്തിൽ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു (ഹദീസ് 592). പ്രസ്തുത ഇസ്മിന്റെ പ്രധാന ഭാഗമാണ് ഇക്‌റാം. ഉദാരവും ബഹുമാന്യവുമായ 'കറം' എന്ന വാക്കിൽ നിന്ന് നിഷ്പന്നമായതാണ് ഇക്‌റാം. ബഹുമാനിക്കൽ, ആദരിക്കൽ, ഔദാര്യം ചെയ്യൽ എന്നൊക്കെ അർത്ഥമാക്കുന്നു.

അല്ലാഹുവിൽ ബഹുമാനം കിട്ടിയവരാണ് മലക്കുകൾ. ഖുർആൻ അവരെ ബഹുന്ദ്യ ദാസന്മാർ (സൂറത്തുൽ അമ്പിയാഅ് 26), ബഹുമാന്യ പുണ്യവാന്മാർ (സൂറത്തു അബസ 16) എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ആദരവ് വിശുദ്ധ ഖുർആനിനും ലഭിച്ചിട്ടുണ്ട്. സമാദരണീയ ഗ്രന്ഥമെന്നാണ് ഖുർആനിനെപ്പറ്റി പരാമർശിച്ചിരിക്കുന്നത് (സൂറത്തുൽ വാഖിഅ 77, സൂറത്തു അബസ 13). അല്ലാഹുവിൽ നിന്നുള്ള അതിയായ ബഹുമാനം നേടി ശ്രേഷ്ഠരായവരാണ് നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ). 'ഈ ഖുർആൻ സമാദരണീയനായ ഒരു ദൂതൻ പാരായണം ചെയ്യുന്ന വചനങ്ങളാണ്'(സൂറത്തുൽ ഹാഖ 40). ഇസ്‌റാഅ്, മിഹ്‌റാജ് പ്രയാണത്തിൽ നബി (സ്വ)യുടെ വാഹനമായിരുന്ന ബുറാഖിനോട് ജിബ്‌രീൽ (അ) പറഞ്ഞത് അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയരായ മുഹമ്മദ് നബി (സ്വ)യാണ് നിന്നിൽ കയറി ഇരുന്നത് (ഹദീസ് തുർമുദി 3131). പ്രഗത്ഭ ഖുർആൻ പണ്ഡിതൻ അബ്ദുല്ലാ ബ്‌നു അബ്ബാസ് (റ) പറയുന്നു: മുഹമ്മദ് നബി (സ്വ)യെക്കാൾ ബഹുമാന്യമായ ഒരു സൃഷ്ടിയെയും അല്ലാഹു പടച്ചിട്ടില്ല (മുസ്‌നദുൽ ഹാരിശ് 934). അല്ലാഹുവിന്റെ സൃഷ്ടികളിൽ മനുഷ്യരെ ആദരിച്ച് ശ്രേഷ്ഠരാക്കിയിട്ടുണ്ട്: നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളിൽ നിന്ന് അവർക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെക്കാൾ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു (സൂറത്തുൽ ഇസ്‌റാഅ് 70). മനുഷ്യരിൽ നിന്ന് അല്ലാഹുവിനോട് ഭയവും ഭക്തിയുമുള്ളവരാണ് കൂടുതൽ ആദരണീയർ. ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ആരാണ് കൂടുതൽ ആദരിക്കപ്പെടുന്നവർ എന്നു ചോദിച്ചപ്പോൾ അല്ലാഹുവിങ്കൽ ഏറ്റവുമധികം തഖ്‌വയുള്ളരെന്നാണ് മറുപടി നൽകിയത് (ഹദീസ് ബുഖാരി 4689). തഖ്‌വയുള്ളവനെ ഇഹലോകത്ത് ഭക്ഷ്യവിശാലതയും ദീർഘായുസ്സും നൽകിക്കൊണ്ടും, പരലോകത്ത് വണ്ണമായ പ്രതിഫലങ്ങളും പ്രായശ്ചിത്തവും നൽകിക്കൊണ്ടും ആദരിക്കുമെന്ന് സാരം.

നല്ലരീതിയിൽ അംഗശുദ്ധി വരുത്തി പള്ളിയിൽ നമസ്‌ക്കാരങ്ങൾ നിലനിർത്തുന്നവർക്കും അല്ലാഹുവിൽ നിന്ന് പ്രത്യേക ആദരം നൽകപ്പെടുന്നതാണെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു (ഹദീസ് ത്വബ്‌റാനി 6139). ഖുർആൻ പാരായണം ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ദൈവാദരവ് ലഭിക്കുന്നതാണ്. നാഥന്റെ നാമത്തിൽ വായിക്കുവാൻ ആജ്ഞാപിക്കുന്ന സൂറത്തുൽ അലഖ് തൂലിക കൊണ്ട് അഭ്യസിപ്പിച്ച നാഥൻ അത്യുദാരനെന്നും പ്രഖ്യാപിക്കുന്നുണ്ട്. പ്രാർത്ഥനയാണ് അല്ലാഹുവിന്റെയടുക്കൽ ആദരവായ ആരാധനാ കർമ്മമെന്നും ഹദീസുണ്ട് (തുർമുദി 3370, ഇബ്‌നുമാജ 3829). അല്ലാഹുവിന്റെ വിശേഷണമായ ആദരിക്കലെന്ന ഗുണം അടിമകൾക്കും ഉണ്ടാവാൻ അവൻ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലൊ മാതാപിതാക്കളെയും മുതിർന്നവരെയും സമൂഹത്തിലെ മാന്യരെയും ബഹുമാനിക്കാൻ ഇസ്ലാം നിഷ്‌കർശിക്കുന്നത്. മുതിർന്നവരെയും ഖുർആൻ പണ്ഡിതരെയും നീതിമാനായ ഭരണാധികാരിയെയും ബഹുമാനിക്കൽ അല്ലാഹുവിനെ ബഹുമാനിക്കും പ്രകാരമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4843). സത്യവിശ്വാസികൾ അയൽവാസികളെയും അതിഥികളെയും ബഹുമാനിക്കണമെന്നാണല്ലൊ നബി കൽപന (ഹദീസ് ബുഖാരി, മുസ്ലിം). പ്രവാചകാനുചരന്മാർ അതിഥികളെയും സദസ്യരെയും ബഹുമാനിച്ചതായി ചരിത്രത്തിൽ കാണാം. തനിക്ക് ഏറ്റവും ആദവുള്ളത് സദസ്സിൽ കൂടെയിരിക്കുന്നവരോടെന്നാണ് അബ്ദുല്ലാ ബ്‌നു അബ്ബാസ് (റ) പറഞ്ഞത്. സദസ്സിലേക്ക് ഒരാൾ വന്നാൽ അയാൾക്ക് ഇരിക്കാൻ സൗകര്യമാവും വിധം വിശാലത ചെയ്ത് കൊടുക്കലാണ് അയാളോട് ചെയ്യുന്ന ആദരവെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.

അനുസരണക്കാരായ സത്യവിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള ആദരം അനുഗ്രഹപൂർണമായ സ്വർഗമാണ്. 'സ്വർഗത്തിൽ അവർക്ക് സുജ്ഞാതമായ ഉപജീവനമുണ്ട്. വിവിധ പഴവർഗങ്ങൾ. സുഖാനുഗ്രഹത്തിന്റെ ഉദ്യാനങ്ങളിൽ സമാദരണീയരായി കട്ടിലുകളിൽ കഴിയുകയും ഒഴുകുന്ന മദ്യം നിറച്ച കോപ്പുകളുമായി ചുറ്റപ്പെടുകയും ചെയ്യും അവർ' (സൂറത്തു സ്സ്വാഫാത്ത് 41, 42, 43, 44, 45).

back to top