യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 12/04/2019
വിഷയം: അല്ലാഹു ഏറെ പൊറുക്കുന്നവനാണ്
പാപിയായ മനുഷ്യൻ പാപഭാരത്താൽ സ്വയം നാശം പ്രഖ്യാപിക്കേണ്ടവനല്ല. കാരുണ്യവാനായ സ്രഷ്ടാവ് അല്ലാഹു കൂടുതലായും പൊറുത്തു വിടുതി നൽകുന്നവനും മാപ്പാക്കുന്നവനുമാണ്. അവന്റെ കരുണക്കടാക്ഷം തനിക്ക് കിട്ടില്ലെന്ന ഭാവത്തിൽ നിരാശരാവാൻ പാടുള്ളതല്ല. 'സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഭഗ്നാശരാകരുത്. അവൻ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ തീർച്ച' ( വിശുദ്ധ ഖുർആൻ, സൂറത്തു സുമർ 53). കടലിലെ നുരപോലെ ആധിക്യവും നൈരന്ത്യരവുമുള്ളതാണെങ്കിൽ പോലും അല്ലാഹു തെറ്റുകുറ്റങ്ങൾക്ക് പ്രായശ്ചിത്തം നൽകുന്നവനാണ്. രാത്രിയിലെയും പകലിലെയും മുഴുവൻ ദോഷങ്ങളും അല്ലാഹു പൊറുക്കുന്നവനാണെന്നും അവനോട് പാപമോചനം തേടണമെന്നും ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നുണ്ട് (ഹദീസ് മുസ്ലിം 2577). 'താങ്കളുടെ നാഥൻ വിശാലമായി പാപം പൊറുക്കുന്നവനത്രെ' (സൂറത്തുന്നജ്മ് 32).
അല്ലാഹുവിൽ നിന്നുള്ള പാപമുക്തിക്ക് ആദാനപ്രധാനമായി വേണ്ടത് കളങ്കമില്ലാത്ത സത്യവിശ്വാസമാണ്. 'നാഥങ്കൽ നിന്നുള്ള മാപ്പിലേക്കും ആകാശഭൂമിയുടെ വ്യാപ്തിക്കുതുല്യം വിശാലമായ സ്വർഗത്തിലേക്കും നിങ്ങൾ മത്സരിച്ചു ദ്രുതഗതിയിൽ വരിക. അത് സജ്ജീകൃതമായിരിക്കുന്നത് അല്ലാഹുവിലും ദൂതന്മാരിലും വിശ്വസിച്ചവർക്കാണ്' (സൂറത്തുൽ ഹദീദ് 21). താൻ തെറ്റു ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്ന സത്യവിശ്വാസിയോട് അന്ത്യനാളിൽ അല്ലാഹു പറയുമത്രെ: “നിശ്ചയം നീ ചെയ്ത ദോഷങ്ങൾ ഞാൻ ഐഹിക ലോകത്ത് മറച്ചുവെച്ചിരിക്കുകയാണ്. ഇന്ന് ഞാനവ നിനക്ക് പൊറുത്തുതരുന്നതാണ്”. ശേഷം നന്മകളുടെ ഏടുകൾ അവനിക്ക് നൽകപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം).
സൽകൃത്യങ്ങൾ ചെയ്താലും ഗതകാല ദോഷങ്ങൾക്ക് പാപമുക്തി സാധ്യമാവും. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈവരിക്കുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവരാരോ, അവരുടെ പാപങ്ങൾ നാം പൊറുക്കുക തന്നെ ചെയ്യുന്നതും ഉദാത്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം തീർച്ചയായും അവർക്ക് നൽകുന്നതുമാകുന്നു (സൂറത്തു അൻകബൂത് 7). സത്യവിശ്വാസത്തിലധിഷ്ഠിതമായ നന്മകൾ ചെയ്യുന്നവർക്ക് പ്രായശ്ചിത്തവും വണ്ണമായ പ്രതിഫലങ്ങളും ദൈവ വാഗ്ദാനമാണ്. പൂർണരീതിയിൽ വുളൂഅ് ചെയ്ത് നമസ്‌ക്കാരങ്ങൾ നിലനിർത്തുന്നവരുടെ പാപങ്ങൾ അല്ലാഹു മായ്ച്ചുകളയുന്നതും സ്ഥാനങ്ങൾ ഉയർത്തുന്നതുമായിരിക്കും. അപ്രകാരം അംഗശുദ്ധി വരുത്തി നമസ്‌ക്കരിക്കുന്നവന് ആ നമസ്‌ക്കാരത്തിനും അടുത്ത നമസ്‌ക്കാരത്തിനുമിടയിൽ സകല ദോഷങ്ങളും മാപ്പാക്കിക്കൊടുക്കുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് മുസ്ലിം 227). ഒരാൾ നമസ്‌ക്കാരസ്ഥലത്ത് ഇരിക്കുന്ന സമയത്തോളം മലക്കുകൾ അയാളുടെ മഖ്ഫിറത്തിനായി പ്രാർത്ഥിക്കുമെന്നും ഹദീസുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). പൂർണരീതിയിലുള്ള അംഗശുദ്ധിയോടെ പൂർണമായ സുന്നത്തുകളോടെ ജുമുഅ നമസ്‌ക്കാരം നിർവ്വഹിച്ചാലും അടുത്ത ജുമുഅക്കിടയിലുള്ള മുഴുവൻ ദോഷങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും (ഹദീസ് മുസ്ലിം 857, ഇബ്‌നുമാജ 1090).
നന്മയുടെ മാർഗത്തിലുള്ള ദാനധർമ്മങ്ങളും പാപമോചനം ലഭ്യമാവാനും പ്രതിഫലം ഇരട്ടിക്കാനും കാരണമാവുമെന്ന് സൂറത്തുത്തഖാബുൻ 17ാം സൂക്തം വ്യക്തമാക്കുന്നുണ്ട്. വാക്കിലും പ്രവർത്തിയിലും ഇടപാടുകളിലും മറ്റുള്ളവരോട് നന്മയിൽ വർത്തിക്കുന്നവർക്കും ദൈവപ്രായശ്ചിത്തം സുസാധ്യമാണ്. വിധിന്യായത്തിലും വാണിജ്യ സമ്പർക്കങ്ങളിലും മാന്യമായി പെരുമാറുന്നവർക്ക് പാപമോചനമുണ്ടെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 1320). ദിക്‌റുകൾ ചൊല്ലിയാലും എത്ര അധികമുള്ള പാപങ്ങളും പൊറുത്തു മാപ്പാക്കപ്പെടുന്നതായിരിക്കും. പ്രത്യേക ദിക്‌റുകൾ നബി (സ്വ) പഠിപ്പിച്ചിട്ടുമുണ്ട്. പാപമോചനം തേടിക്കൊണ്ടുള്ള പ്രാർത്ഥനയും വേണം. സ്വന്തത്തിനും സ്വന്തം മാതാപിതാക്കൾക്കും പെറുക്കലിനെ തേടി പ്രാർത്ഥിക്കൽ പ്രവാചകന്മാരുടെ ശീലമായിരുന്നു. ഇബ്രാഹിം നബി (അ) അത്തരത്തിൽ പ്രാർത്ഥിച്ചതായി കാണാം (സൂറത്തു ഇബ്രാഹിം 41). സന്താനങ്ങളുടെ ഇസ്തിഖ്ഫാർ പ്രാർത്ഥന കാരണം മാതാപിതാക്കളുടെ സ്വർഗസ്ഥാനം ഉയരുമെന്നും ഹദീസിലൂടെ വിശദീകരിക്കപ്പെട്ടിട്ടുണ്ട് (ഹദീസ് ഇബ്‌നുമാജ 3660, അഹ്മദ് 10890).
സൽക്കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണ് ശഅ്ബാൻ. ഈ മാസത്തിൽ നോമ്പുകാരനായിക്കൊണ്ട് തങ്ങളുടെ സൽപ്രവർത്തനങ്ങൾ അല്ലാഹുവിലേക്കെത്താൻ ആഗ്രഹമുണ്ടെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 5212, തുർമുദി 2727). ശഅ്ബാൻ 15ാം രാവ് ഏറെ പവിത്രമാണ്. സകല സൃഷ്ടികൾക്കും പാപമോചനം പ്രത്യേകമായി നൽകപ്പെടുന്ന രാവാണത്. നബി (സ്വ) പറയുന്നു: ശഅ്ബാൻ മാസത്തിലെ പകുതിയുടെ രാത്രിയിൽ അല്ലാഹു സൃഷ്ടികളുടെയടുക്കൽ വരും. സകലർക്കും പൊറുത്തുകൊടുക്കും. അല്ലാഹുവിനോട് പങ്കാളിയാക്കുന്നവന്നും തർക്കിക്കുന്നവന്നുമൊഴികെ (ഹദീസ് ഇബ്‌നു മാജ1390). സൃഷ്ടികൾക്കിടയിലുള്ള തർക്കവും പിണക്കവും അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിന് തടയിടുമെന്നർത്ഥം. രണ്ടു സത്യവിശ്വാസികൾ തമ്മിൽ കണ്ടുമുട്ടി ഹസ്തദാനം നടത്തിയാൽ ആ കൂടിപിരിയലിനു മുമ്പായി അവരുടെ ദോഷങ്ങൾ പൊറുക്കപ്പെടുമെന്നും നബി വചനമുണ്ടല്ലൊ (ഹദീസ് അബൂദാവൂദ് 5212, തുർമുദി 2727, ഇബ്‌നുമാജ 3703). നാഥൻ നമ്മുക്ക് പൊറുത്തു തരട്ടെ. ആമീൻ.