യുഎഇ ജുമുഅ ഖുത്ബ നമസ്‌ക്കാരം
മൻസൂർ ഹുദവി കളനാട്
തീയ്യതി: 19.04.2019
വിഷയം: സുബ്ഹ് നമസ്‌ക്കാരം
ഇസ്ലാമിക കർമ്മാരാധനകളിൽ പ്രധാനമാണല്ലൊ ദിനേനയായുള്ള അഞ്ചുനേര നിർബന്ധ നമസ്‌ക്കാരങ്ങൾ. അവയിൽ സുപ്രധാനമാണ് സുബ്ഹ് നമസ്‌ക്കാരം. അതാണ് പരിശുദ്ധ ഖുർആനിലെ സൂറത്തുൽ ഇസ്‌റാഅ് 78ാം സൂക്തം വിവരിക്കുന്നത് : “സൂര്യൻ ആകാശമദ്ധ്യത്തിൽ നിന്ന് തെന്നിമാറുന്നതു മുതൽ രാത്രി ഇരുൾ മുറ്റുന്നതുവരെ നിർണിത വേളകളിൽ താങ്കൾ നമസ്‌ക്കാരം മുറപോലെയനുഷ്ഠിക്കണം. ഖുർആനോതിയുള്ള പുലർകാല നമസ്‌ക്കാരത്തിലും നിഷ്ഠ പുലർത്തുക. പ്രഭാതനമസ്‌ക്കാരത്തിലെ ഖുർആൻ പാരായണം മാലാഖമാരാൽ സാക്ഷ്യം വഹിക്കപ്പെടും തീർച്ച”.
പുലരിയെന്നർത്ഥമാക്കിക്കൊണ്ടുള്ള ഫജ്‌റിന്റെ പേരിൽ ഖുർആനികാധ്യായമുണ്ട്. പ്രസ്തുത സൂറത്ത് തുടങ്ങുന്നത് തന്നെ പുലർകാലം കൊണ്ട് സത്യം ചെയ്ത് കൊണ്ടാണ്. സൂറത്തുൽ തക്‌വീർ 18ാം സൂക്തത്തിലും സൂറത്തുൽ മുദ്ദശ്ശിർ 34ാം സൂക്തത്തിലും പുലർകാലത്തെ തൊട്ട് സത്യം ചെയ്ത് പറയുന്നുണ്ട്. പുലരിയുടെയും ആ സമയത്തെ നമസ്‌ക്കാരത്തിന്റെയും മേന്മകളാണ് മേൽവിവരങ്ങൾ പ്രകടിപ്പിക്കുന്നത്. സുബ്ഹ് നമസ്‌ക്കാരത്തിനും അതിലെ ഖുർആൻ പാരായണത്തിനും തുടർന്നുള്ള ദിക്‌റുകൾക്കും മറ്റു സദ്പ്രവർത്തനങ്ങൾക്കും സംശുദ്ധരായ മലക്കുകൾ സാക്ഷികളായി നന്മകളുടെ പട്ടികയിൽ രേഖപ്പെടുത്തിവെക്കുമെന്ന് ചുരുക്കം.
നബി (സ്വ) പറയുന്നു: രാവിലെയും രാത്രിയുമായി മലക്കുകൾ ഇറങ്ങിവരും. സുബ്ഹ് നമസ്‌ക്കാരത്തിലും അസ്ർ നമസ്‌ക്കാരത്തിലുമാണ് അവർ ഒരുമിച്ചുകൂടുക. ശേഷം രാത്രിയിലെ മലക്കുകൾ ആകാശത്തേക്ക് മടങ്ങിപ്പോവും. അവരോട് അല്ലാഹു ചോദിക്കും ( അവനാണല്ലൊ അവരെപ്പറ്റി ഏറെ അറിയുന്നവൻ): നിങ്ങൾ വരുമ്പോൾ എന്റെ അടിമകൾ എങ്ങനെയായിരുന്നു? അപ്പോൾ അവർ പറയും: ഞങ്ങൾ അവരുടെ അടുക്കലേക്ക് പോവുമ്പോഴും അവിടന്ന് മടങ്ങി വരുമ്പോഴും അവർ നമസ്‌ക്കരിക്കുകയായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). സുബ്ഹ് നമസ്‌ക്കരിക്കുന്നവന് അല്ലാഹുവിങ്കൽ മലക്കുകളുടെ സൗഭാഗ്യ സുകൃതസാക്ഷ്യം കിട്ടി ധന്യരാവുമെന്ന് പ്രസ്തുത ഹദീസും സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു ഖുദ്‌സിയ്യായ ഹദീസിൽ അല്ലാഹു മലക്കുകളോട് തന്റെ അടിമകളുടെ ഗരിമ വർണിക്കുന്നത് കാണാം: നിങ്ങൾ എന്റെ അടിമയിലേക്ക് നോക്കുക, ഉറക്കിൽ നിന്നേഴുന്നേറ്റ ശേഷം എന്നിൽനിന്നുള്ള അനുഗ്രഹം പ്രതീക്ഷിച്ചും എന്റെ ശിക്ഷ ഭയന്നും നമസ്‌ക്കരിക്കുകയാണ് (ഹദീസ് അഹ്്മദ് 3949, ഇബ്‌നു ഹിബ്ബാൻ 6 297).
മനുഷ്യൻ ഒരു ദിനം തുടങ്ങുന്നത് സുബ്ഹ് നമസ്‌ക്കാരം കൊണ്ടാണല്ലൊ. ആ സമയത്തെ ഉറക്കം ത്യജിക്കേണ്ടത് സത്യവിശ്വാസിയുടെ ബാധ്യത കൂടിയാണ്. സുബ്ഹ് ബാങ്കിൽ 'നമസ്‌ക്കാരം ഉറക്കിനേക്കാൾ ശ്രേഷ്ഠ'മെന്ന വാക്യം പ്രതിധ്വനിപ്പിക്കുന്നതും ആ സത്യം തന്നെ. ഒരാൾ ഉറങ്ങിയാൽ പിശാച് അയാളുടെ തലഭാഗത്തായി മൂന്നു കെട്ടുകൾ കെട്ടുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട്. ഉറക്കിൽ നിന്നുണർന്ന് അല്ലാഹുവിനെ സ്മരിക്കുന്ന പക്ഷം ഒരു കെട്ട് അഴിയും. വുളൂഅ് ചെയ്താൽ രണ്ടാം കെട്ടും അഴിയും. നമസ്‌ക്കരിച്ചാൽ മൂന്നാം കെട്ടും അഴിഞ്ഞ് ആൾ ഉന്മേഷവാനും പ്രസന്നനുമാവുമെന്നും നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് ബുഖാരി, മുസ്ലിം). ഇശാ നമസ്‌ക്കാരത്തിന്റെയും സുബ്ഹി നമസ്‌ക്കാരത്തിന്റെയും ശ്രേഷ്ഠതകൾ അറിഞ്ഞിരുന്നുവെങ്കിൽ ഓരോർത്തരും ഇഴഞ്ഞു കൊണ്ടാണെങ്കിലും ആ നമസ്‌ക്കാരങ്ങൾക്കെത്തുമായിരുന്നെന്നും ഹദീസുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഒരാൾ ഇശാ ജമാഅത്തായി നമസ്‌ക്കരിച്ചാൽ ഒരു രാത്രിയുടെ പകുതി നമസ്‌ക്കരിച്ച പ്രകാരമാണ്. ഒരാൾ ഇശാഉം സുബ്ഹിയും ജമാഅത്തായി നമസ്‌ക്കരിച്ചാൽ ഒരു രാത്രി മുഴുക്കെയും നമസ്‌ക്കരിച്ച പോലെയാണ് (ഹദീസ് മുസ്ലിം 656, അഹ്്മദ് 491).
സുബ്ഹി നമസ്‌ക്കരിച്ചവന് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ പ്രത്യേക കാവലും പരിഗണനയും ഉണ്ടാവും വിധം അവൻ ദൈവ സംരക്ഷണത്തിലായിരിക്കുമെന്ന് നബി (സ്വ) മൊഴിഞ്ഞിട്ടുണ്ട് ( ഹദീസ് മുസ്ലിം 657). ഇരുട്ടത്ത് നടന്ന് പള്ളിയിലേക്ക് പോയി നമസ്‌ക്കരിക്കുന്നവന് അന്ത്യനാളിൽ അല്ലാഹു പ്രത്യേക പ്രകാശം നൽകി അനുഗ്രഹിക്കുന്നതായിരിക്കും (സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 2046). ഇശാ, സുബ്ഹ് നമസ്‌ക്കാരങ്ങളാണവ. മറ്റൊരു ഹദീസിലൂടെ നബി (സ്വ) പറയുന്നതായി കാണാം: സൂര്യൻ ഉദിക്കുന്നതിന് മുമ്പും അസ്തമിക്കുന്നതിന് മുമ്പും നമസ്‌ക്കരിക്കുന്നവൻ (അസ് ർ, സുബ്ഹ്) ഒരിക്കലും നരകത്തിൽ പ്രവേശിക്കുകയില്ല (ഹദീസ് മുസ്ലിം 634). സുബ്ഹ് നമസ്‌ക്കാരവും അസ്ർ നമസ്‌ക്കാരവും നിത്യേന കൃത്യമായി നിർവ്വഹിക്കുന്നവന് സ്വർഗം ഉറപ്പെന്നും ഹദീസുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഈ നമസ്‌ക്കാരങ്ങൾ നിലനിർത്തുന്നവന് അല്ലാഹുവിനെ ദർശിക്കുകയെന്ന മഹാസൗഭാഗ്യവും സിദ്ധിക്കുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം).
പുലർകാല സമയം പാവനമായ നേരമാണ്. പ്രഭാതം പിളർത്തുന്നവനെന്ന് അല്ലാഹു സ്വന്തത്തെ പുകഴ്ത്തുന്നതായി സൂറത്തുൽ അൻആമിൽ 96ാം സൂക്തത്തിൽ കാണാം. ഈ സമയം പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതകളുള്ള വേളകളാണ്. നബി (സ്വ) പറയുന്നു: രാത്രിയുടെ മൂന്നാം പകുതിയായാൽ അല്ലാഹു ഇറങ്ങി വന്ന് പറയും: എന്നോട് ചോദിക്കുന്നവരുണ്ടോ? എന്നോട് പശ്ചാത്താപം ചെയ്യുന്നവരുണ്ടോ? എന്നോട് പ്രായശ്ചിത്തം ചെയ്യുന്നവരുണ്ടോ? അപ്പോൾ ഒരാൾ ചോദിച്ചു: ഇങ്ങനെ പ്രഭാതം പുലരുവോളം തുടരുമോ? നബി (സ്വ) മറുപടി പറഞ്ഞു: അതെ (ഹദീസ് മുസ്ലിം 758, അഹ്്മദ് 11600). അനുഗ്രഹീത രാവാണ് ശഅ്ബാൻ പതിനഞ്ചിലേത്. വിടുതിയുടെയും പശ്ചാത്താപത്തന്റെയും രാവാണത്. പ്രാർത്ഥിച്ചും സൽക്കർമ്മങ്ങളനുഷ്ഠിച്ചും ആരാധനാ നിമഗ്നമാക്കി ആ രാവിനെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.