സൂക്ഷിക്കുക, നിങ്ങൾ ദൈവനിരീക്ഷണത്തിലാണ്


യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 15/02/2018
വിഷയം: നന്മയുടെ ഏട്

അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനും കാണുന്നവനുമാണ്. അവൻ എല്ലാം നിരീക്ഷിക്കുന്നുണ്ട്. അവനെതൊട്ടു ഒന്നും മറഞ്ഞതായില്ല. താൻ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു എല്ലാം കാണുന്നുണ്ടെന്ന ബോധത്തിൽ ജീവിക്കുന്നവനാണ് സത്യവിശ്വാസി. അല്ലാഹു ഓരോർത്തർക്കും ഏടുകൾ ഏർപ്പാടാക്കിട്ടുണ്ട്. ഓരോർത്തരുടെയും പ്രവർത്തികളും വാക്കുകളും ആ ഏടിൽ രേഖപ്പെടുത്തപ്പെട്ടിരിക്കും. സർവ്വ വികാര വിചാരങ്ങളും അതിൽ എഴുതപ്പെട്ടിരിക്കും, അതെത്ര സാരമാണെങ്കിലും നിസാരമാണെങ്കിലും. അല്ലാഹുവിന്റെ ആ രജിസ്റ്ററിൽ എഴുതാൻ നിയോഗിക്കപ്പെട്ടവരാണ് പാപസുരക്ഷിതരായ മലക്കുകൾ. അല്ലാഹു പറയുന്നുണ്ട് : നിശ്ചയമായും നിങ്ങളുടെമേൽ സൂക്ഷമവീക്ഷണം നടത്തുന്ന മാന്യരും എഴുതിരേഖപ്പെടുത്തുന്നവരുമായ ചിലരുണ്ട്. നിങ്ങൾ ചെയ്യുന്നതെല്ലാം അവർ അറിയുന്നുണ്ട് (ഖുർആൻ, സൂറത്തുൽ ഇൻഫിത്വാർ 12). സന്നാഹരായ സൂക്ഷ്മവീക്ഷകർ അവന്റെ അടുക്കൽ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവൻ ഉച്ചരിക്കുന്നതല്ല (ഖുർആൻ, സൂറത്തു ഖാഫ് 18).

മനുഷ്യരുടെ ഓരോ നന്മകളും തിന്മകളും അപ്പപ്പോൾ തന്നെ മലക്കുകൾ രജിസ്റ്റർ ചെയ്ത് വെക്കുന്നതാണ്. അവർ ഒരാളെയും വിട്ടുപോവുകയോ മറക്കുകയോ ചെയ്യില്ല: തങ്ങൾ എന്തൊക്കെ പ്രവർത്തിച്ചിട്ടുണ്ടോ അതെല്ലാം അവിടെ ഹാജറായതായി കാണുന്നതാണ്. താങ്കളുടെ രക്ഷിതാവ് ആരോടും അനീതി പ്രവർത്തിക്കുകയില്ല (ഖുർആൻ, സൂറത്തു കഹ്ഫ് 49). ഓരോർത്തരുടെയും കർമ്മങ്ങൾ അല്ലാഹു കണക്കാക്കി പ്രതിഫലം നൽകുമെന്നും നന്മ ചെയ്തവൻ അല്ലാഹുവിനെ സ്തുതിച്ചുക്കൊള്ളട്ടെയെന്നും അല്ലാത്തവൻ സ്വന്തത്തെ വിമർശിക്കട്ടെയെന്നും അല്ലാഹു തന്നെ പറഞ്ഞതായി ഖുദ്‌സിയ്യായ ഹദീസിലുണ്ട് (ഹദീസ് മുസ്ലിം 2577).

റിഫാഅ ബ്‌നു റാഫിഅ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പറയുന്നു: ഒരിക്കൽ ഞങ്ങൾ നബി (സ്വ)യുടെ പിറകിൽ നിസ്‌ക്കരിക്കുകയായിരുന്നു. റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ നബി (സ്വ) 'സമിഅല്ലാഹു ലിമൻ ഹമിദ' എന്നു പറഞ്ഞു. അപ്പോൾ പിറകിൽ നിന്ന് ഒരാൾ അല്ലാഹുവിനെ കൂടുതൽ സ്തുതിച്ചുകൊണ്ടൊരു വാക്യം പറയുകയുണ്ടായി. നിസ്‌ക്കാരശേഷം നബി (സ്വ) ചോദിച്ചു: ആരാണ് ആ വാക്യം പറഞ്ഞവൻ? അയാൾ പറഞ്ഞു: ഞാൻ. നബി (സ്വ) പറഞ്ഞു: നാൽപതോളം മലക്കുകൾ നിങ്ങൾ പറഞ്ഞ വാക്യം എഴുതിവെക്കാനായി ധൃതികൂട്ടുന്നത് ഞാൻ കണ്ടു (ഹദീസ് ബുഖാരി, മുസ്ലിം). അതായത് നന്മതിന്മകളിൽ നിന്ന് അണുമണിത്തൂക്കം പോലും വിട്ടുപോവില്ല. അല്ലാഹു പറയുന്നു: അന്ത്യനാളിൾ നീതിപൂർണമായ തുലാസ് നാം ഹാജറാക്കും. അപ്പോൾ ഒരാളും ഒട്ടും ദ്രോഹിക്കപ്പെടുകയില്ല. മനുഷ്യന്റെ കർമ്മം ഒരു കടുകുമണിത്തൂക്കമായിരുന്നാലും അത് നാം കൊണ്ടുവരുന്നതാണ്. കണക്കാവുവാൻ നാം തന്നെ മതി (ഖുർആൻ, സൂറത്തുൽ അൻബിയാഅ് 47).

ഏടുകളിൽ നന്മകൾ കൂടുതൽ കൂടുതൽ എഴുതപ്പെടാൻ നബി (സ്വ) സ്വഹാബികളെ ഉത്തേജിപ്പിക്കുമായിരുന്നു. ഒരിക്കൽ ബനൂ സലിമ കുടുംബക്കാർ മസ്ജിദിന്റെ അടുക്കലിലേക്ക് താമസം മാറ്റാൻ ഉദ്ദേശിക്കുകയുണ്ടായി. ഇതറിഞ്ഞ നബി (സ്വ) അവരോട് പറഞ്ഞു: ഹേ.. ബനൂ സലിമക്കാരേ... നിങ്ങൾ നിങ്ങളുടെ വീടുകളിൽ തന്നെ താമസിക്കുക, എന്നാൽ മസ്ജിദിലേക്ക് കൂടുതൽ ചവിട്ടടികൾ എഴുതപ്പെടും (ഹദീസ് മുസ്ലിം 5/169). നന്മയിലേക്കുള്ള ഓരോ ചവിട്ടടിയും ഓരോ നന്മയായി കണക്കാക്കപ്പെടുമെന്നർത്ഥം. അല്ലാഹു പറയുന്നു: അപ്പോൾ ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമ്മങ്ങളിൽപ്പെട്ടതു പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവന്റെ പരിശ്രമത്തിന്റെ പ്രതിഫലം നിഷേധിക്കപ്പെടുകയില്ല. നിശ്ചയമായും നാമതു രേഖപ്പെടുത്തി വെക്കുന്നവർ തന്നെയാണ് (ഖുർആൻ, സൂറത്തുൽ അൻബിയാഅ് 94).

ഏടുകളിൽ സൽക്കർമ്മങ്ങൾ കൊണ്ട് നിറക്കാനുള്ള ഏറ്റവും അനുയോജ്യവും എളുപ്പവുമായ മാർഗം ദൈവസ്മരണയാണ്. അതായത് പ്രാമാണികമായി നിർദേശിക്കപ്പെട്ട ദിക്‌റുകൾ നന്മയുടെ തുലാസിൽ കൂടുതൽ തൂക്കം കൂട്ടുമെന്നർത്ഥം. ഒരിക്കൽ അബൂ ഉമാമ (റ) ചുണ്ടുകൾ ചലിപ്പിക്കുന്നത് കണ്ടപ്പോൾ എന്താണ് കാര്യമെന്ന് നബി (സ്വ) അന്വേഷിച്ചു. അബൂ ഉമാമ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിനെ സ്മരിക്കുകയാണ്. അപ്പോൾ നബി (സ്വ) പറഞ്ഞു: നീ രാപ്പകൽ മുഴുവനും ദിക്‌റുകൾ ചൊല്ലുന്നതിനേക്കാൾ മഹത്തായത് ഞാൻ നിനക്ക് പറഞ്ഞുതരാം. എന്നിട്ട് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടുള്ള സുദീർഘ ദിക്ർ പഠിപ്പിച്ചുകൊടുത്തു. ശേഷം പറയുകയും ചെയ്തു: ഇവ നീ നിനക്ക് ശേഷമുള്ളവർക്ക് പഠിപ്പിക്കുകയും വേണം (ഹദീസ് അഹ്്മദ് 22144, ഇബ്‌നു ഹബ്ബാൻ 830, ത്വബ്‌റാന്ി 7930).

ദിക്‌റിനോട് സമംവരുന്ന മറ്റൊരു നന്മയുമില്ല. മനസ്സുകൊണ്ടും നാവുകൊണ്ടും ചെയ്യാൻ പറ്റുന്ന മഹാധർമ്മമാണ് ദിക്ർ. നബി (സ്വ) അരുളിയിരിക്കുന്നു: അല്ലാഹുവിന്റെ നാമത്തോടൊപ്പം മറ്റൊന്നും തൂക്കം കൂടുകയില്ല (ഹദീസ് തുർമുദി 2639, അഹ്്മദ് 6994).

പശ്ചാത്താപം പാപങ്ങളെ മായ്ച്ചുകളയും. അതു കൊണ്ട് തന്നെ പാപമോക്ഷം തേടുന്നവന്റെ ഏടിൽ നന്മകൾ മാത്രമേ അവശേഷിക്കുകയുള്ളൂ. നബി (സ്വ) പറഞ്ഞിട്ടുണ്ട് : തന്റെ ഏടിൽ കൂടുതൽ പശ്ചാത്താപം എത്തിച്ചവന് മംഗളം (ഹദീസ് ഇബ്‌നു മാജ 3818, മുസ്വന്നഫു ഇബ്‌നു അബീ ശൈബ 29446, നസാഈ 10216).

സുകൃതങ്ങൾ കൊണ്ടും നിസ്‌ക്കാരമടക്കമുള്ള നിർബന്ധ കാര്യങ്ങൾ നിർവ്വഹിക്കൽ കൊണ്ടും ദോഷങ്ങൾ മായ്ക്കപ്പെടുകയും നന്മകൾ അധികരിക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞിരിക്കുന്നു : പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ചില സമയങ്ങളിലും  നിസ്‌ക്കാരം മുറപ്രകാരം അനുഷ്ഠിക്കുക. നിശ്ചയമായും നന്മകൾ തിന്മകളെ ദൂരീകരിച്ചുകളയുന്നതാണ്. ചിന്തിച്ചുഗ്രഹിക്കുന്നവർക്കുള്ള ഒരു ഉത്‌ബോധനമാണിത് (ഖുർആൻ, സൂറത്തു ഹൂദ് 114).

മരിച്ചതിന് ശേഷവും പ്രതിഫലം ലഭിക്കുന്ന സൽപ്രവൃത്തികളാണ് ഏറ്റവും മഹത്തായ നന്മകൾ. ആ നന്മകളുടെ പ്രതിഫലം മുറിയുകയില്ല. നബി (സ്വ) പറയുന്നു: ഒരാൾ മരിച്ചാൽ അവന്റെ പ്രവർത്തനങ്ങൾ എല്ലാം നിലക്കും. എന്നാൽ മൂന്നു കാര്യങ്ങൾ നിലക്കുകയില്ല ജാരിയായ സ്വദഖ, ഉപകാരപ്രദമായ അറിവ്, തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സന്താനം (ഹദീസ് മുസ്ലിം 1631, തുർമുദി 1376).

അല്ലാഹു ക്രൂരനല്ല. അവന്റെ അടിമകൾക്ക് കൂടുതലായും കരുണയും അനുകമ്പയും ചെയ്യുന്നവനാണ് അവൻ. അവന്റെ മനുഷ്യന്റെ തെറ്റുകുറ്റങ്ങൾ ഐഹിക ലോകത്ത് മറച്ചുവെക്കുകയും പാരത്രിക ലോകത്തിൽ വെച്ച് അതിന് മാപ്പ് ചെയ്യുകയും ചെയ്യുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). മറ്റൊരാളുമായുള്ള ഇടപാടുകൾ അല്ലാഹു പൊറുത്തതരില്ല. അവ അയാളുമായി തന്നെ പരസ്പരം പറഞ്ഞോ മാപ്പു ചെയ്‌തോ തീർക്കേണ്ടതാണ്. നന്മകൾ അധികരിച്ചവന് പരലോകത്ത് വെച്ച് വലതുകൈയ്യിലാണ് അവന്റെ ഏട് നൽകപ്പെടുക. അവനാണ് സാക്ഷാൽ വിജയി! : എന്നാൽ വലതുകൈയിൽ തന്റെ ഏട് നൽകപ്പെട്ടവൻ പറയും ഇതാ എന്റെ ഏട് വായിച്ചുനോക്കൂ. തീർച്ചയായും ഞാൻ വിചാരിച്ചിരുന്നു ഞാൻ എന്റെ വിചാരണ നേരിടേണ്ടിവരുമെന്ന്. അതിനാൽ അവൻ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വർഗത്തിൽ. അതിലെ പഴങ്ങൾ അടുത്തുവരുന്നവയാകുന്നു. കഴിഞ്ഞുപോയ ദിവസങ്ങളിൽ നിങ്ങൾ മുൻകൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങൾ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുകയെന്ന് അവരോട് പറയപ്പെടും” (ഖുർആൻ, സൂറത്തുൽ ഹാഖ 19,20,21,22,23,24).
back to top