സിഎം അബ്ദുല്ല മൗലവി:
കനൽപഥങ്ങളിൽ കനകം തീർത്തവർ
ഒമാൻ സുൽത്താനേറ്റിലെ
വിദ്യാഭ്യാസ മേധാവിയായിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകർത്താവുമായ ഹസൻ ബ്‌നു
മുഹമ്മദ് ബ്‌നു മഅ്ഫൂളുൽ ഖസ്‌റജി തന്റെ “മഫാതീഉൽ ഉളൂളി ഫീ റിഹ്‌ലത്തി ഇബ്‌നു മഅ്ഫൂള്'' എന്ന അറബി ഗ്രന്ഥത്തിൽ
(പേജ് 297) ഇങ്ങനെ
കുറിച്ചിട്ടുണ്ട്:
“ഇന്ത്യയിൽ നിന്നുള്ള
പണ്ഡിതരുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഞാൻ 1999 മാർച്ച് മാസം 7 ാം തീയ്യതി കേരള പ്രവിശ്യയിലെ കാസർകോടെത്തുന്നത്. മലബാർ ഇസ്ലാമിക് കോംപ്ലക്‌സെന്ന
മഹത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു ആ യാത്ര. ആ സ്ഥാപനത്തിൽ അനാഥകളും അഗതികളുമായ നിരവധി വിദ്യാർത്ഥികൾ മത ലൗകിക വിദ്യാഭ്യാസം നേടുന്നു. അവർക്ക് സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളാണ് പഠനത്തിനായി ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തിൽ വെച്ച് സംഘാടകരുടെ ആവശ്യം മാനിച്ച്
ഞാനൊരു നിമിഷക്കവിത ആലപിക്കുകയുണ്ടായി. കവിത ഒരു പണ്ഡിതൻ മലബാറി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും
ചെയ്തു. ഞാനെഴുതിയ കവിത ആദരസൂചകമായി ആ സ്ഥാപനത്തിൽ എടുത്തുവെച്ചിട്ടുണ്ട്. ഈ ബൃഹത് വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നത് പണ്ഡിതശ്രേഷ്ംരായ അശൈഖ് ഖാസി
അബ്ദുല്ലയാണ്”
യുഎഇയിലെ അബൂദബിയിലും
ദുബൈയിലും ഒമാനിലെ മുസന്ധമിലുമായി കുറേക്കാലം
വിദ്യാഭ്യാസ ജാഗരണ പ്രവർത്തനങ്ങളിലേർപ്പെട്ട ഈ അറബി പണ്ഡിതൻ കേരളത്തിലെ വിദ്യാഭ്യാസ
സംസ്‌ക്കരണ പക്രിയകൾക്ക് മേൽനോട്ടം വഹിക്കുന്ന പണ്ഡിതനേതൃത്വത്തെ ശ്ലാഘിച്ചുക്കൊണ്ടാണ്
ആ കവിതയിലെ വരികൾ പൂർത്തിയാക്കിയത്. (അതേ പുസ്തകം പേജ് 298). ഉത്തരകേരളത്തിൽ വിപ്ലവാത്മകമായ വിദ്യാഭ്യാസ പ്രസരണ
പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സിഎം അബ്ദുല്ല മൗലവി ചെമ്പരിക്കയെ പ്രത്യേകം എടുത്തുപ്പറയുന്നുണ്ട്.
ബഹുമുഖ പ്രതിഭാധനനായ
സിഎം അബ്ദുല്ല മൗലവിയുടെ വിദ്യാഭ്യാസ സംസ്‌ക്കാരിക സാഹിത്യ സംഭാവനകൾ പൊതുജന സമക്ഷം
അനാവരണം ചെയ്യപ്പെടാതിരിക്കുന്നത് അദ്ദേഹത്തോടുള്ള രണ്ടാം കൊലയായി കണക്കാക്കപ്പെടുക
തന്നെ ചെയ്യും. അവ അമര സ്മരണകളായി എന്നും നാടിനും നാട്ടാർക്കുമൊപ്പം ഉണ്ടാവണം. സ്മരണകൾ
എന്നും ജീവിക്കും. നാം വിസ്മരിക്കരുതെന്ന് മാത്രം.
യഥാർത്ഥത്തിൽ,
കേരളത്തിൽ പൊതുവായും ഉത്തരകേരളത്തിൽ പ്രത്യേകിച്ചും
ദക്ഷിണ കർണാടകയിൽ ഭാഗികമായും മത മതേതര സമന്വയ വിദ്യാഭ്യാസത്തിന് ആശയം പാകിയത് സിഎം
അബ്ദുല്ല മൗലവിയാണെന്ന് തറപ്പിച്ചു പറയാനാവും. അതിന്റെ പ്രയോഗവൽക്കരണത്തിൽ കാലതാമസമുണ്ടായെങ്കിലും
കാസർകോട് ജില്ലയിൽ അനവധി വിദ്യാഭ്യാസ സംസ്ഥാപനങ്ങൾക്ക്
സ്ഥാപക സാരഥ്യവും അധ്യാപക സേവനവും നൽകി മാറ്റങ്ങൾക്ക് തിരി കൊളുത്തിയവരാണ് മഹാനവർകൾ.
ദേളി സഅദിയ്യ കോളേജും
ചട്ടഞ്ചാലിലും ഉദുമയിലുമായുള്ള മലബാർ ഇസ്ലാമിക് കോംപ്ലക്‌സും യശ്ശരീരനായ സിഎം അബ്ദുല്ല
മൗലവിയുടെ നേതൃത്വത്തിലുള്ള ഉലമാ ഉമറാ കൂട്ടുകെട്ടിന്റെ ഭാഗമായി സ്ഥാപിതമായതാണ്. മാത്രമല്ല,
നീലേശ്വരം മർകസും പരവനടുക്കം ആലിയ കോളേജും സിഎം
ഉസ്താദെന്ന മഹാന്റെ ധന്യ സാരഥ്യത്തിൽ അനുഗ്രഹീതമായതുമാണ്. ചുരുക്കത്തിൽ വിജ്ഞാനീയങ്ങൾക്കായി
ഒഴിഞ്ഞു വെച്ചതായിരുന്നു ആ ജീവിതം.
ഇംഗ്ലീഷ് ഭാഷാജ്ഞാനവും
സ്ത്രീ വിദ്യാഭ്യാസവും തഴഞ്ഞ പഴഞ്ചരും അപരിഷ്‌കൃതരുമെന്ന് പരമ്പരാഗത പണ്ഡിതരെ പരിഹസിച്ചിരുന്ന
ഉൽപതിഷ്ണുക്കളുള്ള സമൂഹത്തിലാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഇതര ഭൗതിക ശാസ്ത്രങ്ങളും
സ്വയത്തമാക്കി ഒരു ഇസ്ലാമിക പണ്ഡിതൻ വിദ്യാഭ്യാസം വിപ്ലവം സാധ്യമാക്കിയത്. പാരമ്പര്യ ഇസ്ലാമിക ഗോളശാസ്ത്രത്തോടൊപ്പം (ഇൽമുൽ
ഫലക്) ആധുനിക വാന ഗോള ശാസ്ത്രവും അത്യാധുനിക
സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ആദ്ദേഹം നടത്തിയ ഗവേഷണങ്ങളും, കണ്ടെത്തിയ വാന നിരീക്ഷണ കോമ്പസ്സുകളും ആ മാഹാത്മാവിന്റെ വിദ്യാമാഹാത്മ്യം വിളിേേച്ചാതുന്ന
സാക്ഷിപത്രങ്ങളാണ്. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള ഗോള ശാസ്ത്രപഠനങ്ങളും ഗഹനമാണ്.
നറു പുഞ്ചിരിയും ലളിത
പെരുമാറ്റവും സൗമ്യ ഭാഷണവും അതുല്യമാക്കിയ ആ വ്യക്തിത്വത്തിലേക്ക് പ്രൗഡമായ പാണ്ഡിത്യവും
ചേർന്നപ്പോഴാണ് വടക്കൻ മലബാർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സംസ്‌കാരിക ഉണർവ് ദൃശ്യമായത്.
ആ പണ്ഡിത സൗന്ദര്യത്തിൽ നിന്നുയിർ ക്കൊണ്ട
വാക്കുകളും ലിഖിതങ്ങളുമാണ് ഒരു സമൂഹത്തെ നയിച്ചതും നയിച്ചുക്കൊണ്ടിരിക്കുന്നതും.
മഹിതമായ കുടുംബ പാരമ്പര്യവും ആ അതുല്യതയുടെ മാറ്റ്കൂട്ടുകയാണുണ്ടായത്
.
പോക്കർഷ (പോക്കൂഷാ)
മുതൽ ഈ മഹാപണ്ഡിത ഇതിഹാസം വരെയുള്ള കണ്ണികൾ നാടിനും നാട്ടാർക്കും ആത്മബലവും ആത്മീയ
വലയവും നൽകിയെന്നതിൽ സന്ദേഹിക്കാനില്ല. അവരുടെ പൂർവ്വ സൂരികൾ പ്രവാചക അനുചരരായ സ്വഹാബത്തോളം
എത്തിനിൽക്കുന്ന മഹത് നിരയാണ്. ദിവ്യ സ്വപ്‌നപ്രകാരം പോക്കർഷാ നദിയോര നാഗരിക പ്രദേശമായ
ചെമ്മനാട് വിട്ട് അറബിക്കടലിനോട് ചേർന്ന് നിൽക്കുന്ന ചെമ്പരിക്കയിൽ പോയതും പള്ളിക്കടുത്ത്
താമസിച്ചതും ചരിത്രനിയോഗങ്ങളാണ്. സൂഫിവര്യനായിരുന്ന പോക്കർഷായുടെ മകൻ അബ്ദുല്ലാഹിൽ
ജംഹരി എന്നവരാണ് പിന്നീടുള്ള ധാർമികാന്തരീക്ഷം കൂടുതൽ സജീവമാക്കിയത്. അദ്ദേഹത്തിന്റെ
മകൻ മുഹമ്മദ് കുഞ്ഞി മുസ്ലിയാരാണ് നാടുണർത്തിയ
നവോത്ഥാനത്തിന് നേതൃത്വം നൽകിയത്. ഖാസിയും മുദരിസുമായിരുന്ന അദ്ദേഹം മന്ത്രിച്ചൂതിയ
വെള്ളത്തിനും നൂലിനും കാത്തു നിൽക്കുന്ന നീണ്ട നിര അന്ന് ചെമ്പരിക്ക തീരത്തെ സ്ഥിരം
കാഴ്ചയായിരുന്നു. മതജാതി ഭേദമന്യെ എല്ലാവരും
ആ മഹാനെ കാണുകയും പ്രാർത്ഥനക്ക് അപേക്ഷിച്ച് അനുഗ്രഹം തേടുകയും ചെയ്തിരുന്നു. അത്യാഹിതങ്ങൾക്കും
ശാരീരിക പ്രയാസങ്ങൾക്കും മാനസിക അസ്വസ്തകൾക്കുമുള്ള പൂർണശമനം കേളി കേട്ടതായിരുന്നു.
പാമ്പ് തേൾ വിഷങ്ങൾക്കുള്ള മന്ത്രൗഷധത്തിനായി ദൂരദിക്കുകളിൽ നിന്ന് പോലും അനവധിപേർ
എത്താറുണ്ടായിരുന്നു.(ഇക്കാര്യങ്ങൾ സിഎം ഉസ്താദ് തന്നെ പിതാവിന്റെ സ്മരണക്കായി രചിച
മൻഖബതുൽ മർഹൂം മുഹമ്മദ് കുഞ്ഞി മുസ്ലിയാരിൽ ശംരീക്കി എന്ന അറബി ഗ്രന്ഥത്തിൽ സവിസ്തരം
പ്രതിപാദിച്ചിട്ടുണ്ട്) അവരാണ് ചെമ്പരിക്ക വലിയ ഖാളിയാർചയായി അറിയപ്പെടുന്നത്. ഈയൊരു
സാമൂഹികാന്തരീക്ഷത്തിലാണ് അവർക്ക്് അബ്ദുല്ല എന്ന പൊന്നോമന ജനിക്കുന്നത്. അതായത് നമ്മുടെ
സ്മരണീയ പുരുഷൻ ശൈഖുനാ സിഎം അബ്ദുല്ല മൗലവി ചെമ്പരിക്ക. അവരിലൂടെയാണ് വടക്കേ മലബാറിന്റെയും
ദക്ഷിണ കർണാടകത്തിന്റെയും മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാനം പൂർണമാവുന്നത്.
വ്യക്തിസുവിശേഷങ്ങളുള്ള ആദരണീയനായി സമൂഹത്തിൽ വിരാജിച്ച മഹാനവർകളാണ് പിന്നീട് ചെമ്പരിക്ക
ഖാസിയാർച്ചയായി അവരോധിതനായത്. വിദ്യയുടെ എല്ലാമായിരുന്നു. വിദ്യാർത്ഥിയും അധ്യപകനും
വിദ്യാ സംഘാടകനും സ്ഥാപകനും സ്ഥാപനമേധാവിയുമൊക്കെയായിരുന്നു. എല്ലാം ധർമ്മത്തിലധിഷ്ഠിതമായിക്കൊണ്ട്് ആധുനിക പുരണേണ്ട സാഹചര്യത്തിലും പാരമ്പര്യ കണ്ണി
കൈവിടാതെ ഒരു മഹാ വൃന്ദത്തെ നയിച്ച പരിഷ്‌ക്കർത്താവ് കൂടിയായിരുന്നു. തീർത്തും പണ്ഡിതോചിതമായിരുന്നു
ആ ജീവിതവും ദർശനവും. പ്രവാചകാനുരാഗത്തിൽ ധർമ്മപാഠങ്ങൾക്കായി ജീവിതാർപ്പണം നടത്തിയ ഈ
സ്വാതികൻ അവസാന കാലങ്ങളിൽ രോഗശയ്യയിൽ കിടക്കുമ്പോൾ പ്രവാചകാപദാനങ്ങളുടെ ഖസീദത്തുൽ ബുർദ
ഈരടികളുടെ ഗദ്യ പരിഭാഷ തയ്യാറാക്കി ചരിത്രം ആവർത്തിക്കുകയായിരുന്നു. ബുർദാ രചയിതാവായ
ഇമാം ബൂസ്വൂരിയുടെ വാതരോഗം ആ കാവ്യം രചിച്ച സാഹചര്യത്തിൽ ശമനം പ്രാപിച്ചപ്പോൾ സിഎം
അബ്ദുല്ല മൗലവിയുടെ കരൾ സംബന്ധമായ രോഗം പൂർണമായും സുഖപ്പെടുകയാണുണ്ടായത്. പ്രവാചക കുടുംബത്തോടും
അതിരറ്റ ബഹുമാനവും സ്‌നേഹവുമായിരുന്നു. ആ വിയോഗം പോലും പ്രവാചകാനുരാഗത്തിന്റെ താളാത്മകത
വിളിച്ചോതുന്നതായിരുന്നു. ഫെബ്രുവരി 15ന് മഹാൻ പരലോകം പുൽകിയപ്പോൾ ഫെബ്രുവരി 16ന്റെ പൊതുജന വായന പ്രവാചകാപദാനങ്ങളുടെ കാവ്യഭംഗിയായ ബുർദക്കുറിച്ചായിരുന്നു.
അങ്ങനെ കൂടുതൽ പേർക്ക് ബുർദാ കാവ്യത്തെക്കുറിച്ചറിയാനും പാരായണം ചെയ്യാനും സാധിച്ചുവെന്നതാണ്
വസ്തുത.
അനേകം വിഷയങ്ങളിൽ,
വിവിധ ഭാഷകളിൽ, വിത്യസ്ത കലകളിൽ ഗ്രന്ഥരചന നടത്തിയ സിഎം ഉസ്താദിന്റെ ഗദ്യ പദ്യ
രചനകളിലുള്ള സാഹിതീയ വിലയിരുത്തലുകൾ കാര്യമായി
നടന്നിട്ടില്ലയെന്നത് ദുഖസത്യമാണ്. തന്റേതായി തൂലികയിൽ നിന്ന് വിരിഞ്ഞ മാലയും മൗലിദും
ഗോളശാസ്ത്രവും ചരിത്രപഠനവും ഇസ്ലാമിക ധർമപാഠ പഠനങ്ങളും ശ്രദ്ധേയമാണ്. എന്നാൽ 1980 കാലങ്ങളിൽ ഒരു ഇസ്ലാമിക സാംസ്‌കാരിക മാസിക ഉത്തര
മലബാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നതായി നമ്മുക്കറിയുമോ, അവിഭക്ത കണ്ണൂർ ജില്ലാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കമ്മിറ്റിയുടെയും
പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ അദ്ദഅ്‌വാ എന്ന മാസിക പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
സിഎം ഉസ്താദ് തന്നെയായിരുന്നു അതിന്റെ ഉടമയും എഡിറ്ററും പബ്ലിഷറും പ്രധാന ലേഖകനുമെല്ലാം.
സ്വന്തം സ്ഥാപനമായിരുന്ന സഅദിയ്യ കോളേജായിരുന്നു കേന്ദ്രം. കേരള ഇസ്ലാമിക സാഹിത്യത്തിന്റെ
ആദ്യ പതിപ്പുകളിൽപ്പെട്ട ഈ മാഗസിനെപ്പറ്റി പഴയ ഇസ്ലാമിക വിജ്ഞാനകോശങ്ങളിൽ വിവരണമുണ്ട്.
മാത്രമല്ല, 1970 കാലഘട്ടത്തിൽ തന്റെ
പിതാവിന്റെ പേരിൽ മാല മൗലിദ് രചിച്ചുവെന്നതും ചരിത്ര പ്രാധാന്യമുള്ള പരമാർത്ഥമാണ്.
ഇനിയും കുറേ കാര്യങ്ങൾ ഉസ്താദിനെ ക്കുറിച്ചറിയാനുണ്ട്. അടുത്തറിയുംതോറും വിജ്ഞാനങ്ങളുടെ
അത്ഭുത ലോകത്തേക്കാനയിക്കുനന അനുഭൂതി. ഈ രംഗത്ത് നമ്മളിൽ നിന്ന് കൂടുതൽ ഗവേഷണങ്ങളും
പഠനങ്ങളും അനിവാര്യമായിരിക്കുകയാണ്.
ആ വഴിത്താരകൾ എല്ലാ
നിലക്കും ധന്യമായിരുന്നു. ഒടുവിൽ ആ മേനി തടവിത്തലോടിയ അറബിക്കടൽ പോലും നിശബ്ദതയുടെ
വാചാലതക്ക് മുമ്പിൽ ശാന്തമാവുകയാണ് ചെയ്തത്.