യുഎഇ ജുമുഅ ഖുതുബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 09/02/2018
വിഷയം: സൂറത്തുൽ അഅ്‌ലാ
പരിശുദ്ധ ഖുർആനിലെ 114 അധ്യായങ്ങളിൽ വെച്ച് ഹ്രസ്വവും ചിന്താഗഹനവുമാണ് മക്കയിൽ അവതരിച്ച സൂറത്തുൽ അഅ്‌ലാ. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെക്കുറിച്ചും സംവിധാനവൈപുല്യത്തെക്കുറിച്ചും അതിൽ പ്രതിപാദിക്കുന്നുണ്ട്. സന്മാർഗം സിദ്ധിച്ചവർക്ക് സന്തോഷവാർത്തയും മാർഗഭ്രംശം സംഭവിച്ചവർക്ക് താക്കീതും നൽകുന്നുണ്ട്. പരമോന്നതനായ അല്ലാഹുവെന്നാണ് അഅ്‌ലാ അർത്ഥമാക്കുന്നത്. ഈ സൂറത്തിന് പല മഹത്വങ്ങളുമുണ്ട്. നബി (സ്വ) ജുമുഅ നിസ്‌ക്കാരത്തിലും പെരുന്നാൾ നിസ്‌ക്കാരങ്ങളിലും വിത്ർ സുന്നത്ത് നിസ്‌ക്കാരത്തിലെ ഇരട്ട റക്അത്തിന്റെ ആദ്യത്തേതിലും അഅ്‌ലാ സൂറത്ത് ഓതാറുണ്ടായിരുന്നു (ഹദീസ് അബൂ ദാവൂദ് 1423). മാത്രമല്ല, നിസ്‌ക്കാരത്തിന് ഇമാമായി നിൽക്കുന്നവരോട് അർത്ഥപൂർണമായ ഈ സൂറത്ത് പാരായണം ചെയ്യാൻ നബി (സ്വ) പ്രത്യേകം നിർദേശിക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ മുആദ് ബ്‌നു ജബൽ (റ) ഇശാ നിസ്‌ക്കാരത്തിന് ഇമാമായി നിന്നുകൊണ്ട് നീണ്ടസൂറത്ത് ഓതുകയുണ്ടായി. നബി (സ്വ) മുആദി(റ) നോട് പറഞ്ഞു: നിനക്ക് അഅ്‌ലാ സൂറത്തോ ളുഹ് സൂറത്തോ ഇൻഫിത്വാർ സൂറത്തോ ഓതാമായിരുന്നല്ലൊ? (ഹദീസ് നസാഈ 997).
പരമോന്നതനായ അല്ലാഹുവിന്റെ നാമത്തിൽ അവനെ പരിശുദ്ധനാക്കി വാഴ്ത്തണമെന്ന (തസ്ബീഹ്) കൽപനയാണ് സൂറത്തിലെ ആദ്യ സൂക്തം. തസ്ബീഹിന് മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരിക്കൽ ഒരു സദസ്സിൽ വെച്ച് നബി (സ്വ) പറയുകയുണ്ടായി: നിങ്ങൾ ദിവസവും ആയിരം സൽക്കർമ്മം ചെയ്യാതിരിക്കുകയാണോ . ഒരാൾ ചോദിച്ചു: എങ്ങനെയാണ് ഒരാൾ ഒരു ദിവസം ആയിരം സൽക്കർമ്മം ചെയ്യുക? നബി (സ്വ) പറഞ്ഞു: നൂറ് തസ്ബീഹ് ചൊല്ലുക, എന്നാൽ ആയിരം സൽക്കർമ്മങ്ങൾ എഴുതപ്പെടുകയോ അല്ലെങ്കിൽ ആയിരം ദോഷങ്ങൾ മായ്ക്കപ്പെടുകയോ ചെയ്യും (ഹദീസ് മുസ്ലിം 2698). ദോഷങ്ങൾ കടിലിലെ നുര പോലെ നിരന്തരമാണെങ്കിൽ പോലും നൂറ് തസ്ബീഹ് ചൊല്ലിയാൽ പൊറുക്കപ്പെടുമെന്ന് ഒരു ഹദീസിലുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
സൂറത്തുൽ അഅ്‌ലായിലെ ഈ ആയത്ത് ഇറങ്ങിയപ്പോൾ നബി (സ്വ) പറഞ്ഞു: നിങ്ങൾ ഇത് നിങ്ങളുടെ സുജൂദിൽ വരുത്തുക (ഹദീസ് അബൂദാവൂദ് 869, ഇബ്‌നു മാജ 887). അങ്ങനെയാണ് നിസ്‌ക്കാരത്തിലെ സുജൂദിൽ 'സുബ്ഹാന റബ്ബീൽ അഅ് ലാ വബിഹംദിഹി' എന്ന് ചൊല്ലൽ സുന്നത്തായത്. അങ്ങേയറ്റത്തെ കീഴ് വണക്കവും കേണപേക്ഷയുമാണ് സുജൂദിലെ ഈ തസ്ബീഹ്.
അല്ലാഹു സൃഷ്ടികളെ സുകൃത സുന്ദര സ്വരൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, ഓരോന്നിനും അതിന്റേതായ പാതയും പാഥേയവും ഒരുക്കി, ജീവിതവും ഉപജീവനവും സംവിധാനിച്ചു. ഇക്കാര്യങ്ങളാണ് സൂറത്തിലെ 2, 3 സൂക്തങ്ങളിൽ വ്യക്തമാക്കുന്നത്: 'അല്ലാഹു സൃഷ്ടിച്ച് ശരിപ്പെടുത്തുകയും വ്യവസ്ഥകൾ നിശ്ചയിച്ച് മാർഗദർശനം നൽകുകയും ചെയ്തിരിക്കുന്നു'. അല്ലാഹു ഭൂമിയിൽ വിവിധങ്ങളായ പുല്ലുകളും ചെടികളും മരങ്ങളും മുളപ്പിച്ച് ഓരോ ജീവജാലത്തിനും അതിന് അനുയോജ്യമായ ഭക്ഷണം തയ്യാർ ചെയ്തിരിക്കുന്നു. അവയൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ഓരോന്നിനും നമ്മുക്കജ്ഞാതമായ യുക്തി അവൻ കണ്ടുവെച്ചിരിക്കുകയും ചെയ്തിരിക്കുന്നു. അത് കൊണ്ട് തന്നെ മനുഷ്യൻ ഓരോ അനുഗ്രഹങ്ങൾക്കും സൃഷ്ടാവിനോട് കടപ്പെട്ടിരിക്കുന്നു. ഓരോ അനുഗ്രഹങ്ങളും നന്ദിയോടെയാണ് ഉപഭോഗം ചെയ്യേണ്ടത്. അന്തരീക്ഷത്തെയും മണ്ണിനെയും മലിനീകരണം കൂടാതെ സംരക്ഷിക്കണം. അവ മറ്റു ജീവികൾക്കും കൂടി ഉപയോഗിക്കാനുള്ളതാണ്. ഈ മണ്ണും വിണ്ണും അവക്കിടയിലെ വായു മണ്ഡലവുമൊക്കെ എല്ലാവർക്കുമുള്ളതാണ്. പ്ലാസ്റ്റിക് കവറുകളടക്കമുള്ള ഖരമാലിന്യങ്ങളാണ് ഏറ്റവും അപകടകാരികൾ. അവ മണ്ണിനെ മലിനീകരിക്കുന്നതോടൊപ്പം മണ്ണിൽ ഭക്ഷ്യം കണ്ടെത്തുന്ന ജീവികൾക്ക് ജീവഹാനി വരെ വരുത്തുകയും ചെയ്യുന്നു. അത്യാവശ്യമില്ലാതെ മരം വെട്ടരുത്. അമിതമായ വിറക് വെട്ട് വനനശീകരണത്തിന് കാരണമാവും. അല്ലാഹു പറയുന്നു: അവനാണ് ആകാശത്തിൽ നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതിൽ നിന്നാണ് നിങ്ങളുടെ കുടിനീർ. അതിൽ നിന്നാണ് നിങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ പറ്റുന്ന ചെടികളും സസ്യങ്ങളും ഉണ്ടാകുന്നത്. (ഖുർആൻ, സൂറത്തു ന്നഹ് ല് 68).
മരങ്ങൾ ഭൂമിക്ക് തണലും സുരക്ഷയുമേകുന്നു. മരങ്ങൾ ചില ജീവികൾക്ക് താമസവും താവളവുമേകുന്നുണ്ട്. അല്ലാഹു പറയുന്നു: അവനാണ് നിന്റെ നാഥൻ, തേനീച്ചകൾക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിപടുക്കുന്നവയിലും നിങ്ങൾ കൂടുകൾ ഒരുക്കുക (ഖുർആൻ, സൂറത്തുൽ ന്നഹ് ല് 68).
സൂറത്തുൽ അഅ്‌ലയിലെ 4, 5 സൂക്തങ്ങൾ മേൽവിഷയകമായി ഇങ്ങനെ വിവരിക്കുന്നു: 'സസ്യങ്ങളെ മുളപ്പിച്ചവനും എന്നിട്ടതിനെ ചാരനിറമുള്ള ചവറാക്കിത്തീർത്തവനുമായ..' പിന്നീടുള്ള ആയത്തുകളിൽ രണ്ടു സന്തോഷവാർത്തകളാണ് അല്ലാഹു അറിയിക്കുന്നത്. ഒന്ന് : 'താങ്കൾക്കു നാം ഓതിത്തരും അപ്പോൾ താങ്കൾ മറക്കുയില്ല'. അതായത് അല്ലാഹു നബി (സ്വ)യോട് പറയുകയാണ്: നബിയേ അങ്ങക്ക് നാം ഈ ഖുർആൻ പഠിപ്പിച്ചുതരും, അങ്ങനെ താങ്കളത് മറവി കൂടാതെ ഹൃദയസ്ഥമാക്കും. നബി (സ്വ) ഖുർആനികാവതരണങ്ങൾക്ക് ആർത്തിയോടെ പ്രതീക്ഷിച്ചിരിക്കുമായിരുന്നു. ഒരു സൂക്തമിറങ്ങിയാൽ അത് മറക്കാതിരിക്കാൻ ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അല്ലാഹു നബി (സ്വ)ക്ക് മലക്കിൽ നിന്ന് ഖുർആൻ ശ്രദ്ധിച്ചുകേൾക്കണമെന്ന് ദിവ്യബോധനം നൽകുന്നത്. മാത്രമല്ല, ഖുർആനിക വ്യാഖ്യാനവും അർത്ഥതലങ്ങളും മനസ്സിലാക്കിക്കൊടുക്കുമെന്ന് അല്ലാഹു ഏറ്റെടുക്കുകയും ചെയ്തു. ഖുർആൻ പാരായണം ചെയ്യാനും മനപ്പാഠമാക്കാനു മുള്ള വഴികൾ അനായാസമാക്കിക്കൊടുക്കുകയും ചെയ്തു. അല്ലാഹു പറയുകയും ചെയ്തു: 'നബിയേ.. താങ്കൾ ഖുർആൻ ധൃതിപ്പെട്ട് കരസ്ഥമാക്കാനായി ഖുർആൻ കൊണ്ട് നാവിനെ ചലിപ്പിക്കണ്ട. അതിനെ താങ്കളുടെ ഹൃദയത്തിൽ ഒരുമിച്ചുകൂട്ടലും ഓതിത്തരലും നമ്മുടെ ബാധ്യത തന്നെയാണ്' ( ഖുർആൻ, സൂറത്തുൽ ഖിയാമ 16,17,18,19). ഖുർആൻ പഠിതാക്കൾക്ക് പഠനം സൗകര്യപ്രദമാക്കിക്കൊണ്ടുള്ള അല്ലാഹുവിന്റെ പ്രഖ്യാപനം കൂടിയാണ് മേൽസൂചിപ്പിച്ച സന്തോഷവാർത്ത. തുടർച്ചയായുള്ള ഖുർആൻ പാരായണവും ഹൃദയത്തിൽ സ്ഥിപ്രതിഷ്ഠമാക്കാനാവശ്യപ്പെട്ടുക്കൊണ്ടുള്ള പ്രാർത്ഥനയും വേണം.
ആന്തരികവും ബാഹ്യവുമായ ഒന്നും അല്ലാഹുവിൽ നിന്ന് മറഞ്ഞതല്ല: നിശ്ചയം, അല്ലാഹു പരസ്യമായതും രഹസ്യമായതും അറിയുന്നു (സൂറത്തു അഅ്‌ലാ 7).
മറ്റൊരു സന്തോഷവാർത്ത 8ാം സൂക്തത്തിലാണ് : 'കൂടുതൽ സുഗമമായതിലേക്കും താങ്കൾക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതാകുന്നു'. അതായത് ഇസ്ലാംമതചിട്ടകൾ ഒരാളെയും ക്ലേശപ്പെടുത്താനുള്ളതല്ല. അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട് : മതകാര്യത്തിൽ നിങ്ങളുടെമേൽ യാതൊരു ഇടുക്കവും അവൻ ഉണ്ടാക്കിവെച്ചിട്ടില്ല (ഖുർആൻ, സൂറത്തുൽ ഹജ്ജ് 78). അല്ലാഹു നിങ്ങൾക്ക് സൗകര്യത്തെയാണ് ഉദ്ദേശിക്കുന്നത്, പ്രയാസമുദ്ദേശിക്കുന്നില്ല (ഖുർആൻ, സൂറത്തുൽ ബഖറ 185). ഇസ്ലാം മതം എളുപ്പമാണെന്ന് നബി (സ്വ)യും അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി 39).
ഉപദേശം ഫലപ്രദമാകുന്ന സന്ദർഭത്തിൽ ഉപദേശിക്കാനുള്ള കൽപ്പനയാണ് 9ാം സൂക്തത്തിൽ. തുടർന്ന്, അല്ലാഹുവിനെ ഭയക്കുന്നവൻ ഉപദേശം സ്വീകരിക്കുമെന്നും മഹാദുഷ്ടർ ആ ഉപദേശം വകവെക്കില്ലെന്നും അവർ വമ്പൻ നരകത്തിൽ പതിക്കുമെന്നും അല്ലാഹു അറിയിക്കുന്നു. ആ നരകാഗ്നിയിൽ ആ ദുഷ്ടർ മരിക്കുകയില്ല, ജീവിക്കുകയുമില്ല. നരകശിക്ഷ തുടർന്നുകൊണ്ടേയിരിക്കും. നാഥന്റെ നാമം സ്മരിക്കുകയും നിസ്‌ക്കരിക്കുകയും ചെയ്ത് ആത്മപരിശുദ്ധി നേടിയവൻ വിജയിക്കു ക തന്നെ ചെയ്തിരിക്കുന്നു.
നിങ്ങൾ ദുനിയാവിന് മുൻഗണന നൽകുകയാണെന്നും ഐഹികലോകത്തെക്കാൾ പാരത്രിക ലോകജീവതമാണ് ഏറ്റവും ഉത്തമാണെന്നും അല്ലാഹു അവസാന സൂക്തങ്ങളിൽ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ സൂക്തത്തിൽ മേൽപറഞ്ഞ കാര്യങ്ങളൊക്കെയും മുൻ കഴിഞ്ഞ നബിമാർക്കും ബോധനം ചെയ്തതാണെന്നും ഇബ്രാഹിം നബി (അ)യുടെയും മൂസാ നബി (അ)യുടെയും ഏടുകളിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും വിസ്തരിച്ച് അധ്യായം ഉപസംഹരിക്കുന്നു.