യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/02/2018
വിഷയം: ആരോഗ്യം
ആരാധനാ സജ്ജനായ സത്യവിശ്വാസി ആരോഗ്യവും പരിസരവും
പരിരക്ഷിക്കേണ്ടതുണ്ട്. വിശ്വാസിക്ക് നൽകപ്പെട്ട ഏറ്റവും വലിയ അനുഗ്രഹം ദൃഢമായ ദൈവവിശ്വാസമാണ്
(ഈമാൻ). ഈമാനിന് ശേഷം മനുഷ്യന് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ മഹത്തായത് ആരോഗ്യമാണ്
(ആഫിയത്ത്). പ്രവാചകർ നബി (സ്വ) പറയുന്നു: അല്ലാഹു മനുഷ്യന് ഏകിയ അനുഗ്രഹങ്ങളിൽ ഏറ്റവും
ശ്രേഷ്ഠം ദൃഢമായ വിശ്വാസമാണ്, അതു കഴിഞ്ഞാൽ ആരോഗ്യമാണ്
(ഹദീസ് അഹ്മദ് 34, തുർമുദി 3558).
അതായത് ഇഹലോകത്തും പരലോകത്തുമായി മനുഷ്യൻ വരിക്കുന്ന
വരദാനമാണ് ആരോഗ്യം.
ധാർമികവും ലൗകികവുമായ സന്ദർഭങ്ങളിലെ പ്രതിബന്ധങ്ങളിൽ
നിന്നുള്ള പരിരക്ഷയാണ് ആഫിയത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരുത്തന് അല്ലാഹു അവന്റെ
പാപദോഷങ്ങളൊക്കെയും പ്രായശ്ചിത്തം ചെയ്താൽ അവൻ മതകാര്യത്തിൽ ആഫിയത്തുള്ളവനാണ്. ഒരുത്തന്
അല്ലാഹു അവന്റെ ശരീരത്തിലെ രോഗങ്ങളും വല്ലായ്മകളും മാറ്റിക്കൊടുത്താൽ ഭൗതികാർത്ഥത്തിൽ
അവൻ ആഫിയത്തുള്ളവനാണ്.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: അനുഗ്രഹമെന്നാൽ ശരീരവും
കണ്ണും കാതുമൊക്കെ സുരക്ഷിതമായിരിക്കലാണ്. അവയൊക്കെ എന്തിന് വേണ്ടി ഉപയോഗിച്ചുവെന്ന്
അല്ലാഹു അടിമകളോട് ചോദിക്കുന്നതായിരിക്കും (തഫ്‌സീറുൽ ത്വിബ് രി 24 /582). അല്ലാഹു പറയുന്നുണ്ട്: അനന്തരം അന്നത്തെ ദിവസം നിങ്ങളുടെ
സുഖാനുഗ്രഹങ്ങളെപ്പറ്റി നിശ്ചയമായും നിങ്ങളോട് ചോദിക്കപ്പെടും (ഖുർആൻ, സൂറത്തുൽ തകാഥുർ 08). നബി (സ്വ) തങ്ങൾ ശരീരത്തിലും കണ്ണിലും കാതിലും ആഫിയത്തുണ്ടാവാൻ
അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് അബൂദാവൂദ് 5090). മാത്രമല്ല, നബി (സ്വ)യുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ കുടുംബത്തിലും ധനത്തിലും,
ഇഹത്തിലും പരത്തിലും ആഫിയത്ത് അഭ്യത്ഥിച്ചുക്കൊണ്ടായിരുന്നു
(ഹദീസ് അബൂദാവൂദ് 5074, ഇബ്‌നു മാജ 3871,
അഹ്മദ് 4785). ദിവസത്തിന്റെ അവസാനം ഉറങ്ങുന്നനേരത്തും ആഫിയത്ത് തേടണമെന്ന്
നബി (സ്വ) സ്വഹാബികളെ പഠിപ്പിച്ചിരുന്നു. അബ്ദുല്ലാ ബ്‌നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്ന
ഹദീസിൽ നബി (സ്വ) ഒരു സ്വഹാബിയോട് അപ്രകാരം കൽപ്പിക്കുന്നുണ്ട് (ഹദീസ് മുസ്ലിം 2712).
ആഫിയത്ത് ഉണ്ടായെങ്കിൽ മാത്രമേ മനുഷ്യന് ജീവിതം
സുഖപ്രദവും ഉപജീവനം അനായാസവും ആരാധന സൗകര്യപ്രദവും ആവുകയുള്ളൂ. ശരീരത്തിൽ ആരോഗ്യവും
മനസ്സിന് സമാധാനവും കുടുംബത്തിൽ സ്വസ്ഥതയും ജീവിതത്തിൽ മതിപ്പുമുള്ളവൻ എല്ലാ അനുഗ്രഹങ്ങളും
ഒത്തുവന്നവനാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് മുസ്ലിം 2712). ഭൗതികാരോഗ്യം സംരക്ഷിക്കാനുള്ള പ്രഥമ പ്രധാനമാർഗം
അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ചെയ്യലും നിരോധിച്ചത് വെടിയലും സംശയകാര്യങ്ങളെ തൊട്ട്
വിട്ടുനിൽക്കലുമാണ്.
സംശയകാര്യങ്ങളിൽ പണ്ഡിതരോട് അഭിപ്രായം ആരായേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: നിങ്ങൾക്കറിയില്ലെങ്കിൽ ഉൽബോധനം
ലഭിച്ചവരോട് നിങ്ങൾ ചോദിച്ചുക്കൊള്ളുക (ഖുർആൻ, സൂറത്തുന്നഹ്‌ല് 43). ചിന്തയിലും പ്രവർത്തിയിലും സൂക്ഷ്മത പാലിച്ച് മതശാസനകൾ അനുസരിച്ചെങ്കിൽ
മാത്രമേ മതകാര്യത്തിലുള്ള ആഫിയത്ത് ലഭ്യമാവുകയുള്ളൂ.
അല്ലാഹു മറച്ചകാര്യം അടിമയും മറച്ചുവെക്കണം. കുറ്റം
ചെയ്യുകയും അത് പരസ്യമാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നവന് ആഫിയത്ത് സാധ്യമല്ല. തന്റെ
സമുദായത്തിൽ തെറ്റ് പരസ്യമാക്കുന്നവനൊഴിച്ച് എല്ലാവർക്കും വിടുതി ലഭിക്കുമെന്ന് നബി
(സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
ആയുർ ആരോഗ്യമെന്ന അനുഗ്രഹത്തെ ആരോഗ്യകരമായ ജീവിതശൈലികൾ
പകർത്തിയും രോഗപ്രതിരോധമാർഗങ്ങൾ അനുവർത്തിച്ചും സംരക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ
വയറാണ് സർവ്വ അനാരോഗ്യങ്ങളുടെയും കേന്ദ്രം. ജീവൻ നിലനിർത്താനായി കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്
രോഗങ്ങൾ പരക്കുന്നത്. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും രണ്ടാം ഭാഗം വെള്ളത്തിനും
മാറ്റിവെച്ച് മൂന്നാം ഭാഗം ഒഴിച്ചിടണമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് തുർമുദി
2380).
രോഗത്തിന് ചികിത്സതേടി ആരോഗ്യം വീണ്ടെടുക്കണം. ഒരിക്കൽ
അഅ്‌റാബികൾ നബി (സ്വ)യുടെ അടുക്കൽ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ.. ഞങ്ങൾ
ചികിത്സ തേടണമോ? നബി (സ്വ) മറുപടി
പറഞ്ഞു: അതെ, നിങ്ങൾ ചികിത്സിക്കണം, വാർദ്ധക്യമൊഴികെ എല്ലാ രോഗത്തിനും അല്ലാഹു മരുന്ന് സംവിധാനിച്ചിട്ടുണ്ട്
(ഹദീസ് തുർമുദി 2038, അഹ്മദ് 18454).
അടിമ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളിൽ
വെച്ച് ഏറ്റവും മഹത്തരമായത് ഇഹത്തിലും പരത്തിലും ആഫിയത്ത് തേടിക്കൊണ്ടുള്ള പ്രാർത്ഥനയാണ്
(ഹദീസ് ഇബ്‌നുമാജ 3851). മാത്രമല്ല ആഫിയത്തെന്ന
അനുഗ്രഹം നീങ്ങിപോവുന്നതിനെ തൊട്ട് അല്ലാഹുവിനോട് കാവൽ തേടുകയും വേണം (ഹദീസ് മുസ്ലിം
2739). നബി (സ്വ) നിസ്‌ക്കാരത്തിലെ
രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ പ്രായശ്ചിത്തവും കാരുണ്യവും ആരോഗ്യവും ഉപജീവനും
തേടി പ്രാർത്ഥിക്കുമായിരുന്നു. മാത്രമല്ല ഈ പ്രാർത്ഥന ഇഹത്തിലെയും പരത്തിലെയും സർവ്വ
നന്മകളെയും ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞിട്ടുമുണ്ട് (ഹദീസ് അബൂദാവൂദ് 850). രാത്രി നിസ്‌ക്കാരത്തിലും വിത് ർ നിസ്‌ക്കാരത്തിലും
ആഫിയത്തിനായി നബി (സ്വ) പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.
ഒരിക്കൽ അബ്ബാസ് ബ്‌നു അബ്ദു്ൽ മുത്തലിബ് (റ) നബി
(സ്വ)യോട് ചോദിച്ചു: തിരുദൂതരേ... എനിക്ക് അല്ലാഹുവിനോട് ചോദിക്കാൻ വല്ലതും പഠിപ്പിച്ചുതരുമോ?
നബി (സ്വ) പറഞ്ഞു അബ്ബാസ്.. നീ അല്ലാഹുവിനോട് ആഫിയത്ത്
തേടുക. കുറച്ച് കഴിഞ്ഞ് വീണ്ടും ചോദിച്ചു റസൂലേ.. എനിക്ക് അല്ലാഹുവിനോട് ചോദിക്കാൻ
വല്ലതും പഠിപ്പിച്ചുതരുമോ? റസൂൽ (സ്വ) തുടർന്നു:
അബ്ബാസ്.. താങ്കൾ അല്ലാഹുവിനോട് ഇഹലോകത്തും പരലോകത്തും ആഫിയത്ത് തരാൻ പ്രാർത്ഥിക്കുക
(ഹദീസ് അഹ്മദ് 1784).