യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 26/01/2018
വിഷയം: അല്ലാഹുവിന്റെ പ്രീതി
ഇസ്ലാം നിലക്കാത്ത
സത്യപ്രവാഹമാണ്. ആ സൽപന്ഥാവ് പുൽകി അനുഗ്രഹീതരായവരാണ് വിശ്വാസികൾ. വിശ്വാസിയുടെ മനസ്സും
ശരീരവും എപ്പോഴും ദൈവകൃപ കാംക്ഷിച്ചുക്കൊണ്ടിരിക്കുകയും ദൈവകോപം ഏൽക്കാത്ത വിധം ജീവിതം
ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ദൈവതൃപ്തിയാണ് വിശ്വാസിയുടെ ആത്യന്തിക
ലക്ഷ്യം. അതുതന്നെയാണ് ഇഹപരലോക വിജയമാർഗവും. അല്ലാഹുവിന്റെ പ്രീതി തന്നെയാണ് ഏറ്റവും
വലിയ അനുഗ്രഹവും. അല്ലാഹു പറയുന്നു: സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും താഴ്ഭാഗത്തുകൂടി
അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിൽ അവർ നിത്യവാസികളായിരിക്കും.
സ്ഥിരവാസത്തിനുള്ള തോട്ടങ്ങളിൽ വിശിഷ്ടമായ പാർപ്പിടങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നു.
എന്നാൽ അല്ലാഹുവിങ്കൽ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം (ഖുർആൻ,
സൂറത്തുത്തൗബ 72).
അല്ലാഹു സ്വർഗവാസികളെ
വിളിച്ചു സ്വർഗീയാനുഗ്രങ്ങളിൽ തൃപ്തരാണോയെന്ന് ചോദിക്കും. അവർ പറയും: ഞങ്ങൾ പൂർണ തൃപ്തരാണ്,
ആർക്കും നൽകാത്ത സൗഭാഗ്യങ്ങളാണ് ഞങ്ങൾക്ക് നീ ഒരുക്കിയിരിക്കുന്നത്.
അപ്പോൾ അല്ലാഹു പറയും: അതിനേക്കാളെല്ലാം മഹത്തരമായത് ഞാൻ നിങ്ങൾക്ക് നൽകട്ടയോ?
അവർ പറയും: നാഥാ.. അതേതാണ്? അല്ലാഹു പറയും: എന്റെ തൃപ്തി ഞാൻ നിങ്ങൾക്ക് ചൊരിഞ്ഞ്
തരും, കോപത്തെ എന്നെന്നേക്കുമായി
എടുത്തുകളയുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം).
പ്രവാചകന്മാർ പ്രവർത്തിച്ചതും
പ്രാർത്ഥിച്ചതും ദൈവപ്രീതിക്കായിരുന്നു. മൂസാ നബി (അ) പറയുന്നുണ്ട:് രക്ഷിതാവേ... നിന്റെ
തൃപ്തി കൂടുതൽ ലഭിക്കുവാനാണ് ഞാൻ നിന്റെയടുത്തേക്കു ധൃതിപ്പെട്ടുവന്നത് (ഖുർആൻ,
സൂറത്തു ത്വാഹാ 84). സൂലൈമാൻ നബി (അ) പ്രാർത്ഥിച്ചത് ഇങ്ങനെയാണ്: രക്ഷിതാവേ... എനിക്കും
എന്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്ന അനുഗ്രഹത്തിനും നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന
നല്ലകാര്യം ചെയ്യുവാനും എനിക്ക് പ്രചോദനം നൽകണമേ (ഖുർആൻ, സൂറത്തുന്നംല് :19).
നമ്മുടെ നബി (സ്വ)
ദൈവതൃപ്തി സ്ഥായിയായി ഉണ്ടാവാനും അതുകാരണം ദൈവശിക്ഷയിൽ നിന്നു കാവലുണ്ടാവാനും നിരന്തരം
പ്രാർത്ഥിച്ചിരുന്നു. പ്രവാചക പ്രത്‌നി ആയിശ (റ) പറയുന്നു: ഒരു രാത്രി നബി (സ്വ) തങ്ങളെ
കിടന്ന വിരിപ്പിൽ നിന്ന് കാണാതായപ്പോൾ എവിടെയാണെന്നറിയാൻ ഞാൻ കൈകൊണ്ടു തപ്പിത്തടഞ്ഞു.
അപ്പോൾ തിരുമേനി (സ്വ) ദൈവതൃപ്തി പ്രാപിക്കാനും ദൈവകോപം വിദൂരമാക്കാനും അല്ലാഹുവിനോട്
പ്രാർത്ഥിക്കുകയായിരുന്നു (ഹദീസ് മുസ്ലിം 222).
വിശ്വാസി എന്തിലും
ഏതിലും ദൈവതൃപ്തി മുന്തിക്കണമെന്നാണ് പ്രവാചകാധ്യാപനം. നബി (സ്വ) പറയുന്നു: അടിമ എപ്പോഴും
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടിരിക്കും. അപ്പോൾ അല്ലാഹു ജിബ്രീലി(അ) നോട് പറയും:
ഇയാൾ എന്റെ തൃപ്തി കാംക്ഷിക്കുന്നു, തീർച്ചയായും അയാൾക്ക് എന്റെ കരുണക്കടാക്ഷം ഉണ്ടായിരിക്കും. അപ്പോൾ ജിബ്രീൽ (അ)
പറയും: ഇയാൾക്ക് അല്ലാഹുവിന്റെ കരുണക്കടാക്ഷമുണ്ട്. ഹർഷ് ചുമക്കുന്നവരും അതിന് ചുറ്റുമുള്ളവരും
എന്നല്ല ഏഴു ആകാശങ്ങളിലുള്ള സകലരും ഇതേറ്റു പറയും. അങ്ങനെ അത് ഭൂമിയിലേക്കുമിറങ്ങും
(ഹദീസ് അഹ്മദ് 22401). അതുകാരണം അയാൾ ഭൂമിയിൽ
സ്വീകാര്യനും സർവ്വസമ്മതനും വിജയാശ്രീലാളിതനുമായിത്തീരും. ദൈവികമായ കവചം അവനിക്ക് സുരക്ഷത്തീർക്കുകയും
ചെയ്യും.
ദൈവികവചനങ്ങളായ പരിശുദ്ധ
ഖുർആൻ അനുശാസിക്കും പ്രകാരം ജീവിക്കുകയും പ്രവാചകരെ (സ്വ) അനുധാവനം ചെയ്യുകയും ചെയ്തവർക്കാണ്
ദൈവതൃപ്തി സിദ്ധിക്കുക. അല്ലാഹു തന്നെ പറയുന്നു: അല്ലാഹുവിങ്കൽ നിന്ന് നിങ്ങൾക്കിതാ
ഒരു പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവും വന്നുകിട്ടിയിരിക്കുന്നു. അതു മുഖേന തന്റെ സംതൃപ്തി
അനുധാവനം ചെയ്യുന്നവരെ അല്ലാഹു സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നതും അന്ധകാരങ്ങളിൽ
നിന്ന് തന്റെ അനുമതിയോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതും ഋജുവായ പന്ഥാവിലേക്ക് മാർഗദർശനം
ചെയ്യുന്നതുമാണ് (ഖുർആൻ, സൂറത്തു മാഇദ: 15,
16).
സന്മാർഗ അനുധാവനത്തിലൂടെ
ദൈവപ്രീതി പ്രദാനം ചെയ്യപ്പെട്ടവരാണ് പ്രവാചകരുടെ (സ്വ) അനുചരന്മാരായ സ്വഹാബികൾ. അവരെ
പ്രശംസിച്ചുക്കൊണ്ട് അല്ലാഹു പറയുന്നുണ്ട് : മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതരാണ്,
നബിയോടൊന്നിച്ചുള്ളവരാകട്ടെ സത്യനിഷേധികളുടെ മേൽ
കഠിനന്മാരാണ്. അവർക്കിടയിൽ ദയാശീലരുമാണ്. റുകൂഉം സുജൂദും ചെയ്യുന്നവരായി (നിസ്‌ക്കരിക്കുന്നവരായി)
അവരെ നിനക്ക് കാണാം. അവർ അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലവും പ്രീതിയും തേടുന്നു. സുജൂദിന്റെ
ഫലമായി സിദ്ധിച്ച അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട് (ഖുർആൻ, സൂറത്തുൽ ഫത്ഹ് : 29). അവർക്ക് ശാശ്വത സുഖലോലുപതകളുടെ സ്വർഗീയാരാമങ്ങളും അല്ലാഹു വാഗ്ദാനം
ചെയ്തിട്ടുണ്ട് : മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ഏറ്റവുമാദ്യമായി മുന്നോട്ടുവരുന്നവരും
സുകൃതം ചെയ്തുകൊണ്ട് അവരെ പിൻപറ്റിയവരുമായവരെ സംബന്ധിച്ച് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു.
അവർ അല്ലാഹുവിനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗങ്ങളിൽ കൂടി നദികൾ ഒഴുകുന്ന
സ്വർഗങ്ങൾ അല്ലാഹു അവർക്ക് ഒരുക്കിവെച്ചിട്ടുണ്ട്. അവരതിൽ എന്നെന്നും നിവസിക്കുന്നവരാണ്.
അതാണ് മഹത്തായ വിജയം ( ഖുർആൻ, സൂറത്തുത്തൗബ: 100).
ദൈവതൃപതി ഉണ്ടാവണമെങ്കിൽ
മാതാപിതാക്കളുടെ തൃപ്തി വേണം. നബി (സ്വ) പറയുന്നു: ദൈവതൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്
(ഹദീസ് തുർമുദി: 1899, ത്വബ്‌റാനി: 14368).
മക്കൾ മാതാപിതാക്കളോടുള്ള കടമകൾ പൂർത്തീകരിച്ചെങ്കിൽ
മാത്രമേ ദൈവപ്രീതി സ്വായത്തമാവുകയുള്ളൂവെന്നർത്ഥം. നിർധനർക്കും നിരാലംബർക്കും ദാനധർമ്മം
ചെയ്യലും ദൈവപ്രീതിക്ക് കാരണമാക്കും. ധർമ്മിഷ്ടരെ അല്ലാഹു ഉപമിക്കുന്നത് ഇങ്ങനെ: അല്ലാഹുവിന്റെ
തൃപ്തി തേടിയും തങ്ങളുടെ ഹൃദയങ്ങളെ ദൃഢമാക്കിയും
ധനം ചെലവ് ചെയ്യുന്നവർ, ഉയർന്ന ഭൂമിയിലുള്ള
തോട്ടം പോലെയാണ്. അതിന് ശക്തമായ മഴ കിട്ടുകയും അങ്ങനെ ഫലങ്ങളെ അത് രണ്ടിരട്ടിയായി നൽകുകയും
ചെയ്തു. ഇനി പെരുമഴ കിട്ടിയില്ലെങ്കിലും ചാറ്റൽ മഴ കിട്ടുന്നതാണ്. നിങ്ങളുടെ പ്രവൃത്തികളെ
അല്ലാഹു നല്ലപോലെ അറിയുന്നവനാകുന്നു (ഖുർആൻ, സൂറത്തുൽ ബഖറ : 265).
ദൈവപ്രീതി സിദ്ധിച്ചവർക്ക്
ഇഹലോകത്തും പരലോകത്തും അനന്തമായ സൗഭാഗ്യങ്ങളാണ് തയ്യാർ ചെയ്തിട്ടുള്ളത്. പരലോകത്ത്
സ്വർഗം സുഖലോകമാണ്. അതിലെ താഴ്ന്ന സ്ഥാനത്തുള്ളവർക്ക് തന്നെ അനന്തമായ സൗകര്യങ്ങളാണ്
അല്ലാഹു ഒരുക്കിയിട്ടുള്ളത്. ഉന്നത സ്ഥാനീയർക്ക് ഒരു കണ്ണും കാണാത്ത, ഒരു കാതും കേൾക്കാത്ത, ഒരു ചിന്തയിലും ഉദിക്കാത്ത ശ്രേഷ്ഠാനുഗ്രഹങ്ങളാണ് നൽകുകയെന്ന്
അല്ലാഹു മൂസാ നബി (അ)യോട് പറഞ്ഞതായി ഹദീസിലുണ്ട് (ഹദീസ് മുസ്ലിം 312).