യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 05/06/2026
നബി (സ്വ)യോടൊപ്പമുള്ള ഒരു യാത്രയിൽ പ്രമുഖ സ്വഹാബി വര്യൻ അബൂ മൂസൽ അശ്അരി (റ) മനസ്സിൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന ദിക്ർ ആവർത്താവർത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തോട് നബി (സ്വ) പറഞ്ഞു: ഞാൻ താങ്കൾക്ക് സ്വർഗത്തിലെ ഖനി എന്തെന്ന് പറഞ്ഞുതരട്ടയോ .. ശേഷം തുടർന്നു: താങ്കൾ ഉരുവിടുക 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' (ഹദീസ് ബുഖാരി, മുസ്ലിം). അനുചരന്റെ മനസ്സ് വായിച്ച നബി (സ്വ) ഈ ദിക്ർ ഇഹലോകത്തും പരലോകത്തും ഉപകരിക്കുന്ന മഹാഖനിയെന്ന് പഠിപ്പിക്കുകയായിരുന്നു. നബി (സ്വ) സ്വഹാബികളെ ഈ ദിക്ർ അധികരിപ്പിച്ചു ചൊല്ലാൻ പ്രേരിപ്പിക്കുമായിരുന്നു.
ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് മഹത്തായ വാക്യങ്ങളാണ്. സൃഷ്ടികൾക്ക് സ്വന്തമായി ശക്തിയോ ആവതോ ഇല്ലെന്നും ഏതു നല്ല കാര്യവും വരുത്തുന്നതും ഏതു മോശമായതും തടയുന്നതും അല്ലാഹു മാത്രമാണെന്ന് സമർത്ഥിക്കുന്ന വാക്കുകളാണിവ. മനുഷ്യർക്ക് സ്വന്തം ബലഹീനത ഓർമ്മിക്കുകയും സൃഷ്ടാവിന്റെ സർവ്വശക്തി ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെ അവരിൽ ഭയഭക്തി ഉണ്ടാവും.
നബി (സ്വ) പറയുന്നുണ്ട്: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകൾ സുബ്ഹാനല്ലാഹ് ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽഹംദു, വഹുവ അലാ കുല്ലി ശൈഇൻ ഖദീർ, ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നതാണ് (അദബുൽ മുഫ്‌റദ് 638).
എപ്പോഴാണ് ഈ ദിക് ർ ചൊല്ലേണ്ടത്? അനുഗ്രഹങ്ങളുണ്ടാവുമ്പോൾ അല്ലാഹുവിനുള്ള നന്ദി പ്രകാശനമായി ചൊല്ലേണ്ടതാണ്.
ഭക്ഷണം കഴിച്ചുകഴിഞ്ഞാലും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഈ ദിക്ർ ചൊല്ലാവുന്നതാണ്. അങ്ങനെ ചൊല്ലിയവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4023).
നമസ്‌കാരത്തിനായുള്ള ബാങ്കുവിളിയിലെ 'ഹയ്യ അലാ സ്വലാ, ഹയ്യ അലാ ഫലാ' എന്നിവ കേൾക്കുമ്പോഴും ഈ ദിക് ർ ആവർത്തിക്കണം (ഹദീസ് മുസ്ലിം 385).
പ്രാർത്ഥനയുടെ തുടക്കത്തിലും ഈ ദിക് ർ ഉരുവിടാവുന്നതാണ്. പ്രതീക്ഷയുടെ തേട്ടമാണല്ലൊ പ്രാർത്ഥന. പ്രാർത്ഥന പഠിപ്പിച്ചു തരണമെന്നഭ്യർത്ഥിച്ച ആൾക്ക് അല്ലാഹുവിനുള്ള സ്തുതി സ്‌തോത്രങ്ങളുടെ വാക്കുകളോടൊപ്പം 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന ദിക് ർ നബി (സ്വ) പഠപ്പിച്ചതായി കാണാം (ഹദീസ് മുസ്ലിം 2696).
ഈ ദിക്ർ സുകൃതങ്ങളുടെ വാതായനങ്ങൾ തുറക്കുമത്രെ.
നിത്യജീവിതത്തിൽ ഈ ദിക്ർ ചൊല്ലുന്നത് നാം ശൈലിയാക്കി മാറ്റണം. വിജയം ഉണ്ടാവുമ്പോഴും പ്രതിസന്ധിയുണ്ടാവുമ്പോഴും, സന്തോഷത്തിലും സന്താപത്തിലും ചൊല്ലണം.
വീട്ടിൽ നിന്നിറങ്ങുമ്പോഴും ഈ ദിക് ർ ചൊല്ലണം. നബി (സ്വ) പറയുന്നു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ബിസ്മില്ലാഹ്, തവക്കൽതു അലല്ലാഹ്, ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന ചൊല്ലിയാളോട് 'നിനക്ക് ഇതുമതി, നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു' എന്നു പറയപ്പെടും. മാത്രമല്ല അവനിൽ നിന്ന് പിശാച് അകന്നുപോവുകയും ചെയ്യും (ഹദീസ് തുർമുദി 3426).
