യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 08/05/2026
ഇന്നത്തെ ഖുത്ബാ വിഷയം ഉമ്മയാണ്. പരിശുദ്ധ ഇസ്ലാം മതത്തിൽ മാതൃത്വത്തിന് വലിയ സ്ഥാനമുണ്ട്. ഉമ്മക്ക് പകരം ഉമ്മ മാത്രമാണ്. മാനുഷികത്തിന്റെ വാത്സല്യരൂപമായ ഉമ്മ പുണ്യങ്ങളുടെ ഉറവിടമാണ്. അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നതാണ്.
ഉമർ ബ്‌നുൽ ഖത്വാബി (റ)ന്റെ അടുക്കലേക്ക് ആരും ചെന്നാലും നിങ്ങളിൽ ഉവൈസ് ബ്‌നു ആമിർ എന്നയാളുണ്ടോ എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയൊരിക്കൽ ഉമർ (റ) ഉവൈസ് ബ്‌നു ഉമൈറിനെ കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ ഉവൈസാണോ? അദ്ദേഹം പറഞ്ഞു: അതേ. ഉമർ (റ) തുടർന്നു: 'ഞാൻ നബി (സ്വ) പറയുന്നതായി കേട്ടിട്ടുണ്ട് : നിങ്ങളിലേക്ക് ഉവൈസ് ബ്‌നു ആമിർ എന്നയാൾ വരും, ഉമ്മയോട് അദ്ദേഹം പുണ്യം ചെയ്യുന്നയാളാണ്. അദ്ദേഹം അല്ലാഹുവിനോട് ശപഥം ചെയ്താൽ അല്ലാഹു അദ്ദേഹത്തിനത് ചെയ്തു കൊടുത്തിരിക്കും. അദ്ദേഹത്തിനോട് താങ്കൾക്ക് വേണ്ടി പാപമോചനം തേടാൻ പറയാൻ പറ്റുമെങ്കിൽ അതു ചെയ്യുക. നബി (സ്വ) അങ്ങനെ എന്നോട് പറഞ്ഞതിനാൽ എനിക്കായി പാപമോചനം തേടുക'. അങ്ങനെ അദ്ദേഹം ഉമറി (റ)ന് വേണ്ടി പാപമോചനം തേടുകയുണ്ടായി (ഹദീസ് മുസ്ലിം 2542). സ്വർഗം ഉറപ്പു കിട്ടിയ പത്തു പേരിൽപ്പെട്ട ഉമർ (റ) പോലും ഉവൈസ് എന്ന മഹാനോട് ഇസ്തിഗ്ഫാറിന് (പാപമോചന തേട്ടം) ആവശ്യപ്പെട്ടത് അദ്ദേഹം സ്വന്തം ഉമ്മയോട് കാണിച്ച പുണ്യങ്ങൾ കാരണത്താലാണ്.
മാതാവിന് വലിയൊരു സ്ഥാനം അല്ലാഹു തന്നെ വകവെച്ചു നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് നബിമാരോട് മാതാവിന് ഗുണം ചെയ്യാൻ വസ്വിയ്യത്ത് ചെയ്തത്. ഈസാ നബി (സ്വ) പറയുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: എന്റെ മാതാവിനോട് നല്ലനിലയിൽ പെരുമാറാനും അല്ലാഹു എന്നോട് അനുശാസിക്കുകയും ചെയ്തിട്ടുണ്ട് (സൂറത്തു മർയം 32).
ഉമ്മയുടെ മഹത്വങ്ങളും ഉമ്മ സഹിച്ച ത്യാഗങ്ങളും അറിയാൻ അല്ലാഹു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്: മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു ക്ഷീണത്തിനു മേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്നു നടന്നത്... (സൂറത്തു ലുഖ്മാൻ 14). ഗർഭം മുതൽ നമ്മുടെ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും സസന്തോഷം എല്ലാം സഹിച്ചവരാണ് മാതാക്കൾ.
അല്ലാഹു പറയുന്നു: തന്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യരോട് അനുശാസിച്ചിരിക്കുന്നു, അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗർഭം ധരിക്കുകയും പ്രയാസത്തോടെ അവനെ പ്രസവിക്കുകയും ചെയ്തു (സൂറത്തുൽ അഹ്ഖാഫ് 15).
ഉമ്മ സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മാറ്റിവെച്ചു കൊണ്ട് ഉണ്ണാതെയും ഉറങ്ങാതെയും മക്കൾക്കായി കാലങ്ങൾ കഴിച്ചുകൂട്ടി. അതിനെല്ലാം പകരമായി മക്കൾ എത്ര ചെലവഴിച്ചാലും മതിയാവുകയില്ല. ആർക്കും ഉമ്മയോട് പിശുക്ക് കാട്ടാനാവില്ല. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ശബ്ദമുയർത്തിയോ മാതൃത്വത്തെ നോവിക്കാനാവില്ല. മാതാക്കളെ നോവിക്കുന്നത് അല്ലാഹു നിശിതമായി നിരോധിരിക്കുന്നുവെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
ഉമ്മയോടുള്ള അവകാശങ്ങളെ നമ്മുക്ക് തുലനം ചെയ്യാനാവില്ല. നമ്മുടെ സന്ദർശനത്താലും സമ്പർക്കത്താലും ഉമ്മ അതിയായി സന്തോഷിക്കുന്നതാണ്, നമ്മുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്നതാണ്. മൂസാ നബി (അ)യുടെ ഉമ്മ കൈക്കുഞ്ഞായ മൂസായുടെ അഭാവത്താൽ മനോവേദന അനുഭവിക്കുന്നത് സൂറത്തുൽ ഖസസ് 10ാം സൂക്തത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ആരോടാണ് ഏറ്റവും കൂടുതൽ സഹവാസം അർഹിക്കുന്നതെന്ന് ചോദിച്ചയാളോട് ആദ്യം മൂന്നുവട്ടവും നിന്റെ ഉമ്മയോട് എന്നാണ് നബി (സ്വ) മറുപടി പററഞ്ഞത്. നാലാമതായി നിന്റെ ഉപ്പയോട് എന്നും മറുപടി നൽകി (ഹദീസ് ബുഖാരി, മുസ്ലിം). മാതാവിന് പുണ്യം ചെയ്യുന്നതിനേക്കാൾ സൽക്കർമ്മമായ ഒരു കാര്യം താൻ അറിയില്ലെന്നാണ് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നത് (അദബുൽ മുഫ്‌റദ് 04).
ഉമ്മ വിലമതിക്കാനാവാത്ത നിധിയാണ്. ജീവിതകാലത്ത് പുണ്യങ്ങൾ ചെയ്ത് ആ നിധി നാം ഉപയോഗപ്പെടുത്തുക. ഉമ്മ ഇല്ലാതിരിക്കുമ്പോഴേ ആ അഭാവത്തിന്റെ ആഴമറിയുകയുള്ളൂ. മാതാപിതാക്കളെയോ അവരിൽ ഒരാളെയോ വാർദ്ധക്യകാലത്ത് കിട്ടിയിട്ടും അവരോട് നന്മകൾ ചെയ്യാനാവാത്തവൻ മണ്ണിൽ മൂക്ക് കുത്തിവീഴട്ടെ എന്ന് നബി (സ്വ) ആവർത്തിക്കുകയും അങ്ങനെയുള്ളയാൾ സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട് (ഹദീസ് അഹ്‌മദ് 8557).
മാതാക്കൽ തലമുറകളുടെ ശില്പിയാണ്. ഇതിഹാസങ്ങളെ ഉണ്ടാക്കുന്നത് ഉമ്മമാരാണ്.
യുഎഇ മാതാക്കൾക്കുള്ള എല്ലാവിധ സ്ഥാനമാനങ്ങളും ബഹുമാനങ്ങളും വകവെച്ചുനൽകുന്നുണ്ട്.
ഉമ്മ മരിച്ചാലും അവരോടുള്ള കടപ്പാടുകളുടെ വാതിലുകൾ അടയില്ല. പ്രാർത്ഥനകൾ ചെയ്തും ദാനധർമ്മങ്ങൾ ചെയ്തും അവരുടെ കബ്‌റിനെ പ്രകാശിപ്പിക്കുകയും ആത്മാവിനെ സന്തോഷിപ്പിക്കുകയും ചെയ്യണം. മരിച്ചാലും അണമുറിയാത്ത നന്മകളായി നബി (സ്വ) പഠിപ്പിച്ച കാര്യങ്ങളാണ്: ജാരിയായ സ്വദഖ, നാഫിആയ ഇൽമ്, സ്വാലിഹായ സന്താനം (ഹദീസ് മുസ്ലിം 1631). നമ്മെ വളർത്തിയ മാതാപിതാക്കൾക്ക് കരുണ ചെയ്യാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കണം. അവർക്കായി പാപമോചനം തേടണം. അവരുടെ കടങ്ങൽ വീട്ടണം. നേർച്ചകൾ നിർവ്വഹിക്കണം. അവരുടെ കരാറുകൾ പൂർത്തീകരിച്ചു കൊടുക്കണം. അവരുടെ കുടുംബക്കാരോട് ബന്ധം പുലർത്തണം. പ്രത്യേകിച്ച് ഉമ്മയുടെ സഹോദരിമാരോട്. അവർ ഉമ്മക്ക് തുല്യമെന്നൊരു ഹദീസുണ്ട് (തുർമുദി 1904). ഒരിക്കൽ ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്നു പറഞ്ഞു: തിരുദൂതരേ, ഞാനൊരു കുറ്റം ചെയ്തു, വല്ല പ്രായശ്ചിത്തവുമുണ്ടോ? നബി (സ്വ): നിനക്ക് ഉമ്മയുണ്ടോ? അയാൾ പറഞ്ഞു: ഇല്ല. നബി (സ്വ) ചോദിച്ചു: മാതാവിന്റെ സഹോദരിയുണ്ടോ? അയാൾ ഉണ്ട്. നബി (സ്വ) പറഞ്ഞു: എന്നാൽ താങ്കൾ അവർക്ക് നന്മകൾ ചെയ്യുക.

