യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 01/05/2026 (ദുൽഖഅ്ദ 13, ഹിജ്‌റാബ്ദം 1447)
ശാന്തിയും സ്വസ്ഥതയും ഇണക്കവും പൂക്കുന്ന ഇടമാണ് വീട്. സൂറത്തുന്നഹ്‌ല് 80ാം സൂക്തത്തിലൂടെ വിശുദ്ധ ഖുർആൻ വിവരിക്കുന്നു: 'അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ വീടുകളെ സമാധാനസ്ഥലമാക്കിയിരിക്കുന്നു. കുടുംബത്തിന്റെ അഭയകേന്ദ്രമാണ് വീട്'. തിന്നാനും കുടിക്കാനും പാർക്കാനും സൗകര്യമേകിയ അല്ലാഹുവിനെ നബി (സ്വ) എല്ലാ രാത്രികളിലും സ്തുതിക്കുമായിരുന്നു (ഹദീസ് മുസ്ലിം 2715).
വീടകങ്ങളിൽ സജീവമാവേണ്ട പ്രധാന കാര്യമാണ് ദൈവസ്മരണ (ദിക്‌റുല്ലാഹ്). ദൈവസ്മരണയുള്ള വീടിനെ ജീവസുറ്റതിനോടും ദൈവസ്മരണയില്ലാത്ത വീടിനെ മൃതദേഹത്തോടുമാണ് നബി (സ്വ) ഉപമിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 779).
നമസ്‌കാരങ്ങൾ നിലനിർത്തപ്പെടുന്ന വീടുകളും ജീവസുറ്റതായിരിക്കും. പള്ളികളിൽ വെച്ച് നിർബന്ധ നമസ്‌കാരങ്ങൾ നിർവ്വഹിക്കപ്പെടുമ്പോൾ ഐഛിക (സുന്നത്ത്) നമസ്‌കാരങ്ങളിൽ ചിലത് വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നാണ് നബി (സ്വ)യുടെ നിർദേശം. അതു കാരണം അല്ലാഹു വീട്ടിൽ അനുഗ്രഹങ്ങൾ വരുത്തുമത്രേ (ഹദീസ് മുസ്ലിം 778). അതായത് നമസ്‌കാരങ്ങൾ നിർവ്വഹിക്കപ്പെടാത്ത വീടുകളിൽ സ്വസ്ഥ ജീവിതം ഉണ്ടാവില്ലെന്നർത്ഥം.
വീടുകളിൽ സലാം പറയുന്നത് ശീലമാക്കണം. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിൽ നിന്നുള്ള അനുഗൃഹീതവും പരിപാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോനം സലാം പറയുക (സൂറത്തുന്നൂർ 61). വീട്ടിൽ പ്രവേശിക്കുമ്പോൾ രക്ഷയുടെ പ്രാർത്ഥനയായ സലാം പറയുന്നത് സത്യവിശ്വാസിക്ക് ഏറെ ആനന്ദകരം തന്നെ. മാനസികവും സാമൂഹികവുമായ ബന്ധത്തിന്റെ താക്കോലമാണ് സലാം. കുടുംബബന്ധങ്ങൾ നിലനിർത്തപ്പെടുന്ന കുടുംബവീടുകളിൽ ദാരിദ്യമുണ്ടാവില്ലെന്ന ഹദീസുമുണ്ട് (സ്വഹീഹു ഇബ്‌നുഹിബ്ബാൻ 762).
നാം പരമാവധി കുടുംബക്കാരുമായി ഇടപഴകുക. ഫോണിലും മറ്റു വ്യഥാ വേലകളിലും മുഴുകി കുടുംബക്കാർക്കുള്ള ബാധ്യത നിർവ്വഹിക്കാൻ വിട്ടുപോവരുത്. ആശ്രിതർക്ക് ചെലവിന് കൊടുക്കാതെയും മറ്റു ബാധ്യതകൾ നിറവേറ്റാതെയും അവഗണിക്കുന്നത് വലിയ തെറ്റെന്ന് നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് മുസ്‌ലിം 996, സുനനുൽ കുബ്‌റാ നസാഈ 9131).
സ്വന്തം കുടുംബവുമായി ഇടപഴകിക്കൊണ്ടിരിക്കുകയും അതല്ലാത്ത അനാവശ്യങ്ങളിൽ മുഴുകാതിരിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ. ക്ഷാമത്തിലും ക്ഷേമത്തിലും, പ്രയാസത്തിലും അനായാസത്തിലും കുടുംബക്കാർക്കൊപ്പം നിൽക്കണം. കുടുംബക്കാരോട് നല്ല വാക്കുകൾ പറയണം. സ്‌നേഹ ബഹുമാനാദരവുകൾ കൈമാറണം. വീഴ്ചകളിൽ പരസ്പരം വിടുതി നൽകണം. തെറ്റുകൾ ചൂഴ്ന്ന് അന്വേഷിച്ച് വശളാക്കരുത്. മുറിവേൽക്കുന്ന വാക്പ്രയോഗങ്ങൾ നടത്തരുത്. തർക്കങ്ങൾക്ക് വഴിവരുത്തരുത്. ക്ഷമ, കാരുണ്യം, വാഗ്ദത്ത പാലനം, മാന്യത, യുക്തിസഹമായ ഇടപെടൽ, നൈർമല്യം തുടങ്ങിയ സൽസ്വഭാവങ്ങളോടെ കുടുംബക്കാരോട് പെരുമാറുക. അല്ലാഹു ഒരു കുടുബത്തിൽ നന്മ ഉദ്ദേശിച്ചാൽ അവരിൽ അലിവ് ഇട്ടുകൊടുക്കുന്നതാണ് (ഹദീസ് അഹ്‌മദ് 24472).
ഒരു കുടുംബത്തിന്റെ വിജയം അവരുടെ തുടക്കം മുതൽക്കുള്ള യുക്തിയിലധിഷ്ഠിതമാണ്. അതായത് സന്തുഷ്ട കുടുംബം മക്കളിൽ ഉത്തരവാദിത്വ ബോധമുണ്ടാക്കുകയും അവരുടെ വിവാഹ കാര്യങ്ങൾ ധൂർത്തോ അമിതവ്യയമോ ഇല്ലാതെ പ്രൗഢമായ ദാമ്പത്യജീവിതത്തിനായി അനായാസകരമാക്കിക്കൊടുക്കുകയും ചെയ്യും. കല്യാണത്തിനായി നൂതന മാമൂലകൾ അനാവശ്യ ചിലവുകൾ വരുത്തുന്നത് ദൗർഭാഗ്യകരമാണ്. പുതിയതരം പേക്കൂത്തുകൾ കുടുംബത്തെ ഭാരിച്ച കടകളിലേക്കും അധിക ബാധ്യതകളിലേക്കും തള്ളിവിടും. അങ്ങനെ പുണ്യവും പാവനവുമായ വിവാഹം കാരണം കുടുംബം തീരാ നഷ്ടത്തിലും ദുഖത്തിലുമാവും. പ്രവാചക ചര്യയിൽ മുൻഗാമികളുടെ മാതൃകയിൽ കല്യാണ പരിപാടികൾ ലഘൂകരിക്കണം. എന്നാൽ ആ കുടുംബത്തിൽ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളുണ്ടാവും. സ്ത്രീ വിവാഹ കാര്യങ്ങളിലും മഹ്‌റിലും അനായാസം വരുത്തുന്നത് അവളുടെ ശുഭലക്ഷണമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്‌മദ് 24607).
മക്കൾ വീടിന്റെ സൗഭാഗ്യ കുസുമങ്ങളാണ്. കൺകുളിർമകളാണ് അവർ. മക്കൾ അധികരിക്കുന്നത്ര ജീവിത സൗഭാഗ്യങ്ങളും വർധിക്കും. അതുകൊണ്ടാണ് പരിശുദ്ധ ഇസ്ലാം മതം വിവാഹത്തിലൂടെ സന്താനോൽപാദനം പ്രോത്സാഹിപ്പിക്കുന്നത്. മഹാനായ സകരിയാ നബി (അ) സൽസന്താനങ്ങൾക്കായി പ്രാർത്ഥിക്കുന്നത് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് (സൂറത്തു ആലുഇംറാൻ 38).
വിവാഹത്തിലൂടെ സന്താനോൽപാദനത്തിന് പരിഗണന നൽകുക. അതിൽ ദൈവിക തൃപ്തിയും പ്രവാചക മാതൃകയുമുണ്ട്. സ്ത്രീകൾ കൃഷിയിടമെന്നാണ് ഖുർആൻ പരിചയപ്പെടുത്തുന്നത് (സൂറത്തുൽ ബഖറ 223). കാർഷിക വിഭവങ്ങളുണ്ടായിട്ടും ഭൂമിയിൽ കൃഷി ചെയ്യാതിരിക്കുന്നത് ഉചിതമല്ലല്ലൊ. ഇന്നത്തെ ആരോഗ്യരംഗത്ത് ഉൽപാദനശേഷിക്കും ചികിത്സകൾക്കും അതിനൂതന മാർഗങ്ങളുണ്ട്. സന്താനങ്ങളും ഉപജീവനമാർഗങ്ങളായ രിസ്ഖുകളിൽപ്പെട്ടതാണ്. മക്കളെയും പേരമക്കളെയും ഭക്ഷ്യങ്ങളെയുമെല്ലാം അല്ലാഹു തരുന്നതാണ് (സൂറത്തുന്നഹ്‌ല് 72). സന്താനോൽപാദനം പുണ്യകർമ്മമാണ്. സന്താനങ്ങൾക്ക് വേണ്ടി തന്നെയാണ് വിവാഹം കഴിക്കുന്നതെന്ന് ഉമർ (റ) പറഞ്ഞിട്ടുണ്ട് (കിതാബു ഇഹ് യാ ഉലുമുദ്ദീൻ 2/23).
വിവാഹത്തിന്റെ പ്രധാന ലക്ഷ്യം കുടുംബ രൂപീകരണമാണ്. കുടുബങ്ങളിലൂടെയാണ് സമൂഹങ്ങളുണ്ടാവുന്നത്. സമൂഹങ്ങളിലൂടെ നാടും രൂപപ്പെടുന്നു. നാല് സ്ത്രീകളെ വരെ വിവാഹ കഴിക്കൽ ഇസ്ലാമിൽ നിബന്ധനകളോടെ അനുവദനീയമാണ് (സൂറത്തുന്നിസാഅ് 3).

