ചതിയന്മാർ നമ്മളിൽപ്പെട്ടവരല്ല

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 24.04.2026

അല്ലാഹു നിശിതമായി വിരോധിച്ച കാര്യങ്ങളാണ് ചതിയും വഞ്ചനയും. വഞ്ചകരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല (സൂറത്തു യൂസുഫ് 52). ചതികളിൽ വെച്ചുതന്നെ ഏറ്റവും മാരകമാണ് നാടിനെതിരെയുള്ള ചതി. കാരണം ആ ചതി സ്വന്തം കുടുംബബന്ധക്കാരും നാട്ടുകാരുമടങ്ങുന്ന സമൂഹത്തിനെതിരെയുള്ള കടുംകൈയ്യാണ്. നബി (സ്വ) വഞ്ചനകളിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുകയും അത് ഒളിഞ്ഞുള്ള ഹീനപ്രവർത്തനമാണെന്ന് പറയുകയും ചെയ്തിരുന്നു (ഹദീസ് അബൂദാവൂദ് 1547). മാത്രമല്ല വഞ്ചനയെ കപടതയുടെ മുഖ്യലക്ഷണമായി എണ്ണിപ്പറയുകയും ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). 

നിശ്ചയമായും വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (സൂറത്തുൽ അൻഫാൽ 58). ജനങ്ങൾ അവരുടെ തന്ത്രകുതന്ത്രങ്ങളിൽ പെടാതിരിക്കാൻ അല്ലാഹു അത്തരക്കാരുടെ മുഖമൂടി നീക്കി തനിരൂപം പുറത്തുകാട്ടുന്നുണ്ട്: ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് വേണ്ടി നീ തർക്കിക്കരുത്, മഹാവഞ്ചകനും അധർമ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവർ ജനങ്ങളിൽ നിന്ന് കാര്യങ്ങൾ ഒളിച്ചുവെക്കുന്നു, എന്നാൽ അല്ലാഹുവിൽ നിന്ന് ഒന്നും ഒളിച്ചുവെക്കാൻ അവർക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവർ രാത്രിയിൽ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ കൂടെത്തന്നെയുണ്ട്. അവർ പ്രവർത്തിക്കുന്നതെല്ലാം സമ്പൂർണമായി അറിയുന്നവനാകുന്നു അല്ലാഹു (സൂറത്തുന്നിസാഅ് 107, 108). അത്തരം ചതിയന്മാർ നമ്മുടെ ആളുകളെന്ന് ബന്ധം പറഞ്ഞാലും അവർ നമ്മളിൽപ്പെട്ടവരല്ല. അല്ലാഹു തന്നെ പറയുന്നുണ്ട്: തീർച്ചയായും അവർ നിങ്ങളുടെ കൂട്ടത്തിൽ പെട്ടവരാണെന്ന് അവർ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു പറയും. എന്നാൽ അവർ നിങ്ങളുടെ കൂട്ടത്തിൽപ്പെട്ടവരല്ല. പക്ഷെ അവർ പേടിച്ചു കഴിയുന്ന ഒരു ജനവിഭാഗമാകുന്നു (സൂറത്തുത്തൗബ 56). 

ചിലർ പ്രത്യക്ഷത്തിൽ നാടിനോട് കൂറ് കാണിക്കുമെങ്കിലും അവർ ഭീകരപ്രവർത്തനങ്ങളിലേർപ്പെടുന്ന സാമൂഹ്യ ദേശ വിരുദ്ധരാണ്. 'ഏതെങ്കിലും അഭയസ്ഥാനമോ ഗുഹകളോ കടന്നുകൂടാൻ പറ്റിയ ഏതെങ്കിലും സ്ഥലമോ അവർ കണ്ടെത്തുകയാണെങ്കിൽ കുതറിച്ചാടിക്കൊണ്ട് അവരങ്ങോട്ട് തിരിഞ്ഞു പോകുന്നതാണ്' (സൂറത്തുത്തൗബ 57). അതേ, അവർ സ്വന്തത്തെയും സ്വന്തം സമൂഹത്തെയും വസിക്കുന്ന നാടിനെയും വഞ്ചിക്കുന്നവരാണ്. വഞ്ചിക്കുന്നവൻ നമ്മളിൽപ്പെട്ടവനല്ല എന്നാണ് ഹദീസ് (മുസ്ലിം 101). 


ചതിയന്മാർ എത്ര വലിയ പാതകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അന്ത്യനാളിൽ ഏവരെയും അല്ലാഹു ഒരുമിച്ചുകൂട്ടിയ ശേഷം ഓരോ വഞ്ചകന്നും ഓരോ കൊടി കൊടുത്ത് ഇത് ഇന്നയാളുടെ വഞ്ചനയാണെന്ന് പറയുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). ചതിയന്മാരായ ഭീകരവാദികൾ പ്രത്യക്ഷത്തിൽ നന്മകളുടെ വാഹകരെന്ന് ചമയുമെങ്കിലും പരോക്ഷമായി കൊടുംവഞ്ചനകളുടെ മൊത്തം കച്ചവടക്കാരാണ് അവർ. 'അവരാൽ കഴിയുന്ന കുതന്ത്രം അവർ പ്രയോഗിച്ചിട്ടുണ്ട്, അല്ലാഹുവിങ്കലുണ്ട് അവർക്കായുള്ള തന്ത്രം. അവരുടെ കുതന്ത്രം നിമിത്തം പർവ്വതങ്ങൾ നീങ്ങിപ്പോവാൻ മാത്രമൊന്നുമായിട്ടില്ല' (സൂറത്തു ഇബ്രാഹിം 46). 

വസിക്കുന്ന നാടിനെതിരെ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നവർ എത്ര നീചരാണ്. നാടിന്റെ നന്മകൾക്ക് പകരം അവർ ചതിയാണ് നൽകുന്നത്. നല്ലതിന് പകരമായി ദുഷിച്ചത് നിങ്ങൾ മാറ്റിയെടുക്കരുതെന്ന് അല്ലാഹു പറയുന്നുണ്ട് (സൂറത്തുന്നിസാഅ് 02). 

ആരും ചതിയന്മാരുടെ കെണിയിൽപെട്ടുപോവരുത്. മതചിഹ്നങ്ങളെയും അനുഷ്ഠാനങ്ങളെയും ചൂഷണം ചെയ്യുന്ന അത്തരക്കാരെപ്പറ്റി നബി (സ്വ) മുന്നറിയിപ്പ് നൽകിട്ടുണ്ട്  (ഹദീസ് ബുഖാരി, മുസ്ലിം). ചതിയന്മാരെ അല്ലാഹു കൈകാര്യം ചെയ്യുന്നതായിരിക്കും.

സൂറത്തുൽ അൻഫാൽ 71ാം സൂക്തത്തിൽ കാണാം: ഇനി നിന്നെ വഞ്ചിക്കാനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ അവർ മുമ്പ് അല്ലാഹുവിനോടും വഞ്ചന കാണിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അവൻ അവരെ നിങ്ങൾക്കും കീഴ്‌പ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. ഭീകരരുടെ ചതികൾക്കെതിരെ സത്യവിശ്വാസ ആവേശത്തോടെ നമ്മുക്ക് ഒന്നായി അണിനിരക്കാം. 


നാട് പരാജയപ്പെടുന്നത് ഇഹപരലോകങ്ങളിൽ വലിയ നഷ്ടമാണ് വരുത്തിവെക്കുക. ഒരോർത്തരും ഉത്തരവാദിത്വബോധത്തോടെ നാടിനായി ഇടപെടുക. പ്രതിരോധത്തിനായി സായുധ സജ്ജരായ ധീര പടയാളികളുള്ള ഈ നാട് പ്രൗഢമാണ്. അല്ലാഹുവിനെ സ്തുതിക്കാം. ദൈവമാർഗത്തിൽ ഉറക്കമൊഴിക്കുന്ന കണ്ണുകൾക്ക് നരകത്തീ ഏൽക്കില്ലെന്നാണ് ഹദീസ് (തുർമുദി 1639). ദേശസുരക്ഷക്കായി നാം ദേശവിരുദ്ധ ചേരികളെ കരുതിയിരിക്കുകയും അതികൃധർക്ക് അവരെപ്പറ്റി വിവരം നൽകുകയും ചെയ്യുക. അവർ സ്വന്തക്കാരായാൽ പോലും അമാന്തിക്കരുത്. നാടാണ് പ്രധാനം. അവരെപ്പറ്റി മറച്ചുവെക്കുന്നവരും ചതിന്മാരിൽപ്പെട്ടവരാണ്. അത്തരക്കാർക്ക് അഭയം നൽകിയവരെ അല്ലാഹു ശപിച്ചിട്ടുണ്ടെന്നാണ് നബി (സ്വ) പറഞ്ഞത്(ഹദീസ് മുസ്ലിം 1978). 

സായുധ സേനക്ക് നമ്മുക്ക് നന്ദികൾ നേരാം. 

മെയ് 6ന് യുഎഇയുടെ സായുധ സേനാ രൂപീകരണത്തിന്റെ 50ാം വാർഷികമാണ്.


back to top