യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 17/04/2026
അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളായ അസ്മാഉൽ ഹുസ്‌നായിൽപ്പെട്ടതാണ് അൽ ഹമീദ്. ഹമീദ് എന്നാൽ എല്ലാകാര്യത്തിലും സ്തുതിക്കപ്പെട്ടവൻ എന്നാണ് അർത്ഥം. അതായത് അല്ലാഹു അവന്റെ എല്ലാ വിധികളിലും നിർണയങ്ങളിലും, അവൻ നൽകുന്നതിലും നൽകാതെ തടഞ്ഞുവെക്കുന്നതിലും അങ്ങനെ അവന്റെ എല്ലാ വിശേഷങ്ങളിലും അല്ലാഹു സ്തുതിക്കപ്പെടാൻ അർഹനായവനാണ്. സ്തുതിയെന്നർത്ഥമാക്കുന്ന ഹംദിൽ നിന്ന് നിഷ്പന്നമായ വാക്കാണ് ഹമീദ്. ഹംദും (സ്തുതിക്കൽ) ശുക്‌റും (നന്ദി പറയൽ) സന്മാർഗികളുടെ ശൈലിയാണ്. ഹംദ് എന്ന വാക്ക് അല്ലാഹുവിന് അവനിലേക്ക് ചേർക്കാനും അവനിലേക്ക് ചേർത്തി പറയപ്പെടാനും ഏറെ ഇഷ്ടമാണ് (തഫ്‌സീറു ഇബ്‌നു അബീ ഹാതിം 1/81).
ഒരിക്കൽ കവിയും കൂടിയായ അസ്‌വദു ബ്‌നു സരീഅ് (റ) നബി (സ്വ)യുടെ സന്നിധിയിൽ വന്നു പറഞ്ഞു: തിരുദൂതരേ, ഞാൻ ധാരാളം സ്തുതിവാക്കുകളാൽ അല്ലാഹുവിനെ സ്തുതിച്ചിട്ടുണ്ട്. അപ്പോൾ നബി (സ്വ) പറഞ്ഞു: താങ്കളുടെ നാഥൻ ഹംദ് ഇഷ്ട്‌പ്പെടുന്നുണ്ട് (അദബുൽ മുഫ്‌റദ് ബുഖാരി 859).
ബഹുമാനാദരവുകളോടെ മഹത്വങ്ങൾ പറഞ്ഞ് പുകഴ്ത്തുന്നതിനാണ് ഹംദ് എന്ന് പറയുന്നത്. സ്തുതിസ്‌തോത്രങ്ങൾക്കും നന്ദിപ്രകടനങ്ങൾക്കും ഏറ്റവും അർഹനായിരിക്കുന്നത് അല്ലാഹുവാണ്. അല്ലാഹുവാണ് ഹംദിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്, അതുകൊണ്ടാണ് അവൻ അവനെ തന്നെ ഹംദ് ചെയ്യുന്നതെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (മുഅ്ജമുൽ കബീർ ത്വബ്‌റാനി 10378). അതേ, അല്ലാഹു സ്വന്തത്തെ പല രീതികളിൽ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്, പരിശുദ്ധ ഖുർആനിൽ ഇരുപതിലധികം സ്ഥലങ്ങളിൽ സ്വന്തത്തെ ഹംദ് ചെയ്യുന്നതായിട്ടുണ്ട്. അഞ്ചു ഖുർആനികാധ്യായങ്ങൾ തുടങ്ങുന്നത് തന്നെ ഹംദിലാണ്. സൂറത്തു ഫാതിഹയിൽ ബിസ്മിക്ക് ശേഷമുള്ള ആദ്യ ഉള്ളടക്കം ഹംദാണല്ലൊ. സൂറത്തുൽ അൻആം, സൂറത്തുൽ കഹ്ഫ്, സൂറത്തു സബഅ്, സൂറത്തു ഫാത്വിർ എന്നിവയാണ് അല്ലാഹുവിനെ ഹംദ് ചെയ്തുകൊണ്ട് തുടങ്ങുന്ന മറ്റു സൂറത്തുകൾ.
ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ള സകലതും അല്ലാഹുവിന് ഹംദുകളർപ്പിച്ചു അവനെ പരിശുദ്ധനാക്കുന്നുണ്ട് (സൂറത്തുൽ ഇസ്‌റാഅ് 44).
നാമും നമ്മുടെ ജീവിതത്തിൽ പല ആരാധനകളിലായി ആവർത്താവർത്തിച്ചു ഹംദുകൾ ചൊല്ലുന്നുണ്ട്. ചുരുങ്ങിയത് അഞ്ചു നേരങ്ങളിലുള്ള അഞ്ചു നിർബന്ധ നമസ്‌കാരങ്ങളിലായി 17 റ്ക്അത്തുകളിൽ ഫാതിഹ ഓതുമ്പോൾ 17 പ്രാവശ്യം അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ പാരായണം ചെയ്യുന്നുണ്ട്. റുകൂഇൽ നിന്ന് ഉയർന്ന് നേരെ നിന്നാലും ഹംദ് ചൊല്ലുന്നുണ്ട്.
നാം ചിന്തിക്കുക, ഇതെല്ലാം നാമും പ്രപഞ്ചനാഥനും തമ്മിലുള്ള സംഭാഷണമാണ്. അത് ഹൃദയത്തെ വിശാലമാക്കും, സംശുദ്ധീകരിക്കും. അവനിൽ നിന്നുള്ള എണ്ണമറ്റ അനുഗ്രഹങ്ങളിലാണ് ജീവിക്കുന്നതെന്ന് മനുഷ്യനെ ഓർമ്മിക്കുന്ന നിമിഷങ്ങളാണവ. നാം ഏതു സന്തോഷ വേളയിലും സന്താപ വേളയിലും അല്ലാഹിന് സ്തുതികളർപ്പിക്കണം. ഏതു ദുഖത്തിലും സുഖത്തിലും അല്ലാഹുവിനെ സ്തുതിക്കാനാണ് നമ്മെ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. അല്ലാഹുവിനെ സ്തുതിക്കാതെ ഒരു വേളയും കടന്നുപോകരുത്.
നമ്മുടെ മക്കളുടെ ജീവിതത്തിലും അല്ലാഹുവിന് ഹംദ് ചെയ്യുന്ന രീതി ശീലിപ്പിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും, ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും അല്ലാഹുവിനെ സ്തുതിക്കുന്ന ശീലം അവരിലുണ്ടാക്കണം. ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും അല്ലാഹുവിന് ഹംദുകൾ അർപ്പിക്കുന്നവന്റെ കാര്യത്തിൽ അല്ലാഹു തൃപ്തനായിരിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 2734). നാം ആർജിക്കുന്ന അറിവുകൾ, നൈപുണ്യങ്ങൾ, അവക്കുള്ള സൗകര്യങ്ങൾ, സാങ്കേതിക കാര്യങ്ങൾ അങ്ങനെ ഓരോ കാര്യങ്ങൾക്കും നാം അല്ലാഹുവിന് സ്തുതികളർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. ദാവൂദ് നബി (അ)യും സുലൈമാൻ നബി (അ)യും അല്ലാഹു അവർക്കേകിയ വിജ്ഞാനങ്ങളടക്കമുള്ള കാര്യങ്ങൾക്ക് ഹംദുകൾ ചൊല്ലുന്നത് സൂറത്തുന്നംല് 15ാം സൂക്തത്തിൽ വിവരിക്കുന്നുണ്ട്.
നമ്മുടെ മക്കൾ വല്ല വിജയമോ നേട്ടമോ ഉണ്ടായാൽ അൽഹംദുലില്ലാഹ് പറയാൻ പഠിപ്പിക്കണം. നമ്മുടെ സത്യവിശ്വാസം, മതചിട്ട, ഖുർആൻ അറിവുകൾ, ശാന്തി സമാധാനാവസ്ഥ, ആരോഗ്യം തുടങ്ങിയ ജീവിതത്തിന്റെ സകല കാര്യങ്ങൾക്കും അല്ലാഹുവിന് ഹംദുകൾ ചൊല്ലണം. വീട്ടിലും സദസ്സുകളിലും ഹംദുകൾ പതിവാക്കണം. അല്ലാഹു നമ്മുക്കേകിയ ഉപജീവനങ്ങൾ, ഭാര്യ സന്താനങ്ങൾ, കാരുണ്യങ്ങൾ, മഴ, ഭക്ഷണം, നാട്, സമൂഹം, സൽഭരണകൂടം, സുരക്ഷാ കാര്യങ്ങൾ, പ്രതിരോധ സേനകൾ എന്നിവക്കെല്ലാം നാം അല്ലാഹുവിന് എത്ര ഹംദുകൾ ചെയ്താലും മതിയാവില്ല.

