സുധീരം, സുസജ്ജം ഇമാറാത്ത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 10/04/2026

അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ ക്ഷമിക്കുകയും ഭയഭക്തി കാട്ടുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങൾക്കൊരു ഉപദ്രവവും വരുത്തുകയില്ല (സൂറത്തു ആലു ഇംറാൻ 120). ഏതു വിജയവും അല്ലാഹുവിന്റെ കൈയ്യിൽ തന്നെയാണ്. സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നുമാത്രമാകുന്നു (ആലുഇംറാൻ 126). അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി, അവനാകുന്നു സഹായികളിൽ ഉത്തമൻ (ആലുഇംറാൻ 151). അവനാണ് നിങ്ങളുടെ രക്ഷാധികാരി, എത്ര നല്ല രക്ഷാധികാരി, എത്ര നല്ല സഹായി (സൂറത്തുൽ ഹജ്ജ് 78). 

നാം അല്ലാഹുവിൽ നിന്നുള്ള സഹായം മാത്രം പ്രതീക്ഷിക്കുന്നവരാണ്. ഈ ഭരണകൂടം യാതൊരു വ്യാജവും രാഷ്ട്രീയതവും കലർത്താതെ അവന്റെ മതമായ പരിശുദ്ധ ഇസ്ലാമിന്റെ പാതയിലാണ്. പ്രവാചകരുടെ (സ്വ)യുടെ ചര്യയിലാണ്. മഹതികളായ പ്രവാചകപത്‌നിമാരെയും സ്വഹാബികളെയും ബഹുമാനിക്കുന്നവരാണ്. സമത്വത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മാർഗം സ്വീകരിച്ചവരാണ്. വെറുപ്പിനെയും വിവേചനത്തെയും വീഭാഗീയതകളെയും നുള്ളിക്കളഞ്ഞവരാണ്. ഈ ഋതുപാതയിലുള്ളവരെ അല്ലാഹു ശക്തിപ്പെടുത്തുമെന്ന് തീർച്ച. നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപിക്കാനാരുമില്ല (ആലുഇംറാൻ 160). 


അല്ലാഹു ഈ നാടിനെ സംരക്ഷിക്കുന്നുണ്ട്. ഈ നാടിന്റെ വിജയത്തിനായി അവൻ വഴികളൊരുക്കിയിട്ടുണ്ട്. ഈ നാട് സുസജ്ജമാണ്. സായുധസജ്ജമാണ്. സംരക്ഷകരായ സുധീര ഭടന്മാരുണ്ട് ഇവിടെ. നബി (സ്വ) പറഞ്ഞിട്ടുണ്ട്: ബലഹീനനായ സത്യവിശ്വാസിയെക്കാൾ ശക്തനായ സത്യവിശ്വാസിയാണ് ഏറ്റം ഉത്തമവും അല്ലാഹുവിന് ഏറ്റവും ഇഷ്ടവും (ഹദീസ് മുസ്ലിം 2664). ഇമാറാത്ത് ഭദ്രമായി നിലയുറപ്പിച്ചിട്ടുണ്ട്. ശത്രുവിന്റെ തന്ത്രങ്ങളിൽ ജാഗരൂകമാണ്. ഇവിടത്തെ മണ്ണും വിണ്ണും സുരക്ഷിതമാക്കാൻ പ്രതിജ്ഞാബദ്ധമാണ് സായുധശക്തി. 

യുഎഇ ഭരണകൂടം അനുഗൃഹീതമാണ്. കരാറുകൾ പാലിക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നുണ്ട്: സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷന്മാരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തുകയും തങ്ങളുടെ പ്രതിജ്ഞ നിറവേറ്റുകയും ചെയ്തിരിക്കുന്നു (സൂറത്തുൽ അഹ്‌സാബ് 23). അല്ലാഹു ഈ നാടിനൊപ്പമാണ്, അവന്റെ സഹായത്തിലും സംരക്ഷണത്തിലുമായി മല പോലെ ഉറച്ചു നിൽക്കുന്നവരാണ് ഈ സൈന്യം. അല്ലാഹു രക്ഷസാക്ഷികൾക്ക് പാരത്രിക കരുണ ചെയ്യട്ടെ, പരിക്കേറ്റവർക്ക് പൂർണ ശമനം നൽകട്ടെ.

അല്ലാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹത്താൽ യുഎഇ വിജയപാതയിലാണ്. ഇവിടത്തെ ജനസമൂഹം ഐക്യത്തോടെ സുഭദ്രരാണ്. ഏവരും സഹോദങ്ങളാണ്. കെട്ടിടത്തിലെ ചില ഭാഗങ്ങൾ മറ്റു ഭാഗങ്ങളെ ശക്തിപ്പെടുത്തുംപോലെയാണ് ഈ സമൂഹം. ഈ നാടിന്റെ സുഭദ്രത ശത്രുവിനറിയാം. നമ്മുക്ക് അല്ലാഹുവിനോട് നന്ദിയുളളവരാകാം, അവനെ ശുത്രികളർപ്പിക്കാം. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ ഒരു സൈന്യസംഘത്തെ കണ്ടുമുട്ടിയാൽ ഉറച്ചുനിൽക്കുകയും അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുക, നിങ്ങൾ വിജയം വരിച്ചേക്കാം (സൂറത്തുൽ അൻഫാൽ  45). 

ഈ നാട് നന്മ നിറഞ്ഞതാണ്. സന്തുഷ്ടിയുണ്ടായാൽ അല്ലാഹുവിന് നന്ദി ചെയ്യണം. പ്രതിസന്ധിയുണ്ടായാൽ ക്ഷമിക്കണം. ക്ഷമയോടൊപ്പമാണ് വിജയമെന്നാണ് ഹദീസ് (അഹ്‌മദ് 2803).


back to top