യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/04/2026
ഒരിക്കൽ അബ്ദല്ലാ ബ്‌നു അബ്ബാസ് (റ) നബി (സ്വ)യുടെ പിന്നിൽ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് നബി (സ്വ) അദ്ദേഹത്തിലേക്ക് തിരിഞ്ഞ് ഒരു അധ്യാപകന്റെ പാടവത്തോടെ വാത്സല്യപൂർവ്വം പറയുകയുണ്ടായി: കുഞ്ഞുമോനേ, നിനക്ക് കുറച്ച് വാക്കുകൾ ഞാൻ പഠിപ്പിച്ചുതരാം: നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ അല്ലാഹു നിന്നെ സൂക്ഷിച്ചു സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നാൽ അല്ലാഹുവിനെ നിനക്ക് തുണയായി കിട്ടും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. അറിയുക, ഒരു സമൂഹം ഒന്നടങ്കം നിനക്കായി ഒരു ഉപകാരം ചെയ്യാൻ ഒരുമിച്ചുകൂടുകയാണെങ്കിൽ അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയിട്ടല്ലാതെ അവർക്ക് ഉപകാരം ചെയ്യാനാവുകയില്ല. അവർ നിനക്കൊരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയിട്ടല്ലാതെ ഉപദ്രവം ചെയ്യാനുമാവില്ല. പേനകൾ ഉയർത്തപ്പെട്ടു, ഏടുകൾ ഉണങ്ങി (ഹദീസ് തുർമുദി 2516).
നാം എപ്പോഴും അല്ലാഹുവിനെ സൂക്ഷിക്കണം. എല്ലാ അവയവങ്ങളെയും നിഷിദ്ധങ്ങളിൽപ്പെടാതെ സൂക്ഷിക്കണം. കണ്ണിന്റെയും കാതിന്റെയും ഹൃദയത്തിന്റെയും കാര്യത്തിലെല്ലാം ചോദ്യം ചെയ്യപ്പെടുമെന്നാണ് അല്ലാഹു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് (സൂറത്തുൽ ഇസ്‌റാഅ് 36). അവയെല്ലാം സൂക്ഷിച്ചവരെ അല്ലാഹു സംരക്ഷിക്കും. പരസ്യാവസ്ഥയിലും രഹസ്യാവസ്ഥയിലും അങ്ങനെ എല്ലാ അവസ്ഥകളിലും സമയങ്ങളിലും, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലും സമ്പദ്കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിനെ സൂക്ഷിച്ചവർക്ക് അവനെന്നും സഹായത്തിനായുണ്ടാവും.
അല്ലാഹുനോട് ചോദിക്കണം. അവനോട് പ്രാർത്ഥിക്കണം. പ്രാർത്ഥന ആരാധനയാണ്. അവനെ മാത്രം ആരാധിക്കുക. ആരാധനയെ ശരിയാംവിധം നടത്താത്തവർ അക്രമം തന്നെയാണ് നടത്തുന്നത്. അല്ലാഹുവിന്റെ ഖജനാവുകൾ എപ്പോഴും നിറഞ്ഞുതന്നെയാണ്. ആർക്കും എണ്ണിത്തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവിലേക്ക് കേണു അപേക്ഷിക്കുക. പ്രാർത്ഥനക്കുത്തരം കിട്ടാൻ ധൃതി കാട്ടരുത്. ഉത്തരം കിട്ടാൻ വൈകുന്നതിൽ യുക്തിയുണ്ടാവാം. പ്രാർത്ഥിച്ചവന് ഒന്നുങ്കിൽ അല്ലാഹു ഇഹലോകത്ത് വെച്ച് തന്നെ പെട്ടെന്ന് ഉത്തരം നൽകിയേക്കാം, കുറേ പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടിയില്ലെന്ന് പരിഭവം പറയാത്തവന് പരലോകത്തുവെച്ചെങ്കിലും പ്രാർത്ഥനയുടെ ഉത്തരം ലഭിക്കും (അദബുൽ മുഫ്‌റദ് ബുഖാരി 377). അല്ലാഹുവിന്റെ ശ്രേഷ്ഠ നാമങ്ങളായ അസ്മാഉൽ ഹുസ്‌നാ ഉച്ചരിച്ച് പ്രാർത്ഥിക്കുക.
അബ്ദുല്ലാ ബ്‌നു അബ്ബാസി (റ) ഉപദേശങ്ങളിൽ പല പാഠങ്ങളും നബി (സ്വ) നൽകുന്നുണ്ട്. പ്രഥമമായി കുട്ടികളോടുള്ള ഉപദേശത്തിലെ യുക്തിയും വാത്സല്യപുരസ്‌കാരവും നൈർമല്യവും അധിസംബോധനാരീതിയും പ്രധാനമാണ്.
ഏതുകാര്യത്തിനും അല്ലാഹു കഴിവ് തരണം. അതില്ലാതെ ഒരാൾക്കും ഉപദ്രവമോ ഉപകാരമോ ചെയ്യാനാനാവില്ല. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തടക്കുന്നവനും അല്ലാഹു തന്നെ. അല്ലാഹുവിന്റെ തീരുമാനത്തെ ആർക്കും തടക്കാനാവില്ല.

