അല്ലാഹു നീ തന്നെ തുണ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 27/03/2026

രക്ഷക്കും കാവലിനുമായി പടച്ചവനായ അല്ലാഹു കൂടെയുണ്ടെന്ന അചഞ്ചല വിശ്വാസദൃഢതയാണ് ഏവർക്കും ശാന്തിയും സമാശ്വാസവും കരുത്തും ശുഭപ്രതീക്ഷയും പ്രത്യാശയും പകരുന്നത്. സമസ്ത വിഷയങ്ങളുടെയും ആധിപത്യം ആരുടെ കൈയിലാണോ അവൻ മഹോന്നതനായ അല്ലാഹു (സൂറത്തു യാസീൻ 83). അല്ലാഹുവിന് അശക്തമായോ അസാധ്യമായോ ഒന്നുമില്ല, എന്തിലും ഏതിലും നാം അവനെ അഭയം പ്രാപിക്കുന്നു. ഞങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചതല്ലാത്ത മറ്റൊന്നും തന്നെ സംഭവിക്കുകയില്ല (സൂറത്തു ത്തൗബ 51). ഭൂവന വാനങ്ങളിലെ അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അല്ലാഹുവിനാണ്, കാര്യങ്ങൾ മടക്കപ്പെടുന്നത് അവങ്കലേക്കു തന്നെ. അതുകൊണ്ട് താങ്കൾ അവന് ആരാധനകളർപ്പിക്കുകയും അവന്റെമേൽ കാര്യങ്ങൾ ഭരമേൽപ്പിക്കുകയും ചെയ്യുക (സൂറത്തു ഹൂദ് 123). അതേæ തുണയായി അല്ലാഹു തന്നെ മതി. അല്ലാഹു വിധിക്കുന്നത് തന്നെയാണ് സംഭവിക്കുന്നത്, അവന് പിഴച്ചിട്ടില്ല. 


പ്രവാചകന്മാരും സച്ചരിതരായ മുൻകാല മഹത്തുക്കളും അല്ലാഹുവിലുള്ള താങ്ങും തണലിലും ഉറച്ചുവിശ്വസിക്കുന്നവരായിരുന്നു. ഇബ്രാഹിം നബി (അ) ഭാര്യയായ ഹാജറാ (അ)യെ വരണ്ട താഴ് വാരത്ത് ഉപേക്ഷിച്ചു പോവുമ്പോൾ മഹതി പറയുന്നുണ്ട് :നിങ്ങളോട് ഇങ്ങനെ ചെയ്യാൻ അല്ലാഹു കൽപ്പിച്ചതാണോ? ഇബ്രാഹിം നബി (അ) മറുപടി മൊഴിഞ്ഞു: അതേ. അപ്പോൾ മഹതി: എന്നാൽ അല്ലാഹു നമ്മുക്ക് ആപത്ത് വരുത്തുകയില്ല (ഹദീസ് ബുഖാരി 3364). അതാണ് അല്ലാഹുവിലുള്ള വിശ്വാസം.  മഹതി ആ വരണ്ട ഭൂമിയിലെ ഏകാന്തതയോ ഭക്ഷണ ദൗർലഭ്യതയോ കൂട്ടാക്കിയില്ല, അല്ലാഹുവിന്റെ കാരുണ്യമുണ്ടാവുമെന്ന് ഉറച്ചുവിശ്വസിച്ചു. അല്ലാഹു പറയുന്നുണ്ട്: ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങൾക്ക് അനിഷ്ടപ്പെട്ടെന്നു വരാം (സൂറത്തുൽ ബഖറ 126). വിശ്വാസം അതാണ് പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നേരിടാനുള്ള ആയുധം. 


മൂസാ നബി (അ)യെയും അനുയായികളെയും ഫിർഔനിന്റെ കിങ്കര സൈന്യം പിന്തുടർന്നു വന്നപ്പോൾ ചിലർ തങ്ങളെ അവർ കീഴടക്കുമെന്ന് പേടിക്കുകയുണ്ടായി. എന്നാൽ അല്ലാഹുവിന്റെ തുണയിൽ മാത്രം വിശ്വസിച്ച മൂസാ നബി (അ) പറഞ്ഞു: ഇല്ല, ഒരിക്കലുമതുണ്ടാവില്ല. എന്റെ നാഥൻ ഞാനൊന്നിച്ചു തന്നെയുണ്ട്. എനിക്കവൻ സന്മാർഗദർശനം ചെയ്യുന്നതാണ് (സൂറത്തു ശ്ശുഅറാഅ് 61, 62). അങ്ങനെ അല്ലാഹു അവരെ കടൽ പിളർത്തി രക്ഷിക്കുകയായിരുന്നു. 

അല്ലാഹുവിൽ അഭയം കണ്ടെത്തിയവരെ അവൻ കൈവിടില്ല. അവൻ രക്ഷിക്കും. അവർക്ക് അവൻ ബലമേകുകയും ചെയ്യും. നബി (സ്വ)യോടൊപ്പം ഗുഹയിൽ ഒളിച്ചിരുന്നപ്പോൾ ആരെങ്കിലും തങ്ങളുടെ കാൽ കാണുമെന്ന് ആശങ്ക പ്രകടിപ്പിച്ച അബൂബക്കർ സിദ്ധീഖി (റ)നോട് സുദൃഢമായ വിശ്വാസത്തോടെ നമ്മുടെ രക്ഷകനായി മൂന്നാമനായി അല്ലാഹുവുണ്ടെന്ന് നബി (സ്വ) പറയുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). അവിടെ അല്ലാഹുവിന്റെ രക്ഷ ഉണ്ടായി. സമാധാനം ഇറക്കിക്കൊടുത്തുവെന്നും കണ്ണുകൾ കൊണ്ടു കാണാവാത്ത സൈന്യങ്ങൾ വന്ന് രക്ഷയേകിയെന്നും സൂറത്തുത്തൗബ 40ാം സൂക്തത്തിൽ കാണാം. ഏതു പരീക്ഷണ ഘട്ടത്തിലും അല്ലാഹുവിലുള്ള അഭയം ഉറപ്പിച്ചാൽ രക്ഷ സുനിശ്ചിതമെന്നാണ് ഈ ചരിത്ര സംഭവങ്ങളെല്ലാം നൽകുന്ന പാഠം. ഈ പാഠം തന്നെയാണ് നബി (സ്വ) സ്വഹാബികൾക്ക് പകർന്നു നൽകിയത്. അതാണ് അവരുടെ സത്യവിശ്വാസം കൂടുതൽ സുദൃഢമാക്കിയതും ശത്രുക്കൾക്ക് മുമ്പിൽ അവരെ പതറാതെ പിടിച്ചുനിർത്തിയതും. 


ഭയത്തിലും നിന്നും പ്രതിസന്ധിയിൽ നിന്നും ബലഹീനാവസ്ഥയിൽ നിന്നും ക്ഷാമത്തിൽ നിന്നും മോചനം നൽകുന്നതാണ് അല്ലാഹുവിൽ നിന്ന് തുണയുണ്ടെന്ന അവിരാമ വിശ്വാസം. ആ വിശ്വാസം ഇല്ലായ്മയിൽ നിന്നും കുറവിൽ നിന്നും വിശാലത നൽകും. അല്ലാഹുവിലുള്ള വിശ്വാസം തന്നെ ധനമെന്ന് കരുതുന്നവരാണ് മഹാന്മാർ. ആ വിശ്വാസം അവർക്ക് പ്രതിരോധനം തീർക്കും. സത്യവിശ്വാസികളുടെ നേർക്കുള്ള അക്രമങ്ങൾക്ക് അല്ലാഹു പ്രതിരോധമേർപ്പെടുത്തുക തന്നെ ചെയ്യുന്നതാണ് (സൂറത്തുൽ ഹജ്ജ് 38). 

നാം ഭയം പരത്തുന്നവരെയും വ്യാജം അയക്കുന്നവരെയും അനാവശ്യമായി പെരുപ്പിക്കുന്നവരെയും കരുതിയിരിക്കുക. ഭീഷണിപ്പെടുത്തുന്ന സൂത്രധാരൻ പിശാചാകുന്നു (സൂറത്തു ആലു ഇംറാൻ 175). അല്ലാഹുവിലുള്ള ഭാവന നാം നന്നാക്കണം. പ്രാർത്ഥനകൾ അധികരിപ്പിക്കണം. വിധികളെ മാറ്റിമറിക്കാനാവുന്നത് പ്രാർത്ഥനക്ക് മാത്രമാണ് (ഹദീസ് തുർമുദി 2139). ഭരണകൂടത്തിലും വിശ്വാസമർപ്പിക്കണം. നാട്ടിൽ ശാന്തിയും സമാധാനവും പകരണം.

അല്ലാഹുവിന് സർവ്വ സ്‌ത്രോതങ്ങളും അർപ്പിക്കണം. അവൻ കാരുണ്യങ്ങൾ വർഷിക്കുകയാണ്.


back to top