പ്രത്യാശയുടെയും ശുഭപ്രതീക്ഷയുടെയും സൂറത്തുശ്ശർഹ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 20/03/2026 (ശവ്വാൽ 1, ഹിജ്‌റാബ്ദം 1447)

അൽഹംദുലില്ലാഹ്..

പരിശുദ്ധ റമദാനിന്റെ ആത്മീയ ചൈതന്യത്തിലൂടെ ഈദുൽ ഫിത്വ്ർ പെരുന്നാളാഘോഷത്തിന്റെ ആത്മഹർഷത്തിന് അവസരമേകിയ അല്ലാഹുവിന് ഈ പുണ്യവേളയിൽ സർവ്വസ്തുതികളും അർപ്പിക്കുന്നു.

ഈ ജുമുഅ ഖുത്ബകളിൽ സൂറത്തുശ്ശർഹ് ഹ്രസ്വമായി പഠിക്കാം. ഈ ചെറു ഖുർആനികാധ്യായത്തിൽ അഞ്ചുകാര്യങ്ങളാണ് പരാമർശിക്കപ്പെടുന്നത്. മൂന്നു പ്രധാന അനുഗ്രഹങ്ങൾ. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ഉരുക്കിക്കളയുന്ന ഒരു വാഗ്ദാനം. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന രണ്ടു കൽപനകൾ.


മൂന്നു അനുഗ്രഹങ്ങൾ:

1. സൂറത്തുശ്ശർഹ് തുടങ്ങുന്നത് ഇങ്ങനെ: 'നബിയേ നാം അങ്ങയുടെ ഹൃദയം വിശാലമാക്കി തന്നില്ലേ'. ഹൃദയവിശാലത അല്ലാഹു നമ്മുടെ നബി (സ്വ)ക്ക് നൽകിയ വലിയൊരു അനുഗ്രഹമാണ്. പരിശുദ്ധ ഇസ്ലാംമതം ഏവരും ഹൃദയവിശാലമുള്ളവാരാകൻ കൽപ്പിക്കുന്നുണ്ട്. അതാണ് പ്രവാചക ചര്യ. ഹൃദയം വിശാലമാവുമ്പോൾ കാര്യങ്ങൾ എളുപ്പമാവും.

2. 2, 3 സൂക്തങ്ങളിൽ 'നബിയേ നാം അങ്ങയുടെ നടുവൊടിച്ചിരുന്ന ഭാരം ഇറക്കിവെച്ചു തന്നില്ലേ' എന്നു ചോദിക്കുന്നു. അതേ, അല്ലാഹു നബി (സ്വ)ക്ക് പ്രയാസങ്ങളും പ്രതിസന്ധികളും മറികടക്കാൻ സൗഭാഗ്യം നൽകി.

3. 'അങ്ങയുടെ സൽപ്പേര് ഉന്നതമാക്കിത്തന്നില്ലേ' എന്നാണ് 4ാം സൂക്തം. അല്ലാഹു നബി (സ്വ)യുടെ ഖ്യാതിയും ശ്രുതിയും ശാശ്വതമാക്കിയിട്ടുണ്ട്. പ്രപഞ്ചത്തിലെപ്പോഴും നബി (സ്വ) അല്ലാഹുവിനോടൊപ്പം സ്മരിക്കപ്പെടുന്നുണ്ട്. ദിനേനയുള്ള  അഞ്ചു നമസ്‌ക്കാരങ്ങൾക്കായുള്ള ബാങ്കുവിളികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിത്യസ്ത നേരങ്ങളിലൂടെ എപ്പോഴും നബി (സ്വ) സ്മരിക്കപ്പെടുന്നത് അതിലൊന്ന് മാത്രം. 


വാഗ്ദാനം:

ഏവർക്കും പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർദ്ദിതമായ ആത്മവിശ്വാസം നൽകുന്നതാണ് സൂറത്തുശ്ശർഹിലെ 5, 6 സൂക്തങ്ങൾ. അല്ലാഹു ആവർത്തിച്ചു പറയുന്നു: 'ഞെരുക്കത്തൊടൊപ്പം ആശ്വാസവുമുണ്ടെന്നത് തീർച്ച'. നിശ്ചയമായും പ്രയാസമുണ്ടായാൽ അതിനൊരു എളുപ്പവും ആശ്വാസവും ഉണ്ടാവും. ഒരു പ്രതിസന്ധിയും നിത്യമല്ല. ഏതു പ്രയാസഘട്ടവും കടന്നുപോവും. 

ഏവരും സ്വയം പ്രതീക്ഷയുള്ളവരാകുക. ശുഭപ്രതീക്ഷ വെച്ചുപുലർത്തുക. 


രണ്ടു കൽപനകൾ:

മനക്കരുത്തും ആത്മവീര്യവും ഉണർത്തിക്കൊണ്ടാണ് സൂറത്തുശ്ശർഹ് ഉപസംഹരിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു: 'പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവായാൽ താങ്കൾ ആരാധനാ നിരതനാവുകയും നാഥനോടു തന്നെ അഭിനിവേശം പുലർത്തുകയും ചെയ്യുക'. അതായത് ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ അടുത്ത കാര്യം ചെയ്യാൻ മുന്നിറങ്ങുക. സത്യവിശ്വാസി എപ്പോഴും പ്രവർത്തനനിരതനായിരിക്കും. ജോലിയിലും ആരാധനയിലും മുഴുകിയിരിക്കും. ഒന്നു കഴിഞ്ഞാൽ മറ്റൊന്നിലേക്ക് കടക്കും. ആരാധനകൾ തന്നെ പലതായിരിക്കും. ചിലപ്പോൾ നിർബന്ധാരാധനകളിലായിരിക്കും, ചിലപ്പോൾ ഐഛിക ആരാധനാകളിലായിരിക്കും. ദാനധർമ്മം ചെയ്താൽ അടുത്തതായി കുടുംബബന്ധം പുലർത്തുന്നതോ മറ്റോ ആയിരിക്കും സത്യവിശ്വാസിയുടെ പ്രവർത്തനം. ഒരിക്കൽ വിദ്യാർത്ഥിയാണെങ്കിൽ പിന്നെ അധ്യാപകനായിരിക്കും. അങ്ങനെ എല്ലായ്‌പ്പോഴും പുണ്യങ്ങളുടെ കാലമായിരിക്കും. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ കഴിഞ്ഞാലും സത്യവിശ്വാസിയിൽനിന്ന് പുണ്യപ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. വ്രതവും നമസ്‌കാരവും ദിക്‌റും ഖുർആൻ പാരായണവും മറ്റു ആരാധനകളുമെല്ലാം തുടരണം. റമദാനിൻെ ആത്മനിർവൃതിക്ക് മറ്റു മാസങ്ങളിലും തുടർച്ചയുണ്ടാക്കണം.


back to top