ലൈലത്തുൽ ഖദ്‌റും സൂറത്തുൽ ഖദ്‌റും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 13/03/2026

സത്യവിശ്വാസികൾക്കായി അല്ലാഹു അവതരിപ്പിച്ചുകൊടുത്ത ദിവ്യവചനങ്ങളായ പരിശുദ്ധ ഖുർആൻ ഇറങ്ങിയത് ലൈലത്തുൽ ഖദ്‌റെന്ന അതിമഹത്തായ രാവിലാണ്. സൽപ്രവർത്തനങ്ങൾക്ക് ഇരട്ടികൾ ഇരട്ടികൾ പ്രതിഫലങ്ങളായി ലഭിക്കുന്ന മാസമായ റമദാനിൽ തന്നെ സഹസ്രം മാസങ്ങളേക്കാൾ പുണ്യമായ ഏക രാവാണത്. ലൈലത്ത് എന്നാൽ രാത്രിയെന്നർത്ഥം. ഖദ്ർ എന്നാൽ മഹത്വം, വിധിനിർണയം എന്നൊക്കെ അർത്ഥമുണ്ട്. അതായത് ഒരാളുടെ ആയുസ്സ്, ഉപജീവനമാർഗങ്ങൾ, ഭക്ഷണം അങ്ങനെ സകല കാര്യങ്ങളും വിധിക്കപ്പെടുന്ന രാവാണത്. പരിശുദ്ധ ഖുർആനിൽ ഈ രാവിനെ വിവരിച്ചുക്കൊണ്ട് അല്ലാഹു ഒരു ചെറു അധ്യായം തന്നെ ഇറക്കിയിട്ടുണ്ട്. അതാണ് സൂറത്തുൽ ഖദ്ർ. ഖുർആനിലെ ആദ്യ അവതരണമായ ഇഖ്‌റഅ് എന്ന് തുടങ്ങുന്ന ഖുർആനിക അധ്യായമായ സുറത്തുൽ അലഖിനും, തിരുദൂതർ നബി (സ്വ)യുടെ നിയോഗം വിവരിക്കുന്ന അധ്യായമായ സൂറത്തുൽ ബയ്യിനക്കും ഇടയിലുള്ള സൂറത്താണ് സൂറത്തുൽ ഖദ്ർ.


ഖുർആനിനെ പുണ്യരാവിൽ (ലൈലത്തുൻ മുബാറക) ഇറക്കിയതാണെന്ന് സൂറത്തു ദ്ദുഖാൻ 3ാം സൂക്തത്തിലും പ്രതിപാദിക്കപ്പെടുന്നുണ്ട്.

ഖദ്‌റെന്ന ഖുർആനികാധ്യായത്തെ ചുരുക്കത്തിൽ ഇങ്ങനെ ഗ്രഹിക്കാം : 'നിശ്ചയം ഈ ഖുർആൻ നാം അവതരിപ്പിച്ചത് മഹത്വപൂർണമായ രാത്രിയിലത്രേ. മഹത്വപൂർണമായ രാത്രി എന്താണെന്ന് താങ്കൾക്കറിയുമോ . ആയിരം മാസത്തെക്കാൾ ശ്രേഷ്ഠമാണ് ലൈലത്തുൽ ഖദ്ർ. മലക്കുകളും വിശിഷ്യാ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ ശാന്തിയത്രേ'. 

വിശുദ്ധ ഖുർആനിനെ ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ ഖദ്‌റിന്റെ മലക്കായ ജിബ്‌രീലൂടെ ഖദ്‌റിന്റെ പ്രവാചകരായ മുഹമ്മദ് നബി (സ്വ) ക്ക് ഇറക്കിക്കൊടുത്തു. ഈ ചെറു സൂറത്തിൽ ലൈലത്തുൽ ഖദ്ർ എന്നത് മൂന്നു പ്രാവശ്യം പരാമർശിക്കപ്പെടുന്നുണ്ട്. അതിന്റെ മഹത്വം സൂചിപ്പിക്കാനാണ് ആവർത്തിച്ചു പറയപ്പെടുന്നത്.

എന്താണ് ലൈലത്തുൽ ഖദ്‌റെന്ന് ചോദിച്ചു കൊണ്ട് അല്ലാഹു തന്നെ അതിനെ വിവരിക്കുകയാണ്. 

ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമെന്നാൽ ഈ ഒരൊറ്റ രാത്രിയിൽ ചെയ്യുന്ന ഒറ്റ നന്മ പോലും അതേ നന്മ ആയിരം മാസം തുടർച്ചയായി ചെയ്യുന്നതിനേക്കാൾ ഉത്തമവും പ്രതിഫലാർഹവുമാണെന്നാണ്. സമമാണെന്നല്ല, അതിനെക്കാൾ കൂടുതൽ പ്രതിഫലാർഹമായി ഉത്തമമെന്നാണ്. അതായത് കണക്കില്ലാതെ അനേകം ആയുസ്സുകളുടെ നന്മകൾ ചെയ്യാനുള്ള അവസരമാണീ രാവ്.

റമദാനിന്റെ അവസാന പത്തു രാവുകളെയും നാം മുതലാക്കണം. നബി (സ്വ) അവസാന പത്തായാൽ അതിനായി തയ്യാറായി കച്ച കെട്ടിയിറങ്ങി രാവുകളെ സജീവമാക്കിയിരുന്നു, മാത്രമല്ല കുടുംബക്കാരെ ഉണർത്തുകയും ചെയ്യുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).

റമദാനിലെ അവസാന പത്തിലെ ഒറ്റ രാത്രികളിൽ ലൈലത്തുൽ ഖദ്‌റിനെ ഏറെ പ്രതീക്ഷിക്കാനാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി 2018). ലൈലത്തുൽ ഖദ്‌റിന്റെ അനുഗ്രഹം കിട്ടാത്തവൻ സകലതും നഷ്ടപ്പെട്ടവനെ പോലെയാണെന്നും ഹദീസുണ്ട് (അഹ്‌മദ് 7148). 

 ആ രാത്രിയിൽ എണ്ണമറ്റ മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങിവരുമത്രെ. അവരുടെ മുൻനിരയിൽ ജിബ്‌രീൽ (അ) ആയിരിക്കും. ആ രാത്രിയിൽ ഇറങ്ങുന്ന മലക്കുകൾ എണ്ണത്തിൽ ചരൽക്കല്ലുകളേക്കാൾ അധികമുണ്ടായിരിക്കുമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് സ്വഹീഹു ഇബ്‌നു ഖുസൈമ 2194). അവർ സത്യവിശ്വാസികളോട് സലാം പറയുകയും പ്രാർത്ഥനകൾക്ക് ആമീൻ പറയുകയും ചെയ്യും. പൂർണ സത്യവിശ്വാസത്തോടെയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചും ലൈലത്തുൽ ഖദ്‌റിനെ നമസ്‌കാരങ്ങളിലൂടെ ഉപയോഗപ്പെടുത്തിയവന് മുൻകാല ദോഷങ്ങളെല്ലാം പൊറുക്കപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). 

ലൈലത്തുൽ ഖദ്ർ എപ്പോഴാണെന്നറിഞ്ഞാൽ എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് ചോദിച്ച പ്രിയപത്‌നി ആയിശ (റ)ക്ക് നബി (സ്വ) പാപമുക്തി തേടിക്കൊണ്ടുള്ള പ്രത്യേക പ്രാർത്ഥന പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 3513). 


പുണ്യങ്ങളും സൗഭാഗ്യങ്ങളുമായാണ് മാലാഖമാർ ഇറങ്ങിവരിക. അങ്ങനെ ലൈലത്തുൽ ഖദ്‌റെന്ന അതിശ്രേഷ്ഠ രാത്രി പ്രഭാതം പുലരുവോളം രക്ഷയാണെന്ന് പ്രഖ്യാപിച്ചുക്കൊണ്ടാണ് സൂറത്ത് ഉപസംഹരി ക്കപ്പെടുന്നത്. ആ രാവിൽ പ്രപഞ്ചമൊന്നാകെ ശാന്തി പരക്കും. അല്ലാഹു അവന്റെ അടിമകൾക്കെന്നും ശാന്തിയും സമാധാനവും വരുത്തുകയാണ്. എന്നാൽ അധമരും അക്രമകാരികളുമായ തെമ്മാടികൾ ഭൂമിയിൽ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. അല്ലാഹു പറയുന്നുണ്ട്: അവർ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെയും അല്ലാഹു അത് കെടുത്തിക്കളയുന്നു, അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ പാടുപെടുകയാണ്. അല്ലാഹുവാകട്ടെ നാശകാരികളെ ഇഷ്ടപ്പെടുകയേ ചെയ്യില്ല (സൂറത്തുൽ മാഇദ 64). 

ശാന്തിയുടെ പുലരി വരുമെന്നറുപ്പാണ്. വിജയം സുനിശ്ചതമാണ്. പ്രയാസത്തിനൊപ്പം ആശ്വാസമുണ്ടാവുമെന്ന് അല്ലാഹു തന്നെ പറഞ്ഞതാണ് (സൂറത്തുൽ ശർഹ് 5,6). അല്ലാഹു ഈ നാടുകളെ സംരക്ഷിക്കുമെന്നതിൽ സംശയമില്ല. സൽപ്രവർത്തനങ്ങൾ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തുമെന്നാണ് നബി വചനം (ഹദീസ് മുഅ്ജമുൽ കബീർ ത്വബ്‌റാനി 8014, മുഅ്ജമുൽ അൗസത്വ് 943). നാം സൽപ്രവർത്തനങ്ങളിൽ വ്യാപൃതരാവണം. അശരണരെയും നിരാലംബരെയും സഹായിക്കണം.

പ്രാർത്ഥനങ്ങളിലും ദിക്‌റുകളിലും മറ്റു സൽകർമ്മങ്ങളിലുമായി ഈ അസുലഭ മുഹൂർത്തങ്ങളെ നമ്മുക്ക് ആരാധനാനിമഗ്നമാക്കാം. നാഥൻ സൗഭാഗ്യം നൽകട്ടെ, ഏവരെയും കാക്കട്ടെ. ആമീൻ


back to top