യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/03/2026
“നാഥാ ഈ നാടിനെ നീ സുരക്ഷിതമാക്കണേ”,
ഇബ്രാഹിം നബി (അ) മക്കാ നാടിന് വേണ്ടി പ്രാർത്ഥിച്ച സുപ്രസിദ്ധമായ പ്രാർത്ഥനയാണിത്. പരിശുദ്ധ ഖുർആനിൽ സൂറത്തു ഇബ്രാഹിം 35ാം സൂക്തത്തിലും സൂറത്തുൽ ബഖറ 126ാം സൂക്തത്തിലുമായി രണ്ടുപ്രാവശ്യം ഈ ദുആ ഉദ്ധരിക്കപ്പെടുന്നുണ്ട്.
ഈ പ്രാർത്ഥനയുടെ അർത്ഥതലങ്ങൾ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അധിവസിക്കുന്ന നാടിന്റെ മണ്ണും വിണ്ണും ഉൾക്കൊള്ളുന്ന ഇടങ്ങളിലെ ശാന്തി സമാധാനവും സുരക്ഷിതത്വവും ഈ യുഎഇ നാടിലൂടെ നാം അനുഭവിച്ചറിഞ്ഞിരിക്കുകയാണ്, ഭീകരമായ ആക്രമണങ്ങളിൽ നിന്നും പ്രതിലോഭ പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹു ഈ നാടിനെ സംരക്ഷിച്ചു അനുഗ്രഹിച്ചിരിക്കുകയാണ്.
അധമകാരികളായ തീവ്രവാദക്കാർ കുടുംബബന്ധമോ കരാറോ പാലിക്കുന്നവരല്ല. അവർ ലക്ഷ്യമിടുന്നത് ശാന്തി സുന്ദരമായി നിർഭയരായി ജീവിക്കുന്നവരെയാണ്. അവർ അയൽപക്ക ബന്ധങ്ങളും പുലർത്തുകയില്ല. പുണ്യമാസത്തിന്റെ പവിത്രതയും അവർ ഉൾക്കൊള്ളുകയില്ല. ഏതു പ്രത്യയശാസ്ത്രമാണ് ശത്രുതയും അധമ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നത്, ഏതു മതമാണ് നിരപരാധികളെ ഉപദ്രവിക്കാൻ ഉദ്‌ഘോഷിക്കുന്നത്.
സന്ധിയിലേർപ്പെടുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് എങ്ങനെ നീതീകരിക്കാനാവും. പൊതുജനങ്ങളെ ഉപദ്രവിക്കാനും സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനും ഏതു ഇസ്ലാമാണ് നിർദേശിക്കുന്നത്. തന്റെ നാവ് കൊണ്ടോ കൈ കൊണ്ടോ ജനങ്ങൾക്ക് ഉപദ്രങ്ങൾ ഏൽക്കാതിരിക്കുമ്പോഴാണ് ഒരാൾ പൂർണ മുസ്ലിമാവുന്നതെന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 2627, നസാഈ 4995).
തദ്ദേശീയരും വിദ്ദേശീയരുമായ പ്രിയ യുഎഇ വാസികളേ, ഈ നാടിലേത് ആത്മാഭിമാനത്തിന്റെയും ആത്മബലത്തിന്റെയും മണ്ണാണ്. പ്രതിസന്ധികളും വെല്ലുവിളികളും ഇവിടത്തെ ഭദ്രതയും അഖണ്ഡതയും വർദ്ധിപ്പിക്കുകയേയുള്ളൂ. സത്യവിശ്വാസികൾ തമ്മിൽ കെട്ടിടങ്ങളെ പോലെയെന്നാണ് ഹദീസ്. അവയിലെ ഭാഗങ്ങൾ പരസ്പരം ശക്തിപ്പെടുത്തുകയാണ് (ഹദീസ് ബുഖാരി, മുസ്ലിം).
സത്യവിശ്വാസ ദൃഢതയും ദേശസ്‌നേഹവും ഊട്ടിയുറപ്പിക്കേണ്ട സമയമാണിത്. ഇവിടത്തെ ഭരണകൂടത്തിന് വ്യക്തമായ കാഴ്ചപ്പാടും യുക്തിജ്ഞാനവുമുണ്ട്. യുക്തിജ്ഞാനം ലഭിക്കുന്നവൻ ഏറെ നന്മകൾ നൽകപ്പെട്ടവനത്രെ (സൂറത്തുൽ ബഖറ 269).
ഈ നാട് സജ്ജമാണ്. ഏതുനിലക്കുമുള്ള പ്രതിരോധവും ഈ നാടിന്റെ ഉത്തരവാദിത്വമാണ്.
സൈന്യം സുസജ്ജമാണ്. ഈ നാടിന്റെ വീരശൂരത്വം എന്തും നേരിടാൻ സന്നദ്ധമായതാണ്. ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിൽ ഹജ്‌റുൽ അസ്‌വദിന്റെയടുത്ത് കഴിച്ചുകൂട്ടിന്നതിനേക്കാൾ ഉത്തമം കുറച്ചുനേരം അല്ലാഹുവിന്റെ മാർഗത്തിലുള്ള ഉറച്ച നിലപാടാണ് (ഹദീസ് ഇബ്‌നു ഹിബ്ബാൻ 343).
ദിക്‌റുകളും തസ്ബീഹുകളും അധികരിപ്പിക്കുക. നന്നായി ഖുർആൻ പാരായണം ചെയ്യുക. മനസ്സ് ശാന്തമാവും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ചിന്തിക്കുക. നന്ദിയുള്ളവരാകുക. ഉപജീവനങ്ങളും സുരക്ഷയും നൽകിയതിൽ അല്ലാഹുവിന് സ്‌തോത്രങ്ങൾ അർപ്പിക്കുക. ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് മാത്രം വാർത്ത സ്വീകരിക്കുക. ആധികാരികത ഉറപ്പുവരുത്തുക. വ്യാജ പ്രചരണങ്ങളിൽപ്പെടരുത്.
കുടുംബത്തോടൊപ്പം ശാന്ത സുന്ദരമായി കഴിച്ചുകൂട്ടുക. ശുഭാപ്തി വിശ്വാസം പുലർത്തുക. പോസിറ്റീവായിരിക്കുക. ഈ നാട് പ്രൗഢമാണ്. മാന്യർക്ക് എന്നും ഈ നാട് ഇഷ്ട ഇടം തന്നെയാണ്. ഇവിടത്തെ എന്നെന്നേക്കുമുള്ള സുസ്ഥിരതക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കാം.
റമദാനിന്റെ ഈ പുണ്യനിമിഷങ്ങളിൽ പ്രാർത്ഥനക്ക്് ഉറപ്പായും ഉത്തരം കിട്ടുന്ന അനവധി അവസരങ്ങളുണ്ട്. നോമ്പുകാരന്റെ വിളി തട്ടിമാറ്റപ്പെടുകയില്ല. നമസ്‌കാരങ്ങൾക്ക് ശേഷം പ്രാർത്ഥനകൾക്ക് ആകാശ വാതായനങ്ങളും തുറക്കപ്പെടുമത്രെ. അത്താഴനേരത്തുള്ള ദുആക്കും ഉത്തരം നൽകപ്പെടും. ഈ നേരങ്ങളിലെല്ലാം നമ്മുക്ക് നമ്മുടെ നാഥനോട് ചോദിക്കാം. അവൻ ഉത്തരം തന്നിരിക്കും. വസിക്കുന്ന നാടിന്റെ കാവലിനും കെട്ടുറപ്പിനുമായി മനമുരുകി ദുആ ചെയ്യാം.

