യൂസുഫ് നബി (അ)യും സഹോദരങ്ങളും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 27/02/2026


പരിശുദ്ധ ഖുർആനിൽ ഒരു സൂറത്തിൽ ആദ്യഭാഗത്ത് തന്നെ ഖുർആനിനെ തന്നെ പരിചയപ്പെടുത്തിക്കൊണ്ട് നല്ല ചരിത്രകഥകൾ പറഞ്ഞുതരാമെന്ന് അല്ലാഹു പറയുന്നുണ്ട്. ആ സുന്ദര ഖുർആനികാധ്യായമാണ് സൂറത്തു യൂസുഫ്. ഈ സൂറത്തിൽ അല്ലാഹുവിന്റെ വിധിയുടെ അത്ഭുത വിവരങ്ങളും പൊരുളുകളും ഗാഡമായി നൽകപ്പെട്ടിട്ടുണ്ട്. 

ഒരിക്കൽ ഇശാ നമസ്‌കാരത്തിൽ ഈ സൂറത്ത് ഓതിയ ഉമർ ബ്‌നുൽ ഖത്വാബി (റ)ന്റെ തേങ്ങൽ അവസാന സ്വഫിൽ നിന്ന് കേൾക്കാമായിരുന്നു, സുബ്ഹ് നമസ്‌കാരത്തിൽ ഈ സൂറത്ത് ഓതിയപ്പോഴും മഹാനവർകൾ തേങ്ങിക്കരഞ്ഞു, അങ്ങനെ ഓത്ത് നിർത്തി റുകൂഇലേക്ക് പോവുകയായിരുന്നു (മുസ്വന്നഫു അബ്ദുൽ റസ്സാഖ് 2789). 

യൂസുഫ് നബി (അ) ഉറക്കിൽ കണ്ട സ്വപ്‌നവിവരണമാണ് യൂസുഫ് സൂറത്തിലെ ആദ്യ കഥനം. സ്വപ്‌നം കണ്ട കാര്യം യൂസുഫ് നബി (സ്വ) സ്‌നേഹനിധിയായ പിതാവിനോട് വിവരിക്കുകയായിരുന്നു: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം നമിക്കുന്നതായി ഞാൻ കിനാവു കാണുകയുണ്ടായി (സൂറത്തു യൂസുഫ് 4). ഇതു കേട്ട പിതാവ് മകന്റെ ഭാഗ്യസ്വപ്‌നം കാരണം മറ്റുള്ളവരുടെ അസൂയയും പിശാചിന്റെ ഇടപെടലും ഉണ്ടാവുമെന്ന് പേടിച്ചതു കൊണ്ട് പറഞ്ഞു: എന്റെ കുഞ്ഞു മകനേ, സഹോദരന്മാരോട് നിന്റെ ഈ സ്വപ്‌നവൃത്താന്തം പറയരുതേ, അവർ നിനക്കെതിരെ എന്തെങ്കിലും കുതന്ത്രം പ്രയോഗിക്കും, പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയത്രെ (5ാം സൂക്തം). എന്നാൽ പിശാച് സഹോദരങ്ങളിൽ യൂസുഫ് നബിയോട് പകയും വിദ്വേഷവുമുണ്ടാക്കുകയായിരുന്നു. അങ്ങനെ അവർ പറയുകയുണ്ടായി: യൂസുഫും അവന്റെ പൂർണ സഹോദരൻ ബിൻയാമീനുമാണ് ബാപ്പാക്ക് നമ്മെക്കാൾ ഏറ്റം പ്രിയങ്കരർ, നാമാകട്ടെ ഒരു സംഘമുണ്ട് താനും, വ്യക്തമായി വഴിവിട്ട നിലപാടിൽ തന്നെയാണ് ബാപ്പയുള്ളത്. നിങ്ങൾ യൂസുഫിനെ വധിച്ചുകളയുകയോ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഇട്ടേക്കുകയോ ചെയ്യുക. എങ്കിൽ പിതൃമുഖം നിങ്ങൾക്ക് സ്വന്തമായിക്കിട്ടുന്നതാണ്. പിന്നീട് നിങ്ങൾക്ക് സദ്‌വൃത്തരായിത്തീരുകയും ചെയ്യും എന്നവർ പറഞ്ഞ സന്ദർഭം (8,9). 


ഉമ്മയില്ലാത്ത കുഞ്ഞുസഹോദരനോട് വാത്സല്യം കാട്ടുന്നതിന് പകരം ശക്തമായ അസൂയയായിരുന്നു അവർക്ക്. പിശാചിന്റെ ആ ഇടപെടൽ കാരണം  സ്വന്തം പിതാവിനോടും അവർക്ക് വെറുപ്പായി. എന്നാൽ അല്ലാഹു യൂസുഫ് നബി (അ) യെ അനുഗ്രഹിച്ചു ഉയർച്ചകൾ നൽകുകയായിരുന്നു. 


നാം സഹോദരങ്ങൾ തമ്മിൽ വെറുപ്പോ വിദ്വേഷമോ പാടില്ല. പരസ്പം സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കണം. പലവിധ താൽപര്യങ്ങളാൽ തമ്മിൽ തർക്കിക്കരുത്. മക്കൾ തമ്മിലുള്ള വഴക്കും വക്കാണവും കാരണം മാതാപിതാക്കൾ ഏറെ വേദനിക്കും. 

മക്കളിലെ അസ്വാരസ്യം കാരണം പിതാവ് യഅ്ഖൂബ് നബി (അ) ഏറെ ആകുലതപ്പെട്ടു. കടുത്ത ദുഖംമൂലം തന്റെ നയനദ്വയങ്ങൾ വെളുത്തുപെയി, ആഴമേറിയ സങ്കടം കടിച്ചമർത്തി (84). മക്കൾ പറഞ്ഞു: അല്ലാഹു തന്നെ സത്യം, നിശ്ശേഷം പാരവശ്യം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്യുമാറ് യൂസുഫിനെ സ്മരിച്ചുകൊണ്ടേയിരിക്കുകയാണല്ലോ ബാപ്പാ താങ്കൾ. അദ്ദേഹം പ്രതികരിച്ചു: ഞാൻ എന്റെ വർധിത ദുഖവും നെടുംഖേദവും അല്ലാഹുവിങ്കൽ മാത്രം ബോധിപ്പിക്കുകയാണ്. നിങ്ങളറിയാത്ത് ചില കാര്യങ്ങൾ അവങ്കൽ നിന്നു ഞാനറിയുന്നുണ്ട് (85,86). ആ പിതാവിന്റെ വിശ്വാസ അചഞ്ചലതയും നിശ്ചയദാർഢ്യവും ക്ഷമയും പ്രകടമായിരുന്നു. മകനില്ലാതെ നാൽപത് വർഷം യഅ്ഖൂബ് നബി (അ) ക്ഷമിച്ചു. ക്ഷമക്കുള്ള സൽഫലം അല്ലാഹു നൽകുകയും ചെയ്തു.

മക്കളുടെ കാര്യത്തിൽ ക്ഷമം കൈക്കൊള്ളേണ്ട ആവശ്യക വിളിച്ചോതുന്ന ചരിത്രപാഠങ്ങളാണ് യൂസുഫ് സൂറത്തിലേത്. 


സൂറത്തു യുസുഫ് പല ഗുണപാഠങ്ങളും യുക്തിജ്ഞാനങ്ങളും മനസ്സിന് കുളിർമയേകുന്ന സ്വാന്തന വാക്കുകളും നൽകുന്നുണ്ട്. അല്ലാഹുവിന്റെ കാരുണ്യത്തിൽ കൂടുതൽ ആശയുണ്ടാക്കുകയും നിരാശ ഇല്ലാതാക്കുകയും ചെയ്യുന്നവയാണവ. നിരാശനാവാതെ അല്ലാഹുവിൽ സർവ്വതും അർപ്പിച്ച് സഹനം കൈക്കൊണ്ട യഅ്ഖൂബ് നബി (അ)ക്ക് യൂസുഫിന്റെ കാര്യത്തിൽ നല്ല പരിസമാപ്തിയുണ്ടായി. സഹോദരങ്ങൾ വർഷങ്ങൾക്ക് ശേഷം യുസുഫിനെ (അ) തിരിച്ചറിഞ്ഞു. യൂസുഫ് നബി (അ) അവരോട് ചോദിച്ചു: അറിവില്ലാത്തവരായിരുന്ന കാലത്ത് നിങ്ങൾ യൂസുഫിനെയും സഹോദരനെയും എന്തുചെയ്തുവെന്ന് ഓർക്കുന്നുണ്ടോ? അവർ ചോദിച്ചു: താങ്കൾ തന്നെയാണോ യൂസുഫ്? അദ്ദേഹം പ്രതികരിച്ചു: അതെ ഞാനാണ് യൂസുഫ്, ഇതെന്റെ സഹോദരൻ ബിൻയാമീൻ. നിശ്ചയം അല്ലാഹു ഞങ്ങൾക്ക് ഔദാര്യം ചെയ്തിരിക്കുന്നു (89,90).  സഹോദരങ്ങൾക്ക് പൊറുത്തുകൊടുത്ത യൂസുഫ് നബി (അ) തന്റെ കുപ്പായവുമായി പോയി പിതാവിന്റെ മുഖത്ത് വെച്ചുകൊടുക്കാനും എല്ലാവരും തിരിച്ചിങ്ങോട്ട് വരാനും പറഞ്ഞു. അവരങ്ങനെ ചെയ്തു. കുപ്പായം മുഖത്ത് വെച്ചയുടനെ യഅ്ഖൂബ് നബി (അ) കാഴ്ചയുള്ളവരായി (96).

അങ്ങനെ അവർ യുസുഫ് നബിയുടെ അടുത്ത് എത്തിയപ്പോൾ മാതാപിതാക്കളെയദ്ദേഹം ആശ്ലേഷിച്ചു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനപൂർണരായി നിങ്ങൾ ഈജിപ്തിൽ പ്രവേശിച്ചുകൊള്ളുക എന്നദ്ദേഹം സ്വാഗതമോതി. മാതാപിതാക്കളെ സിംഹാസനത്തിലിരുത്തി. എല്ലാവരും തനിക്ക് സാഷ്ടാംഗം പ്രണാമമർപ്പിച്ചു (99,100). 

നമ്മൾ സഹോദരങ്ങൾക്കിടയിൽ വല്ല പ്രശ്‌നവുമുണ്ടായാൽ യൂസുഫ് നബി (അ) സഹോദരങ്ങളോട് ഇടപെട്ടത് പോലെ ചെയ്യണം, അദ്ദേഹം ഇങ്ങനെ പറയുകയാണുണ്ടായത്:  നിങ്ങളെപ്പറ്റി ഒരധിക്ഷേപവും ഞാനിപ്പോൾ ഉന്നയിക്കുന്നില്ല (92). അതേ, നല്ല മനസ്സിൽ വിദ്വേഷം നിലനിൽക്കില്ല. 

അതാണ് യൂസുഫ് നബി (അ) യുടെ സ്വഭാവഗുണം. പ്രവാചക പരമ്പരയിലെ കണ്ണിയായ പ്രവാചകനാണല്ലൊ മഹാനവർകൾ.

നാം അർത്ഥം മനസ്സിലാക്കി സൂറത്തു യൂസുഫ് പാരായണം ചെയ്യുകയും പാഠങ്ങൾ ഉൾക്കൊള്ളുകയും വേണം. ഖുർആൻ പഠിച്ചവനും പഠിപ്പിച്ചനും ശ്രേഷ്ഠരാണ് (ഹദീസ് ബുഖാരി 5027). മാത്രമല്ല മുഹമ്മദ് നബി (സ്വ) ഖുർആൻ പാരായണത്തെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


back to top