സൂറത്തുൽ ബഖറ നൽകുന്ന പാഠങ്ങളും പഠനങ്ങളും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 20/02/2026


ഏവർക്കും ധന്യമായ റമദാൻ ആശംസകൾ നേരുന്നു,

നേരാംവണ്ണം നമസ്‌കാരങ്ങളും വ്രതങ്ങളും നിർവ്വഹിക്കാനും പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും നാഥൻ തുണക്കട്ടെ, എല്ലാം അവൻ സ്വീകരിക്കട്ടെ. 

പരിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയാണ് ഇന്നത്തെ ഖുത്ബാ വിഷയം. ബഖറാ സൂറത്ത് പാരായണം ചെയ്യുന്നവന് പുണ്യങ്ങളുണ്ടെന്നും അത് ഉപേക്ഷിക്കന്നവന് നഷ്ടങ്ങളുമാണെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 804). ഖുർആനിലെ ഏറ്റവും വലിയ അധ്യായമാണ് സൂറത്തുൽ ബഖറ. അതിൽ അനവധി വിഷയങ്ങൾ പ്രതിപാദിക്കപ്പെടുന്നുണ്ട്. വിശ്വാസ കാര്യങ്ങൾ, ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ, മതചിഹ്നങ്ങളും വിധികളും, സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സ്വഭാവ മൂല്യങ്ങൾ.. അങ്ങനെ പല ശീർഷകങ്ങളും വിഷയീഭവിക്കുന്നുണ്ട്. 

അതിശ്രേഷ്ഠ സൂക്തമായ ആയത്തുൽ കുർസിയ്യ് ബഖറയിലാണ്.

ഖുർആനിലെ ഏറ്റവും വലിയ സൂക്തമായ കടമിടപാടിനെപ്പറ്റിയുള്ള ആയത്തും ബഖറയിലാണ്. 

ബഖറയിലെ ഏറ്റവും അവസാനത്തെ രണ്ടു സൂക്തങ്ങൾ പ്രബലമായ രണ്ടു പ്രാർത്ഥനകളാണ്. ആ രണ്ടു പ്രാർത്ഥനകൾ നടത്തിയവന് അല്ലാഹു അത് നടത്തിക്കൊടുക്കുമത്രെ (ഹദീസ് മുസ്ലിം 806). 

സൂറത്തുൽ ബഖറ തുടങ്ങുന്നത് തന്നെ ഖുർആനിനെ പരിചയപ്പെടുത്തിക്കൊണ്ടാണ്: അലിഫ് ലാം മീം, ഇതാണ് ഗ്രന്ഥം. ഇതിൽ സംശയം ഒട്ടുമേയില്ല. ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നവർക്ക് സന്മാർഗദർശകമേ്രത ഇത്. 

ശേഷം ആറാം സൂക്തത്തിൽ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കാനുള്ള കൽപന നൽകുന്നു. ഭൂമിയിൽ കുഴപ്പമുണ്ടാക്കരുതെന്നും കൽപ്പിക്കുന്നു (11ാം സൂക്തം). 

മനുഷ്യനെ ബഹുമാനിക്കാനുള്ള മാനദണ്ഡം അറിവാണെന്ന് സൂറത്തുൽ ബഖറ പറഞ്ഞുവെക്കുന്നുണ്ട്. അറിവാണല്ലൊ സംസ്‌കാരങ്ങളുടെയും സമൃദ്ധികളുടെയും പ്രധാന കാരിണി. ആദം നബി (അ) മലക്കുകൾക്ക് വസ്തുക്കളുടെ പേരുകൾ പറഞ്ഞുകൊടുത്തപ്പോൾ  അല്ലാഹു അവരോട് ആദം നബി (അ)ക്ക് ആദരസൂചകമായി നമിക്കാൻ കൽപ്പിക്കുന്നത് 34ാം സൂക്തത്തിലുണ്ട്. 

ഒരു തെറ്റിൽ ഉറച്ചു നിൽക്കുന്നത് വലിയ തെറ്റെന്ന കാര്യവും ബഖറാ സൂറത്ത് പഠിപ്പിക്കുന്നുണ്ട്. ആദം നബി(അ) ക്ക് അബദ്ധം പറ്റിയപ്പോൾ പശ്ചാത്തപിച്ചതും അത് അല്ലാഹു സ്വീകരിച്ചതും കാണാം. എന്നാൽ പിശാച് നമിക്കാതെ ധാർഷ്ട്യം കാണിച്ചു, അങ്ങനെ അല്ലാഹുവിന്റെ കോപത്തിനും അതിഭീകരമായ ശിക്ഷക്കും അർഹനായി. 

256ാം സൂക്തത്തിൽ കാണാം: മതത്തിൽ അടിച്ചേൽപിക്കലില്ല, ദുർമാർഗത്തിൽ നിന്നും സന്മാർഗം വ്യതിരിക്തമായിക്കഴിഞ്ഞിട്ടുണ്ട്. അതായത് ഇസ്ലാമിൽ ബലാൽക്കാരമില്ല. ഇസ്ലാം ശാന്തിയുടെയും സഹിഷ്ണുതയുടെയും മതമാണ്. ആരെയും പ്രയാസപ്പെടുത്തൽ ഇസ്ലാമികമല്ല. 185ാം സൂക്തത്തിൽ ഇങ്ങനെ ഗ്രഹിക്കാം|: നിങ്ങൾക്കു ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത്.


കഴിവിനപ്പുറം ചെയ്യാൻ ഒരാളെയും അല്ലാഹു നിർബന്ധിക്കുകയില്ല (286ാം സൂക്തം). അക്കാര്യം നബി (സ്വ)യും ബലപ്പെടുത്തി ഇസ്ലാം മതം എളുപ്പമാണെന്നും ആരെയും മതം ആവതില്ലാത്തതിന് കൽപ്പിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി 39). 

സൂറത്തുൽ ബഖറ കുടുംബഭദ്രതയും ദാമ്പത്യ സുദൃഢതയും കാര്യമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഭാര്യമാർക്ക് ബാധ്യതകളുള്ളത് പോലെ അവകാശങ്ങളുണ്ടെന്നും അസന്നിഗ്ദമായി പരാമർശിക്കപ്പെട്ടിട്ടുണ്ട് (228ാം സൂക്തം). ദമ്പതികളിരുവരും പരസ്പരം ബഹുമാനിക്കുകയും അവകാശങ്ങൾ വകവെച്ചു കൊടുക്കുകയും വേണം, എന്നാൽ കുടുംബം സുഭ്രദമായി തുടരും. അഭിപ്രായ വിത്യാസങ്ങളുണ്ടായാൽ മറ്റയാളുടെ നന്മകൾ വിസ്മരിക്കരുത്. പരസ്പം ഔദാര്യം കാണിക്കാൻ മറക്കരുതെന്ന് 237ാം സൂക്തത്തിലുണ്ട്. അവകാശങ്ങളും ഇടപാടു ബാധ്യതകളും യഥാവിധി നിർവ്വഹിക്കാനും അനുശാസിക്കുന്നുണ്ട് (283ാം സൂക്തം). മറ്റുള്ളവരോടുള്ള ബാധ്യതാ നിർവ്വഹണങ്ങളുടെ ഗൗരവം കുറഞ്ഞ വാക്കുകളിൽ സൂറത്തുൽ ബഖറ ഉണർത്തുന്നുണ്ട്. 

ഖുർആനിൽ ഏറ്റവും അവസാനം അവതരിപ്പിക്കപ്പെട്ടതായ ബഖറയിലെ 281ാം സൂക്തം ഇങ്ങനെയാണ്: അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടുന്ന ഒരു ദിവസം നിങ്ങൾ സൂക്ഷിക്കുക, എന്നിട്ട് ഓരോ വ്യക്തിക്കും താനനുവർത്തിച്ചതിനുള്ള പ്രതിഫലം പൂർണമായി നൽകപ്പെടും, അവരോട് അക്രമം പ്രവർത്തിക്കപ്പെടുകയില്ല. 

എല്ലാം അർത്ഥവത്തായ വചനങ്ങൾ. ഓരോന്നും ചിന്താനിമഗ്നമായി പാരായണം ചെയ്യണം. അതിലെ ഓരോ പ്രാർത്ഥനകളും അതിശക്തമാണ്. അവ ആവർത്തിച്ചുക്കൊണ്ടിരിക്കാം. നാം നിത്യമായി ഉരുവിടുന്ന പ്രാർത്ഥനയായ 'നാഥാ ഞങ്ങൾക്ക് ഇഹലോകത്തും പരലോകത്തും നല്ലതു നൽകണേ, നരകശിക്ഷയിൽ നിന്ന് സംരക്ഷിക്കണമേ' എന്നത് 201ാം സൂക്തത്തിലാണ്. നാം അതിയായി അല്ലാഹുവിനോട് പ്രാർത്ഥിക്കണം. ഉത്തരം നൽകുമെന്ന് അവൻ തന്നെ ഉറപ്പ് നൽകിയതാണ്, ബഖറയിലെ 186ാം സൂക്തം ഇങ്ങനെയാണ്: എന്റെ അടിമകൾ അങ്ങയോടെന്നെപ്പറ്റി ചോദിച്ചാൽ ഞാൻ സമീപസ്ഥൻ തന്നെയാണ് എന്ന് മറുപടി നൽകുക, അർത്ഥിക്കുന്നവൻ എന്നോടു പ്രാർത്ഥിച്ചാൽ ഞാൻ ഉത്തരം നൽകും.



back to top