റമദാനിനെ വരവേൽക്കാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 13/02/2026


പരിശുദ്ധ റമദാൻ മാസം വരവായി. സുകൃതങ്ങൾ ആഗ്രഹിക്കുന്നവരേ, മുന്നിട്ടിറങ്ങൂ എന്ന വിളിയാളം റമദാൻ നിലാവിട്ടിറങ്ങുന്ന നേരം സത്യവിശ്വാസികളിലേക്ക് ആകാശലോകത്തുനിന്നുണ്ടാവുമത്രേ (ഹദീസ് തുർമുദി 682, ഇബ്‌നുമാജ 1642, ഇബ്‌നു ഹിബ്ബാൻ 3435). റമദാനിനായി ഒരുങ്ങാനുള്ള അറിയിപ്പാണത്.

ദാനധർമ്മങ്ങളുടെ കവാടങ്ങൾ തുറക്കപ്പെടുന്ന റമദാൻ മാസം പ്രായശ്ചിത്തത്തിന്റെയും മാസമാണ്. അല്ലാഹു പറയുന്നു: നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനത്തിലേക്ക് അതിദ്രുതം ചെല്ലുക (സൂറത്തു ആലുഇംറാൻ 133). മസ്ജിദുകൾ ആരാധനാനിർഭരമാവുന്ന സുന്ദരകാഴ്ചകളാണ് റമദാനിലേത്. അവർക്ക് മാലാഖമാർ കാവലേകും.


വ്രതവിശുദ്ധിയുടെയും നമസ്‌കാരങ്ങളുടെയും വിശിഷ്യാ തറാവീഹ് നമസ്‌കാരത്തിന്റെയും മാസമാണ്. ഖുർആൻ പാരായണത്തിന്റെയും ദിക്ർ തസ്ബീഹുകളുടെയും മാസമാണ്. സത്യവിശ്വാസി മനസ്സുകളിൽ ആത്മീയ ശുഭപ്രതീക്ഷകൾ നൽകുന്ന മാസം കൂടിയാണ് റമദാൻ. പ്രാർത്ഥിച്ചും പ്രതീക്ഷിച്ചും രാപകലുകളിൽ നാഥനിലേക്ക് കൈകളുയരും. അല്ലാഹു ആരെയും തട്ടിമാറ്റി നിരാശരാക്കില്ല. നബി (സ്വ) പറയുന്നു: എല്ലാ രാവിലും പകലിലും അല്ലാഹു പലർക്കും പാപമോചനം നൽകും, ഏവരുടെയും പ്രാർത്ഥനകൾ ഉത്തരം നൽകപ്പെടുന്നതാണ് (ഹദീസ് അഹ്‌മദ് 745).


റമദാൻ മാസത്തിൽ സൽക്കർമ്മങ്ങൾക്ക് ഇരട്ടികളുടെ ഇരട്ടികളായി പ്രതിഫലങ്ങൾ നൽപ്പെടുന്നതായിരിക്കും. പത്തുമുതൽ എഴുനൂറ് ഇരട്ടികൾ വരെ പ്രതിഫലങ്ങൾ നൽകപ്പെടും, എന്നാൽ വ്രതം അല്ലാഹു പറഞ്ഞ പ്രകാരം അത് അവനുള്ളതാണ് അതിനുള്ളത് അവൻ തന്നെ നൽകുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). അതായത് നോമ്പിനുള്ള പ്രതിഫലങ്ങൾ അല്ലാഹു കയ്യും കണക്കുമില്ലാതെ നൽകുന്നതാണെന്നാണ്. 


അൽഹംദുലില്ലാഹ്, ഈ റമദാനിലും ആയുസ്സ് നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും. കഴിഞ്ഞ വർഷം നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്നില്ല. ഈ ആത്മീയാവസരങ്ങൾ നാം പ്രയോജനപ്പെടുത്തണം. നബി (സ്വ) യുടെ കാലത്ത് ഒരു സ്വഹാബി മരണപ്പെട്ടു. ഒരു വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ സഹോദരനും മരിക്കുകയുണ്ടായി. ആദ്യത്തെയാൾ കൂടുതൽ ആരാധനകൾ ചെയ്യുന്നത് കൊണ്ട് അയാളായിരിക്കും അല്ലാഹുവിങ്കൽ ഉന്നത സ്ഥാനീയനെന്ന് ജനങ്ങൾ വിചാരിച്ചപ്പോൾ അത് നബി (സ്വ) തിരുത്തുകയും റമദാനിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: രണ്ടേമത്തേയാൾ ആദ്യത്തെയാളേക്കാൾ ഒരു വർഷം കൂടി ജീവിച്ചതാണല്ലൊ? അവർ പറഞ്ഞു: അതേ. നബി: അയാൾക്ക് റമദാൻ കിട്ടുകയും വ്രതമനുഷ്ഠിക്കുകയും ചെയ്തില്ലേ? അവർ പറഞ്ഞു: അതേ. നബി (സ്വ) തുടർന്നു: എന്നാൽ അവർ തമ്മിലുള്ള വ്യത്യാസം ആകാശവും ഭൂമിയും തമ്മിലുള്ളത്രയുണ്ടാവും (ഹദീസ് ഇബ്‌നുമാജ 3925). 

റമദാനിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ നമ്മുക്ക് നാഥൻ സൗഭാഗ്യം നൽകട്ടെ.

അനവധികളായ സൗഭാഗ്യങ്ങളും കാരുണ്യങ്ങളുമാണ് റമദാനിൽ നമ്മുക്കായി അല്ലാഹു പ്രത്യേകം സജ്ജമാക്കിട്ടുള്ളത്. റമദാൻ സമാഗതമായാൽ സ്വർഗവാതിലുകൾ തുറക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം). 

നേരത്തെ പള്ളിയിലേക്ക് പോയി ഇമാമോടൊപ്പം നമസ്‌കാരങ്ങൾ നിർവ്വഹിക്കുക. ജമാ അത്തായി നമസ്‌കരിക്കുന്നവന് ഒരു രാത്രി മുഴുവനും നമസ്‌കരിച്ചതിന്റെ പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ് (ഹദീസ് തുർമുദി 806). 


ഒരിക്കൽ നബി (സ്വ) മിമ്പറിൽ കയറി 'ആമീൻ ആമീൻ ആമീൻ' എന്നിങ്ങനെ ഉരുവിടുകയുണ്ടായി. ഏവരും സാകൂതം ശ്രവിച്ചു അങ്ങോട്ടേക്ക് നോക്കി ഞെട്ടലോടെ കാരണമെന്താണെന്ന് ചോദിക്കുകയുണ്ടായി. അപ്പോൾ നബി (സ്വ) പറഞ്ഞു: എന്നോട് ജിബ്‌രീൽ പറഞ്ഞു: ജീവിതത്തിൽ മാതാപിതാക്കളിൽ നിന്ന് രണ്ടാളെയും അല്ലെങ്കിൽ ഒരാളെയോ കിട്ടിയിട്ട് സ്വർഗത്തിൽ പ്രവേശിക്കാനാവാത്തവൻ മൂക്ക് കുത്തിവീഴട്ടെ (നിന്ദ്യതയും പരാജയാവസ്ഥയും സൂചിപ്പിക്കുന്ന പ്രയോഗമാണത്). അപ്പോൾ ഞാൻ ആദ്യത്തെ ആമീൻ പറഞ്ഞു. പിന്നെ ജിബ്‌രീൽ പറഞ്ഞു: റമദാൻ മാസം കിട്ടിയിട്ടും പാപമോചനം നേടാത്തവൻ മൂക്ക് കുത്തിവീഴട്ടെ അപ്പോഴും ഞാൻ ആമീൻ പറഞ്ഞു. പിന്നെയും ജിബ്‌രീൽ പറഞ്ഞു: താങ്കളുടെ പേര് പറയപ്പെടുമ്പോൾ സ്വലാത്ത് ചൊല്ലാത്തവൻ മൂക്കു കുത്തിവീഴട്ടെ. അപ്പോഴും ഞാൻ ആമീൻ പറഞ്ഞു (ഹദീസ് തുർമുദി 3857, അദബുൽ മുഫ്‌റദ് ബുഖാരി 646). 


ഉറച്ച നിയ്യത്തോടെ നാം റമദാനിലെ സമയങ്ങളെ ചിട്ടപ്പെടുത്തിയും ഊർജ്ജസ്വലതയോടെ മടിയില്ലാതെ ആരാധനാനിമഗ്നമാക്കിയും കഴിച്ചുകൂട്ടുക. നോമ്പിന്റെ നിയമങ്ങൾ പഠിച്ച് പ്രാവർത്തികമാക്കുക. ഖുർആൻ പരമാവധി അർത്ഥാശയങ്ങൾ മനസ്സിലാക്കി പാരായണം ചെയ്യുക. ഖുർആനിന്റെ മാസമാണ് റമദാൻ. അല്ലാഹു പറയുന്നു മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ അവതീർണമായ മാസമാണ് റമദാൻ (സൂറത്തുൽ ബഖറ 185). 

റമദാൻ നിലാവിനെ പ്രാർത്ഥനാനിർഭരമായി നമ്മുക്ക് വരവേൽക്കാം.


back to top