സകാത്ത്: ആത്മസംസ്‌കരണവും സമ്പദ്ശുദ്ധീകരണവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 06/02/2026

ഇസ്ലാമിക കർമ്മങ്ങളിലെ പഞ്ചസ്തംഭങ്ങളായ ഇസ്ലാംകാര്യങ്ങളിൽപ്പെട്ട മഹത്തായ ആരാധനയാണ് നിർബന്ധ ദാനധർമ്മമായ സകാത്ത്. ഇസ്ലാമികതയുടെ പൂർണതക്ക് സകാത്ത് നിർവ്വഹണം നിർബന്ധമാണെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് മുഅ്ജമുൽ കബീർ ത്വബ്‌റാനി 8/18). പരിശുദ്ധ ഖുർആനിൽ 28 ഓളം സ്ഥലങ്ങളിൽ നമസ്‌കാരത്തോടൊപ്പം സകാത്തിനുള്ള ആഹ്വാനവും ശക്തമായി നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: തങ്ങളുടെ നമസ്‌കാരത്തിൽ ഭയപ്പാടുള്ളവരും വ്യർത്ഥ വിഷയങ്ങളിൽ നിന്നു തിരിഞ്ഞു കളയുന്നവരും സകാത്ത് നിർവ്വഹിക്കുന്നവരും.. ആയ സത്യവിശ്വാസികൾ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു (സൂറത്തുൽ മുഅ്മിനൂൻ 1,2,3,4). 

സത്യവിശ്വാസപൂർവ്വവും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചും സകാത്ത് നൽകുന്നവർ അതിന്റെ മാധുര്യം ഹൃദയത്തിൽ അനുഭവിക്കുന്നതാണ്. ഈമാനിന്റെ മാധുര്യം നുകരാനുള്ള മൂന്നു കർമ്മങ്ങൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്, അതിലൊന്ന് സകാത്തു ദാനമാണ് (ഹദീസ് അബൂദാവൂദ് 1582). സകാത്ത് ധനത്തെ ശുദ്ധീകരിക്കും പ്രകാരം മനസ്സിനെ ലുബ്ധതയിൽ നിന്നും വിദ്വേഷത്തിൽ നിന്നും മോചിപ്പിക്കും. അല്ലാഹു പറയുന്നു: അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തിൽ നിന്ന് താങ്കൾ വാങ്ങുക (സൂറത്തുത്തൗബ 103). 

സകാത്ത് സമ്പത്തിനും ഉപജീവനത്തിനും സുരക്ഷ ഉറപ്പിക്കും. അനുഗ്രഹങ്ങൾ നിലനിർത്തുകയും ആപത്തുകളെ തടയുകയും ചെയ്യും. സമ്പത്തിൽ നിന്ന് സകാത്ത് നൽകുന്നവനിൽ നിന്ന് തിന്മകൾ അകലുമത്രെ (ഹദീസ് മുഅ്ജമുൽ അൗസത്വ് ത്വബ്‌റാനി 1579).  സകാത്ത് സമൂഹത്തിൽ കരുണയും പാരസ്പര്യബോധവും വരുത്തി മനസ്സുകളെ ഇണക്കും. അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. സ്വസമ്പത്തിൽ നിന്ന് സകാത്ത് വിഹിതം നൽകുമ്പോൾ അതിനെ ശുദ്ധീകരിക്കുകയും കുടുംബക്കാരോടുള്ള ബന്ധം ദൃഢമാക്കുകയും, ദരിദ്രരുടെയും അയൽവാസികളുടെയും യാചകരുടെയും അവകാശങ്ങൾ അറിയാനിട വരുകയും ചെയ്യുന്നു (ഹദീസ് അഹ്‌മദ് 12394). സകാത്ത് നൽകുന്നവരുടെ ധനത്തിൽ നിന്ന് ഒന്നും കുറയാതെ സംരക്ഷിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തതാണ്. സകാത്ത് ധനത്തിൽ നിന്ന് ഒന്നും കുറക്കുന്നില്ല (ഹദീസ് മുസ്ലിം 2588). മാത്രമല്ല സകാത്ത് നൽകിയതിന് അതിയായ പ്രതിഫലങ്ങൾ നൽകപ്പെടുകയും ചെലവഴിച്ചതിന്റെ ഇരട്ടികൾ പകരമാക്കപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു: അവന്റെ തൃപ്തി കാംക്ഷിച്ചു കൊടുത്താൽ അവർ തന്നെയത്രെ ഇരട്ടിപ്പിക്കുന്നവർ (സൂറത്തുറൂം 39). സകാത്ത് നൽകുന്നവർക്ക് മലക്കുകളുടെ പ്രത്യേക പ്രാർത്ഥനയുമുണ്ടായിരിക്കും. നബി (സ്വ) പറയുന്നു:  മനുഷ്യരുടെ ഓരോ പ്രഭാതങ്ങളിലും രണ്ടു മാലാഖമാർ ഇറങ്ങും. ഒരാൾ ഇങ്ങനെ പ്രാർത്ഥിക്കും: അല്ലാഹുവേ ദാനധർമ്മം നൽകിയവർക്ക് നീ നല്ല പകരങ്ങൾ നൽകണേ. മറ്റേ മാലാഖ ഇങ്ങനെയും പ്രാർത്ഥിക്കും: അല്ലാഹുവേ ദാനം ചെയ്യാതെ ധനം പിടിച്ചുവെക്കുന്നവർക്ക് നീ നാശം നൽകണേ (ഹദീസ് ബുഖാരി, മുസ്ലിം).

സകാത്ത് നൽകുന്നതിൽ നാം അവധാനത വരുത്തരുത്. നമ്മുടെ ധനത്തിന്റെ കാര്യത്തിൽ പിശാച് ഇടപെട്ട് സകാത്ത് തടസ്സപ്പെടരുത്. 

സകാത്ത് പിന്തിപ്പിക്കുന്നവർക്കും നൽകാതിരിക്കുന്നവർക്കും ശക്തമായ താക്കീതാണ് അല്ലാഹു നൽകുന്നത്: സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും ദൈവമാർഗത്തിലത് ചെലവാക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താങ്കൾ സന്തോഷവാർത്ത അറിയിക്കുക (സൂറത്തുത്തൗബ 34). സകാത്ത് നൽകാത്തവർക്ക് ആകാശത്തിൽ നിന്നുള്ള തുള്ളികൾ പോലും നിഷേധിക്കപ്പെടുമെന്ന് ഹദീസുണ്ട് (ഇബ്‌നുമാജ 4019). 

ഏവരും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട്് യഥാവിധി സകാത്ത് നിർവ്വഹിക്കുക, ചെറിയ വിഹിതമാണ് നൽകുന്നത്. അതിലേക്ക് നോക്കേണ്ടതില്ല. ബാക്കിയുള്ള വലിയ വിഹിതങ്ങൾ നമ്മുടെയടുക്കൽ ബാക്കിയുണ്ടല്ലൊ എന്ന് ചിന്തിക്കുക. സകാത്ത് നൽകുന്നവർക്ക് സ്വർഗം സുനിശ്ചിതമാണ്. അല്ലാഹുവിനെ കേട്ടും അനുസരിച്ചും അവനിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചു കൊണ്ട്് സ്വന്തം സമ്പത്തിൽ നിന്ന് നല്ലനിലയിൽ ശുദ്ധമനസ്സോടെ സകാത്തുനൽകിയും അല്ലാഹുവിനോട് ആരെയും പങ്കുചേർക്കാതെ ജീവിച്ചവർക്ക് പരലോകത്ത് സ്വർഗമുണ്ടെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്‌മദ് 8737). സകാത്തിന്റെ അർഹരായവർക്ക് അർഹമായ രീതിയിലാണ് നൽകേണ്ടത്.



back to top