റമദാൻ മുന്നൊരുക്കത്തിന് ശഅ്ബാൻ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 30/01/2026

അധികമാളുകളും ശ്രദ്ധിക്കാതെ പോകുന്ന മാസമാണ് റജബ് റമദാൻ മാസങ്ങൾക്കിടയിലെ മാസമായ ശഅ്ബാൻ മാസം (ഹദീസ് അഹ്‌മദ് 21753, നസാഈ 2357). റമദാനിന് ഒരുങ്ങാനുള്ള മാസമായ ശഅ്ബാനിലെ ദിവസങ്ങൾ പവിത്രമാണ്. നബി (സ്വ) ഈ മാസത്തെ ആരാധനനിമഗ്നമാക്കുമായിരുന്നു. ശഅ്ബാൻ മാസം നബി (സ്വ) ക്ക് വ്രതമനുഷഠിക്കാൻ ഏറെ ഇഷ്‌പ്പെടുന്ന മാസമായിരുന്നെന്ന് പ്രിയ പത്്‌നി ആയിശാ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് അബൂദാവൂദ് 2423). മറ്റൊരു ഹദീസിൽ മഹതി തന്നെ പറയുന്നുണ്ട് നബി (സ്വ) ഒരു മാസം പൂർണമായും വ്രതമനുഷ്ഠിക്കുന്നുണ്ടെങ്കിൽ അത് റമദാൻ മാസമാണ്, ശഅ്ബാൻ മാസത്തിലാണ് ഏറ്റവും കൂടുതൽ വ്രതമനുഷ്ഠിച്ചിരുന്നത്. അങ്ങനെയല്ലാതെ ഞാൻ തിരുദൂതരെ കണ്ടിട്ടില്ല (ബുഖാരി, മുസ്ലിം). 

ശഅ്ബാൻ മാസത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ നബി (സ്വ) മറുപടി നൽകിയത് ഇങ്ങനെ: പ്രപഞ്ചനാഥനായ അല്ലാഹുലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്, നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവനിലേക്ക് ഉയർത്തപ്പെടാനാണ് എന്റെ ആഗ്രഹം (ഹദീസ് അഹ്‌മദ് 21753, നസാഈ 2357).


പവിത്ര മാസത്തിലെ ദിവസങ്ങളെ നാം ആരാധനാകർമ്മങ്ങൾ കൊണ്ട് ധന്യമാക്കണം. പ്രത്യേകിച്ച് പ്രവാചക ചര്യ പിൻപറ്റി വ്രതാനുഷ്ഠാനം കൊണ്ടനുഗൃഹീതമാക്കണം. അല്ലാഹുവിൽ നിന്നുള്ള തൃപ്തി കാംക്ഷിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കുന്നവന് അല്ലാഹു എഴുപത് വർഷത്തെ വഴിദൂരകണക്കിൽ നരകത്തെ ദൂരത്താക്കിക്കൊടുക്കുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 

പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു നാം ഈ മാസത്തെ മുതലാക്കണം. മുൻകാല മഹാന്മാർ ശഅ്ബാൻ പിറന്നാൽ ഖുർആനിൽ മുഴുകുമായിരുന്നു, പാരായണം ചെയ്തും പഠിച്ചും പഠനങ്ങൾ നടത്തിയും, അതുപ്രകാരം ആത്മസംസ്‌കരണം നടത്തിയും. ശഅ്ബാൻ ഖുർആൻ പാരായണം ചെയ്യുന്നവരുടെ മാസമാണെന്ന് അവർ പറയുമായിരുന്നു. നബി (സ്വ) പറയുന്നു: ഒരാൾ ഖുർആനിൽ നിന്ന് ഒരക്ഷരം ഓതിയാൽ പോലും ഒരു പ്രതിഫലമുണ്ട്, ഒരു പ്രതിഫലമെന്നാൽ പത്തിന് തുല്യമാണ്. അലിഫ്‌ലാംമീം എന്നത് ഒരക്ഷരമല്ല, എന്നാൽ അലിഫ് ഒരക്ഷരമാണ്, ലാം ഒരക്ഷരമാണ്, മീം ഒരക്ഷരമാണ് (ഹദീസ് തുർമുദി 2910). അതായത് ഖുർആൻ പാരായണം ചെയ്യുന്നവന്റെ പ്രതിഫലങ്ങൾ അധികരിച്ചേ കൊണ്ടേയിരിക്കും, മാത്രമല്ല അല്ലാഹുവിങ്കൽ അയാളുടെ മഹിത പദവികൾ ഉയർന്നുകൊണ്ടേയിരിക്കും. നബി (സ്വ) പറയുന്നു: ഖുർആൻ പാരായണം ചെയ്തും മറ്റും ജീവിതത്തിൽ കൊണ്ടുനടന്നവനോട് അന്ത്യനാളിൽ പറയപ്പെടും 'താങ്കൾ ദുൻയാവിൽ ചെയ്തത് പോലെ നന്നായി ഖുർആൻ പാരായണം ചെയ്ത് ഔന്നത്യം നേടുക, താങ്കൾ അവസാനമായി ഓതുന്ന ഖുർആനിക സുക്തത്തിന്റെവിടെയായിരിക്കും താങ്കളുടെ സ്ഥാനം' (ഹദീസ് അബൂദാവൂദ് 1464). 

ഖുർആൻ പാരായണം കഴിഞ്ഞാൽ പശ്ചാത്താപം അധികരിപ്പിക്കണം. തന്റെ ഏടിൽ കൂടുതൽ ഇസ്തിഗ്ഫാർ ഉള്ളവന് മംഗളമെന്ന് നബി (സ്വ) സന്തോഷ വാർത്ത അറിയിച്ചിട്ടുണ്ട് (ഹദീസ് ഇബ്‌നുമാജ 3818). 


നാം അല്ലാഹുവിന്റെ കരുണക്കടാക്ഷങ്ങൾക്ക് വിധേരാവണം. സൽവൃത്തരായ സത്യവിശ്വാസികൾക്ക് ശഅ്ബാൻ മാസം പഞ്ചിനഞ്ചാം രാവിൽ അവന്റെ പ്രത്യേക കരുണാനോട്ടവും പ്രായശ്ചിത്തവുമുണ്ടായിരിക്കും. ആ രാത്രിയിൽ ബഹുദൈവാരാധകർക്കും അന്യേനം വിദ്വേഷം വെക്കുന്നവർക്കുമൊഴികെ സകല സൃഷ്ടികൾക്കും അല്ലാഹു പൊറുത്തുകൊടുക്കുമത്രെ (ഹദീസ് ഇബ്‌നുമാജ 1390, ഇബ്‌നുഹിബ്ബാൻ 791). നാം ചിന്തിക്കണം, മനസ്സിൽ ശത്രുതയും വിദ്വേഷവും വെച്ചുപുലർത്തുന്നവർക്ക് പാപമോചനം നിഷേധിക്കപ്പെടുകയാണ്. അവർക്ക് പ്രതിഫലങ്ങൾ നഷ്ടപ്പെടുകയാണ്. നാവ് മോശമായി പ്രയോഗിക്കുന്നവർക്ക് തഥൈവ. ഒരിക്കൽ ഒരാൾ നബി (സ്വ)യുടെ അടുക്കൽവന്ന് പറഞ്ഞു: ഒരു പെണ്ണ് നന്നായി രാത്രി നമസ്‌കാരങ്ങൾ നിർവ്വഹിക്കുകയും പകലിൽ വ്രതമനുഷ്ഠി്ക്കുകയും കർമ്മങ്ങൾ ചെയ്യുകയും ദാനധർമ്മങ്ങൾ ചെയ്യുന്നവളുമാണ്, എന്നാൽ അവൾ അയൽവാസികളെ നാവ് കൊണ്ട് ദ്രോഹിക്കുന്നു. അപ്പോൾ നബി (സ്വ) പറഞ്ഞു: അവളിൽ നന്മയില്ല, അവൾ നരകക്കാരിയാണ് (ഹദീസ് അദബുൽ മുഫ്‌റദ് 119). നാവിന്റെ ഭവിഷ്യത്ത് അത്രത്തോളമുള്ളത് കൊണ്ടാണത്. മറ്റുള്ളവരെ ഉപദ്രവിക്കുന്നവരും ശത്രുത വെക്കുന്നവരും അങ്ങനെ തന്നെ. അവർക്ക് നമസ്‌കാരമോ നോമ്പോ ദാനധർമ്മമോ ഒന്നും ഗുണം ചെയ്യില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുന്നവരും അങ്ങനെ തന്നെ. 

നമ്മുക്കേവർക്കും ശുദ്ധമനസ്സോടെ പശ്ചാത്തപിച്ചു മടങ്ങാം. അല്ലാഹു പൊറുത്തുതരും. 


back to top