ഇഹ്‌സാൻ: വർദ്ധിത നന്മയും അതിവർദ്ധിത പ്രതിഫലവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി: 23/01/2026

അനസ് ബ്‌നു മാലിക് (റ) ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞാൻ നബി (സ്വ)യോടൊപ്പം നടക്കുകയായിരുന്നു. നബി (സ്വ) യുടെ തോളിൽ കട്ടിയുള്ള പരുക്കമായ ഷാളുണ്ടായിരുന്നു. അന്നേരം ഒരു ഗ്രാമീണൻ വന്ന് ആ ഷാൾ ശക്തമായി വലിക്കുകയുണ്ടായി. ഞാൻ നോക്കുമ്പോൾ ഷാളിന്റെ അഗ്രഭാഗം വലിഞ്ഞതിന്റെ ഫലമായി നബി (സ്വ)യുടെ പിരടി മുറിവേറ്റിട്ടുണ്ട്. ശേഷം അയാൾ പറഞ്ഞു: ഹേ മുഹമ്മദ് നിന്റെ പക്കലുള്ള സമ്പത്തുകളിൽ നിന്ന് എനിക്ക് തരാൻ പറയുക. അപ്പോൾ നബി (സ്വ) അയാളിലേക്ക് നോക്കി ചിരിച്ചു. എന്നിട്ട് അയാൾക്ക് ദാനങ്ങൾ നൽകാൻ കൽപ്പിച്ചു (ബുഖാരി, മുസ്ലിം). അങ്ങനെയാണ് നബി (സ്വ), ഉപദ്രവിച്ചവർക്കും പോലും നന്മ ചെയ്യുന്ന മനസ്ഥിതി. അതാണ് ഇഹ്‌സാൻ എന്ന സ്വഭാവ ഗുണം. മറ്റുള്ളവർ ഗുണം ചെയ്താൽ നാമും ഗുണം ചെയ്യണം. അവർ ഉപദ്രവിച്ചാൽ നാം പകരം ഉപദ്രവിക്കരുത്. അങ്ങനെയുള്ള സൽഗുണമാണ്  ഇഹ്‌സാൻ, അത് സ്‌നേഹബന്ധമുള്ളവരോടും ബന്ധം മുറിച്ചവരോടും ദേഷ്യമുള്ളവരോടും സംതൃപ്തിയുള്ളവരോടും തുടരണം. ആയാസകാലത്തും അനായാസകാലത്തും നാം ഇഹ്‌സാൻ ചെയ്യുന്ന മുഹ്‌സിനീങ്ങൾ ആവണം. 

യൂസുഫ് നബി (സ്വ) യോട് അദ്ദേഹത്തിന്റെ പരീക്ഷണകാലത്ത് പറയപ്പെട്ടത് 'താങ്കളെ മുഹ്‌സിനീങ്ങളിൽപ്പെട്ടയാളായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്' (സൂറത്തു യൂസുഫ് 36). ശേഷം യൂസുഫ് നബി (സ്വ)യുടെ പ്രതാപകാലത്തും സഹോദരങ്ങൾ പറഞ്ഞതും അങ്ങനെ തന്നെ: 'നിന്നെ ഞങ്ങൾ മുഹ്‌സിനീങ്ങളിൽപ്പെട്ടയാളായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്' (സൂറത്തു യൂസുഫ് 78). 


ഇഹ്‌സാൻ എന്നാൽ വാക്കാർത്ഥം സൽവൃത്തി ചെയ്യൽ എന്നാണെങ്കിലും വർദ്ധിതരീതിയിൽ നന്മ ചെയ്യലാണ് പൊരുൾ. അതായത് ദൈവകൽപന പ്രകാരമുള്ള നിർബന്ധ നന്മക്കൾക്ക് ഉപരിയായി മറ്റുള്ളവർക്ക് ചെയ്യുന്ന നന്മകൾ. നന്മകകളും നീതികളും നിർവ്വഹിക്കാനാണല്ലൊ അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തുന്നഹ് ല് 90).


ഇഹ്‌സാനിന്റെ പ്രതിരൂപം നമ്മുക്ക് അബൂബക്കർ സിദ്ധീഖി (റ)ന്റെ ചരിത്രത്തിൽ കാണാം. അബൂബക്കർ (റ) മിസ്ത്വഹ് ബ്‌നു ഉഥാഥ എന്നയാൾക്ക് അദ്ദേഹവുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ ദരിദ്രാവസ്ഥയും പരിഗണിച്ച് ധാരാളം നന്മകൾ ചെയ്തുകൊടുക്കുമായിരുന്നു. ഒരിക്കൽ തന്നോടും കുടുംബത്തോടും മോശം ചെയ്ത മിസ്ത്വഹിനോട് അബൂബക്കർ (റ) പറഞ്ഞു: അല്ലാഹുവാണേ, ഇനിയൊരിക്കലും ഞാൻ നിനക്കായി ഒന്നും ചെലവാക്കുകയില്ല. അപ്പോഴാണ് അല്ലാഹു സൂറത്തുന്നൂറിലെ 22ാം സൂക്തം അവതരിപ്പിച്ചത്. അത് ഇങ്ങനെ: നിങ്ങളിൽ മഹത്വവും സാമ്പത്തിക ശേഷിയുമുള്ളവർ കുടുംബക്കാർക്കും പാവപ്പെട്ടവർക്കും ദൈവമാർഗത്തിൽ എല്ലാം വെടിഞ്ഞ് നാടുവിടുന്നവർക്കും ഒന്നും ദാനം ചെയ്യുകയില്ലെന്ന് ശപഥം ചെയ്യരുത്, മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത്. അല്ലാഹു പൊറുത്തു തരുന്നത് നിങ്ങളിഷ്ടപ്പെടുകയില്ലേ അവൻ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ. അതോടെ അബൂബക്കർ (റ) അതിൽ ഖേദിക്കുകയും നന്മകൾ തുടരുകയും ഇനി പിന്മാറുകയില്ലെന്ന് സത്യം ചെയ്യുകയുമുണ്ടായി (ഹദീസ് ബുഖാരി, മുസ്ലിം). 

സത്യവിശ്വാസികളുടെ അടയാളം, അവർ എപ്പോഴും മുഹ്‌സിനീങ്ങളായിരിക്കും. ആരുടെ പ്രയാസപ്പെടുത്തലുകളും അവർക്ക് തടയിടില്ല. അതേപ്പറ്റിയാണ് അല്ലാഹു പറഞ്ഞത്: ഏറ്റം ഉദാത്തമേതോ അതുകൊണ്ട് തിന്മയെ പ്രതിരോധിക്കുക (സൂറത്തുൽ മുഅ്മിനൂൻ 96). മുഹ്‌സിനീങ്ങൾ പ്രതിസന്ധികളെ മനസ്ഥൈര്യത്തോടെയും പിന്നാലെ ആശ്വാസങ്ങളും അനുഗ്രഹങ്ങളും വരാനുണ്ടെന്ന നിശ്ചയദാർഢ്യത്തോടെയുമാണ് നേരിടുക.


ഇഹ്‌സാനെന്ന വർദ്ധിത സുകൃതങ്ങൾക്ക് വിവിധ രൂപങ്ങളും മാർഗങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് മാതാപിതാക്കൾക്ക് ചെയ്യുന്ന നന്മകൾ, അവർക്കുള്ള അവകാശ നിർവ്വഹണങ്ങൾ. പിന്നെ ബന്ധം ഭദ്രവും ഊഷ്മളവും സ്‌നേഹാർദ്രവുമാക്കിക്കൊണ്ട് കുടുംബക്കാരോടുള്ള സൽപ്രവർത്തികൾ, പിന്നെ എല്ലാ ജനവിഭാഗങ്ങളോടുമുള്ള നന്മയാർന്ന ഇടപെടലുകൾ... അക്കാര്യമാണ് അല്ലാഹു സൂറത്തുന്നിസാഅ് 36ാം സൂക്തത്തിൽ പറഞ്ഞിരിക്കുന്നത്: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുത്, മാതാപിതാക്കൾ ബന്ധുക്കൾ അനാഥകൾ അഗതികൾ ബന്ധുവോ അന്യനോ ആയ അയൽക്കാരൻ സഹവാസികൾ സഞ്ചാരികൾ സ്വന്തം അധീനതയിലുള്ള അടിമകൾ എന്നിവരോടൊക്കെ നല്ലരീതിയിൽ വർത്തിക്കുക. 

ഇഹ്‌സാനാണ് വിശ്വാസി സമൂഹത്തിന്റെ മുഖമുദ്ര. 


സത്യവിശ്വാസി സ്രഷ്ടാവിൽ നിന്നുള്ള ഇഹ്‌സാൻ ആവാഹിച്ച് സൃഷ്ടികളിലേക്ക് പകരുന്നവനാണ്. അല്ലാഹു നിനക്ക് ഇഹ്‌സാൻ ചെയ്ത പ്രകാരം നീ ഇഹ്‌സാൻ ചെയ്യുക (സൂറത്തുൽ ഖസ്വസ് 77). മാത്രമല്ല മുഹ്‌സിനീങ്ങൾക്കുള്ള പ്രതിഫലങ്ങൾ പാഴാക്കാതെ നോക്കാനും അല്ലാഹു കൽപ്പിക്കുന്നുണ്ട് (സൂറത്തുത്തൗബ 120). 

അല്ലാഹു മുഹ്‌സിനീങ്ങളെ ഇഷ്ടപ്പെടുകയും അവരുടെ പദവികൾ ഉയർത്തുകയും ചെയ്യും. അൻസ്വാരികൾ നന്നായി ദാനധർമ്മം ചെയ്യുന്നവരും ഇഹ്‌സാൻ ചെയ്യുന്നവരുമായിരുന്നു. അവർക്ക് ക്ഷാമം പിടിപ്പെട്ടപ്പോൾ അവരത് നിർത്തി. അപ്പോഴാണ് അല്ലാഹു സൂറത്തുൽ ബഖറയുടെ 195ാം സൂക്തം ഇറക്കിയത്: 'നിങ്ങൾ ഇഹ്‌സാൻ തുടരുക, നിശ്ചയം അല്ലാഹു മുഹ്‌സിനീങ്ങളെ ഇഷ്ടപ്പെടുന്നു'. 

അല്ലാഹു മുഹ്‌സിനീങ്ങളെ പരിഗണിക്കുകയും അവർക്കായി കരുണകൾ വർഷിക്കുകയും ചെയ്യും. അല്ലാഹുവിന്റെ കാരുണ്യം മുഹ്‌സിനീങ്ങൾക്ക് എളുപ്പം പ്രാപ്യമത്രെ (സൂറത്തുൽ അഅ്‌റാഫ് 56). 

അന്ത്യനാളിൽ അവർ സ്വർഗപ്രവേശിതരായി അനുഗ്രഹിക്കപ്പെടും. അവിടെ അവർക്ക് അമൂല്യ സമ്മാനങ്ങൾ നൽകപ്പെടും. അല്ലാഹുവിലേക്കുള്ള ദർശനഭാഗ്യം നൽകപ്പെടുകയും ചെയ്യും. അതാണ് അല്ലാഹു പറഞ്ഞത് ഇഹ്‌സാൻ ചെയ്തവർക്ക് ഉദാത്ത പ്രതിഫലം ലഭിക്കും, കൂടെ വർധനവുമുണ്ടാകും (സൂറത്തു യൂനുസ് 26).

നാമിപ്പോൾ റമദാനിന് മുന്നോടിയായി ശഅ്ബാനിലാണ്, ഇഹ്‌സാനും ആരാധനകളുമായി നമ്മുക്ക് ആത്മീയ മുന്നേറ്റം നടത്താം.


back to top