നിശ്ചയദാർഢ്യവും സ്ഥൈര്യതയും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 16/01/2026

ലക്ഷ്യങ്ങൾ നേടാനും വിജയങ്ങൾ കൊയ്യാനും വേണ്ടത് മനക്കരുത്തും ക്ഷമയുമാണ്. മനോബലമുള്ളവർ പ്രതിസന്ധികളെ അനായാസം തരണം ചെയ്ത് പതറാതെ ദീർഘവീക്ഷണത്തോടെ കടമ്പകൾ കടക്കും. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നുവെങ്കിൽ അത് നിശ്ചയദാർഢ്യത്തിന്റെ കാര്യങ്ങളിൽപ്പെട്ടതു തന്നെയാകുന്നു (സൂറത്തു ആലുഇംറാൻ 186). 

ഉൾബലത്തോടെയുള്ള നിശ്ചയദാർഢ്യവും മികവുറ്റ സ്ഥിരതയും ക്ഷമയും നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ വിശേഷണങ്ങളായിരുന്നു. അല്ലാഹു അങ്ങനെയാവാനാണല്ലൊ കൽപ്പിച്ചിരി ക്കുന്നത്: നബിയേ, ദൃഢമാനസരായ ദൈവദൂതന്മാരെപ്പോലെ താങ്കളും ക്ഷമിക്കുക (സൂറത്തുൽ അഹ്ഖാഫ് 35). നബി (സ്വ) ഒരു കാര്യം മനസാ നിശ്ചയിച്ചുകഴിഞ്ഞാൽ അതിൽ ചാഞ്ചാട്ടമില്ല, ഒരു കാര്യത്തിലേക്ക് നടക്കാൻ തുടങ്ങിയാൽ തിരിഞ്ഞുനോട്ടവുമില്ല. നബി (സ്വ) കാര്യങ്ങളിലെ സ്ഥിരതക്കായും തന്റേടത്തോടെയുള്ള നിശ്ചയദാർഢ്യത്തിനുമായി അല്ലാഹുവിനോട് ചോദിക്കുമായിരുന്നു (ഹദീസ് തുർമുദി 3407, നസാഈ 1304). നബി (സ്വ) മനോധൈര്യത്തെയും മനസ്ഥൈര്യതയും ഒരുമിച്ചു അല്ലാഹുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്, കാരണം മനക്കരുത്തുള്ളവർ വ്യത്യസ്തരായിരിക്കും, അവരുടെ നിലപാടുകളിൽ എല്ലാം പാലിച്ചുകൊണ്ട് അവർ ഉറച്ചിരിക്കും. അതായത് നിശ്ചയദാർഢ്യവും സ്ഥിരതയുമാണ് എല്ലാ നന്മകളുടെയും ശക്തമായ ശിലകൾ, അവ തന്നെയാണ് എല്ലാ വിജയങ്ങളുടെയും അടിത്തറയും. രണ്ടും പടുവൃക്ഷത്തിന്‌റെ വേരും തണ്ടും പോലെയാണ്, വേരുകൾ ആഴത്തിൽ ഉറച്ചിരിക്കുമ്പോൾ തണ്ട് അചഞ്ചലമായ ക്ഷമാശക്തിയോടെ ആടാതെ ഉലയാതെ കാക്കും. അങ്ങനെ അതിനുള്ള വെള്ളവും ഭക്ഷണവും സംഭരിച്ച് ദൃഢമായി നിലനിൽക്കും. അതാണ് മനക്കരുത്ത്, അല്ലാഹുവുമായുള്ള ബന്ധവും ആശ്രയത്വവും ഭരമേൽപ്പിക്കലുമാണ് അതിന്റെ ബലങ്ങൾ. അല്ലാഹു പറയുന്നു: ഒരു തീരുമാനം എടുത്തുകഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കണം, തന്നിൽ ഭരമേൽപിക്കുന്നവരെ അവൻ സ്‌നേഹിക്കുന്നു (സൂറത്തു ആലുഇംറാൻ 159). 


ദൃഢനിശ്ചയമുള്ളവരുടെ മനക്കരുത്ത് അതിശക്തമായിരിക്കും, അവർക്ക് വ്യക്തമായ കാഴ്ചപ്പാടുമുണ്ടായിരിക്കും. അവരുടെ ലക്ഷ്യം സാർത്ഥകവുമായിരിക്കും. നിശ്ചയദാർഢ്യം അത് എല്ലാ നിലക്കും നന്മയാണ്. ആരാധനയിൽ അത് അതിന്റെ ഉദ്ദേശ്യശുദ്ധിയാണ്, വിജ്ഞാനത്തിൽ അത് കഠിനമായ ജ്ഞാനാന്വേഷണമാണ്. കുടുംബത്തിൽ അത് ബന്ധത്തിന്റെ ഭദ്രതയാണ്. അത് സദസ്സുകളിൽ മര്യാദകളാണ്, സമൂഹത്തിൽ അതിന്റെ കെട്ടുറപ്പാണ്. നാടിൽ അതിന്റെ സുരക്ഷയും കാവലുമാണ്. അതിന്റെ ഗതകാലം നല്ല ഓർമ്മകളാണ്, ഭാവി നല്ല വാഗ്ദാനങ്ങളും അസുലഭ സ്വപ്‌നങ്ങളുമാണ്. 

നിശ്ചയദാർഢ്യം മനുഷ്യന് ഉണ്ടാവേണ്ട അനിവാര്യ സ്വഭാവഗുണമാണ്. നല്ല ഇടപെടലും പെരുമാറ്റവും പ്രതിസന്ധികളെ നേരിടാനുള്ള ഉൾക്കരുത്തും ക്ഷമാശീലവും അതിന്റെ ഫലങ്ങളാണ്. ക്ഷമാക്ഷമത അസൂയാലുക്കളെയും വിഘടിതരെയും നിഷ്പ്രഭമാക്കും. അല്ലാഹു പറയുന്നുണ്ട്: ആരെങ്കിലും ക്ഷമ കൈക്കൊള്ളുകയും മാപ്പാക്കുകയും ചെയ്യുന്നുവെങ്കിൽ അത് ദൃഢമനസ്‌കതയോടെയുള്ള നടപടി തന്നെയത്രെ (സൂറത്തുശ്ശൂറാ 43). വിജയകരമായ പരിണിത ഫലങ്ങളും പ്രതിഫലങ്ങളുമാണ് അതിനെ കൂടുതൽ ബലവത്താക്കുന്നത്. പുണ്യസമരം അനുശാസിതമായിക്കഴിഞ്ഞാൽ അല്ലാഹുവിനോട് സത്യസന്ധത കാണിച്ചിരുന്നുവെങ്കിൽ അതാണവർക്ക് ഏറ്റം ശ്രേഷ്ഠം (സൂറത്തു മുഹമ്മദ് 21). കാര്യകാരണങ്ങൾ ചെയ്യലും സ്ഥായിയായ തയ്യാറെടുപ്പും ആശാവഹമായ പോസിറ്റീവ് ചിന്തയും ആവശ്യമാണ്. അനാവശ്യ ചിന്തയും സംശയവും ചാഞ്ചാട്ടവും പാടില്ല. 


യുഎഇ രാഷ്ട്രം അതിന്റൈ നിലപാടിലും കാഴ്ചപ്പാടിലും ശുദ്ധമായ നിശ്ചയദാർഢ്യവും ഉൾബലവുമുള്ള ദേശമാണ്. ഉൾക്കാഴ്ചയോടെ ഭൗതികയമായും ബൗദ്ധികമായും വൈജ്ഞാനികമായും ഈ നാട് മുന്നേറുകയാണ്. ഉന്നതമായ പാരമ്പര്യമാണ് നയിക്കുന്നത്. യുഎഇക്ക് ജനുവരി 17 നിശ്ചയദാർഢ്യദിനമാണ്. ഇവിടത്തെ ജനത്തോടുള്ള ആഭിമുഖ്യത്തിലും സുസജ്ജമായ കാവലിലും ഉറച്ചതും സത്യസന്ധവുമായ വാക്കിലും വാഗ്ദത്തിലും അഭിമാനപുരസരം മുന്നേറ്റം തുടരുക തന്നെ ചെയ്യും.


back to top