യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 09/01/2026
മനുഷ്യമനസ്സുകളിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊൻവെട്ടം വരുത്തുന്ന സ്വഭാവഗുണമാണ് ശുഭാപ്തി വിശ്വാസം, അതായത് എല്ലാം ശുഭമായി ഭവിക്കുമെന്ന മാനസികസ്ഥിതി. പ്രപഞ്ചനാഥനായ അല്ലാഹു നല്ലതേ വരുത്തുള്ളുവെന്ന പ്രത്യാശയും നാളെ നന്മകളേ അവൻ വിധിക്കുകയുള്ളൂവെന്ന സന്തോഷവാർത്താവിവരണവും മനുഷ്യനെ സന്തോഷപൂർണമായ ഭാവിയിലേക്ക് ആനയിക്കുന്ന കാര്യമാണ്. നീ അറിയാത്ത രീതിയിൽ അല്ലാഹു വല്ല അനുരജ്ഞനമാർഗവും ഉണ്ടാക്കിയേക്കാമെന്ന് സൂറത്തുത്ത്വലാഖ് 1ാം സൂക്തത്തിന്റെ അവസാനഭാഗത്ത് കാണാം. ഒരാവർത്തി ഈ ഖുർആനിക സൂക്തം ഉരുവിടുമ്പോൾ മനസ്സിൽ ശുഭപ്രതീക്ഷയുടെയും പ്രത്യാക്ഷയുടെയും ഒരു ആന്തൽ അനുഭവിക്കാനാവും.
പ്രവാചകന്മാരും മുൻകാല ജ്ഞാനികളും സച്ചരിതരും എന്തിലും ഏതിലും ശുഭകരമായത് അല്ലാഹുവിൽ നിന്ന് ഉണ്ടാവുന്നുമെന്ന് വിശ്വസിക്കുന്നവരായിരുന്നു. നമ്മുടെ നബി (സ്വ) ശുഭപ്രതീക്ഷ ഇഷ്ടപ്പെടുന്നവരായിരുന്നു (ഹദീസ് അഹ്‌മദ് 8393). ശുഭാപ്തി വിശ്വാസത്തിന് പ്രഥമമായി വേണ്ടത് അല്ലാഹിവിലുള്ള നല്ല വിചാരമാണ്, അതാണ് ഏതൊരു നല്ലകാര്യത്തിന്റെയും താക്കോൽ. അല്ലാഹു നല്ലതേ വരുത്തുള്ളുവെന്ന ആ വിചാരം സത്യവിശ്വാസിയിൽ പ്രതീക്ഷകൾ നിറക്കുന്നതായിരിക്കും. ഞാൻ എന്റെ അടിമ എന്നെ വിചാരിക്കുന്നത് പോലെയായിരിക്കുമെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുദ്‌സിയ്യായ ഹദീസിൽ കാണാം (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹുവിലുള്ള നല്ല വിചാരത്തിൽ അവൻ സംതൃപ്തനും ശാന്തഹൃദയനും പ്രതീക്ഷനിർഭരനുമായിരിക്കും. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയേയില്ല (സൂറത്തു ആലുഇംറാൻ 09). ഇബ്‌നു മസ്ഊദ് (റ) പറയുന്നു: അല്ലാഹുവാണേ, അവനല്ലാതെ ഒരു ആരാധ്യനുമില്ല, ഒരു സത്യവിശ്വാസിക്ക് നൽകപ്പെട്ടതിൽ വെച്ച് ഏറ്റവും നല്ല കാര്യം അവന്റെ അല്ലാഹുവിലുള്ള നല്ലവിചാരം, ഒരാൾ അല്ലാഹുവിൽ നിന്ന് ഒരു നല്ല കാര്യമുണ്ടാവുമെന്ന് നല്ലതായി ഭാവിച്ചാൽ അല്ലാഹു അവന് അത് ഭവിപ്പിച്ചിരിക്കും.
അല്ലാഹു വളരെ യുക്തിസഹമായും കരുണാമയമായുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്, അതിനാൽ ഏതിലും അവൻ നന്മ വരുത്തും. നാം എപ്പോഴും എല്ലാ കാര്യത്തിലും അല്ലാഹുവിൽ നിന്ന് നല്ലതേ ഉണ്ടാവുമെന്ന വിചാരത്തിൽ കഴിയണം. അല്ലാഹു മതി ഞങ്ങൾക്ക്, തന്റെ അനുഗ്രഹത്തിൽ നിന്ന് ഞങ്ങൾക്കു നൽകിക്കൊള്ളും എന്നാവണം നമ്മുടെ മുദ്രാവാക്യം. സന്തോഷകാലത്തും സന്താപകാലത്തും മനസ്സിൽ ശുഭാപ്തി വിശ്വാസം വരുത്തണം. ശൗർ ഗുഹായിലായിരിക്കുമ്പോൾ നബി (സ്വ) അബൂബക്കറി(റ)നെ സമാശ്വസിപ്പിച്ചത് അങ്ങനെയാണല്ലൊ. ഇവിടെ നമ്മുക്ക് രക്ഷക്കായി മൂന്നാമനായി അല്ലാഹുവുണ്ടെന്ന നിർഭയ ചിന്ത നബി (സ്വ) ഇട്ടുകൊടുക്കുകയായിരുന്നു. അതാണ് അല്ലാഹുവിലുള്ള നല്ല വിചാരവും ശുഭപ്രതീക്ഷയും.
ഉമ്മു സലമ(റ)യുടെ ചരിത്രം കേട്ടിട്ടില്ലേ, ഒരിക്കൽ നബി (സ്വ) പറഞ്ഞു: ഒരാൾക്ക് ഒരു ആപത്ത് സംഭവിച്ച് ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഹൂൻ എന്ന് പറഞ്ഞ് അല്ലാഹുവേ ഈ ആപത്തിൽ നിന്ന് രക്ഷിച്ച് നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിച്ചാൽ അല്ലാഹു അവനെ ആപത്തിൽ നിന്ന് രക്ഷിച്ച് നല്ലത് വരുത്തിയിരിക്കും. ഇത് ഉമ്മു സലമ (റ) കേട്ടിരുന്നു. മഹതിയുടെ ഭർത്താവ് മരിച്ചപ്പോൾ നബി (സ്വ) പറഞ്ഞത് പ്രകാരം മനസ്സിരുത്തി പ്രാർത്ഥിച്ച മഹതിക്ക് പിന്നീട് ഭർത്താവായി വന്നത് പ്രവാചകപ്രഭു മുഹമ്മദ് നബി (സ്വ) ആയിരുന്നു (ഹദീസ് മുസ്ലിം 918). ഇത് പോലെയായിരിക്കും ശുഭാപ്തിയിൽ വിശ്വസിക്കുന്നവരുടെ കാര്യം, അല്ലാഹു അവരുടെ നഷ്ടങ്ങളിൽ നല്ല പകരങ്ങൾ നൽകും. ആയാസത്തിന് ശേഷം അല്ലാഹു അനായാസം ഉണ്ടാക്കുമത്രെ (സൂറത്തുത്ത്വലാഖ് 07).
ഓരോ വിപത്തുണ്ടാവുമ്പോഴും അത് അല്ലാഹു പോക്കി ആശ്വാസമുണ്ടാക്കുമെന്ന വിശ്വാസം രൂഢമൂലമാക്കണം. അങ്ങനെ ദൈവാനുസരണയിൽ നല്ലത് വിചാരിക്കുന്നവന് അനായാസം സ്വർഗത്തിൽ പ്രവേശിക്കാവുന്നതാണ്.
അല്ലാഹുവിലുള്ള പ്രത്യാശയാണ് ശുഭാപ്തി വിശ്വാസത്തിന്റെ പ്രധാന ഘടകം. ആ പ്രതീക്ഷയാണ് പ്രതിസന്ധികളിലെ പാഥേയം. ആശ കൈവിടരുത്. കൂടെ അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കണം. ആ ശുഭപ്രതീക്ഷയാണ് മക്കളുടെ തിരോധാനത്തിൽ യഅ്ഖൂബ് നബി (സ്വ) മറ്റു മക്കളോട് പ്രകടിപ്പിച്ചത്: പ്രിയ മക്കളേ നിങ്ങൾ പോയി യൂസുഫിനെയും സഹോദരനെയും കുറിച്ച് അന്വേഷണം നടത്തുക, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ചു ആശയറ്റുപോകരുത് , നിഷേധികളായ ജനങ്ങൾ മാത്രമേ അവന്റെയനുഗ്രഹത്തെപ്പറ്റി ഭഗ്നാശരാകൂ (സൂറത്തു യൂസുഫ് 87). നമ്മുടെ മക്കളിലും കുടുംബാംഗങ്ങളിലും സഹപ്രവർത്തകരിലും ജീവിതത്തിന്റെ സകല മേഖലകളിലും പ്രതീക്ഷകൾ വളർത്തണം. സത്യവിശ്വാസിക്കെന്നും ശുഭപ്രതീക്ഷയും സുവിശേഷവുമുണ്ടായിരിക്കണം. തിന്മയുടെ ദുർചിന്തകളിൽപ്പെടരുത്. അല്ലാഹു പറയുന്നു: നിങ്ങൾക്കത് ദോഷകരമെന്ന് നിങ്ങൾ ധരിക്കേണ്ട, എന്നാലത് ഗുണകരം തന്നെയാണ് (സൂറത്തുന്നൂർ 11). ഈയൊരു നിശ്ചയദാർഢ്യമാണ് വിശ്വാസിയെ വിജയിയാക്കുന്നത്. എളുപ്പമുണ്ടാവുമെന്ന് സന്തോഷവാർത്ത അറിയിക്കാനും പ്രയാസമുണ്ടെന്ന് വരുത്തി വെറുപ്പിക്കാതിരിക്കാനുമാണ് പ്രവാചക കൽപന (ഹദീസ് ബുഖാരി, മുസ്ലിം). ശുഭ പ്രതീക്ഷയും നല്ല വാക്കും സന്തോഷിപ്പിക്കുന്നുവെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി മുസ്ലിം 5756).
നാം ജീവിതത്തിന്റെ നിഖില മേഖലകളിലും ഘട്ടങ്ങളിലും നന്മ, മംഗളങ്ങൾ പോലൊത്ത നല്ല വാക്കുകൾ ഉപയോഗിക്കുക. പോസിറ്റീവായ ചിന്തകൾ ഉണ്ടാക്കണം. പ്രതിസന്ധിഘട്ടങ്ങളിൽ പതറരുത്, ബുദ്ധിപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണം.
സഹനവും സംതൃപ്തിയും കൈവിടരുത്. അവ രണ്ടും നന്മ വരുത്തുന്നതാണ്. ശുഭാപ്തി വിശ്വാസത്തിന്റെ ഉറവിടങ്ങളാണവ. ഉമർ (റ) അബൂമൂസൽ അശ്അരി (റ)യിലേക്ക് എഴുതിയ കത്തിയ പറയുന്നുണ്ട്: 'എല്ലാ നന്മയും കുടിക്കൊള്ളുന്നത് സംതൃപ്തിയിലാണ്, പറ്റുമെങ്കിൽ തൃപ്തിയടയുക, ഇല്ലെങ്കിൽ സഹിക്കുക'. പ്രതീക്ഷ അതിന്റെ സ്പന്ദനമാണ്, നിശ്ചയദാർഢ്യമാണ് അതിനുള്ള തൂണ്. ഫലം വിജയവുമാണ്. ഇവയെല്ലാം കൊണ്ടാണ് ഒരാൾ ജീവിതത്തിൽ വിജയിക്കുന്നത്.

