പ്രവാചക പാത യുക്തിഭദ്രം, സാരസമ്പൂർണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 02.01.2026

ക്രിസ്താബ്ദ കണക്കുപ്രകാരം പുതുവർഷ വേളയിലാണ് നാമിപ്പോൾ. ശുഭാപ്തിയോടെയും പ്രതീക്ഷാനിർഭരതയോടെയും നവവർഷത്തെ വരവേൽക്കാം. നാടിലും സമൂഹങ്ങളിലും സമൃദ്ധികളും സൗഭാഗ്യളുമുണ്ടാവാൻ നാഥനോട് പ്രാർത്ഥിക്കാം. ജീവിതത്തിൽ മതനിഷ്ഠയിലും ആരാധാനാനിഷ്ഠയിലും പ്രവാചകാനുധാവനത്തിലുമുള്ള നമ്മുടെ നിലവാരം പരിശോധനക്ക് വിധേയമാക്കേണ്ട സന്ദർഭമാണിത്. 

പ്രവാചക ചര്യ നാമെന്നും മുറുകെ പിടിക്കണം. പ്രവാചകർ (സ്വ) മൊഴിയുന്നതൊന്നും സ്വേഛപ്രകാരമല്ല (സൂറത്തുന്നജ്മ് 03). പ്രവാചക മൊഴികളെല്ലാം ദിവ്യബോധനങ്ങളാണ്. സന്മാർഗം കാട്ടിത്തരികയും ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രവാചകോദ്ധരണികൾ യുക്തിഭദ്രവുമാണ്. അല്ലാഹു നബി (സ്വ) ക്ക് വേദവും യുക്തിജ്ഞാനവും നൽകിയെന്ന് സൂറത്തുന്നിസാഅ് 113ാം സൂക്തത്തിൽ കാണാം. അല്ലാഹു നബി (സ്വ)യെ വാക്ചാരുതിയിലും ഭാഷാപ്രയോഗത്തിലും സാഹിത്യവിന്യാസത്തിലും പ്രബലമാക്കിയിട്ടുണ്ട്. മാത്രവുമല്ല, പ്രവാചക വാക്കുകളുടെ ആധികാരികതയും ദൃഢീകൃതമായതാണ്. അതുകൊണ്ടുതന്നെയാണ് നബി (സ്വ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്: കളവെന്ന് തോന്നുന്ന കാര്യം പോലും നബി (സ്വ)യെ തൊട്ട് ഉദ്ധരിക്കുന്ന പക്ഷം അവനും കളവു പറയുന്നവനായി ഗണിക്കപ്പെടുന്നതായിരിക്കും. 

നബി (സ്വ)യുടെ വാക്കുകൾ ഓരോന്നും ഏറെ സൂക്ഷ്മവും ഉപകാരപ്രദവുമാണ്. സാഹിത്യസമ്പുഷ്ടവും സ്പഷ്ടവും അർത്ഥപൂർണവും ആധികാരികവും അത്യന്തം ഹൃദയഹാരിയുമാണ്. കുറഞ്ഞ വാക്കികളിലുള്ള സാരസമ്പൂർണ സംസാരമായ ജമാമിഉൽ കലിം നബി (സ്വ) തങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ടെന്ന് ബുഖാരി, മുസ്ലിം ഹദീസുകളിൽ കാണാം. നബി (സ്വ)യുടെ വാക്കുകൾ കുറവാണെങ്കിലും അർത്ഥവ്യാപ്തിയും സാരവൈപുല്യവും അതിൽ നന്നായി പ്രതിഫലിക്കുന്നുണ്ടായിരിക്കും. അതിൽ യുക്തിജ്ഞാനങ്ങളും മൂല്യങ്ങളും അടങ്ങിയിരിക്കും. 

പ്രവാചക മൊഴിമുത്തുകളായ ഹദീസുകളിൽ സാമൂഹ്യ ശാക്തീകരണത്തിന് ആവശ്യമായ സത്യവിശ്വാസത്തിന്റെ അടിസ്ഥാന പാഠങ്ങൾ, സൽസ്വഭാവത്തിന്റെ ധർമ്മപാഠങ്ങൾ, ധാർമിക മൂല്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ്. ഉദാഹരണത്തിന്, നബി (സ്വ) പറയുകയുണ്ടായി: ഗുസ്തിയിൽ ജയിക്കുന്നവനല്ല നിങ്ങളിലെ ശക്തൻ, എന്നാൽ ദേഷ്യം വരുന്ന സമയത്ത് സ്വന്തത്തെ അടക്കിനിർത്തുന്നവൻ തന്നെയാണ് ശക്തവാൻ (ഹദീസ് ബുഖാരി, മുസ്ലിം). അതായത് യഥാർത്ഥ ശക്തിയുടെ മാനദണ്ഢം എതിരിടലോ ശത്രുതയോ അല്ല, മോശം ചെയ്തികളിൽനിന്നുള്ള ആത്മനിയന്ത്രണമാണത്. ഒരിക്കൽ ഒരാൾ ഒരു ജ്ഞാനിയോട് ചോദിച്ചു: ആരാണ് ഏറ്റവും ധീരൻ? അദ്ദേഹം മറുപടി നൽകി സഹനം കൊണ്ട് അജ്ഞതയെ നേരിട്ടവൻ. 

ഒരാൾ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: എനിക്ക് ബന്ധുക്കളുണ്ട്, ഞാനവരോട് ബന്ധം സ്ഥാപിക്കുന്നു, എന്നാലവർ ബന്ധം മുറിക്കുന്നു. ഞാനവർക്ക് നന്മ ചെയ്യുന്നു, എന്നാലവർ എന്നോട് മോശമായി പെരുമാറുന്നു. ഞാനവരോട് ക്ഷമിക്കുന്നു, അവരെന്നെ അവഗണിക്കുന്നു. നബി (സ്വ) പറഞ്ഞു: താങ്കൾ പറഞ്ഞത് പോലെയാണ് കാര്യമെങ്കിൽ നീ അവരെ ചുടുവെണ്ണീർ തീറ്റിക്കുന്നത് പോലെയാണ്, താങ്കൾ അങ്ങനെതന്നെ ആയിരിക്കുന്ന കാലം അല്ലാഹുവിൽ നിന്നൊരു സഹായി താങ്കൾക്കുണ്ടായിരിക്കും (ഹദീസ് മുസ്ലിം 2558). അതേ, നമ്മൾ നേർപാതയിലായി അന്യരോട് ഇടപെടുകയും ദേഷ്യം കടിച്ചുപിടിക്കുകയും ചെയ്താൽ അല്ലാഹുവിൽ നിന്നൊരു ബലം നമ്മുക്കു സ്വന്തമായുണ്ടാവും. അങ്ങനെ പ്രതികാരം ചെയ്യാൻ പറ്റുന്ന അവസ്ഥയുണ്ടായിരുന്നിട്ടും ദേഷ്യം കടിച്ചുപിടിക്കുന്നവന് അന്ത്യനാളിൽ അല്ലാഹു എല്ലാവർക്കും മുമ്പിൽ വെച്ച് അവന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ അവസരം നൽകുമത്രെ (ഹദീസ് അബൂദാവൂദ് 4777, തുർമുദി 2021). 

സ്വഭാവമെന്നത് ഒരു സുരക്ഷാവേലിയാണ്. അവിടം സൂക്ഷ്മതയോടെയും ദീർക്ഷവീക്ഷണത്തോടെയും നിൽക്കണം. സൽസ്വഭാവമാണ് നന്മയെന്ന് നബി (സ്വ) പഠിപ്പിക്കുന്നുണ്ട് (ഹദീസ് അഹ്‌മദ് 17633). സത്യവിശ്വാസിയുടെ എല്ലാം സൽസ്വഭാവമായിരിക്കണം. ആരോടും മോശമായി ഇടപെടരുത്, അപകീർത്തിപ്പെടുത്തരുത്. ആരെയും അവഗണിക്കരുത്. സത്യവിശ്വാസി കുത്തുവാക്കുകൾ പറയുന്നവനോ ശപിക്കുന്നവനോ മോശമായി പെരുമാറുന്നവനോ സഭ്യമല്ലാത്തത് പറയുന്നവനോ അല്ലെന്നാണ് നബി വചനം (ഹദീസ് തുർമുദി 2092). 

നാടിനെ ബഹുമാനിക്കലും നാടിന്റെ സുസ്ഥിരതക്കായി നിലകൊള്ളലുമെല്ലാം സത്യവിശ്വാസിക്ക് വേണ്ട യുക്തിവിശേഷങ്ങളാണ്. നബി (സ്വ) പറഞ്ഞത് പ്രകാരം ഒരാൾ നാട്ടിൽ നിർഭയനും ശരീരത്തിൽ ആരോഗ്യമുള്ളവനും അന്നന്നത്തെ ഉപജീവനമാർഗമുള്ളവനുമായാൽ ഇഹലോക സൗഭാഗ്യങ്ങളെല്ലാം പ്രാപിച്ചവനെ പോലെയാണ് (ഹദീസ് തുർമുദി 2500). നബി (സ്വ) നാടിന്റെ സുരക്ഷക്കും ക്ഷേമാ ഐശ്വര്യങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഒരു ഹദീസിൽ തഖ്‌വ, നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവ യഥാ നിർവഹിക്കുകയും നാട്ടിലെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യമെന്നും, അങ്ങനെ ചെയ്തവർ സ്വർഗത്തിൽ പ്രവേശിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 616). അതാണ് പ്രവാചക യുക്തി. നബി (സ്വ)യുടെ വാക്കിലും പ്രവർത്തിയിലും ഓരോ പ്രബോധന പ്രവർത്തനത്തിലും ആ യുക്തിഭദ്രത നമ്മുക്ക് കാണാനാവും.


back to top