മൂത്തസഹോദരി ഉമ്മക്ക് തുല്യം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 26/12/2025

കുടുംബത്തിൽ മാതാവും പിതാവും കഴിഞ്ഞാൽ മഹനീയ സ്ഥാനമുള്ളത് സഹോദരിക്കാണ്. അതുകൊണ്ടാണ് നബി (സ്വ) ദാനത്തിന്റെ കാര്യത്തിൽ ഉപ്പക്കും ഉമ്മക്കും ശേഷം സഹോദരിയെ പരാമർശിച്ചിരിക്കുന്നത് (ഹദീസ് നസാഈ 2532). അതായത് സഹോദരങ്ങൾക്ക് മൂത്ത സഹോദരി രണ്ടാമത്തെ ഉമ്മ കണക്കെയാണ്. അവരെ ചെറുപ്പത്തിൽ വാരിപ്പുണരുന്നതും ഓമനിക്കുന്നതും, വലുപ്പത്തിൽ പരിലാളനകളാൽ മൂടുന്നതും സ്‌നേഹാർദ്രതകളുടെ ഉറവിടമായ ജേഷ്ഠസഹോദരിയായിരിക്കും. പരിശുദ്ധ ഖുർആനിൽ അല്ലാഹു മൂസാ നബി (അ)യുടെ സഹോദരിയുടെ ചരിത്രകഥനം നടത്തുന്നുണ്ട്. ഉമ്മ കുഞ്ഞായ മൂസാ നബി (അ)യെ പെട്ടിയിലാക്കി നദിയിൽ ഒഴുക്കിയപ്പോൾ സഹോദരന്റെ ജീവനിൽ ആശങ്കപ്പെട്ട സഹോദരിയോട് ഉമ്മ പറയുന്നുണ്ട്: നീ പോയി അവനെയന്വേഷിച്ചു നോക്കുക. സഹോദരി പോയി അകലെ നിന്ന് അവനെ കാണുകയുമുണ്ടായി. കൊട്ടാരത്തിലുള്ളവരോട് സഹോദരി ബോധിപ്പിച്ചു: നിങ്ങൾക്കു വേണ്ടി ഈ ശിശുവിനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാൻ വിവരം തരട്ടയോ, ഇവനു നന്മയാഗ്രഹിക്കുന്നവരാണ് അവർ. അങ്ങനെ അവന്റെ ഉമ്മ ആഹ്ലാദിക്കാനും ദുഖിക്കാതിരിക്കാനും അല്ലാഹുവിന്റെ കരാർ സത്യസന്ധമാണെന്നവൾ ഗ്രഹിക്കാനുമായി ശിശുവിനെ നാം അവൾക്ക് തിരിച്ചു നൽകി (സൂറത്തുൽ ഖസസ് 11,12,13). സഹോദരന് വേണ്ടി സഹോദരിയുടെ ബുദ്ധിപൂർവ്വമുള്ള ഇടപെടലായിരുന്നു അത്.


ശൈമാ ബിൻതുൽ ഹാരിസ് (റ), മഹതി നബി (സ്വ)യുടെ ജേഷ്ഠസഹോദരിയാണ്. മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരി. നബി (സ്വ)ക്ക് മുലകൊടുത്ത ഹലീമത്തു സ്സഅദിയ (റ)യുടെ മകൾ. കുഞ്ഞായിരുന്ന നബി (സ്വ)യെ ശൈമാ എന്ന സഹോദരി ചുമന്നു നടക്കുകയും പരിലാളിക്കുകയും ഉമ്മയോടൊപ്പം നന്നായി പരിപാലിക്കുകയും ചെയ്തിരുന്നു. മഹതി നബി (സ്വ)യെ കളിപ്പിച്ചുകൊണ്ട് പ്രാർത്ഥനകൾ പാടുകമായിരുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം ഈ മൂത്ത സഹോദരിയെ കണ്ടുമുട്ടിയപ്പോൾ നബി (സ്വ) സ്‌നേഹോഷ്മളമായി സ്വീകരിച്ചാനയിക്കുകയും ബഹുമാനിക്കുകയുമാണ് ചെയ്തത്. സഹോദര ബന്ധത്തിന്റെ വ്യാപ്തി പ്രകടമാക്കുന്ന ഹൃദ്യമായ രംഗങ്ങളായിരുന്നു അത്. ശേഷം നബി (സ്വ) നിറകണ്ണുകളോടെ അവർക്കായി തങ്ങളുടെ തട്ടം വിരിച്ചുനൽകി. അവരോട് പറയുകയും ചെയ്തു: നിങ്ങൾ നിങ്ങളുടെ സമൂഹത്തിലേക്ക് പോവുന്നുവെങ്കിൽ അങ്ങനെ ആവാം, ഞാൻ എന്നും നിങ്ങളോടുള്ള ബന്ധം നിർത്തുന്നതായിരിക്കും. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഇവിടെ താമസിക്കുകയും ചെയ്യാം. സ്‌നേഹങ്ങളോടെ ആദരവുകളോടെ നിങ്ങൾക്ക് ഇവിടെ തുടരാനാവും. നബി (സ്വ) അവർക്ക് ഒട്ടകങ്ങളും ആടുകളും മറ്റു കുറേ സമ്മാനങ്ങളും നൽകുകയുണ്ടായി. മൂത്ത സഹോദരിക്കുള്ള സ്ഥാനവും മാനവും ലോകർക്കും പഠിപ്പിക്കുകയായിരുന്നു തിരുദൂതർ (സ്വ). മുലകുടി ബന്ധത്തിലുള്ള സഹോദരിക്കുള്ള മഹത്വം ഇത്രയാണെങ്കിൽ, സ്വന്തം ഉമ്മയിലും ഉപ്പയിലുമുള്ള സഹോദരിക്കുള്ള സ്ഥാനം അതിനേക്കാൾ എത്രയോ കേമമായിരിക്കും. 

കുടുംബബന്ധം ചേർക്കേണ്ട പ്രഥമഗണനീയരിൽപ്പെട്ടതാണ് മൂത്തസഹോദരി. കുടുംബബന്ധം ചേർക്കൽ സത്യവിശ്വാസപൂർണതയുടെ ഭാഗമാണെന്നാണല്ലൊ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ കുടുംബബന്ധം ചേർത്തുകൊള്ളട്ടെ (ഹദീസ് ബുഖാരി 6138). ആയുസ്സിലും ഉപജീവനങ്ങളിലും അനുഗ്രഹങ്ങളുണ്ടാവാൻ കുടുംബബന്ധങ്ങൾ സുദൃഢമാവൽ ആവശ്യമാണ്. നബി (സ്വ) പറയുന്നു: ആരെങ്കിലും ഭക്ഷണ സുഭക്ഷിതയും ആയുർദൈർഘ്യവും ആഗ്രഹിക്കുന്നുവെങ്കിൽ കുടുംബബന്ധങ്ങൾ ചേർത്തുകൊള്ളട്ടെ (ഹദീസ് ബുഖാരി, മുസ്ലിം). 

സഹോദരിമാർക്ക് താങ്ങും തണലുമാവണം, പ്രത്യേകിച്ച് അവർക്ക് ആരുമില്ലെങ്കിൽ, അവർ ഒറ്റപ്പെടുമ്പോൾ, അവരുടെ വാർധക്യകാലത്ത്, അവരുടെ ആരോഗ്യം ക്ഷയിക്കുമ്പോൾ. ചെറിയവരോട് കരുണയും വലിയവരോട് കടപ്പാടും കാണിക്കാത്തവർ നമ്മളിൽപ്പെട്ടവരല്ല എന്നാണ് നബി (സ്വ) ഉണർത്തിയിരിക്കുന്നത് (അദബുൽ മുഫ്‌റദ് 363). മൂന്നു പെൺമക്കളോ അല്ലെങ്കിൽ മൂന്നു സഹോദരിമാരോ ഉണ്ടാവുകയും അവരോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്തവർക്ക് സ്വർഗം ഉറപ്പെന്നാണ് നബി (സ്വ) സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത് (അദബുൽ മുഫ്‌റദ് 79). 


സഹോദരങ്ങൾക്ക് മൂത്ത പെങ്ങൾ ഏറെ വേണ്ടപ്പെട്ടവളാണ്. അവരുടെ പരിപാലനം, പരിലാളനം, പരിശീലനം എന്നിവയിലെല്ലാം അവൾ മാതൃനിർവിശേഷമായ പങ്ക് വഹിക്കുന്നുണ്ട്. മൂത്ത സഹോദരിയെ ബഹുമാനിക്കുകയും അർഹതപ്പെട്ട സ്ഥാനമാനം നൽകുകയും വേണം. ഇടക്കിടക്ക് സന്ദർശിക്കണം. അവരുടെ ഭർത്താവിന്റെയും മക്കളുടെയും മുമ്പിൽവെച്ച് അവർക്കുള്ള അന്തസ്സ് പ്രകടിപ്പിക്കണം. എന്നും സഹോദരിയുമായി കുടുംബ ബന്ധം നിലനിർത്തുകയും കാര്യങ്ങളിൽ കൂടിയാലോചന നടത്തുകയും വേണം. അവർക്കുള്ള അവകാശങ്ങൾ വകവെച്ചുനൽകണം. അനന്തരാവകാശങ്ങൾ നിഷേധിക്കാനിട വരരുത്. 

ജാബിറി (റ) ന് രോഗം മൂർഛിച്ച് മരണപ്പെടുമെന്ന് ഭയപ്പെടുന്ന അവസ്ഥയിൽ ബോധം തിരിച്ചുകിട്ടിയപ്പോൾ ആദ്യം ചോദിച്ചത് സഹോദരിമാരുടെ അനന്തരാവകാശത്തെക്കുറിച്ചാണ്. തിരുദൂതരേ, എനിക്ക് സഹോദരിമാരുണ്ട് (ഹദീസ് ബുഖാരി). അപ്പോഴാണ് സഹോദരിമാർക്കുള്ള അനന്തര വിഹിതം വിശദീകരിച്ചുകൊണ്ടുള്ള ഖുർആനിക സൂക്തങ്ങൾ അവതരിച്ചത്: മാതാപിതാക്കളും ഏറ്റവുമടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിഹിതമുണ്ട്. കുറച്ചാകട്ടെ, കൂടിയതാകട്ടെ. നിശ്ചിത ഓഹരിയാണത് (സൂറത്തുന്നിസാഅ് 07). 

മൂത്ത സഹോദരിക്ക് ഇടക്കിടക്ക് ദാനങ്ങൾ ചെയ്യണം. സമ്മാനങ്ങൾ നൽകണം. അങ്ങനെയുള്ള ദാനങ്ങൾ ഏറെ പ്രതിഫലാർഹമാണ്. ഒരിക്കൽ പ്രവാചക പത്‌നി മൈമൂനാ (റ) ഒരു ദാനധർമ്മം നടത്തി, അപ്പോൾ മഹതിയോട് നബി (സ്വ) പറയുകയുണ്ടായി: അത് നീ നിന്റെ സഹോദരിക്ക് നൽകിയാൽ അതിലേറെ നന്നാവും (ഹദീസ് മുവത്വ 2036). 

സഹോദരിമാർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങൾ: അവരുടെ സങ്കടങ്ങൾക്ക് അറുതി വരുത്തുക, ജീവിതകാലത്തോ മരണശേഷമോ അവരുടെ കടങ്ങൾ വീട്ടിനൽകുകയോ നേർച്ചകൾ പൂർത്തീകരിച്ചുനൽകുകയോ ചെയ്യുക. ഒരിക്കൽ ഒരാൾ വന്നു നബി (സ്വ) യോട് പറഞ്ഞു: എന്റെ സഹോദരി ഹജ്ജ് ചെയ്യാൻ നേർച്ചയാക്കിയിരുന്നു, പക്ഷേ അവർ മരിച്ചുപോയി. അപ്പോൾ നബി (സ്വ) ചോദിച്ചു: അവരുടെ കടം താങ്കൾക്ക് വീട്ടാനൊക്കുമോ? അദ്ദേഹം പറഞ്ഞു:  അതേ. നബി പറഞ്ഞു: എന്നാൽ അവർക്കായി അല്ലാഹുവിനജല്പ കടം വീട്ടുക, അതാണ് കടങ്ങളിൽ വെച്ച് വീട്ടപ്പെടാൻ ഏറ്റവും അർഹമായത് (ഹദീസ് ബുഖാരി 6699). 


മാതാപിതാക്കൾ മക്കൾക്കിടയിൽ മൂത്ത സഹോദരിയുടെ സ്ഥാനം വ്യക്തമാക്കിക്കൊടുക്കണം. അവരോട് നന്നായി പെരുമാറാനും ബഹുമാനിക്കാനും അവരുടെ അവകാശങ്ങൾ അറിയാനും പ്രാപ്തരാക്കണം. അങ്ങനെ മക്കളെ പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും വളർത്തി കുടുംബം സുഭദ്രമാക്കുക വഴി സാമൂഹിക സുസ്ഥിരതയും അഖണ്ഡതയും ഉറപ്പുവരുത്തണം.


back to top