യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 19/12/2025
മനുഷ്യന്റെ മനക്കരുത്തും ആത്മവീര്യവും കെടുത്തുകയും ബുദ്ധിയെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന മാരകരോഗമാണ് മടി. അത് ജീവിതസമയങ്ങൾ വ്യഥാവിലാക്കുകയും നിഷ്‌ക്രിയത വരുത്തി ഇഹലോകത്തെയും പരലോകത്തെയും വിജയങ്ങൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ആത്മീയ കാര്യങ്ങളിൽ ആലസ്യവും തലമുറകളുടെ അധ്വാനങ്ങളുടെ വികസനഫലങ്ങൾക്ക് വിലങ്ങാവുകയും ചെയ്യും. പരാജയത്തിലേക്കുള്ള പാതയാണ് മടിയെന്ന മന്ദത. മടി ശീലമാക്കിയവന് നിരാശ മാത്രമാണ് ഫലം.
മടിയുടെ ഭവിഷ്യത്തുകൾ അപകടകരമായതിനാൽ അതിനെ തൊട്ട് അല്ലാഹുവിനോട് കാവൽ തേടാനാണ് നബി (സ്വ) നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നബി (സ്വ) ദിനേന രാവിലെയും വൈകുന്നേരവും അലസതയെ തൊട്ടും കഴിവില്ലായ്മയെ തൊട്ടും അല്ലാഹുവിനോട് കാവൽ ചോദിച്ച് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ബുഖാരി 6377). ഈ പ്രവാചക പ്രാർത്ഥയിൽ പറയപ്പെട്ട മടി, ബലഹീനത എന്നീ രണ്ടു ദൗർബല്യങ്ങൾ മനുഷ്യനെ അധ്വാനത്തിൽ നിന്ന് പിന്തിപ്പിക്കുന്ന കാര്യങ്ങളാണ്. കഴിവില്ലായ്മ എന്നാൽ ഒരു കാര്യം ചെയ്യാൻ ഉദ്ദേശിക്കുമെങ്കിലും അത് ചെയ്യാൻ കഴിയാത്തതാണ്. മടി എന്നാൽ ഒരു കാര്യം ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിലും അക്കാര്യത്തിൽ നിന്ന് ആലസ്യപൂർവ്വം പിന്തിരിയലാണ്. അതു കൊണ്ടു തന്നെ ഓരോ ദിവസവും രാവിലെയും വൈകുന്നേരവും ഇവയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രാർത്ഥ നിർവ്വഹിക്കലാണ് സത്യവിശ്വാസിക്ക് അഭികാമ്യം. നബി (സ്വ) മടിയിൽ നിന്ന് മോചനം തേടി വേറെയും പ്രാർത്ഥന നടത്തിയിട്ടുണ്ട് (ഹദീസ് മുസ്ലിം 2723).
മടി കാരണം ഒരാളും പണിയെടുക്കാതെ നിഷ്‌ക്രിയരാവരുത്. ഒരാൾ എനിക്ക് മടിയാണെന്ന് പറയുന്നത് തന്നെ ഇബ്‌നു അബ്ബാസ് (റ) ഏറെ വെറുത്തിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. ഇസ്ലാം മതം ക്രിയാത്മകതയെയും സജീവതയെയും പ്രോത്സാഹിക്കുന്ന ജീവിതസരണിയാണ്, എന്നാൽ മടിയെയും നിർജീവതയെയും നിരുത്സാഹപ്പെടുത്തുന്നുമുണ്ട്.
ഒരു സത്യവിശ്വാസിക്ക് സ്വന്തം മടിയനനാവാനോ ഈ ലോകത്ത് അല്ലാഹു ഏകിയ ഊർജങ്ങളെയും വിഭവങ്ങളെയും നാടിനും കുടുംബത്തിനും ഉപയുക്തമാവും വിധം പ്രയോജനപ്പെടുത്താതെ നിഷ്‌ക്രിയനാവാനോ പറ്റില്ല. അധ്വാനിക്കാൻ തന്നെയാണ് അല്ലാഹു പ്രവാചകന്മാരോടും കൽപ്പിച്ചത്: ഹേ ദൂതരേ, ഉദാത്ത വസ്തുക്കളിൽ നിന്ന് നിങ്ങൾ ആഹരിക്കുകയും നല്ല കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക, നിങ്ങളുടെ പ്രവൃത്തികളെപറ്റി ഞാനറിയുക തന്നെ ചെയ്യുന്നുണ്ട് (സൂറത്തുൽ മുഅ്മിനൂൻ 51).
മടി കാണിക്കുന്നതും മറ്റുള്ളവരെ ആശ്രയിക്കുന്നതും നിഷ്‌ക്രിയനായി അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതും നബി (സ്വ) നിരോധിച്ചിട്ടുണ്ട്. നബി (സ്വ) പറഞ്ഞു: നിങ്ങൾ ജോലി ചെയ്യുക, അന്യരെ ആശ്രയിക്കരുത് (ഹദീസ് സുനനു ഇബ്‌നുമാജ 78).
ഒരിക്കൽ ഉമർ ബ്‌നു ഖത്വാബ് (റ) ഒരു കൂട്ടം ആൾക്കാരെ പള്ളിയിൽ ചടഞ്ഞിരിക്കുന്നതായി കണ്ടപ്പോൾ ചോദിച്ചു: ആരാണ് നിങ്ങൾ? അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നവരാണ്. അപ്പോൾ അവരെ ആട്ടിയോടിച്ചുകൊണ്ട് പറഞ്ഞു: ആരും ഉപജീവനം തേടാതെ അല്ലാഹുവിനോട് ഉപജീവനമാർഗം നൽകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കണ്ട, ആകാശത്തിൽ നിന്ന് തനിയെ സ്വർണവും വെള്ളിയും വർഷിക്കുകയില്ല (ശിഅബുൽ ഈമാൻ 2 81).
മടിയെ നാം സൂക്ഷിക്കണം. മടിയുടെ കാരണങ്ങൾക്ക് വക നൽകരുത്. ആലസ്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടക്കണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ചികിത്സിച്ച് ഭേദമാക്കണം. അലസമായ വിനോദങ്ങൾ ഒഴിവാക്കണം. ജീവിതശൈലി പ്രശ്‌നങ്ങളുണ്ടെങ്കിൽ കായിക പരിശീലനങ്ങളിലൂടെ ശരിപ്പെടുത്തണം. ഭക്ഷണം അമിതവ്യയം അരുത്, അത് ഉന്മേഷക്കുറവിനും രോഗങ്ങൾക്കും ചിന്താമരവിപ്പിനും കാരണമാക്കും. മടിയന്മാരോട് കൂട്ടുകൂടരുത്. അവരോട് ഒപ്പം കൂടിയവർ അവരെപോലെ തന്നെയായിത്തീരും. ചടുലതയുള്ള മിടുക്കന്മാരെ കൂട്ടുകാരാക്കുക. അവർക്ക് വിജയവഴി അറിയാം, ആ വഴിയിൽ അവർ നയിക്കും. ഒരാൾ അയാളുടെ കൂട്ടുകാരന്റെ ആദർശത്തിലായിരിക്കും, അതിനാൽ ചിന്തിച്ചാലോച്ച് മാത്രം കൂട്ടുകാരെ തെരഞ്ഞെടുക്കണമെന്നാണ് നബി (സ്വ) ഉണർത്തിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4833).
ഉന്മേഷം കാട്ടുക. അല്ലാഹു ഈ ലോകത്ത് നമ്മുക്കായി ഒരുക്കിയ അനുഗ്രഹങ്ങൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുക. ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്, അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക (സൂറത്തുൽ മുൽക് 15).
ഇസ്ലാം മതം നന്മയുടെ ഏതുകാര്യത്തിലും ചടുലതയും സജീവതയും പ്രോത്സാഹിക്കുന്നതോടൊപ്പം മടിയെ വെറുക്കുകയും ചെയ്യുന്നു. ആരാധനയിൽ മാത്രം ചടഞ്ഞിരിക്കുന്നയാളെ ഉമർ (റ) ആട്ടിയോടിച്ച മറ്റൊരു സംഭവവും ചരിത്രത്തിലുണ്ട്.
മടിയുടെ ഏറ്റവും അപകടകരമായ രൂപമാണ് അല്ലാഹുവിന്റെ വിളിയാളത്തിന് ഉത്തരം നൽകാതെ നമസ്‌കാരം നിർവ്വഹിക്കാതിരിക്കുന്നത്. നമസ്‌കാരമാണ് ഉന്മേഷത്തിന്റെയും സത്യസാക്ഷ്യത്തിന്റെയും പ്രതീകം. നമസ്‌കാരം മുറപോലെ നിർവ്വഹിച്ചവൻ ഹൃദയശാന്തിയും ഉന്മേഷവുമുള്ളവനായിരിക്കും, അല്ലാത്തവൻ മോശം മനസ്സുള്ളവനും മടിയനുമായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). സൂറത്തുന്നിസാഅ് 142ാം സൂക്തത്തിൽ പറയപ്പെടുന്നത് പോലെ നമസ്‌കാരത്തിൽ മടിയന്മാരായി ആളുകളെ കാണിക്കാൻ നിൽക്കുന്നവരാകരുത്.
ശ്രേഷ്ഠതയുള്ള കാര്യങ്ങളും സുന്നത്തായ കാര്യങ്ങളും ഒഴിവാക്കലും മടിയിൽപ്പെട്ടതാണ്. കുടുംബത്തിലെയും വീട്ടിലെയും ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാതെ ഒഴിഞ്ഞുമാറുന്നവരും മടിയന്മാരാണ്. നാടിന്റെയും സമൂഹത്തിന്റെയും നന്മകളൊ തൊട്ട് മുഖം തിരിക്കുന്നവനും തഥൈവ. തൊഴിലാളി തൊഴിലിലും വിദ്യാർത്ഥി പഠനത്തിലും ആലസ്യം കാട്ടരുത്. ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹം കാട്ടുകയും അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യണമെന്നും ബലഹീനനാവരുത് എന്നുമാണ് നബി (സ്വ) ഉപദേശിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 2664).
കാര്യങ്ങൾ സമയാസമയം ചെയ്യണം. പിന്നീട് ചെയ്യാനായി മാറ്റിവെക്കുന്നതും പിന്തിപ്പിക്കുന്നതുമെല്ലാം ആത്മവീര്യത്തെ നിർവീര്യമാക്കുകയും അവസരങ്ങളെ പാഴാക്കുകയും ചെയ്യും. നന്നായി അധ്വാനിക്കുക. ആയുസ്സും സമയും പരിമിതപ്പെട്ടതാണ്. അവസരങ്ങൾ മേഘങ്ങളെപോലെ മാറിക്കൊണ്ടേയിരിക്കും. മടിയും മന്ദപ്പും തട്ടിമാറ്റി നാളേക്കുള്ള ഏണിപ്പടി കയറുന്നവനേ അവസരങ്ങൾ കൈക്കലാക്കി ഉയർച്ചകളിൽ എത്താൻ പറ്റുകയുള്ളൂ. കഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടത് നേടാം. മനുഷ്യൻ എന്നും നിലനിൽക്കില്ല, എന്നാൽ അവന്റെ അധ്വാനഫലങ്ങൾ എന്നും നിലനിൽക്കും.

